ഭക്ഷണം വിഷമായാല്‍

പ്രഫ. കെ. നസീമ No image

സാംക്രമിക രോഗങ്ങളിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത്. ഇവയെ ചെറുക്കുന്നതിനും രോഗ നിവാരണത്തിനും ഈ രോഗങ്ങളെപ്പറ്റിയുള്ള സാമാന്യ അവബോധം സഹായിക്കും. ശരീരത്തില്‍നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്ന ജലജന്യരോഗങ്ങളും വായുജന്യരോഗങ്ങളും നമുക്ക് പടര്‍ന്നു പിടിക്കാനിടയുണ്ട്. അതുമൂലമുള്ള ക്ഷീണവും ശരീരത്തിന്റെ പോഷണക്കുറവും ഈ ഘട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. രോഗാവസ്ഥയില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതിനാല്‍ രോഗബാധയുടെ ആക്കം വര്‍ധിക്കുന്നു. ജലമലിനീകരണം, ശുചിത്വത്തിന്റെ അഭാവം എന്നിവ മൂലമാണ് പല രോഗങ്ങളും പടരുന്നത്. പ്രധാനമായും മലിനമാക്കപ്പെട്ട ഭക്ഷണ സാധനങ്ങളുടെ ഉപയോഗവും ശുദ്ധജല ദൗര്‍ലഭ്യവും ഭക്ഷ്യ വിഷബാധക്ക് കാരണമാവാം. തുറന്നുവെച്ച ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും മലിന ജലത്തിലൂടെയും വിഷബാധ ഉണ്ടാവാം. രോഗാണുവാഹകരായ ഈച്ച, പല്ലി, പാറ്റ തുടങ്ങിയവ ഭക്ഷ്യവസ്തുക്കളിലൂടെ രോഗവ്യാപനം ത്വരിതമാക്കാനിടയുണ്ട്.

രോഗാണുക്കള്‍
ബാക്ടീരിയകളായ സ്റ്റാഫൈലോകോക്കസ് (ചിരങ്ങിലും പഴുപ്പിലും കാണുന്ന ഒരുതരം ഉരുണ്ട ബാക്ടീരിയ), എന്ററോപാത്തോജനിക് ഇസ്‌ചെറിഷിയ കോളി (Enteropathogenic Escherichia coli -EPEC), അന്നനാളത്തില്‍ രോഗമുണ്ടാക്കുന്ന ഒരുതരം ഇ. കോളി ബാക്ടീരിയ, ക്ലോസ്രിഡിയം പെര്‍ഫ്രിന്‍ജസ് - ടൈപ്പ് എ എന്ന ഓക്‌സിജന്റെ അഭാവത്തില്‍ വളരുന്ന ബാക്ടീരിയ, കാമ്പയിലോബാക്ടര്‍ എന്ന സാധാരണ ബാക്ടീരിയയേക്കാള്‍ ചെറിയ ബാക്ടീരിയ, അതിഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ക്ലോസ്രിഡിയം ബോട്ടുലിസം എന്ന ബാക്ടീരിയ, രക്തത്തോടൊപ്പം പഴുപ്പും വയറുകടിയും ഉണ്ടാക്കുന്ന ഷിഗല്ല ബാക്ടീരിയ, കോളറ ബാക്ടീരിയ, അതിഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന സാല്‍മൊണില്ല ടൈഫിമ്യൂറിയം എന്ന ബാക്ടീരിയ, കൂടാതെ ഹെപ്പറ്റൈറ്റിസ് - എ വൈറസുകള്‍, മാര്‍ബര്‍ഗ് വൈറസുകള്‍ എന്നിവയാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന രോഗാണുക്കള്‍.

ലക്ഷണങ്ങള്‍
ഭക്ഷ്യ വിഷബാധയുടെ മുഖ്യലക്ഷണം വയറുവേദന, പനി, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ്.
മേല്‍പ്പറഞ്ഞ രോഗാണുക്കളില്‍ ഏറ്റവും ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് 'ക്ലോസ്രിഡിയം ബോട്ടുലിസം' എന്ന ബാക്ടീരിയയും 'മാര്‍ബര്‍ഗ്' എന്ന വൈറസുമാണ്. 'സാസേജ്' എന്ന ഒരു ആഹാര പദാര്‍ഥത്തിന്റെ ലാറ്റിന്‍ പദമാണ് 'ബോട്ടുലസ്.' ഇതില്‍നിന്നാണ് ബോട്ടുലിസം എന്ന പേര് ഈ രോഗത്തിന് കിട്ടിയത്. ഈ രോഗാണുക്കള്‍ മണ്ണിലും പച്ചക്കറികളിലും വൈക്കോലിലും, കാലിവളത്തിലും കടല്‍ച്ചെളിയിലും സുലഭമാണ്. പ്രാണവായുവിന്റെ അഭാവത്തില്‍ മാത്രം വളരുന്ന ഇവ തണുപ്പിലും ചൂടിലും വളരുന്നു. വെള്ളം ഒരു മണിക്കൂറെങ്കിലും തിളപ്പിച്ചാലേ ഈ രോഗാണുക്കള്‍ നശിക്കുകയുള്ളൂ. ഈ രോഗാണുക്കള്‍ക്ക് എ, ബി, സി, സി2, ഡി, ഇ, എഫ്, ജി എന്നിങ്ങനെ എട്ട് ഇനം വിഷാംശങ്ങളാണുള്ളത്. കോശത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഇവ രോഗാതുരമായ കോശത്തിനെ നശിപ്പിച്ച ശേഷമാണ് പുറത്തുവരുന്നത്. പ്രോട്ടീന്‍ തന്തുക്കള്‍ കൊണ്ടുള്ള ഈ വിഷം ലോകത്ത് ഇന്ന് അറിയപ്പെടുന്ന ഏറ്റവും മാരകമായ രോഗാണുവിഷമാണ്. മനുഷ്യനെ കൊല്ലാന്‍ ഈ വിഷത്തില്‍ ഒന്നോ രണ്ടോ മൈക്രോഗ്രാം (Mg)  മാത്രം മതിയാവും. ഈ വിഷം കലര്‍ന്ന ആഹാരം തിളപ്പിക്കുകയോ പ്രഷര്‍ കുക്കറില്‍ വേവിക്കുകയോ ചെയ്തു ഉപയോഗിക്കാവുന്നതാണ്. ഞരമ്പുകള്‍ക്കും പേശികള്‍ക്കും വരുന്ന പല അസുഖങ്ങള്‍ക്കും മറുമരുന്നായി ഈ വിഷൗഷധം ഉപയോഗിച്ചുവരുന്നു. സംസ്‌കരിച്ച് സൂക്ഷിച്ച ഇറച്ചി, ടിന്‍ഫുഡുകള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയില്‍ ഈ രോഗാണുക്കള്‍ ഉണ്ടാവാം. ടിന്‍ഫുഡുകള്‍ തുറക്കുമ്പോള്‍ കുമിളകള്‍ വന്നാല്‍ അവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. മലിനമായ ഇത്തരം ആഹാരം കഴിച്ച് പന്ത്രണ്ടു മുതല്‍ മുപ്പത്തിയാറു മണിക്കൂറുകള്‍ക്കകം രോഗിക്ക് ഛര്‍ദ്ദി,  മലതടസ്സം (constiyatim), ആഹാരം ഇറക്കാനുള്ള പ്രയാസം, സംസാരിക്കാനുള്ള പ്രയാസം, ശ്വാസതടസ്സം എന്നീ രോഗ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതിഗുരുതരാവസ്ഥയില്‍ രോഗിക്ക് ബോധക്ഷയവും മരണവും സംഭവിക്കാം.
ചിരങ്ങിലൂടെ പകരുന്ന ബോട്ടുലിസവും കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ബോട്ടുലിസവും വളരെ വിരളമാണ്. ചീത്തയായ തേനിലൂടെ കുഞ്ഞുങ്ങളുടെ വയറ്റിലെത്തുന്ന രോഗാണുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മലതടസ്സവും സൃഷ്ടിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗാണുവിന്റെ ടോക്‌സ്സോയിഡ് വാക്‌സിന്‍ കുത്തിവെച്ച് രോഗിക്ക് രോഗപ്രതിരോധ ശേഷി ഉണ്ടാക്കാവുന്നതാണ്.
ക്ലോസ്രിഡിയം പെര്‍ഫ്രിഞ്ചെര്‍സ് എന്ന രോഗാണുക്കള്‍ പുറപ്പെടുവിക്കുന്ന ആല്‍ഫാ, തീറ്റാ എന്നീ വിഷങ്ങളും ഭക്ഷ്യവിഷബാധക്ക് കാരണമാണ്. ഈ രോഗാണുക്കള്‍ തണുത്തതോ ചൂടായതോ ആയ ഇറച്ചിക്കറികളില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയോടെ തുടങ്ങുന്ന അസുഖം ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തനിയെ മാറുന്നു. രോഗിയുടെ മലത്തില്‍നിന്നും രോഗി കഴിച്ച ആഹാരത്തില്‍നിന്നും രോഗാണുക്കളെ തിരിച്ചറിയാവുന്നതാണ്.
കുഞ്ഞുങ്ങളില്‍ വയറിളക്കമുണ്ടാക്കുന്ന EPECഎന്ന എന്ററോപാത്തോജനിക് ഇ. കോളി കുഞ്ഞുങ്ങളുടെ ചെറുകുടലിലെ കോശഭിത്തികളെ നശിപ്പിക്കുന്നു. ലോകത്താകമാനം കോളറ പോലെയുള്ള അതികഠിനമായ വയറിളക്കം ഉണ്ടാക്കുന്ന എന്ററോ ടോക്‌സി ജെനിക് ഇ. കോളി (ETECþEnteroToxigenic E. Coli) യാത്രക്കാര്‍ക്കാണ് രോഗമുണ്ടാക്കുന്നത്. അതിനാല്‍ ഈ രോഗം Enterotoxigenic Diarrhoea 'യാത്രക്കാരുടെ വയറിളക്കം' (Travellers Diarrhoea) എന്ന് അറിയപ്പെടുന്നു.
സാല്‍മൊണില്ല ഇനത്തില്‍പെട്ട  S. typhimurium  എന്ന രോഗാണുവും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ ഇറച്ചിയിലൂടെ രോഗാണുബാധ ഉണ്ടാവുകയും രോഗിയുടെ രക്തത്തില്‍ രോഗാണുക്കള്‍ പെറ്റു പെരുകി ഇരുപത്തിനാലു മണിക്കൂറിനകം രോഗിക്ക് വയറിളക്കം, ഛര്‍ദ്ദി മുതലായവ ഉണ്ടാവുകയും ചെയ്യുന്നു. വൃത്തിയില്ലാത്ത ആഹാരത്തിലൂടെയും കോഴി, ഇറച്ചികള്‍, മുട്ട, പാല്‍ക്രീമുകള്‍ എന്നിവയിലൂടെയും രോഗാണു വാഹകരിലൂടെയും അസുഖം പകരാം. എലിയുടെ കാഷ്ഠം ഭക്ഷണത്തില്‍ വീഴുകയോ പല്ലി, പാറ്റ തുടങ്ങിയവ ഭക്ഷണത്തില്‍ നക്കുകയോ ചെയ്താലും രോഗം പകരാം. അതിനാല്‍ 'ബുള്‍സ് ഐ' ഉണ്ടാക്കുമ്പോഴും മുട്ട പൊരിക്കുന്നതിനു മുമ്പും മുട്ട നല്ലവണ്ണം കഴുകുകയും രോഗാണുമുക്തമാക്കുകയും വേണം. ഹോട്ടലുകളില്‍ ഇത്രയും ശ്രദ്ധിച്ച് ക്ലീനിംഗ് നടക്കണമെന്നില്ല. അതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്.
സാല്‍മൊണില്ല ഭക്ഷ്യവിഷബാധയുടെ ഇന്‍ക്യുബേഷന്‍ സമയം ഒരു ദിവസം മാത്രമാണ്. ഇതിനകം രോഗിക്ക് വയറിളക്കം, ഛര്‍ദി, വയറുവേദന, പനി എന്നിവ ഉണ്ടാവാം. ഒന്നു രണ്ടു തവണ വയറ്റില്‍നിന്ന് പോയതിനു ശേഷം രോഗിക്ക് അതികഠിനമായ കോളറ പോലുള്ള അസുഖവും ഉണ്ടാവാം. രണ്ടു മുതല്‍ നാലു ദിവസങ്ങള്‍കൊണ്ട് അസുഖം ഭേദമാവാമെങ്കിലും ചിലരില്‍ വളരെ ദിവസങ്ങളോളം വയറുകടിയും ഉണ്ടാവാറുണ്ട്. നല്ലവണ്ണം പാകം ചെയ്ത ആഹാരങ്ങള്‍ ഉപയോഗിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താല്‍ ഈ അസുഖത്തില്‍നിന്ന് നമുക്ക് രക്ഷനേടാം. സാല്‍മൊണില്ല കാരണമായുണ്ടാവുന്ന ഭക്ഷ്യ വിഷബാധക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗപ്രദമല്ല. ആന്റിബയോട്ടിക്കുകള്‍ രോഗബാധ കുറക്കുകയില്ല. പകരം രോഗി രോഗാണുക്കളെ കുറേ നാളേക്കെങ്കിലും വിസര്‍ജിച്ചുകൊണ്ടിരിക്കും. ഇത് മറ്റുള്ളവര്‍ക്ക് വളരെ പെട്ടെന്ന് അസുഖം വ്യാപിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
ഗംഗയുടെയും ബ്രഹ്മപുത്രയുടെയും തീരത്തു തുടങ്ങിയ കോളറ ഇതുവരെ ഇന്ത്യയൊട്ടുക്ക് പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആഗോള വ്യാപകമായി കോളറ പകര്‍ച്ചവ്യാധി ഉണ്ടായപ്പോഴാണ്(WHO) World Health Organisaiton രൂപീകരിച്ചത്.

മനുഷ്യര്‍ക്കുമാത്രം വരുന്ന ഒരു അസുഖമാണ് കോളറ. രോഗാണുവാഹകരില്‍നിന്ന് മറ്റുള്ളവരിലേക്ക് വളരെവേഗം അസുഖം പടര്‍ന്നു പിടിക്കുന്നു. അതിനുകാരണം ആ രോഗാണുവിന്റെ ധ്രുതഗതിയിലുള്ള Motiltiy ആണ്. അതായത് ജെറ്റ്‌പോലെ ധൃതിയിലുള്ള അതിന്റെ ചലനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഈ രോഗം ചിപ്പി, ഞണ്ട്, കടല്‍ മത്സ്യങ്ങള്‍ എന്നിവയിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്.


ഹോട്ടല്‍ ഭക്ഷണത്തിലൂടെ പകരുന്ന ഭക്ഷ്യവിഷബാധയാണ് സ്റ്റാഫൈലോ കോക്കസ് രോഗാണുക്കള്‍ മൂലം ഉണ്ടാവുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ആറ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ രോഗിക്ക് വയറിളക്കവും ഛര്‍ദിയും തുടങ്ങിക്കഴിയും. രോഗാണുക്കള്‍ പുറപ്പെടുവിക്കുന്ന വിഷം (Enterotoxin)  മലിനമായ ഭക്ഷണത്തില്‍ ഉണ്ടായിരിക്കും. രോഗാണുക്കള്‍ അടങ്ങിയ ഇറച്ചി, മീന്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ മലിനമാകാതെ സൂക്ഷിക്കുകയും വീട്ടിലുണ്ടാക്കുന്ന ആഹാര വസ്തുക്കള്‍ കഴിക്കുകയും ചെയ്താല്‍ മേല്‍പ്പറഞ്ഞ രോഗാണുക്കള്‍ മൂലമുള്ള ഭക്ഷ്യവിഷബാധയെ നമുക്ക് തടയാം.
ആഹാരകാര്യത്തില്‍ തികഞ്ഞ ശുചിത്വം പാലിക്കുകയും ഭക്ഷണക്രമവും ജീവിതക്രമവും ശരീരത്തെ അറിഞ്ഞു ചെയ്യുകയും ചെയ്താല്‍ ഭക്ഷ്യവിഷബാധയില്‍നിന്ന് നമുക്ക് രക്ഷനേടാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top