ബിസി ബോഡി

സി.എച്ച് ഫരീദ /കഥ No image

       സബീന കണ്ണുതുറന്നത് അവധിദിനത്തിലെ ആലസ്യത്തിലേക്കല്ല, ആഴ്ചയിലെ ഏറ്റവും തിരക്കുപിടിച്ച ദിവസമായ ഞായറാഴ്ചയിലേക്കാണ്. ബഹുമാനപ്പെട്ട പ്രതിപക്ഷം നേരത്തെ എഴുന്നേറ്റ് ബാത്ത്‌റൂം കൈവശപ്പെടുത്തിയതിനാല്‍ സബീന അടുത്ത മുറിയിലേക്കുപോയി.
നല്ല ചൂടും കടുപ്പവും മധുരവുമൂളള സുന്ദരന്‍ചായ ഗ്ലാസ്സിലേക്ക് പകരുമ്പോഴേക്കും ആള്‍ പള്ളിയില്‍നിന്ന് തിരിച്ചെത്തി. ഓരോ ദിവസത്തെയും 'മൂഡ്' തീരുമാനിക്കുന്നത് അന്നന്നത്തെ ചായയാണ്. ചായ നന്നായാല്‍ ദിവസവും നന്നായി. ഇല്ലെങ്കില്‍ കട്ടപ്പൊക.
അടുക്കള പതിയെ ശബ്ദിച്ചു തുടങ്ങി. ഞായറാഴ്ച പ്രാതല്‍ നോണ്‍വെജും അല്‍പം റിച്ചും ആയിരിക്കല്‍ നിര്‍ബന്ധമാണ്. കാരണം അന്നാണ് വാപ്പയും മക്കളും മനസ്സമാധാനത്തില്‍ വായിലൂടെ ഭക്ഷണം കഴിക്കുന്നത്.
എല്ലാ ഐറ്റംസും ഫ്രിഡ്ജില്‍നിന്ന് പുറത്തിറങ്ങി. സബീന കൊണ്ടുപിടിച്ചു പണി തുടങ്ങി. ഉമ്മറത്ത് പതിവിന്‍ പടി പത്രപാരായണവും മൊബൈലിലെ വാചകമടിയും തുടര്‍ന്നു. മക്കള്‍ ബാത്ത്‌റൂം ഒഴിയുന്നതിനനുസരിച്ച് പല്ല് തേച്ച് വരികയും ചായകുടിക്കുകയും മേലോട്ട്‌നോക്കി താടിക്ക് കൈയും കൊടുത്തിരിക്കുകയും ചെയ്തു. ആ ഇരിപ്പിന്റെ ഒരേയൊരു പ്രേരണ ഇന്ന് മദ്രസയില്‍ പോവാനുണ്ടല്ലോ എന്ന വിചാരം മാത്രമാണ്. അത് മണത്തറിഞ്ഞ സബീന ഉടനെ അവരെ മദ്രസയിലേക്കൊരുക്കിത്തുടങ്ങി.
ഇന്ന് ബന്ധുവീട്ടില്‍ ഒരു കല്യാണമുണ്ട്. അവിടെനിന്നും തിരിച്ചുവന്നാല്‍ രാത്രി വല്ലതും കഴിച്ച് കിടക്കണമെങ്കില്‍ അതിനുള്ള ഒരുക്കങ്ങളും ഇപ്പോഴേ ചെയ്തുവെക്കണം. ഇല്ലെങ്കില്‍ ക്ഷീണം കാരണം വന്നാല്‍ കിടന്നുറങ്ങുകയേ ഉണ്ടാവുകയുള്ളൂ.
കുക്കറിന്റെ സുഗന്ധപൂരിതമായ വിസില്‍നാദം പരിസരമാകെ മുഴങ്ങിക്കേട്ടു. എല്ലാവരുടെയും മുഖത്ത് പ്രസന്നത വിരിഞ്ഞു.
ഞായറാഴ്ചയുടെ പിറ്റേന്ന് തിങ്കളാഴ്ചയാണ് എന്നത് ഒരു ഞെട്ടിക്കുന്ന പരമാര്‍ഥമായതിനാല്‍ അഴുക്കില്‍നിന്ന് മോചനം കാത്ത് കിടക്കുന്ന യൂനിഫോമാദികളെ വാഷിംഗ് മെഷീനില്‍ വെണ്മക്കായി തപസ്സിനിട്ടു.
മേശമേല്‍ ആവി പറക്കുന്ന പ്രാതലൊരുക്കി സബീന ഗൃഹനാഥനെ വിളിച്ചു. ഇനി ഇസ്തിരിയിട്ടു തുടങ്ങാം. അതിനിടയില്‍ ചൂലും കൊണ്ട് ഒരോട്ട പ്രദക്ഷിണം. ഇന്നലെ ഹോംവര്‍ക്ക് ചെയ്യാതെ കിടന്നുറങ്ങിയ എല്‍.കെ.ജിക്കാരനെ ചെവിക്ക് പിടിച്ച് എഴുത്തിനിരുത്തി. മക്കള്‍ മൂന്നു പേരെയും കൂട്ടിവരണമെന്ന് കല്യാണക്കാര്‍ പ്രത്യേകം പറഞ്ഞതിനാല്‍ അവരെയും ഒരുക്കിയിറക്കേണ്ടതുണ്ട്.
കോളിംഗ്‌ബെല്‍ മുഴങ്ങി. മൂപ്പരുടെ കൂട്ടുകാരാവും. ഇനി വെടിപറച്ചിലിന്റെ നേരമാണ്. ''സബീനാ, ഓരോ സുലൈമാനി...'' പ്രതീക്ഷിച്ച വിളി വന്നു. യുദ്ധക്കളമായിത്തീര്‍ന്ന അടുക്കളയും ഡൈനിംഗ് ടേബിളും പൂര്‍വരൂപത്തിലാക്കാന്‍ ഒരു മണിക്കൂറെടുത്തു. വെറുതെ ഉമ്മറത്തേക്കൊന്നു പാളിനോക്കി. ലിവിംഗ്‌റൂമില്‍ ഈസി ചെയറില്‍ റിമോട്ടും നെഞ്ചത്ത് വെച്ച് സുഖസുഷുപ്തിയിലാണ് പതിദേവ്. മുഹബ്ബത്ത് കൂട്ടിയടിച്ച സുലൈമാനി വരുത്തിയ വിന.
അലക്കിയ തുണികള്‍ അയലില്‍ വിരിച്ചിടുന്നതെ ഉള്ളൂ. റബ്ബെ ളുഹറല്ലെ കേള്‍ക്കുന്നത്.
തേച്ചുവെച്ച പാത്രങ്ങള്‍ അകത്തെടുത്ത് വെച്ച് കുളിക്കാന്‍ കയറിയപ്പോഴാണ് വാതിലില്‍ തട്ട് കേള്‍ക്കുന്നത്. ''നീ ഇത്രയും നേരം എന്തെടുക്കുവാരുന്നു...? ഞാന്‍ പള്ളിയിലേക്കു പോകുവാ... വരുമ്പോ പിള്ളേരേം കൂട്ടിവരാം. വരുമ്പോഴേക്ക് റെഡിയായിരിക്കണം.''
എങ്ങനെയോ ഒന്ന് കുളിച്ചു. എത്ര പിടിച്ചിട്ടും നേരെ നില്‍ക്കാത്ത സാരിയെ അതിന്റെ പാട്ടിന് വിട്ടു. ഭാഗ്യത്തിന് മക്കളിന്ന് സ്വന്തം തന്നെ ഒരുങ്ങിനിന്നിട്ടുണ്ട്. ഇനി ഉമ്മയുടെ ടച്ചപ്പ് മാത്രമേ വേണ്ടൂ. എല്ലാവരേക്കാളും കുട്ടപ്പനായി ബാപ്പ വന്നപ്പോള്‍ മക്കള്‍ കളിയാക്കി.
നാശംപിടിച്ച നേരത്ത് ഒറ്റ പിന്നും കാണുകയില്ല.
എല്ലാവരും കാറില്‍ കയറിയിരുന്ന് ഹോണടി തുടങ്ങി. ''ഒന്നര മണിയായി. നീയൊന്ന് വരുന്നുണ്ടൊ?'' മുറ്റത്തിറങ്ങിയപ്പോഴാണ് കണ്ടത്, പടച്ചോനെ, പര്‍ദ മറിച്ചിട്ടാണോ ഇട്ടത്. അടുക്കളയുടെ വാതിലടച്ചിട്ടില്ലെന്നും പറഞ്ഞ് അകത്തുകയറി അത് നേരെയാക്കി. കാറിലെ ഏ.സി കുളിരിലും സബീന വിയര്‍ത്തൊലിച്ച് കിതപ്പടക്കിയിരുന്നു.
എന്താണെന്നറിയില്ല ഒരു വിമ്മിട്ടം. കുടലു കത്തി വായിലേക്ക് വരുന്നത് പോലെ. അപ്പോഴാണ് ഓര്‍ത്തത്, നേരം വെളുക്കുംമുമ്പ് അര ഗ്ലാസ്സ് ചായ മാത്രം മോന്തിയതാണ്.
കൂളായി ഡ്രൈവ് ചെയ്യുന്ന ആള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രം കാര്യം പറഞ്ഞു. മറുപടി ഉടനെ കിട്ടി. ''അതിന് നമ്മള്‍ കല്യാണവീട്ടിലേക്കല്ലെ പോണത്?''
കല്യാണവീട്ടിലേക്ക് കയറുമ്പോള്‍ മൂക്കില്‍ ബിരിയാണിയുടെ മണം പതിവില്ലാത്ത വിധം അടിച്ചു കയറി. ബുഫെയാണ്. ഇടംകണ്ണുകൊണ്ട് നോക്കി. നേരിയ പത്തിരി, ചപ്പാത്തി, വെള്ളയപ്പം, ഇടിയപ്പം, സ്റ്റ്യൂ, ഫ്രൈകള്‍... റബ്ബേ ഇതൊന്നും തീര്‍ന്നുപോവല്ലേ...
ആരൊക്കെയോ എന്തോക്കെയോ കുശലം ചോദിച്ചുകൊണ്ടിരുന്നു. കണ്ണില്‍ ഇരുട്ട് കയറിയതിനാല്‍ ആരെയും ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. ആണുങ്ങള്‍ ധാരാളമുള്ളതിനാല്‍ അവരുടെ നല്ലപാതികള്‍ വിശപ്പടക്കി സഹജമായ ക്ഷമയോടെ ഭക്ഷണത്തിനുള്ള വിളിയും കാത്തിരുന്നു.
വലിയ മാര്‍ബിള്‍ കച്ചവടക്കാരനാണ് ബന്ധു. അങ്ങേരുടെ ഏക മകളുടെ വിവാഹമാണ്. ഇച്ചിരിനേരം ക്ഷമിച്ചാലെന്താണ്, ഇഷ്ടംപോലെ തട്ടാമല്ലോ? അല്ലെങ്കിലും പയ്യെത്തിന്നാലല്ലേ... എവിടുന്നോ ഒരു വിളികേട്ട പോലെ, ''എല്ലാരും വരിന്‍...'' കേട്ടപാതി കേള്‍ക്കാത്ത പാതി ഭൂമിയോളം ക്ഷമയുള്ള പെണ്ണുങ്ങളെല്ലാം പന്തലിലേക്ക് എടുത്തുചാടി. 'റബ്ബെ, ഇക്കണ്ട പെണ്ണുങ്ങളൊക്കെ ഒന്നും കഴിക്കാതെയാണോ വന്നത്.' എങ്ങനെയോ ഒരു പ്ലെയ്റ്റ് തരപ്പെടുത്തി സബീനയും യുദ്ധക്കളത്തിലേക്ക് തള്ളിക്കയറി. ഉന്തു തള്ളും തകൃതി- തലക്കുമുകളിലൂടെ എന്തോ ഒലിച്ചിറങ്ങി- സാമ്പാറ്! ഏതോ മഹതി പ്ലേറ്റ് പൊക്കിപ്പിടിച്ചപ്പോള്‍ പറ്റിയതാണ്. ആരോ ചവിട്ടിപ്പിടിച്ച സാരി വലിച്ചെടുത്തപ്പോള്‍ കണ്ടു, അതിന്റെ ഒരു കഷ്ണം നഷ്ടപ്പെട്ടിരിക്കുന്നു.
ഒരുവിധം വിളമ്പുന്നവന്റെ അരികിലെത്തി.
''ചോറ്''
''ചോറ് തീര്‍ന്നുപോയി താത്ത.''
ചോറില്ലെങ്കിലെന്ത്? മറ്റെന്തെല്ലാം വിഭവങ്ങള്‍ കിടക്കുന്നു. തിരക്ക് അല്‍പം കുറഞ്ഞത് പോലെ ഓരോ പാത്രത്തിനടുത്തെമ്പോഴും അതെല്ലാം കഴിഞ്ഞതായി അറിയിപ്പ് കിട്ടിക്കൊണ്ടിരുന്നു. പോട്ടെ. എന്തെങ്കിലും കിട്ടിയാല്‍ മതി.
''താത്ത, പൊറോട്ടയുണ്ട്.''
തണുത്തുറഞ്ഞുപോയ പൊറോട്ടയില്‍ സാമ്പാറൊഴിച്ച് ഗുസ്തി പിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്തോ കടിച്ചത്. ഏറ്റവും പിറകിലെ അടച്ച പല്ലിന്റെ ക്യാപ്പ്!
ഒടുവില്‍ യാത്ര ചോദിച്ചിറങ്ങുമ്പോള്‍ എന്തിനെന്നറിയാതെ സബീനയുടെ കണ്ണില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top