പ്രവാചക കുടുംബവുമായി അടുപ്പം സ്ഥാപിച്ച വനിത

സഈദ് മുത്തനൂര്‍ No image

ഉമ്മു ശരീക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഖൗല ബിന്‍ത് ഹകീം ബ്‌നു ഉമയ്യബ്‌നു ഹാരിസിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് 'വിശ്വസ്തയായ സ്ത്രീ' -ഇംറഅതുല്‍ മുഅ്മിന- എന്നത്രെ. മുഹാജിറുകളിലെ തലയെടുപ്പുള്ള ഉസ്മാനു ബ്‌നു മദ്ഊനായിരുന്നു ഖൗലയുടെ ഭര്‍ത്താവ്. തിരുമേനി(സ)യുടെ കാലത്ത് മൃതിയടഞ്ഞ ഉസ്മാനുബ്‌നു മദ്ഊനിന്റെ ജനാസ നമസ്‌കാരത്തിന് പ്രവാചകന്‍(സ) തന്നെ നേതൃത്വം നല്‍കി. ജന്നത്തുല്‍ ബഖീഇ(ബഖീഅ് ഗര്‍ഖദ്)ല്‍ ഖബ്‌റടക്കിയ ആദ്യ വിശ്വാസിയാണദ്ദേഹം. പ്രവാചക നിയോഗത്തിന്റെ 13-ാം വര്‍ഷം മദീനയിലേക്ക് പലായനം നടത്തിയ സംഘത്തില്‍ ഉസ്മാനുബ്‌നു മദ്ഊനും പ്രിയതമ ഖൗലയുമുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭര്‍ത്താവിന്റെ മരണശേഷം ഖൗല വേറെ വിവാഹം കഴിച്ചിട്ടില്ല. നബി തിരുമേനിയുമായി വിവാഹബന്ധം സ്ഥാപിച്ച് 'വിശ്വാസികളുടെ മാതാക്കള്‍' എന്ന പദവിയിലെത്താന്‍ അവര്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല.
സല്‍സ്വഭാവിയും സല്‍ഗുണസമ്പന്നയുമായിരുന്ന ഖൗല ആദ്യകാല സ്വഹാബി വനിതകളില്‍ ഉള്‍പ്പെടുന്നു. 'ഉസ്മാനുബ്‌നു മദ്ഊന്റെ പത്‌നി എത്ര നല്ല സ്ത്രീ. നേതൃപാടവത്തിലും വിജയം വരിച്ചവരത്രെ അവര്‍'- ഉമറുബ്‌നു അബ്ദില്‍ അസീസ് അവരെ അനുസ്മരിച്ചുകൊണ്ട് ഒരിക്കല്‍ പറഞ്ഞതാണീ വാക്കുകള്‍ (അല്‍ ഇസാബ). ഖൗല(റ) നബി(സ)യെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പ്രവാചകന്റെ കാര്യം തന്റേതായി ഏറ്റെടുക്കുമവര്‍. തിരുമേനിയാകട്ടെ അവരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തനുമായിരുന്നു.
ഹസ്രത്ത് ഖദീജയുടെ മരണം വിതച്ച വിടവ് നബിതിരുമേനിയെ സംബന്ധിച്ച് ഏറെ വലുതായിരുന്നു. ദുഃഖവര്‍ഷം എന്നാണ് ഖദീജ മരണപ്പെട്ട വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയത്. ഈ ദുഃഖവേളയില്‍ ഒരിക്കല്‍ ഖൗല ബിന്‍ത് ഹകീം നബി(സ)യുടെ സവിധത്തിലെത്തി. അവര്‍ നബിയെ സമീപിച്ച് പറഞ്ഞു:
'തിരുദൂതരേ, ഖദീജയുടെ വേര്‍പാടിന്റെ കാഠിന്യം ചെറുതല്ല. താങ്കളെ അത് വല്ലാതെ വിഷമസന്ധിയിലാക്കിയിട്ടുണ്ട്.'
'അതേ, അവര്‍ എന്റെ കുട്ടികളുടെ ഉമ്മയും വീടിന്റെ വിളക്കുമായിരുന്നു' - പ്രവാചകന്‍ ശരിവെച്ചു. അടുത്ത ഘട്ടത്തില്‍ ഖൗല പതുക്കെ കാര്യത്തിലേക്കു കടന്നു: 'തിരുദൂതരേ! താങ്കള്‍ ഇഷ്ടപ്പെടുമെങ്കില്‍ മറ്റൊരു വിവാഹം....?!'
തിരുമേനി(സ): 'നിങ്ങള്‍ സ്ത്രീകള്‍ ഈദൃശ കാര്യങ്ങളില്‍ വളരെ സമര്‍ഥര്‍ തന്നെ. ശരി, ഏതാണ് ആ കല്യാണപ്പെണ്ണ്?' - തിരുമേനി ഖൗലയോട് ചോദിച്ചു.
ഖൗല: 'കന്യകയുമുണ്ട്, വിധവയുമുണ്ട്.'
'കന്യക ഏത്? വിധവ ആര്?!'
'അബൂബക്‌റി(റ)ന്റെ പുത്രി ആഇശയാണ് കന്യക. സൗദ ബിന്‍ത് സംഅയാണ് വിധവ.'
'ശരി, നീ പോയി അന്വേഷിക്ക്' - നബി(സ) സമ്മതം നല്‍കി.
ഹസ്രത്ത് ഖൗല നേരെ അബൂബക്‌റി(റ)ന്റെ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിലെത്തി ഉടനെ അബൂബക്‌റി(റ)ന്റെ ഭാര്യ ഉമ്മുറുമാനോട് പറഞ്ഞു: 'സന്തോഷിച്ചുകൊള്ളുക. നിങ്ങളുടെ വീട് നന്മകളാല്‍ സമൃദ്ധമാകാന്‍ പോകുന്നു.'
'അതെങ്ങനെ?' - അവര്‍ ചോദിച്ചു; 'ഞാന്‍ നബി (സ) പറഞ്ഞയച്ചിട്ട് വന്നതാണ്. മകള്‍ ആഇശയെ തിരുമേനിക്ക് നികാഹ് ചെയ്തുകൊടുക്കുമോ എന്നന്വേഷിക്കുന്നു.'
അബൂബക്‌റിനോട് ചോദിച്ചിട്ട് മറുപടി നല്‍കാമെന്ന് ഉമ്മുറുമാന്‍ പറഞ്ഞു. പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആ മംഗല്യം മംഗളമായി നടന്നു.
തുടര്‍ന്ന് സൗദ ബിന്‍ത് സംഅയുടെ അടുക്കല്‍ എത്തിയ ഖൗല 'താങ്കളുടെ വീടിന് ഐശ്വര്യം കൈവരാന്‍ പോകുന്നെ'ന്ന് ആമുഖമായി പറഞ്ഞു.
കാര്യം തിരക്കിയപ്പോള്‍ സൗദയെ നബി (സ) വിവാഹം അന്വേഷിക്കുന്ന കാര്യം ഖൗല വിശദീകരിച്ചു. ആ വിവാഹവും പിന്നീട് മുറപോലെ നടന്നു. പ്രവാചകന്റെ പത്‌നിമാരുമായി ഖൗല ബിന്‍ത് ഹകീമിന് വലിയ അടുപ്പമായിരുന്നു. തിരിച്ചും അതേ.
ഒരിക്കല്‍ വളരെ പഴകിയതും പിന്നിയതുമായ വസ്ത്രം ധരിച്ചാണ് നബിപത്‌നിമാരുടെ അടുക്കല്‍ ഖൗല ചെന്നത്. അവര്‍ ചോദിച്ചു: 'വളരെ പ്രതാപിയും ഉന്നത കുടുംബാംഗവുമാണല്ലോ ഖൗലയുടെ പ്രിയതമന്‍. എന്നിട്ടും ഖൗല ഇങ്ങനെ അനാകര്‍ഷകമായി വസ്ത്രം ധരിച്ചതെന്ത്?!' 'അയാള്‍ക്ക് അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ല. രാത്രിയില്‍ മുഴുക്കെ നമസ്‌കാരവും പകലൊക്കെ നോമ്പും. അത്രതന്നെ.' തിരുമേനി(സ) വീട്ടില്‍ വന്നപ്പോള്‍ ഭാര്യമാരില്‍ ചിലര്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. നബി തിരുമേനി ഉടനെ ഖൗലയുടെ ഭര്‍ത്താവ് ഉസ്മാനുബ്‌നു മദ്ഊനുമായി സംസാരിച്ചു: 'അല്ലയോ ഉസ്മാന്‍, താങ്കള്‍ക്ക് എന്റെ ചര്യ പോരേ?! താങ്കള്‍ രാത്രി മുഴുവന്‍ ഇബാദത്തില്‍ കഴിച്ചുകൂട്ടാറാണോ, പകല്‍ നോമ്പും?!'
'അതേ ദൂതരേ' - ഉസ്മാന്‍ സമ്മതിച്ചു.
തിരുമേനി(സ) പറഞ്ഞു: 'അതു വേണ്ട, താങ്കള്‍ക്ക് താങ്കളുടെ കണ്ണിനോട് ഒരു ബാധ്യതയുണ്ട്. സ്വന്തം ശരീരത്തോട് കടമയുണ്ട്. ഭാര്യയോട് ഒരു കടപ്പാടുണ്ട്. അതിനാല്‍ രാത്രി നമസ്‌കരിക്കുക, ഉറങ്ങുകയും ചെയ്യുക. പകലില്‍ ഐഛിക നോമ്പ് നോല്‍ക്കാം. ചില ദിവസങ്ങളില്‍ വിട്ട് പിടിക്കുക.' ഈ ഉപദേശം ഉസ്മാനു ബ്‌നു മദ്ഊന്‍ പിന്നീട് അക്ഷരംപ്രതി പാലിച്ചു. പിന്നീട് ഖൗലയിലും ഉണര്‍വുണ്ടായി. അവര്‍ നബിയുടെ വീട്ടിലെത്തിയപ്പോള്‍ ഭംഗിയായി വസ്ത്രം ധരിച്ചിരുന്നു. ഒരു പുതുമണവാട്ടിയെ പോലെ അവര്‍ ഉടുത്തൊരുങ്ങിയിരുന്നതായി ചരിത്രം ചൂണ്ടിക്കാട്ടുന്നു (അത്ത്വബഖാത്ത്).
സാഹിത്യം, കല, സംഗീതം എന്നീ മേഖലകളിലും ഖൗല(റ)ക്ക് നല്ല പ്രാവീണ്യം ഉണ്ടായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അവര്‍ വിലാപകാവ്യം പാടിയിരുന്നതായി കാണാം. ഖൗല-ഉസ്മാന്‍ ദമ്പതികള്‍ക്ക് അസ്സാഇബ്, അബ്ദുര്‍റഹ്മാന്‍ എന്നീ മക്കളുണ്ടായിരുന്നു. ഇസ്‌ലാമിന്റെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു അവര്‍ ഇരുവരും. അഞ്ച് ഹദീസുകള്‍ ഖൗല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവ ഉദ്ധരിച്ചിട്ടുണ്ട്.
ജിഹാദിന്റെ വേളകളില്‍ അവര്‍ തന്റേതായ സേവനമനുഷ്ഠിച്ചു. ഒരിക്കല്‍ ഖൗല(റ) നബി(സ) തിരുമേനിയോട് അഭ്യര്‍ഥിച്ചു: 'റസൂലേ, ത്വാഇഫില്‍ താങ്കള്‍ വിജയിക്കുകയാണെങ്കില്‍ എനിക്ക് ഹാദിയ്യ ബിന്‍ത് ഗയ്‌ലാന്റെയോ ഫാരിഅ ബിന്‍ത് അഖീലിന്റെയോ ആഭരണങ്ങള്‍ ഉപഹാരമായി നല്‍കണം' (ഗയ്‌ലാനും ഫാരിഅയും ബനൂസഖീഫ് ഗോത്രത്തിലെ ഏതൊരു സ്ത്രീയേക്കാളും മേത്തരം മിന്നും പൊന്നും ധരിക്കുന്നവരായിരുന്നു). 'അവരോട് യുദ്ധം ചെയ്യാന്‍ നമുക്ക് കല്‍പന കിട്ടിയിട്ടില്ല. ഇനി അതില്‍ നാം വിജയിക്കുമെന്നും പറയാനാവില്ല' - ഇതായിരുന്നു പ്രവാചകന്റെ പ്രതികരണം.
എന്നാല്‍ പിന്നീട് നബിയുടെ സമ്മതപ്രകാരം ഹസ്രത്ത് ഉമര്‍(റ) ഒരു സൈന്യത്തെ തയാറാക്കി ത്വാഇഫുകാരെ നേരിടുകയും വിജയം കൈവരിക്കുകയും ചെയ്തതായി ചരിത്രമുണ്ട്. ഉമറിനെ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചതാകട്ടെ ഖൗലയും തിരുമേനിയും തമ്മിലുള്ള മേല്‍ സംവാദവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top