അകിടുവീക്കം ആടുകളില്‍

ഡോ: പി.കെ മുഹ്‌സിന്‍ No image

         ആടുകളെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് അകിടുവീക്കം. ആടിനെ വളര്‍ത്തുന്നവര്‍ക്ക് സാമ്പത്തികനഷ്ടം വരാനിടയുള്ളതുകൊണ്ട് ഈ രോഗം കണ്ട ഉടനെ തക്കസമയത്തുളള രോഗനിര്‍ണയവും ചികിത്സയും അതിപ്രധാനമാണ്. മറ്റു കാലികളെ അപേക്ഷിച്ച് അകിടുവീക്കം ആടുകളില്‍ വളരെ ഗൗരവമേറിയതാണ്. അകിടുവീക്കത്തിന് കാരണമാകുന്ന ബാക്ടീരിയകള്‍ സ്‌ട്രെപ്‌റ്റോകോക്കസ്, സ്റ്റഫൈലോകോക്കസ്, കോളിഫോം, കോറിനി ബാക്ടീരിയ മുതലായ വര്‍ഗത്തില്‍ പെട്ടതാണ്. രോഗാണുക്കള്‍ സാധാരണയായി മുലക്കണ്ണില്‍ കൂടിയാണ് പ്രവേശിക്കുന്നത്. കുട്ടികള്‍ കുടിക്കുമ്പോഴോ മറ്റേതെങ്കിലും കാരണത്താലോ അകിടിലുണ്ടാകുന്ന മുറിവുകളില്‍ കൂടിയോ ഇത്തരം ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു.
സാധാരണയായി പ്രസവിക്കുന്നതിന് തൊട്ടു മുമ്പോ ശേഷമോ ഈ രോഗം കാണപ്പെടുന്നു. രോഗത്തിന്റെ തീവ്രതയനുസരിച്ച് രോഗത്തെ മൂന്ന് രീതിയില്‍ തരം തിരിക്കാം. തീവ്രകാരി, അനുതീവ്രകാരി, ചിരകാരി എന്നിവയാണവ. ഇതില്‍ തീവ്രകാരി അകിട് വീക്കമാണ് കൂടുതല്‍ ഗുരുതരം.

തീവ്രകാരി അകിട് വീക്കം
അകിടില്‍ ഭാഗികമായോ പൂര്‍ണമായോ ഈ രോഗത്തിന്റെ ആക്രമണം ഉണ്ടാവും. പാല്‍ ചോര കലര്‍ന്നോ ഇളം മഞ്ഞനിറത്തിലോ പിരിഞ്ഞതോ ആയി കാണപ്പെടാം. ഇതോടൊപ്പം തന്നെ അകിടിന് വീക്കവും കല്ലിപ്പും വേദനയും ഉണ്ടാകുന്നു. രണ്ടുദിവസത്തിനകം ചുവപ്പ് കലര്‍ന്ന നീലനിറം അകിടുമുഴുവന്‍ വ്യാപിക്കുന്നു.
ആ ഭാഗം പ്രവര്‍ത്തന ശേഷിയില്ലാതാവുകയോ ക്രമേണ നശിച്ച് കൊഴിഞ്ഞുപോവുകയോ ചെയ്യുന്നു. ഇത്തരത്തിലുള്ള അകിടുവീക്കത്തെ പഴുത്തളിഞ്ഞ അകിടുവീക്കം എന്നു പറയുന്നു. സ്റ്റഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയാണ് ഇത്തരത്തിലുളള അകിടുവീക്കം ഉണ്ടാക്കുന്നത്. ശരീരോഷ്മാവ് 107 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരുക, തീറ്റ എടുക്കാതിരിക്കുക, അയവെട്ടാതിരിക്കുക, തളര്‍ച്ച തീക്ഷ്ണമായ നാഡീലക്ഷണങ്ങള്‍ എന്നിവ ഈ അവസരത്തില്‍ കാണാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആടുകള്‍ ചത്തുപോകും.
സ്‌ട്രെപ്‌റ്റോകോക്കസ് രോഗാണുക്കളുണ്ടാക്കുന്ന അകിടുവീക്കം സാധാരണയായി അതിതീവ്രലക്ഷണങ്ങള്‍ കാണിക്കാറില്ല. അകിടിന്റെ കല്ലിപ്പും പാലില്‍ കട്ടുകളുമാണ് രോഗലക്ഷണങ്ങള്‍. പാല്‍ കറക്കുമ്പോള്‍ ആദ്യം വരിക വെള്ളം കലര്‍ന്ന പാലായിരിക്കും. യഥാസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അകിടിന്റെ കല്ലിപ്പ് സുഖമാവാതെ വരുന്നു.
കോളിഫോം മൂലമുളള അകിടുവീക്കം പരിസരമാലിന്യങ്ങളില്‍നിന്നാണ് ഉടലെടുക്കുന്നത്. അകിട് വൃത്തിയില്ലാതാവുമ്പോള്‍ രോഗസംക്രമണത്തിന് വഴിതെളിയുന്നു. അകിട് വീക്കവും കല്ലിപ്പും ഉണ്ടാവുകയും പാല്‍ മഞ്ഞനിറത്തിലോ രക്തനിറത്തിലോ ആവുകയും ചെയ്യുന്നു. ഈയവസരത്തില്‍ ആടുകള്‍ക്ക് പനിയും കാണും. തീറ്റയെടുക്കാതിരിക്കല്‍, അയവെട്ടാതിരിക്കല്‍, ശാരീരികക്ഷീണം എന്നിവയാണ് മറ്റുലക്ഷണങ്ങള്‍. യഥാസമയം വിദഗ്ധചികിത്സ നല്‍കിയാല്‍ രോഗം സുഖപ്പെടും.
കറവ് സമയത്ത് അകിടിലും പാലിലും ഉള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ രോഗനിര്‍ണയം നടത്താം. അകിട് വീക്കമുണ്ടാകുമ്പോള്‍ പാലിലെ ശ്വേതരക്താണുക്കളുടെ എണ്ണം വളരെ കൂടും. അകിട് വീക്ക നിര്‍ണയ പരിശോധന സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും സൗജന്യമായി ചെയ്തുവരുന്നു.
വിവിധ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് രോഗചികിത്സ നടത്താം. സ്വയം ചികിത്സിക്കാതെ ഒരു വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ ശരിയായ ചികിത്സ നടത്തണം. ഇഞ്ചക്ഷനും വായില്‍ക്കൂടി കൊടുക്കുന്ന ആന്റി ബയോട്ടിക്കുകള്‍ക്കും പുറമെ മുലക്കാമ്പില്‍ കൂടി കയറ്റുന്ന ആന്റിബയോട്ടിക് ട്യൂബുകളും ലഭ്യമാണ്. മുലക്കാമ്പില്‍ കൂടി മരുന്ന് കയറ്റിയതിനു ശേഷം 96 മണിക്കൂര്‍ കഴിഞ്ഞിട്ടേ അതിലൂടെ വരുന്ന പാല്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
രോഗപ്രതിരോധത്തിന്നായി ദിവസവും കറക്കുന്നതിനു മുമ്പായി പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ഡെറ്റോള്‍, സാവ്‌ലോണ്‍ എന്നീ അണുനാശിനികളില്‍ ഏതെങ്കിലുമൊന്ന് നിശ്ചിത അനുപാതത്തില്‍ വെള്ളത്തില്‍ ചേര്‍ത്ത് കറവക്കാരന്റെ കൈയ്യും ആടിന്റെ അകിടും കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടക്കണം. ആട്ടിന്‍കൂടിന്റെ തറ മുകളില്‍ പറഞ്ഞ അണുനാശിനികൊണ്ട് കഴുകുന്നതും നല്ലതാണ്. അകിട്ടിലുണ്ടാകുന്ന ചെറിയ മുറിവുകള്‍, ആടുവസൂരി മൂലമുള്ള കുരുക്കള്‍ എന്നിവ എത്രയും പെട്ടെന്ന് ചികിത്സിച്ചു മാറ്റണം. കൂടുതല്‍ ആടുകളെ വളര്‍ത്തുമ്പോള്‍ രോഗം ബാധിച്ചവയെ അവസാനമേ കറക്കാന്‍ പാടുള്ളൂ. കറവ വറ്റുന്നതോടെ ആന്റി ബയോട്ടിക് മരുന്നുകള്‍ മുലക്കാമ്പിലേക്ക് കയറ്റുന്നതും രോഗബാധ തടയാന്‍ ഉപകരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top