കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍-4

നൂറുദ്ദീൻ ചേന്നര
2014 ഏപ്രില്‍
''രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെ അവര്‍ അപമാനിച്ചെന്ന് നീ പറഞ്ഞല്ലോ? എന്താണവര്‍ ചെയ്തത്?'' സൈനബുല്‍ ഗസ്സാലി ഹമീദാ ഖുതുബിനോട് ചോദിച്ചു. ''രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍

         ''രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെ അവര്‍ അപമാനിച്ചെന്ന് നീ പറഞ്ഞല്ലോ? എന്താണവര്‍ ചെയ്തത്?'' സൈനബുല്‍ ഗസ്സാലി ഹമീദാ ഖുതുബിനോട് ചോദിച്ചു.
''രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്റെ കാതുകളിലെത്തിയെങ്കിലും എനിക്കത് സത്യമാണെന്ന് ഉറപ്പിക്കാന്‍ വഴികളൊന്നുമില്ലായിരുന്നു. എങ്കിലും അവനെന്തോ അത്യാഹിതം സംഭവിച്ചുവെന്നുതന്നെ ഞാന്‍ കരുതി. ആ ചിന്തകള്‍ എന്നെ അസ്വസസ്ഥയാക്കിയപ്പോള്‍ ഞാന്‍ തലകറങ്ങി വീണു. പിന്നെ കുറേ നേരത്തെ അബോധാവസ്ഥയ്ക്കുശേഷം ഞാന്‍ കണ്ണു തുറന്നപ്പോള്‍ ചുമരിനടുത്തുള്ള വിരിപ്പില്‍ കിടക്കുകയാണ്. അരണ്ട വെളിച്ചത്തില്‍ തൊട്ടടുത്ത് എന്റെ കൈ പിടിച്ചിരിക്കുന്നയാള്‍ ആരെന്നറിയാന്‍ ഞാന്‍ തുറിച്ചുനോക്കി. അത് ഡോക്ടറായിരുന്നു. എന്റെ ബി.പി പരിശോധിക്കുകയാണ് അദ്ദേഹം. ഞാനദ്ദേഹത്തോട് പറഞ്ഞു: ''എന്റെ ബി.പി താഴുകയാണെന്നു തോന്നുന്നു, ഡോക്ടര്‍.''
''അല്ല, അത് കൂടിക്കൊണ്ടിരിക്കുകയാണ്. ബി.പി ഇങ്ങനെ കൂടാന്‍ മാത്രം എന്താണിപ്പോള്‍ സംഭവിച്ചത്?'' ഡോക്ടര്‍ ചോദിച്ചു.
''എന്നെ വളരെയധികം പ്രയാസപ്പെടുത്തുന്ന ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നു. എന്റെ സഹോദരിയുടെ മകന്‍ രക്തസാക്ഷിയായി. മുലകുടി ബന്ധത്തിലൂടെ അവനെന്റെ സ്വന്തം സഹോദരന്‍തന്നെയാണ്. എന്റെ ചിരകാല സുഹൃത്തും. അവന്‍ രക്തസാക്ഷിയായത് എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ഡോക്ടര്‍.'' ഞാന്‍ എന്റെ വേദനകള്‍ പങ്കുവെക്കാന്‍ ഒരാളെ കിട്ടിയ ആശ്വാസത്തോടെ പറഞ്ഞു.
എന്റെ ശരീരത്തില്‍നിന്ന് സ്റ്റെതസ്‌കോപ്പ് പിന്‍വലിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.'' ഇല്ല, അയാള്‍ രക്തസാക്ഷിയായിട്ടില്ല.''
എന്റെ ്യുശരീരത്തിലാകെ ഒരു ഊര്‍ജപ്രവാഹമുണ്ടായി. എന്തെന്നില്ലാത്ത സന്തോഷത്തോടെ ഞാനദ്ദേഹത്തോട് ചോദിച്ചു.''ശരിയാണോ ഡോക്ടര്‍, എന്റെ രിഫ്അത്ത് ജീവിച്ചിരിപ്പുണ്ടോ? അവന്‍ രക്തസാക്ഷിയായിട്ടില്ലെന്നത് സത്യമാണോ ഡോക്ടര്‍?''
''ഇല്ല, അയാള്‍ രക്തസാക്ഷിയായിട്ടില്ല. എല്ലാ പട്ടികളെയും പോലെ അയാളും ചത്തൊടുങ്ങി. സകല പട്ടികളെയും കുഴിച്ചിട്ടപോലെ അയാളെയും കുഴിച്ചിട്ടു. ഗമാല്‍ അബ്ദുന്നാസിറിനെ ്യുധിക്കരിക്കുന്ന എല്ലാ ഈജിപ്ഷ്യന്‍ പട്ടികളെയും കാത്തിരിക്കുന്ന വിധി ഇതുതന്നെയാണ്.''
''ഇതായിരുന്നു ഡോക്ടറുടെ മറുപടി. പ്രിയപ്പെട്ട ഉമ്മാ, നിങ്ങളായിരുന്നെങ്കില്‍ ഒരുപക്ഷേ, അതെല്ലാം കേട്ട് നിശ്ശബ്ദയായി നിന്നേക്കാം. എനിക്കങ്ങനെയായിരുന്നില്ല . എന്റെ നിയന്ത്രണമെല്ലാം പരിധിവിട്ടുകഴിഞ്ഞിരുന്നു.''
്യു''പിന്നെ എന്താണുണ്ടായത്? പറയൂ മോളേ'' സൈനബുല്‍ ഗസ്സാലി താല്‍പര്യത്തോടെ ആവശ്യപ്പെട്ടു.
''എനിക്കിപ്പോള്‍ അതു പറയാന്‍ ലജ്ജ തോന്നുന്നു. ആ സമയത്ത് കോപവും സങ്കടവും ചേര്‍ന്ന് എന്റെ രക്തം തിളച്ചുമറിയുകയായിരുന്നു. അസാധാരണമായ ശക്തിയില്‍ എന്റെ വലതുകൈ അയാളുടെ മുഖത്ത് ആഞ്ഞുപതിച്ചു. അപ്രതീക്ഷിതമായ ആ അടി അയാളെ അമ്പരപ്പിച്ചു. പിന്നെ അയാള്‍ എന്റെയടുത്തുനിന്നും എഴുന്നേറ്റു. എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു ഉറച്ച പോരാട്ടവീര്യത്തില്‍ ഞാനും എഴുന്നേറ്റു. അയാളുടെ കണ്ണില്‍നിന്ന് കണ്ണെടുക്കാതെ തിളച്ചുമറിയുന്ന ദേഷ്യത്തോടെ ഞാന്‍ നോക്കിനിന്നു. പിന്നെ അയാളെന്തെങ്കിലും ഉരുവിടുന്നതിനുമുമ്പ് എന്റെ വാക്കുകള്‍ ഒഴുകി. ''ഞങ്ങളല്ലെടാ പട്ടികള്‍! അല്ലാഹുവിന്റെ ഭൂമിയില്‍ അവനെ വെല്ലുവിളിച്ച് വിശ്വാസികളെ പീഡിപ്പിക്കുകയും വിശുദ്ധ വേദം പിച്ചിച്ചീന്തുകയും ചെയ്യുന്ന നിങ്ങള്‍തന്നെയാണ് പട്ടികള്‍. കേവലം ഒരു മനുഷ്യന്റെ അധികാരത്തിനുവേണ്ടി പരലോകത്തെ വിറ്റു തുലച്ച വിഡ്ഢികളേ, കാണാന്‍ പോകുന്നതേയുളള്ളൂ നിങ്ങള്‍, ആരാണ് പട്ടികളെന്ന്.......പോടാ പുറത്ത്! ഇനി മേലില്‍ എന്റെ മുമ്പില്‍ കണ്ടുപോകരുത്!''
''എന്തായിരുന്നു ഹമീദാ, ഡോക്ടറുടെ പ്രതികരണം?''
''ഇത്രയും നേരം പറഞ്ഞത് കേട്ട് തരിച്ചുനില്‍ക്കുകയായിരുന്നു അയാള്‍. വാക്കുകള്‍ കിട്ടാനാകാതെ അയാള്‍ നിന്നു പരുങ്ങി. പതുക്കെ നിന്ന നില്‍പില്‍നിന്ന് കാലുകള്‍ പിന്നോട്ട് വെച്ചു. പിന്നെ വേഗത്തില്‍ തിരിഞ്ഞു നടന്നു. എന്തോ പെയ്ത് തോര്‍ന്ന ആശ്വാസത്തോടെ ഞാന്‍ കാലു നീട്ടി നിലത്തിരുന്നു. സത്യമായും എനിക്കേപ്പാള്‍ ഒരു പേടിയും തോന്നിയില്ല.'' ഹമീദാ ഖുതുബ് ചിരിച്ചുകൊണ്ട് സൈനബുല്‍ ഗസ്സാലിയോട് പറഞ്ഞു.
''പേടിക്കാനെന്തിരിക്കുന്നു? അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ കല്‍പനയനുസരിച്ചു ജീവിക്കുന്ന നമുക്ക് എന്തു പേടിക്കാന്‍! എല്ലാം തങ്ങളുടെ കൈപ്പിടിയിലാണെന്നു കരുതുന്ന ഈ വിഡ്ഢികളറിയുന്നുണ്ടോ രാജാധിരാജന്റെ കണക്കുകൂട്ടലുകളെപ്പറ്റി? '' സൈനബുല്‍ ഗസ്സാലി ഹമീദയെ ആശ്വസിപ്പിച്ചു.
''അല്‍പം മുമ്പ് ഉമ്മ എന്നെ പറ്റി പറഞ്ഞില്ലേ, ഏറെ ക്ഷമയുള്ളവളായാണ് ജയിലധികൃതര്‍ എന്നെ കാണുന്നതെന്ന്! ഈ സംഭവം ഡോക്ടര്‍ അവരെ അറിയിക്കുമ്പോള്‍ അവരുടെ അഭിപ്രായം മാറുമെന്ന് തീര്‍ച്ചയാണ്'' ഹമീദാഖുതുബ് പറഞ്ഞു.
സൈനബുല്‍ ഗസ്സാലി വീണ്ടും ആശ്വാസത്തിന്റെ തെളിനീരൊഴുക്കിക്കൊണ്ട് വിപ്ലവകാരിയായ സയ്യിദ് ഖുതുബിന്റെ സഹോദരിയോട് പറഞ്ഞു:
''ഈ ക്രൂരന്മാര്‍ക്കിടയില്‍ എത്ര ക്ഷമാശീലര്‍ക്കും നില തെറ്റിപ്പോവുക സ്വാഭാവികമാണ്. നിനക്കറിയുമോ ഞാന്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഞാനതൊന്നും സഹതടവുകാരോടുപോലും പറഞ്ഞിട്ടില്ല. മനുഷ്യമനസ്സിന് ചിന്തിക്കാന്‍ പോലുമാവാത്ത പീഡനങ്ങള്‍കൊണ്ട് അവരെന്നെ ഇഞ്ചിഞ്ചായി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴൊക്കെ അല്ലാഹുവിന്റെ സഹായത്തിനായി പ്രാര്‍ഥിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. ക്ഷമാപൂര്‍വം ഇതെല്ലാം സഹിക്കാനുള്ള കരുത്ത് നല്‍കണേയെന്നുമാത്രമായിരുന്നു ഞാന്‍ കരളുരുകി പ്രാര്‍ഥിച്ചത്. എന്നിട്ടും എനിക്ക് എന്നെ നിയന്ത്രിക്കാനാവാതെ വന്നു. ഒരിക്കല്‍ ഞാനൊരു തടവുകാരനെ കൊന്നു. ''
''എന്ത്? എന്താണുമ്മാ നിങ്ങള്‍ പറഞ്ഞത്? ഈ നരകപാലകരിലൊരാളെ നിങ്ങള്‍ കൊന്നെന്നോ?''
(തുടരും)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media