സ്ത്രീപക്ഷ അരങ്ങ്

സക്കീര്‍ ഹുസൈന്‍ No image

         'നിങ്ങള്‍ എന്താണ് ഇതുവരെ വിവാഹം കഴിക്കാത്തത്', 'നിങ്ങള്‍ അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടാറുണ്ടോ?' സ്ത്രീയായിപ്പോയി എന്നതുകൊണ്ട്നേരിടേണ്ടിവരുന്ന നിരവധി ചോദ്യങ്ങള്‍. ചുഴിഞ്ഞുനോട്ടങ്ങള്‍. ജോലിയിടങ്ങളിലും സഞ്ചാരവേളയിലും അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍. വര്‍ത്തമാനകാല വനിത നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കും അവഗണനകള്‍ക്കും അനീതികള്‍ക്കും നേരെ തുറന്നുവെച്ചൊരു അരങ്ങ്. രാജ്യാന്തര നാടകോത്സവത്തിന്റെ('ഇറ്റ്‌ഫോക്ക്') ആറാം എഡിഷന്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രമേയങ്ങളിലൊന്നായ ലിംഗനീതി(ജെന്‍ഡര്‍) എന്നതുകൊണ്ടായിരുന്നു.
സൗമ്യ, നിര്‍ഭയ..... കാമവെറി മൂത്ത് സ്വന്തം കുഞ്ഞിനെപോലും കശക്കിയെറിയുന്ന ഇന്നത്തെ കാലത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ പ്രമേയം 'ഇറ്റ്‌ഫോക്ക്' സംഘാടകര്‍ക്ക് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. കാലിക സംഭവങ്ങള്‍ക്കും പ്രവണതകള്‍ക്കും നേരെയുള്ള പ്രതികരണം എന്ന നിലയില്‍ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്താന്‍ പോന്നതായിരുന്നു ചില നാടകങ്ങള്‍. പ്രത്യേകിച്ച് ഇന്തോ-ജര്‍മന്‍ സംരംഭമായ 'സി ഷാര്‍പ്പ് സി ബ്ല', ഇന്തോ-പോളിഷ് സംരംഭമായ 'ദി ബേണിങ്ങ് ഫ്‌ളവേഴ്‌സ്' എന്നിവ. ആദ്യം ഉന്നയിച്ച ചോദ്യങ്ങള്‍ 'സി ഷാര്‍പ്പ് സി ബ്ല' എന്ന നാടകത്തിലേതാണ്. സമൂഹം അംഗീകരിക്കുന്ന പ്രതിഭകള്‍ പോലും നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളാണ് ബെര്‍ലിനിലെ ഫ്‌ളിന്‍തിയറ്റര്‍ അരങ്ങിലെത്തിച്ച സോഫിയ സ്റ്റഫിന്റെ ഈ നാടകത്തിന്റെ പ്രമേയം. കര്‍ണാടകയിലെ പ്രശസ്ത ഗായിക എം.ഡി. പല്ലവിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രേക്ഷക മനസില്‍ 'സി ഷാര്‍പ്പ് സി ബ്ല' കുടിയേറി. ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട ഏകാഭിനയത്തിലൂടെ താന്‍ മികച്ച അഭിനേത്രിയാണെന്നും പല്ലവി തെളിയിച്ചു. വിവിധ കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാവതലത്തിലുള്ള പകര്‍ന്നാട്ടമായിരുന്നു പല്ലവി കാഴ്ച്ചവെച്ചത്. സമൂഹത്തിലെ ഉന്നതവര്‍ഗ വനിതകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് നാടകം വരച്ച് കാട്ടിയത്. 'ഇറ്റ്‌ഫോക്കി'ലെ ഏറ്റവും ശക്തമായ അവതരണമായി പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തി.
സൗമ്യ, നിര്‍ഭയ സംഭവങ്ങളടക്കം സ്ത്രീ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതികളുടെയും അക്രമങ്ങളുടെയും രംഗഭാഷ്യമാണ് 'ദി ബേണിങ്ങ് ഫ്‌ളവേഴ്‌സ്' അഥവാ സ്ത്രീയുടെ ഏഴ് സ്വപ്‌നങ്ങള്‍. പൊഡ്രോസി തിയറ്ററിലൂടെ പ്രശ്‌സത സംവിധായകന്‍ പവേല്‍ സ്‌കോട്ടക്ക് അണിയിച്ചൊരുക്കിയ ഈ തുറന്ന വേദിയിലെ അവതരണം നിറഞ്ഞ സദസ് നെഞ്ചേറ്റി. 'ഇറ്റ്‌ഫോക്കി'ന്റെ ഉദ്ഘാടന ദിവസവും പിറ്റേന്നും അവതരിപ്പിച്ച ഈ നാടകം ഏറെ ചര്‍ച്ചയാവുകയും ചെയ്തു. ഈ നാടകത്തിന്റെ ആദ്യ അവതരണമായിരുന്നു തൃശൂരില്‍ നടന്നത്. മുംബൈയിലെ നാടക പ്രവര്‍ത്തക അപര്‍ണയും പൊഡ്രോസിയുടെ മാര്‍ത്തയും ചേര്‍ന്ന് രചന നിര്‍വഹിച്ച നാടകത്തില്‍ 10 അഭിനേതാക്കള്‍ മലയാളികളായിരുന്നു. ഇതേ രീതിയില്‍ അതത് രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി അവിടങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന അനീതിയും അവഗണനയും അക്രമവും അരങ്ങിലെത്തിക്കലാണ് പവേലിന്റെ ലക്ഷ്യം.
ദല്‍ഹിയില്‍ അരങ്ങേറിയ ബസിലെ കൂട്ട ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അതിന്റെ തീവ്രതയോടെ പവേല്‍ അരങ്ങിലെത്തിച്ചു. ഇരകളുടെ സ്വപ്‌നങ്ങളോടെയാണ് നാടകം സമാപിക്കുന്നത്. 'എനിക്ക് തനിച്ച് ബസിലും ട്രെയിനിലും യാത്ര ചെയ്യാനാവണം', 'സ്ത്രീധനമില്ലാത്ത വിവാഹമാണ് എനിക്ക് വേണ്ടത്' എന്നിങ്ങനെ പോകുന്നു ആ സ്വപ്‌നങ്ങള്‍.
സമാനമായ മറ്റൊരു നാടകമായിരുന്നു കൊല്‍ക്കത്ത രംഗകര്‍മി അവതരിപ്പിച്ച 'ഹം മുക്താര'. പ്രശസ്ത നാടകപ്രവര്‍ത്തക ഉഷാ ഗാംഗുലി സംവിധാനം ചെയ്ത ഈ നാടകം 2002 ജൂണില്‍ പാക്കിസ്ഥാനിലെ മാര്‍വാല ഗ്രാമത്തില്‍ നടന്ന കൂട്ട ബലാല്‍സംഗത്തെ ആസ്പദമാക്കിയുള്ളതാണ്.
മുഖ്താര മായ് എന്ന യുവതിയെ ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ആ വര്‍ഷം സെപ്റ്റംബറില്‍ തീവ്രവാദ വിരുദ്ധ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍, 2005ല്‍ ലാഹോര്‍ ഹൈക്കോടതി ഇതില്‍ അഞ്ചുപേരെ തെളിവില്ലെന്ന് പറഞ്ഞ് കുറ്റമുക്തരാക്കി; 2011-ല്‍ ആറാമനെയും. നീതിക്കുവേണ്ടിയുള്ള മുക്താരയുടെ ഒറ്റയാള്‍ പോരാട്ടത്തെകുറിച്ചും തുടര്‍ന്ന് പാക്കിസ്ഥാനിലുണ്ടായ സ്ത്രീപക്ഷ പ്രസ്ഥാനത്തെകുറിച്ചുമാണ് നാടകം പറയുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സംഭവത്തെ നോക്കികാണുകയാണ് സംവിധായിക.
തിരുവനന്തപുരം അഭിനയയുടെ 'ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്' സ്ത്രീ പീഡനങ്ങളുടെ വ്യത്യസ്തമായ മുഖങ്ങളാണ് അനാവരണം ചെയ്യുന്നത്. ഇരകളുടെ ആത്മഭാഷണവും ഓരോരുത്തര്‍ക്കുമുണ്ടായ തിക്താനുഭവങ്ങളുടെ വിവരണങ്ങളും അവയുടെ ആവിഷ്‌ക്കാരവുമാണ്. ഡി.രഘൂത്തമനും എം.ജി ജ്യോതിഷും ചേര്‍ന്നൊരുക്കിയ 120 മിനിറ്റ് നീണ്ട നാടകം തീവ്രമായ അനുഭവമാണ്.
പൂനെ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ അരങ്ങിലെത്തിച്ച 'സത്യശോധക്' ഗാന്ധിജിക്കുമുമ്പ് ജീവിച്ചിരുന്ന പരിഷ്‌ക്കര്‍ത്താവായ മഹാത്മ ജ്യോതിഭ ഫൂലെയുടെയും ഭാര്യ സാവിത്രി ബായിയുടെയും കഥയാണ്. 1873ലെ ചരിത്ര സംഭവങ്ങളാണെങ്കിലും അക്കാലത്ത് പെണ്‍കുട്ടികള്‍ നേരിട്ട കൊടിയ അവഗണനയും അനീതിയും നാടകത്തില്‍ വരച്ചുകാണിക്കുന്നുണ്ട്. അതുല്‍ പേത്തെ സംവിധാനം ചെയ്ത ഈ നാടകം ജാതീയതക്കും ഫാഷിസത്തിനും എതിരെയുള്ള ആവിഷ്‌ക്കാരമായിരുന്നെങ്കെിലും സ്ത്രീകള്‍ സാക്ഷരരായാല്‍ നാട്ടിലെ അത്യാചാരം ഇല്ലാതാക്കാമെന്നും ഫാഷിസത്തെ ചെറുക്കാമെന്നും ഉദ്‌ഘോഷിക്കുന്നു.
ഒരു അഭിനേതാവിന് അരങ്ങില്‍ എങ്ങനെ പൂര്‍ണനാവാമെന്നതിന്റെ മികച്ച ഉദാഹരണമാണ് അപ്പുണ്ണി ശശി അവതരിപ്പിച്ച ജയപ്രകാശ് കൂളൂരിന്റെ 'തെരഞ്ഞെടുപ്പ്' എന്ന സോളോ. കോഴിക്കോട്ടുകാരിയായ സാധാരണ വീട്ടമ്മയുടെ സ്വപ്‌നങ്ങളും ദുഃഖങ്ങളും ഭാവനകളും പ്രതീക്ഷകളും വികാരങ്ങളുമാണ് ഉജ്വല പ്രകടനത്തിലൂടെ ശശി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചത്. ഇതിനകം കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി അവതരണങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ നാടകം പക്ഷെ, 'ഇറ്റ്‌ഫോക്കി'ലെ പ്രമേയത്തിന് അനുയോജ്യവുമായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top