സ്വര്‍ഗത്തില്‍ കാലൂന്നി ഭൂമിയിലൂടെ നടന്നവള്‍

ഡോ. ഖാതിര്‍ അശ്ശാഫിഈ /ചരിത്രം No image

         ഇസ്‌ലാമിക ചരിത്രം മാതൃകാ വനിതകളാല്‍ സമ്പന്നമാണ്. അവര്‍ ഇസ്‌ലാമിനും മുസ്‌ലിം ഉമ്മത്തിനും വേണ്ടി അര്‍പ്പിച്ച സേവനങ്ങള്‍ പലപ്പോഴും നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു. ഇക്കാലഘട്ടത്തിലെ വിപ്ലവപുരുഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പോലും നമ്മുടെ പൂര്‍വ സൂരികളായ മാതൃകാവനിതകളുടെ പ്രവര്‍ത്തനങ്ങളോളം വരില്ല. എന്നാല്‍ അതെക്കുറിച്ചു പറയാനല്ല ഈ കുറിപ്പ്. മുന്‍ഗാമികളായ സലഫുകള്‍ക്ക് ഇസ്‌ലാമിന് അത്യുല്‍കൃഷ്ടമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ എങ്ങനെയാണ് കഴിഞ്ഞതെന്നും ആധുനികതലമുറ അത്തരം കാര്യങ്ങളില്‍ ഒരു പാട് പിന്നാക്കം പോകാന്‍ എന്താണ് കാരണമെന്നും മനസ്സിലാക്കണം.
പ്രവാചകന്‍ തിരുമേനി (സ) സ്വര്‍ഗത്തില്‍ ഒരു സ്ത്രീയെ കണ്ടതായി പറയുന്നുണ്ട്. ഭൂമിയിലൂടെ നടക്കുന്ന സ്വര്‍ഗീയ സ്ത്രീയാണ് അവള്‍ എന്നത്രേ ആ സ്ത്രീയെ കുറിച്ചു തിരുമേനി വിശേഷിപ്പിച്ചത്.
പ്രവാചകനാല്‍ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ആ മഹതിയാകാന്‍ കൊതിക്കാത്ത ഏതെങ്കിലും വിശ്വാസിനിയുണ്ടാകുമോ? തിരുമേനി വഹ്‌യിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുന്ന പ്രവാചകനാണ്. അദ്ദേഹം തന്റെ ഇച്ഛക്കനുസരിച്ച് സംസാരിക്കുന്നവനല്ലെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു.
അന്‍സാരി സ്ത്രീകളില്‍പെട്ട ഒരു സ്ത്രീയെ കുറിച്ചാണ് തിരുമേനി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. തിരുമേനിക്ക് ബൈഅത് (അനുസരണ പ്രതിജ്ഞ) ചെയ്തവരാണവര്‍. എന്നിട്ട് ആ പ്രതിജ്ഞയെ അവര്‍ പൂര്‍ത്തീകരിച്ചു. ഇസ്‌ലാമിന്റെ ആദര്‍ശവാക്യമായ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന കലിമതുത്തൗഹീദിനെ സ്വീകരിച്ച മദീനയിലെ ആദ്യവിശ്വാസിസമൂഹത്തില്‍ അവരുമുണ്ടായിരുന്നു. ധീരയായ സ്വഹാബി വനിത. അവരെയോ അല്ലെങ്കില്‍ അവരുടെ പദവിയെയോ നമ്മില്‍ പലര്‍ക്കും നന്നായി അറിയില്ല. അവര്‍ എങ്ങനെയാണ് മറ്റു സ്ത്രീകള്‍ക്ക് മാതൃകയും റോള്‍മോഡലുമാകുന്നതെന്ന് ആധുനിക മുസ്‌ലിം സമൂഹം പഠിക്കേണ്ടതുണ്ട്.

ഇസ്‌ലാമിന് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍
ഇസ്‌ലാമിന് വേണ്ടി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചുവെന്നതാണ് സ്വര്‍ഗത്തിലെ തന്റെ ഏറ്റവും ഉന്നത സ്ഥാനത്തിന് അവരെ അര്‍ഹയാക്കിയത്.
യസ്‌രിബില്‍ ഇസ്‌ലാമിന്റെ പ്രകാശം പരന്നപ്പോള്‍ മറ്റു പലരെയും പോലെ അവരും സത്യമാര്‍ഗത്തിലേക്കു കടന്നുവന്നു. പ്രവാചകന്‍ തിരുമേനി മദീനയില്‍ എത്തുന്നതിനുമുമ്പുതന്നെ പ്രവാചകസന്ദേശം മദീനയിലെത്തുകയും പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിരുന്നുവല്ലോ. ആ ഘട്ടത്തില്‍ ഈ മഹതിയും ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകന്‍ ഹിജ്‌റ ചെയ്ത് മദീനയില്‍ എത്തുന്നതിനും കൂടിക്കാഴ്ചയുണ്ടാകുന്നതിനും മുമ്പുതന്നെ അവര്‍ സത്യത്തെ പുല്‍കുകയായിരുന്നു. തന്റെ ഇസ്‌ലാമാശ്ലേഷത്തിനു പ്രതിബന്ധമായി അവര്‍ക്കു മുമ്പില്‍ നിന്നത് പ്രിയ ഭര്‍ത്താവുതന്നെയായിരുന്നു. ദീര്‍ഘ യാത്ര കഴിഞ്ഞുവരുന്ന മാലിക് ബ്‌നുന്നദ്ര്‍ എന്ന അവരുടെ ഭര്‍ത്താവ് തന്റെ പ്രിയതമയുടെ ഇസ്‌ലാമാശ്ലേഷം കേട്ട് കോപാകുലനായി. ഭര്‍ത്താവിന് തന്റെ ഇസ്‌ലാമാശ്ലേഷണം ഇഷ്ടമായില്ലെന്നും അദ്ദേഹം അതിനെതിരാണെന്നും മനസ്സിലാക്കിയ ആ മഹതിയുടെ ഈമാനികാവേശം പക്ഷേ കൂടിയതേയുള്ളൂ. ഹൃദയത്തില്‍ വിശ്വാസത്തിന്റെ മാധുര്യം നുണഞ്ഞവര്‍ക്കങ്ങനെയാണ്. മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജയിക്കാന്‍ അസാധാരണമായ തന്റേടവും സ്ഥൈര്യവും ധൈര്യവുമുണ്ടാകും. ധീരയായ അവര്‍ തന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ ആദര്‍ശവാക്യം ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു: 'അശ്ഹുദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്'. ഇതു കേട്ട മാലിക് കോപിഷ്ഠനായി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വീട്ടിലെന്നല്ല, ആ നാട്ടിലും തങ്ങാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. മദീനാ നിവാസികളൊന്നടങ്കം ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇസ്‌ലാമിന്നെതിരില്‍ നിലകൊണ്ട മാലികിന് അതെങ്ങനെ സഹിക്കാന്‍ കഴിയും? അയാള്‍ മദീന വിട്ട് ദൂരേക്ക് പോയി. പിന്നീട് ശാമില്‍ വെച്ച് അദ്ദേഹം മരണമടഞ്ഞു. സത്യവിശ്വാസിനിയായ ആ മഹതിക്ക് തന്റെ ആദര്‍ശസ്വീകരണത്തിന്റെ പേരില്‍ ജീവിതപങ്കാളിയെ നഷ്ടപ്പെട്ടു. ആദര്‍ശ ധീരനായ ഒരു മകനും ആ ഉമ്മ ജന്മം കൊടുത്തിരുന്നു. പ്രസിദ്ധ സ്വഹാബിയായ അനസായിരുന്നു അത്.
പ്രവാചകന്‍ തിരുമേനി മദീനയില്‍ ആഗതനായപ്പോള്‍, അന്‍സ്വാറുകള്‍ തങ്ങള്‍ കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്ത തങ്ങളുടെ പ്രിയപ്പെട്ട ദൈവദൂതനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. തങ്ങളുടെ ഇഹപരനേതാവിന്റെ വരവില്‍ അതിരറ്റ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു അവര്‍. സ്വര്‍ഗംകൊണ്ട് സന്തോഷമറിയിച്ച ആ മഹതിയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. പ്രിയതമനെ നഷ്ടപ്പെട്ട വൈധവ്യത്തിന്റെ വിഷമതകളിലും മുത്തുനബിയെ കാണാന്‍ അവരും അക്ഷമയോടെ അന്‍സ്വാറുകള്‍ക്കൊപ്പം കാത്തിരുന്നു. തന്റെ പൊന്നുമോന്‍ അനസുമുണ്ട് അവരുടെ കൂടെ. ഭര്‍ത്താവ് ഉപേക്ഷിച്ച അവര്‍ക്കിനി ആകെയുള്ളത് ഈ മകനാണ്.
മദീനയിലെത്തിയ പ്രവാചകനെ മദീനനിവാസികള്‍ ആവേശപൂര്‍വം ഊഷ്മളമായി സ്വീകരിച്ചു. മദീനയില്‍ പ്രവാചക സന്നിധിയില്‍ എത്തി ആ ഉമ്മ തിരുദൂതരോടു സംസാരിച്ചു: ''അല്ലയോ ദൈവദൂതരേ, അന്‍സാറുകളില്‍പെട്ട ഒരു പുരുഷനും സ്ത്രീയും താങ്കള്‍ക്കു സമ്മാനിക്കാത്ത ഒരു ഉപഹാരവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. എനിക്ക് അങ്ങേക്ക് നല്‍കാനുള്ള ഉപഹാരം എന്റെ പൊന്നോമനയായ ഈ പുത്രനെയാണ്. എന്റെ ഈ മകനെ അങ്ങ് സ്വീകരിച്ചാലും! ഇനിയുള്ള കാലം അവന്‍ താങ്കളുടെ ഭൃത്യനായി സേവനങ്ങള്‍ ചെയ്തു ജീവിക്കട്ടെ.''
ചരിത്രത്തില്‍ 'ഖാദിമുര്‍റസൂല്‍' (പ്രവാചകന്റെ ഭൃത്യന്‍) എന്ന പേരില്‍ വിശ്രുതനായ അനസ് ബ്‌നു മാലിക് എന്ന സ്വഹാബിയ്ക്ക് ജന്‍മം നല്‍കിയത് ഈ ഉമ്മയാണ്. അല്ലാഹുവിന്റെ പ്രവാചകന് തന്റെ പൊന്നോമനയായ ഏക മകനെയാണ് അവര്‍ ഉപഹാരമായി നല്‍കിയത്. വിധവയായ ഒരു ഉമ്മയെ സംബന്ധിച്ചിടത്തോളം തന്റെ ഏകമകനേക്കാള്‍ പ്രിയപ്പെട്ടതായി ജീവിതത്തില്‍ എന്താണുണ്ടാകുക. ആ മകനെയാണ് തന്റെ പ്രവാചകന് അവര്‍ ഉപഹാരമായി സമര്‍പ്പിച്ചത്. തന്റെ കണ്ണിലുണ്ണിയായ മകനേക്കാള്‍, ആദര്‍ശത്തെയും അതിന്റെ സന്ദേശവാഹകനെയും സ്‌നേഹിച്ച ആ മാതൃഹൃദയത്തിന് തന്റെ ജീവിതകാലത്തുതന്നെ അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തു. അവരുടെ പ്രസ്തുത ആത്മസമര്‍പ്പണത്തിന് അനുയോജ്യവും അര്‍ഹവുമായ പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നുമില്ലല്ലോ.
ഈ മഹതിയുടെ ആദ്യ ഭര്‍ത്താവ് മാലിക് മരണപ്പെട്ടപ്പോള്‍ അബൂ ത്വല്‍ഹ സെയ്ദ്ബ്‌നു സഹല്‍ ഇവരുടെ അടുക്കല്‍ വന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അബൂത്വല്‍ഹ അന്ന് ഇസ്‌ലാം ആശ്ലേഷിച്ചിട്ടില്ല. ധനാഢ്യനായ അബൂത്വല്‍ഹ സൗന്ദര്യവതിയായ ഈ മഹതിയെ വിവാഹം കഴിക്കാന്‍ വലിയ മഹ്‌റാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച ഇവര്‍ക്കെങ്ങനെയാണ് അതേ ആദര്‍ശത്തിലുള്ള മറ്റൊരാളെ വിവാഹം ചെയ്യാനാവുക. അതിനാല്‍ അവര്‍ തന്റെ നയം വ്യക്തമാക്കി: ''ഒരു ബഹുദൈവാരാധകനെ എനിക്ക് വിവാഹം കഴിക്കാന്‍ സാധ്യമല്ല. അബൂ ത്വല്‍ഹാ, എനിക്ക് ഒരു മുശ്‌രിക്കിനെ വിവാഹം ചെയ്യാന്‍ സാധ്യമല്ല. താങ്കള്‍ ആളുകള്‍ കൊത്തിയുണ്ടാക്കിയ ദൈവങ്ങളെയല്ലേ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്. താങ്കള്‍ തീകൊളുത്തിയാല്‍ കത്തി നശിച്ചുപോകുന്നതല്ലേ പ്രസ്തുതദൈവം?'' ഒരു സ്ത്രീയുടെ ആദര്‍ശ പ്രതിബദ്ധതക്കു മുമ്പില്‍ ചൂളിപ്പോയ അബൂ ത്വല്‍ഹ തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു: ''അബൂത്വല്‍ഹ, താങ്കളെ പോലെ സുന്ദരനും കുലീനുമായ ഒരാളുടെ വിവാഹം ബന്ധം പോലും ഞാന്‍ തട്ടിക്കളയുന്നത് എന്തുകൊണ്ടാണെന്നറിയാമോ? കാരണമിതാണ്: താങ്കള്‍ സത്യനിഷേധിയായ മനുഷ്യനാണ്. ഞാന്‍ ഒരു മുസ്‌ലിം സ്ത്രീയാണ്. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍, ആ ഇസ്‌ലാമാശ്ലേഷമാണ് എനിക്കുള്ള മഹര്‍. അതിനപ്പുറം ഞാന്‍ ഒന്നും താങ്കളോടു മഹ്ര്‍ ആയി ആവശ്യപ്പെടുന്നില്ല.''
അബൂത്വല്‍ഹ നബിയുടെ അടുക്കല്‍ ചെന്ന് ഇസ്‌ലാം സ്വീകരിക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെയായിരുന്നു അബൂത്വല്‍ഹയുടെ ഇസ്‌ലാം ആശ്ലേഷം.
അബൂത്വല്‍ഹയുടെയും പ്രിയതമയുടെയും സുന്ദരമായ ദാമ്പത്യവല്ലരിയില്‍ ഒരു കുഞ്ഞു പിറന്നു. ഒരിക്കല്‍ അബൂത്വല്‍ഹ ഒരു ദൂര യാത്രക്കൊരുങ്ങുകയാണ്. അദ്ദേഹം യാത്ര പോകുമ്പോള്‍ മകന് അസുഖമുണ്ട്. അല്‍പദിവസങ്ങള്‍ക്കുശേഷം അബൂത്വല്‍ഹ യാത്രയിലായിരിക്കെ കുട്ടി മരണപ്പെട്ടു. ദീര്‍ഘയാത്രയ്ക്കുശേഷം അന്ന് വീട്ടിലെത്തിയ അബൂ ത്വല്‍ഹയെ ഭാര്യ സ്‌നേഹത്തോടെ സ്വീകരിക്കുകയും ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുകയും ചെയ്തു. അദ്ദേഹത്തിനു നല്ല ഭക്ഷണം നല്‍കി. നീണ്ട ദിവസങ്ങള്‍ക്കു ശേഷം എത്തിയ ഭര്‍ത്താവിന് അവര്‍ എല്ലാം ചെയ്തുകൊടുത്തു. രാത്രി അവര്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിറ്റേദിവസമാണ് ഭര്‍ത്താവിനോടു തങ്ങളുടെ കുഞ്ഞ് മരണപ്പെട്ട വിവരം ഭാര്യ അറിയിക്കുന്നത്. അവര്‍ അബൂത്വല്‍ഹയോട് ചോദിച്ചു: ''അല്ലയോ അബൂ ത്വല്‍ഹാ, ഒരു സമൂഹം തങ്ങളുടെ കന്നുകാലിക്കൂട്ടത്തെ മറ്റൊരു കുടുംബത്തെ ഏല്‍പ്പിക്കുകയും പിന്നീട് കുറച്ചു കാലങ്ങള്‍ക്കു ശേഷം തിരികെ ആവശ്യപ്പെടുകയുംചെയ്യുമ്പോള്‍ തിരികെ കൊടുക്കേണ്ടതില്ലേ?''
''തീര്‍ച്ചയായും അത് തിരികെ കൊടുക്കണം.''
''എങ്കില്‍ അല്ലാഹു നമ്മുടെ കുഞ്ഞിനെ തിരികെ വിളിച്ചിരിക്കുന്നു.'' ഇതു കേട്ട അബൂത്വല്‍ഹ കോപിച്ചു: ''നിനക്കെങ്ങനെ സാധിച്ചു നമ്മുടെ മകന്‍ മരിച്ചു കിടക്കെ ഇങ്ങനെ പെരുമാറാന്‍?'' അബൂ ത്വല്‍ഹപ്രവാചക സന്നിധിയില്‍ ഈ മഹതിയെ കുറിച്ച് പരാതിയുമായി ചെന്നു. നബി അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ടു സുവാര്‍ത്ത അറിയിച്ചു: ''ഇന്നലത്തെ നിങ്ങളുടെ രാത്രിയിലെ ശാരീരികബന്ധത്തില്‍ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാന്‍ പോകുന്നു''
ആ മഹതി ഗര്‍ഭിണിയായി. അങ്ങനെ ജന്മംകൊണ്ട പുത്രന് അവര്‍ അബ്ദുല്ല എന്ന പേരിട്ടു. ചരിത്രത്തില്‍ അബ്ദുല്ലാഹിബ്‌നു അബീത്വല്‍ഹ എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന താബിഇയാണ് അദ്ദേഹം. അബ്ദുല്ലാഹിബ്‌നു അബീ ത്വല്‍ഹക്കു പത്തുമക്കളുണ്ടായിരുന്നു. എല്ലാവരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും അദ്ദേഹത്തില്‍നിന്ന് അറിവ് നേടുകയും ചെയ്തു.
ജീവിതത്തില്‍ ത്യാഗം കൊണ്ട് അധ്യായം രചിച്ച റുമൈസ എന്ന ഉമ്മുസുലൈം എന്ന സ്വഹാബിവനിതയുടെ ചരിത്രമാണ് മുകളില്‍ വിവരിച്ചത്. ജീവിച്ചിരിക്കെ സ്വര്‍ഗത്തില്‍ ഉമ്മു സുലൈമിന്റെ കാലൊച്ച ഞാന്‍ കേള്‍ക്കുന്നു എന്ന് പ്രവാചകന്‍ അവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്രവാചകനോടൊപ്പം പല യുദ്ധങ്ങളിലും ആ വനിതാരത്‌നം പങ്കെടുക്കുകയുണ്ടായി. ഹുനൈന്‍ യുദ്ധത്തില്‍ ഒരു കഠാരയുമായാണ് അവര്‍ ശത്രുക്കളെ നേരിട്ടതെന്നു ഹദീസുകളില്‍ കാണാം. ഒരിക്കല്‍ അബൂത്വല്‍ഹ പ്രവാചകന്റെ അടുക്കല്‍ വന്നുപറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ ഇതാ ഉമ്മു സുലൈം. അവള്‍ ഇതാ വലിയ കഠാരയുമായി വന്നിരിക്കുന്നു.'' ഉമ്മു സുലൈം പറഞ്ഞു: ''ശത്രു എന്റെ നേര്‍ക്കു പാഞ്ഞുവരികയാണെങ്കില്‍ അവന്റെ വയറു ഞാന്‍ കുത്തിപ്പിളര്‍ത്തും.'' അനസ്(റ) പറയുന്നു: പ്രവാചകനോടൊപ്പം യുദ്ധം ചെയ്തുകൊണ്ട് അവരുമുണ്ടായിരുന്നു. ''അന്‍സ്വാറുകളില്‍പ്പെട്ട വേറെയും സ്ത്രീകള്‍ ഉണ്ടാകാറുണ്ട്. പോരാളികള്‍ക്കു വെള്ളം കൊടുക്കുകയും മുറിവേറ്റവരെ ചികില്‍സിക്കുകയുമായിരുന്നു അവരുടെ ജോലി.''
ഈ മഹതിയെ കുറിച്ചാണ് പ്രവാചകന്‍ തിരുമേനി ഇങ്ങനെ പറഞ്ഞത്: ''ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ഞാന്‍ അവിടെ ഒരു കാലൊച്ച കേട്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ആരുടെ കാലടികളാണ് ആ കേള്‍ക്കുന്നത്. (സ്വര്‍ഗത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍) പറഞ്ഞു: മില്‍ഹാന്റെ മകള്‍ റുമൈസയെന്ന, അനസ്ബ്‌നു മാലികിന്റെ ഉമ്മയാണവള്‍''.
പ്രവാചകന്‍ മറ്റൊരിക്കല്‍ പറഞ്ഞു: ''സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതായി ഞാന്‍ എന്നെ കണ്ടു. അപ്പോള്‍ ഞാന്‍ റുമൈസായോടൊപ്പമായിരുന്നു. അബൂത്വല്‍ഹയുടെ ഭാര്യയായ റുമൈസയോടൊപ്പം.''
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top