ശുചിത്വത്തെ കുറിച്ച് ഇത്രമേല്‍ പറഞ്ഞിട്ടുണ്ട്

സദ്‌റുദ്ദീന്‍ വാഴക്കാട് No image

ശുചിത്വം, ദൈവവിശ്വാസത്തിന്റെയും (ഈമാന്‍) സമര്‍പ്പണ ജീവിതത്തിന്റെയും (ഇസ്‌ലാം) പ്രധാന ഭാഗമാണ്. സകലമാന വിശുദ്ധികളെയും സംരക്ഷിച്ച് നിലനിര്‍ത്താന്‍ ദൈവ വിശ്വാസം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ആദര്‍ശത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയാണ് ഇതിന്റെ അടിത്തറ. ദൈവം പരിശുദ്ധിയോടെ നല്‍കിയ എല്ലാ വിഭവങ്ങളും അങ്ങനെത്തന്നെ സംരക്ഷിച്ച്, പ്രയോജനപ്പെടുത്തുക എന്നതാണ് അതിന്റെ പ്രായോഗിക നീള്‍ച്ച. വെളളം, വായു, മണ്ണ് തുടങ്ങിയവയെല്ലാം ശുദ്ധതയോടെയാണ് (ത്വഹൂര്‍) സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്. 'ആകാശത്തു നിന്ന് നാം ശുദ്ധമായ വെള്ളമിറക്കി' എന്ന ഖുര്‍ആന്‍ പാഠം (അല്‍ഫുര്‍ഖാന്‍ - 25, അല്‍ ഇന്‍സാന്‍- 76) ശ്രദ്ധിക്കുക. ഭൂമിയിലെ ഏറ്റവും അമൂല്യമായ വെള്ളം ശുദ്ധമായി സംരക്ഷിക്കുകയും അതിന്റെ മലിനീകരണം തടയുകയും ചെയ്യുന്നത്, അല്ലാഹുവില്‍ വിശ്വസിക്കുമ്പോഴുണ്ടാകുന്ന ഉത്തരവാദിത്തത്തിന്റെ (അമാനത്ത്) പൂര്‍ത്തീകരണമാണ്. ശുചിത്വം മുസ്‌ലിംകളില്‍ ചിലരുടെ വ്യക്തിപരമായ താല്‍പര്യത്തിന്റെയും അഭിരുചിയുടെയും ഭാഗമല്ല, മുസ്‌ലിം സമൂഹത്തിലൊന്നാകെയുണ്ടാകേണ്ട ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അനിവാര്യതയാണ്.
നബിയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാന യോഗ്യതകളിലൊന്നായി, ഈ അര്‍ഥത്തിലെല്ലാമുളള ശുദ്ധി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്‍ മുദ്ദസറിലെ ആദ്യ വചനങ്ങള്‍; 'മൂടിപ്പുതച്ച് ഉറങ്ങുന്നവനേ എഴുന്നേല്‍ക്കുക, മുന്നറിയിപ്പുകള്‍ വിളംബരം ചെയ്യുക, നിന്റെ യഥാര്‍ഥ രക്ഷിതാവായ ദൈവത്തെ മഹത്വപ്പെടുത്തുക, നിന്റെ വസ്ത്രം ശുദ്ധിയില്‍ കാക്കുക' എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ളത്; വസ്ത്രത്തിന്റെ ശുദ്ധി എന്നത് ആലങ്കാരിക പ്രയോഗമാകാം എന്നതാണ് പ്രബല അഭിപ്രായം. ആദര്‍ശത്തിന്റെയും വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും വിശുദ്ധിയാണ് യഥാര്‍ഥ ഉദ്ദേശ്യം. പ്രബോധകനും നേതാവും എന്ന നിലക്ക്, ശരീരവും വസ്ത്രവും വൃത്തിയിലും അന്തസ്സിലും സൂക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമാണെന്നും ഇതിനെ വായിക്കാം. ഒന്നാമത്തെ പ്രബല അഭിപ്രായമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ കൂടി, അതിന്റെ പ്രാധാന്യം പഠിപ്പിക്കാന്‍ വസ്ത്രത്തിന്റെ ശുദ്ധിയെയാണ് ഉദാഹരിച്ചത് എന്നതും ഓര്‍ക്കണം. ഇതാണ്, ഈ സുക്തങ്ങള്‍ സംബന്ധിച്ച ഒന്നാമത്തെ കാര്യം. രണ്ടാമതായി, ഇസ്‌ലാമിക പ്രബോധനം (ഇന്‍ദാര്‍ - അതിന്റെ ഒരു ഭാഗമാണ്), ദൈവ കീര്‍ത്തനം (തക്ബീര്‍) എന്നിവയോട് ചേര്‍ത്താണ്, വസ്ത്രത്തിന്റെ ശുദ്ധി (ത്വഹാറത്തു സൗബ്) എന്ന പ്രയോഗം ഖുര്‍ആന്‍ നടത്തിയത്. 
വിശ്വാസത്തിന്റെ പാതിയാണ് ശുചിത്വ ബോധം എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. അബൂ മാലികുല്‍ അശ്അരിയില്‍നിന്ന് നിവേദനം; 'നബി പറഞ്ഞു, ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്. അല്‍ഹംദുലില്ലാഹ് എന്ന കീര്‍ത്തനം നന്മയുടെ ത്രാസില്‍ കനം തൂങ്ങും. അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ് എന്നീ മന്ത്രധ്വനികള്‍ ആകാശഭൂമികള്‍ക്കിടയിലുള്ള ഇടങ്ങള്‍ നിറക്കും. ദാനധര്‍മങ്ങള്‍ പരലോകത്ത് നന്മയുടെ സാക്ഷ്യങ്ങളാണ്, ക്ഷമ വെളിച്ചമാണ്, ഖുര്‍ആന്‍ നിനക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷ്യം വഹിക്കും.' ഈ നബി വചനത്തില്‍നിന്ന് നിരവധി കാര്യങ്ങള്‍ വായിച്ചെടുക്കാനുണ്ട്. ഒന്നാമതായി, ത്വഹൂര്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥവ്യാപ്തി. വെള്ളം മൂന്ന് വിധമുണ്ടെന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്ര(ഫിഖ്ഹ്) പാഠം; മാലിന്യം കലര്‍ന്നത് (മുതനജിസ്), സ്വയം ശുദ്ധിയുള്ളതും എന്നാല്‍ മറ്റൊന്നിനെ ശുദ്ധീകരിക്കാന്‍ ശേഷിയില്ലാത്തതും (ത്വാഹിര്‍), സ്വയം ശുദ്ധിയുള്ളതോടൊപ്പം തന്നെ മറ്റുള്ളവയെ ശുദ്ധീകരിക്കുന്നത് (ത്വഹൂര്‍). കര്‍മശാസ്ത്രത്തിലെ ശുദ്ധിയുടെ അധ്യായത്തില്‍ പഠിപ്പിക്കുന്ന ഈ പ്രാഥമിക പാഠം ആരും മറക്കാനിടയില്ല. സ്വയം ശുദ്ധിയുള്ളതായിരിക്കുക വിശ്വാസത്തിന്റെ പാതിയാണ് (അത്ത്വാഹിറു ശത്വ്‌റു ഈമാന്‍) എന്നല്ല നബി പഠിപ്പിച്ചത്, സ്വയം ശുദ്ധിയുള്ളതോടൊപ്പം മറ്റുള്ളവയെ ശുദ്ധീകരിക്കുന്നതാണ് (ത്വഹൂര്‍) വിശ്വാസത്തിന്റെ അര്‍ധാംശം എന്നത്രെ. നമ്മില്‍ നിന്ന്, വീടും പരിസരവും റോഡും തെരുവും കച്ചവട- വിദ്യാഭ്യാസ- ആരാധനാ കേന്ദ്രങ്ങളുമൊക്കെ ഉള്‍പ്പെടുന്ന നമ്മുടെ ചുറ്റുപാടുകളിലേക്കും ശുചിത്വ സംസ്‌കാരം വ്യാപിക്കണമെന്ന് വിശ്വാസം (ഈമാന്‍) ആവശ്യപ്പെടുന്നു. രണ്ടാമതായി, വളരെ പ്രധാനമെന്ന് നാം കരുതുന്ന ദൈവ കീര്‍ത്തനങ്ങളുടെയും (അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ്), ദാനധര്‍മം മുതലായവയുടെയും ഒന്നിച്ചും ക്രമത്തില്‍ അവയുടെ മുന്നേയുമാണ് നബി ശുചിത്വത്തെ കുറിച്ച് പറഞ്ഞത്. ഈ മുന്‍ഗണനാക്രമം ശുചിത്വ സംസ്‌കാരത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ചുറ്റുപാടുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പ്രയാസപ്പെടുത്തുമ്പോള്‍, അവ നീക്കം ചെയ്ത് ശുചിത്വമുറപ്പുവരുത്താന്‍ ശ്രമിക്കാതെ, മന്ത്രകീര്‍ത്തനങ്ങളില്‍ (ദിക്ര്‍, ഔറാദ്) മാത്രം പുണ്യം കണ്ടെത്തുന്നതില്‍ അര്‍ഥമില്ലെന്ന പാഠവും ഇതിലുണ്ട്. മുസ്വല്ലയില്‍ നിന്ന് മുറ്റത്തേക്കിറങ്ങുന്ന, പള്ളിയില്‍ നിന്ന് തെരുവിലേക്ക് വ്യാപിക്കുന്ന വിശ്വാസവും ഭക്തിയും ഇസ്‌ലാമിനെ ആരാധന അനുഷ്ഠാനങ്ങളില്‍നിന്ന്, സംസ്‌കാരത്തിലേക്ക് വളര്‍ത്തുന്നു.
ആരാധനകള്‍ ശരിയും സ്വീകാര്യവുമാകാന്‍ ശുചിത്വത്തെ അടിസ്ഥാന ഉപാധിയാക്കുക വഴി ഇസ്‌ലാം അതിനെ ആത്മീയതയുടെ തലത്തിലേക്കുയര്‍ത്തിയിരിക്കുന്നു. മനസ്സും ശരീരവും വസ്ത്രവും സ്ഥലവും പരിസരവും ശുദ്ധിയില്‍ കാത്താല്‍ മാത്രമേ, ഇസ്‌ലാമിന്റെ അഞ്ച് തൂണുകളില്‍ പ്രധാനമായ നമസ്‌കാരം സ്വീകരിക്കപ്പെടുകയുള്ളൂ എന്ന അടിസ്ഥാന നിയമം, എല്ലാ തലങ്ങളിലും ശുചിത്വത്തെ അനിവാര്യമാക്കുന്നുണ്ട.് വസ്ത്രത്തില്‍ മാലിന്യം കലരാതെ വേണം  പള്ളിയിലെത്തി നമസ്‌കരിക്കാന്‍ എന്ന് വരുമ്പോള്‍, വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വഴിദൂരമത്രയും ശുചിത്വത്തോടെ പരിപാലിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. നമസ്‌കാരത്തിന്റെ അംഗശുദ്ധീ നിയമം (വുദൂഅ്) ശുചിത്വത്തെ ഒരു സ്ഥിരബോധമായി  നിലനിര്‍ത്താന്‍ പര്യാപ്തമാണ്. ദിവസവും അഞ്ചു തവണയാണ് ഒരു വിശ്വാസി കൈയും മുഖവും.....കഴുകുന്നത് (അല്‍മാഇദ- 6). പള്ളികളിലെല്ലാം ടോയ്ലറ്റുകളും ശുദ്ധീകരണ സംവിധാനവും വ്യാപകമാണ്. അതൊന്നുമില്ലാതെ പളളിയും ആരാധനയുമില്ലെന്ന് വരുമ്പോള്‍, ശുചിത്വ സംസ്‌കാരത്തെ ഇസ്‌ലാം എത്രമേല്‍ പ്രാധാന്യത്തില്‍ പരിഗണിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
അല്ലാഹു ശുദ്ധിയുള്ളവരെ (മുതത്വഹിരീന്‍) ആണ് ഇഷ്ടപ്പെടുന്നത് എന്ന ഖുര്‍ആന്‍ വചനം (അത്തൗബ - 108), ആദര്‍ശ - ജീവിത വിശുദ്ധിയും കടന്ന്, അവയുടെ താല്‍പര്യമെന്നോണം പരിസര ശുചിത്വത്തിലേക്കും എത്തുന്നുണ്ട്. നബി പറഞ്ഞു; 'അല്ലാഹു വിശുദ്ധിയുള്ളവനാണ് ( ത്വയ്യിബ്), വിശുദ്ധി ഇഷ്ടപ്പെടുന്നു. ശുചിത്വമുള്ളവനാണ് (നളീഫ്) ശുചിത്വം (നളാഫത്) ഇഷ്ടപ്പെടുന്നു..... അതിനാല്‍ നിങ്ങളുടെ പാത്രങ്ങളെല്ലാം ശുചിത്വത്തില്‍ സൂക്ഷിക്കുക' (തിര്‍മിദി). ശുചിത്വം  അല്ലാഹുവിന്റെ ഇഷ്ടത്തിന് കാരണമാണെങ്കില്‍,  മാലിന്യം അല്ലാഹുവിന്റെ അനിഷ്ടത്തിനും ഹേതുവാകും. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ, അല്ലാഹുവിന്റെ ഇഷ്ടത്തിലേക്ക് ചേര്‍ത്താല്‍, ഇസ്‌ലാമിക സമൂഹം ഈ രംഗത്ത് വലിയ സംഭാവനകള്‍ നിര്‍വഹിക്കുന്ന അവസ്ഥയുണ്ടാകും. ഇപ്പോള്‍ പക്ഷേ, വിശ്വാസത്തിന്റെയും ദൈവഭക്തിയുടെയും (ഈമാന്‍, തഖ്‌വ) അടയാളങ്ങളില്‍ ശുചിത്വം അവസാനമെങ്കിലും പരിഗണിക്കപ്പെട്ടാലായി എന്നതാണ് അവസ്ഥ!
വ്യക്തി- പരിസര ശുചിത്വത്തിന്റെ ഒട്ടധികം പാഠങ്ങള്‍ ഇസ്‌ലാം നിയമമായിത്തന്നെ പകര്‍ന്നു തന്നിട്ടുണ്ട്. എഴുന്നേറ്റാല്‍ കൈ കഴുകുക, പല്ല് തേക്കുക, നഖം മുറിക്കുക, ശരീരത്തില്‍ മാലിന്യങ്ങള്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യുക, കുളിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുക, ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു വെച്ച് ശുദ്ധിയില്‍ സൂക്ഷിക്കുക തുടങ്ങി നിത്യജീവിതത്തില്‍ പാലിക്കേണ്ട എല്ലാ ശുചിത്വ നിയമങ്ങളും ഇസ്‌ലാം പഠിപ്പിച്ചുതന്നിട്ടു്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ഏതാണ്ടെല്ലാം ഇത്തരം ഇസ്‌ലാമിക അധ്യാപനങ്ങളാണ്. ഉറങ്ങി എഴുന്നേറ്റാല്‍ കൈ കഴുകണം എന്നതിന് നബി പറഞ്ഞ കാരണം കാണുക; 'നിങ്ങള്‍ ഉറക്കില്‍നിന്ന് ഉണര്‍ന്നാല്‍, കൈകള്‍ മൂന്ന് തവണ കഴുകും മുമ്പ് പാത്രത്തില്‍ ഇടരുത്. ഉറക്കില്‍ അത് എവിടെയെല്ലാമായിരുന്നുവെന്ന് - അതില്‍ എന്തെല്ലാമുണ്ടായിരിക്കുമെന്ന്- അറിയില്ലല്ലോ!' (ബുഖാരി, മുസ്‌ലിം). രാത്രി കൈകളില്‍ പടര്‍ന്നിരിക്കാനിടയുള്ള മാലിന്യങ്ങള്‍ വഴി പാത്രത്തിലെ വെള്ളവും വസ്തുക്കളും മലിനമാകാനും അത് ശരീരത്തിനകത്തു ചെന്ന് രോഗം വരാനുമുള്ള വഴികള്‍ അടച്ചുകളയുകയാണ് നബി ചെയ്തത്. കൂടാതെ, 'ഭക്ഷണാവശിഷ്ടമോ, മാലിന്യമോ ഉള്ള കൈ കഴുകാതെ രാത്രി ഉറങ്ങിയ ഒരാള്‍ക്ക് അതു മൂലം എന്തെങ്കിലും സംഭവിച്ചാല്‍, അതിനയാള്‍ തന്നെ മാത്രമേ കുറ്റപ്പെടുത്താവൂ' എന്ന് നബി പറഞ്ഞതായി അബുഹുറയ്‌റ ഉദ്ധരിച്ചിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ കുളിച്ച് ശുദ്ധി വരുത്തുണമെന്ന് കല്‍പനയുണ്ടല്ലോ. ശാരീരിക ബന്ധം വഴിയുണ്ടാകുന്ന സ്രവങ്ങളും വിയര്‍പ്പും മറ്റും യഥാസമയം ശുദ്ധി വരുത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണിത്. ആരോഗ്യ സംരക്ഷണത്തില്‍ പല്ലും വായും വൃത്തിയാക്കുന്നതിന്, ഇസ്‌ലാം നല്‍കിയ പ്രാധാ
ന്യം വളരെ വലുതാണ്. നബി പറഞ്ഞു: 'നിങ്ങള്‍ പല്ല് തേക്കുക, അത് വായ വൃത്തിയില്‍ സുക്ഷിക്കാന്‍ ഉതകും. അല്ലാഹുവിന്റെ തൃപ്തി അതിലാണ്. ജിബ്‌രീല്‍ മാലാഖ എന്റെ അടുത്ത് വരുമ്പോഴേല്ലാം ബ്രഷ് ചെയ്യാന്‍ ഉപദേശിക്കാറുണ്ട്. എന്റെ ജനതക്ക് പല്ലുതേക്കല്‍ നിര്‍ബന്ധം (ഫര്‍ദ്) ആക്കുമെന്നുവരെ അതു കേട്ട് ഞാന്‍ ആശങ്കപ്പെടുകയുണ്ടായി.....' ഇനി, 'ഭക്ഷണത്തിന്റെ അനുഗ്രഹം മുമ്പും ശേഷവും ശുദ്ധി വരുത്തലാണ്' (അല്‍വളൂഉ/ അല്‍വുളൂഉ) എന്ന നബിവചനം നോക്കുക. കൈയും പാത്രങ്ങളും മറ്റും  കഴുകി ശുദ്ധി വരുത്തുന്നതിന്, 'വളൂഅ്/ വുളൂഅ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. വളൂഅ് എന്നാല്‍ ഭാഷാപരമായി ശുദ്ധി വരുത്തുന്ന വെള്ളം. ഇതാണ് ഇവിടെ ഉപയോഗിച്ച വാക്ക് എന്നാണ് ഒരു വിഭാഗം പണ്ഡിതാഭിപ്രായം. വുളൂഅ് എന്നാല്‍ നമസ്‌കാരത്തിനുള്ള അംഗശുദ്ധി; ഇത് കര്‍മശാസ്ത്ര പ്രയോഗമാണ്. ഈ പദം തന്നെയാണ് ഭക്ഷണത്തോട് ചേര്‍ത്ത് ഉപയോഗിച്ചതെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല, വുളൂഅ് എന്ന ശുദ്ധീകരണത്തെ ആരാധനാപരമായി മാത്രമല്ല, സാംസ്‌കാരികമായി കൂടിയാണ് ഇസ്‌ലാം കാണുന്നതെന്ന വിശാലാര്‍ഥമാണ് അപ്പോള്‍ ലഭിക്കുക!
വെള്ളത്തിന്റെ ദൗര്‍ലഭ്യത കാരണമോ, അല്ലാതെയോ നിത്യവും കുളിക്കുന്ന ശീലമില്ലാതിരുന്നതിനാലാകണം, അറബ് ജനതയോട് ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കുന്നത് അല്ലാഹുവിന്റെ അവകാശമാണെന്നാണ് നബി പഠിപ്പിച്ചത്. കുളിച്ച് ശുദ്ധി വരുത്തി വേണം വെള്ളിയാഴ്ച പള്ളിയില്‍ വരാന്‍ എന്നും നബി പറഞ്ഞിട്ടുണ്ട്. വിശ്വാസത്തോടൊപ്പം, കുളിയിലൂടെ ശുചിത്വ ബോധവും ഒരു ജനതക്ക് പകര്‍ന്നു കൊടുക്കുക പ്രവാചകനിയോഗത്തില്‍ പെട്ടതായിരുന്നുവെന്നര്‍ഥം.
ആരാധനാ കാര്യങ്ങളില്‍ വിശ്വാസികള്‍ക്കുള്ള ശ്രദ്ധയും സൂക്ഷ്മതയും ശുചിത്വം പോലുള്ള സാംസ്‌കാരിക മൂല്യങ്ങളില്‍ കൂടി നല്‍കാന്‍ സാധിക്കുന്നതിലാണ് ഇസ്‌ലാമിന്റെ ചൈതന്യം കുടികൊള്ളുന്നത്. തെരുവിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ ശേഷം, വൃത്തികേടായിക്കിടക്കുന്ന വഴികളും തെരുവും കണ്ടിട്ടും അതിനെതിരെ കാര്യമായൊന്നും ചെയ്യാതെ അതുവഴി കടന്നു വന്ന് അംഗശുദ്ധി (വുദൂ) ചെയ്ത് നമസ്‌കരിക്കുന്നതില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്നവര്‍, ഇസ്‌ലാമിന്റെ സംസ്‌കാരത്തെ അപ്രധാനമായി കാണുകയാണെന്ന് വിലയിരുത്തേണ്ടി വരും. അതിനു പകരം, വീടും പരിസരവും വാട്ടര്‍ ടാങ്കും വെള്ളം കെട്ടി നില്‍ക്കുന്ന ഇടങ്ങളും ഇടക്കിടെ വൃത്തിയാക്കാനും മാലിന്യം നിറയുന്നില്ലെന്ന് ഉറപ്പു വരുത്താനും നമ്മുടെ വിശ്വാസവും അംഗശുദ്ധിയും ആരാധനകളുമൊക്കെ പ്രചോദനമായിത്തീരണം. നമ്മുടെ പള്ളി- മദ്റസകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അകവും പുറവും പരിസരവും നമ്മുടെ തെരുവുകളും മാലിന്യമുക്തമാക്കാന്‍ മുസ്‌ലിം സമൂഹത്തിന്് വിശ്വാസപരമായിത്തന്നെ ബാധ്യതയുണ്ട്. 
മലിനീകരണത്തിനെതിരെ പല വിധത്തിലുള്ള താക്കീതുകള്‍ ഇസ്‌ലാമിക അധ്യാപനങ്ങളിലുണ്ട്. ദുര്‍ഗന്ധവുമായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടരുത്, മലമൂത്ര വിസര്‍ജനം ചെയ്ത് വഴികളും വിശ്രമ ഇടങ്ങളും വൃത്തികേടാക്കരുത്, കെട്ടിനില്‍ക്കുന്ന വെള്ളം മലിനീകരിക്കരുത് തുടങ്ങി എന്തെല്ലാം നിര്‍ദേശങ്ങളാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. മാലിന്യങ്ങള്‍ കൊണ്ട് നാടും നഗരവും തോടും പുഴയുമെല്ലാം നിറഞ്ഞിരിക്കുന്ന, അതിന്റെ ദുരിതങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായി അനുഭവിക്കുന്ന സാമൂഹികാവസ്ഥകളില്‍, ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള അധ്യാപനങ്ങളുടെ പ്രസക്തി തിരിച്ചറിയേണ്ടതുണ്ട്. ഉളളി തിന്ന ദുര്‍ഗന്ധത്തോടെ പള്ളിയില്‍ വരുന്നത് നബി വിലക്കി. ജനം കൂടുന്ന സ്ഥലങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നതൊന്നും ചെയ്യരുതെന്നാണിതിന്റെ സന്ദേശം. മറ്റാരിക്കല്‍ നബി പറഞ്ഞു: 'ശപിക്കപ്പെട്ട രണ്ടു കാര്യങ്ങള്‍ സൂക്ഷിക്കണം. അനുയായികള്‍ ചോദിച്ചു; എന്തൊക്കെയാണത്? ജനങ്ങള്‍ സഞ്ചരിക്കുന്ന വഴികളിലൊ, അവര്‍ വിശ്രമിക്കാനിരിക്കുന്ന സ്ഥലങ്ങളിലൊ മലമൂത്ര വിസര്‍ജനം ചെയ്യുകയാണ് ശപിക്കപ്പെട്ട കാര്യങ്ങള്‍.' വഴികളും തെരുവുകളും മൂത്രമൊഴിച്ചും അല്ലാതെയും വൃത്തികേടാക്കുന്നതും, ദുര്‍ഗന്ധം കാരണം അതിലൂടെ കടന്നുപോകാന്‍ ആളുകള്‍ പ്രയാസപ്പെടുന്നതും നമ്മുടെ അനുഭവത്തിലുള്ളതാണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളിലെ മൂത്രപ്പുരകളും മറ്റും വൃത്തിയായി സൂക്ഷിക്കുന്നതാണ് സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ അടയാളം. നമ്മുടെ അനുഭവത്തിലെ ഇത്തരം ഇടങ്ങളുടെ അവസ്ഥകള്‍ മുന്‍നിര്‍ത്തി നാം അളക്കേണ്ടത്, നമ്മുടെ തന്നെ സംസ്‌കാരത്തെയാണ്.
'കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയും പിന്നെ ആ വെള്ളം തന്നെ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരായ' നബിയുടെ താക്കീത് (മുസ്‌ലിം), അമൂല്യമായ നമ്മുടെ ജലസമ്പത്ത്, കിണറും തോടും പുഴയുമെല്ലാം മലിനമാക്കുകയും എന്നിട്ട്,  അതുതന്നെ ഉപയോഗിച്ച് രോഗികളാവുകയും ചെയ്യുന്ന ദുരന്തത്തിനെതിരിലുള്ള ജാഗ്രതാ നിര്‍ദേശമായി മനസ്സിലാക്കേണ്ടതാണ്. ദൈവം നല്‍കിയ ജീവിത ദര്‍ശനം ( അല്ലാഹുവിന്റെ ദീന്‍ ) മാത്രമല്ല നാം സംരക്ഷിക്കേണ്ടത്; അല്ലാഹു സൃഷ്ടിച്ച ഈ സുന്ദരമായ പ്രകൃതി, ശുദ്ധമായ വെള്ളം, വായു, മണ്ണ്.... ഇതെല്ലാം മലിനമാകാതെ, ശുദ്ധമായിത്തന്നെ സംരക്ഷിക്കേണ്ടത്, അല്ലാഹുവോടുള്ള ബാധ്യതയില്‍പെട്ടതാണ്. മാലിന്യപ്രശ്‌നങ്ങള്‍ കൊണ്ട് ജനജീവിതം ദുസ്സഹമാകുമ്പോള്‍, മാരക രോഗങ്ങള്‍ പകര്‍ച്ചവ്യാധികളായി മനുഷ്യ ജീവന്‍ അപഹരിക്കുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനത്തിനു വേണ്ടി മുന്നിട്ടിറങ്ങാന്‍ ഇസ്‌ലാമിക സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. 'ശുചിത്വം വിശ്വാസത്തിന്റെ പാതിയാണെന്ന പ്രവാചക പാഠം' പുസ്തകത്താളുകളില്‍ നിന്നും പ്രസംഗ പീഠങ്ങളില്‍ നിന്നും തെരുവിലേക്ക് കൊണ്ടുവരാന്‍, നബിയെ സ്‌നേഹിക്കുന്നവര്‍ മുന്‍കൈയെടുക്കണം. പള്ളി - മഹല്ല് കമ്മിറ്റികള്‍, മുസ്‌ലിം വിദ്യാര്‍ഥി - യുവജന - മാതൃ സംഘടനകള്‍, മദ്‌റസ - അറബിക് - ഇസ്‌ലാമിയ കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവരെല്ലാം താന്താങ്ങളുടെ ഇടങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച്, പരിശ്രമിക്കണം. മുസ്‌ലിം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഒറ്റക്കും  കൂട്ടായും അതിനെതിരെ പ്രതികരിക്കുന്ന ജാഗ്രത, ജനങ്ങളെ മൊത്തം ബാധിക്കുന്ന  മലിനീകരണം പോലുള്ള വിഷയങ്ങളില്‍ രംഗത്തിറങ്ങുന്നതിലും ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും കൂടി മുസ്‌ലിം സമൂഹം കാണിക്കേണ്ടതുണ്ട്.  എല്ലാ മനുഷ്യര്‍ക്കും പ്രയോജനപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമ്പോഴാണ്, 'ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട നല്ല സമൂഹം' എന്ന ഖുര്‍ആന്‍ വിശേഷണം തങ്ങള്‍ക്ക് ചേരുന്നതെന്ന് മുസ്‌ലിം സമൂഹവും സംഘടനകളും മനസ്സിലാക്കണം. പള്ളി - മഹല്ല് കമ്മിറ്റികള്‍ക്ക് ഇതില്‍ പലതും ചെയ്യാനുണ്ട്. ഒരു മഹല്ലിനെ പതിനഞ്ചോളം വാര്‍ഡുകളാക്കി തിരിച്ച്, വാര്‍ഡ് തോറും കണ്‍വീനര്‍മാരെ നിശ്ചയിച്ച്, മഴക്കാലമെത്തും മുമ്പ് പ്രദേശമാകെ മത്സര സ്വഭാവത്തില്‍ ശുചീകരിച്ച്, മാലിന്യ നിര്‍മാര്‍ജനത്തില്‍ മാതൃക കാണിക്കുന്ന പള്ളി കമ്മിറ്റികള്‍ കേരളത്തിലുണ്ട്. മത-ജാതി വ്യത്യാസമില്ലാതെ പ്രദേശത്തെ എല്ലാ മനുഷ്യരും പള്ളികമ്മിറ്റിയുടെ നേത്യത്വത്തിലുള്ള ഈ ശുചീകരണ ദൗത്യത്തില്‍ പങ്കാളികളാകുന്ന മധുരാനുഭവം ഇസ്‌ലാമിന്റെ നന്മയെയാണ് വിളംബരം ചെയ്യുന്നത്. 
ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തില്‍ ശുചിത്വത്തിന്റെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു കൊടുത്തതിന്റെ ഇത്തരം മധുരാനുഭവങ്ങള്‍ ധാരാളമുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതക്കുള്ള കിണറുകള്‍ -കുളങ്ങള്‍, കുളിപ്പുരകള്‍, പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള കംഫര്‍ട് സ്റ്റേഷനുകള്‍, മാലിന്യം പുറത്ത് പോകാനുള്ള ഓടകളുടെ നിര്‍മാണം, തെരുവിന്റെ ശുചീകരണം തുടങ്ങിയവയിലെല്ലാം ഇസ്‌ലാമിക നഗരങ്ങള്‍ മുന്നില്‍ നിന്നിരുന്നു. മുസ്‌ലിം സ്‌പെയിനിന്റെ ആകര്‍ഷണീയത വിവരിക്കവെ ഗിബ്ബണ്‍ എഴുതിയത്; 'വൃത്തിയുടെ നിദര്‍ശനമെന്നോണം മുസ്‌ലിം സ്‌പെയ്‌നിന്റെ തെരുവുകളില്‍ നിരവധി കുളങ്ങളും കുൡുരകളും ഉണ്ടായിരുന്നു, യൂറോപ്പിലെ തെരുവുകള്‍ ചളി നിറഞ്ഞ് വ്യത്തിഹീനമായിരുന്നപ്പോള്‍, കൊര്‍ദോവയുടെ തെരുവുകള്‍ ഇഷ്ടിക പാകിയ ഭംഗിയും വൃത്തിയും ഉള്ളവയായിരുന്നു....' എന്നിങ്ങനെയാണ്. ശുചിത്വത്തിന്റെ നിലവാരത്തെയാണ് മുസ്‌ലിം ഐഡന്റിറ്റിയായി അവര്‍ മനസ്സിലാക്കിയത് എന്നര്‍ഥം. ലീന്‍ പോളിന്റെ ചരിത്രമെഴുത്തില്‍ സ്‌പെയ്‌നിലെ ക്രൈസ്തവരും  മുസ്‌ലിംകളും തമ്മില്‍ ശുചിത്വത്തിലുള്‍പ്പെടെ സാംസ്‌കാരിക നിലവാരത്തിലുണ്ടായിരുന്ന അന്തരം കൃത്യമായി വന്നിട്ടുണ്ട്; 'മുസ്‌ലിംകള്‍ ശുചിത്വത്തെ വിശ്വാസത്തിന്റെ ഭാഗവും നമസ്‌കാരവും ആരാധനകളും നിര്‍വഹിക്കാനുള്ള നിര്‍ബന്ധ നിബന്ധനയുമായി സ്വീകരിച്ചപ്പോള്‍, സ്‌പെയിനിലെ ക്രൈസ്തവര്‍ ശുചിത്വത്തില്‍ നിന്ന് അകന്ന് നിന്നു, വിഗ്രഹാരാധകരുടെ ചെയ്തിയായിട്ടാണ് ശുചീകരണത്തെ ക്രൈസ്തവര്‍ കണ്ടത്, ക്രൈസ്തവ പുരോഹിതന്മാരും കന്യാസ്ത്രീകളും തങ്ങളുടെ വൃത്തിഹീനതയില്‍ അഭിമാനം കൊള്ളുകയായിരുന്നു. പുരോഹിതകളില്‍ ഒരാള്‍, തന്റെ ഓര്‍മക്കുറിപ്പുകളില്‍, അറുപത് വയസ്സായ തന്റെ ദേഹത്ത്,  വിരല്‍തുമ്പിലെ മാമോദീസ വെള്ളമല്ലാതെ മറ്റൊരു വെള്ളവും വീണിട്ടില്ലെന്ന് ആത്മപ്രശംസയോടെ പറയുകയുണ്ടായി. സ്‌പെയ്ന്‍ ക്രൈസ്തവരുടെ കൈകളില്‍ തിരിച്ചെത്തിയ ശേഷം അവരുടെ രാജാക്കന്മാരിലൊരാള്‍ ആദ്യം ചെയ്തത്, മുസ്‌ലിം സ്‌പെയ്‌നിലെ എല്ലാ പൊതു കുളിപ്പുരകളും തകര്‍ക്കാന്‍ കല്‍പന പുറപ്പെടുവിക്കുകയായിരുന്നു. അതെല്ലാം മുസ്‌ലിം പൈതൃകമാണ് എന്നതായിരുന്നു കാരണം..... കുളിക്കുന്നതും കൈ കഴുകുന്നതുമെല്ലാം തീര്‍ത്തും ഉപേക്ഷിച്ച പുരോഹിതന്മാരുണ്ടായിരുന്നു. 'മാലിന്യം വിശ്വാസത്തിന്റെ ഭാഗമാണ് ' എന്ന ചൊല്ലു പോലും അന്ന് പ്രചരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ട് വരെ, കുളിമുറികളില്ലാത്ത വീടുകള്‍ യുറോപ്പില്‍ നിര്‍മിക്കപ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ജോണ്‍ വസേലി ഒഴികെ, അതിനു മുമ്പ് മറ്റൊരു ക്രിസ്ത്യന്‍ പണ്ഡിതനും ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞതായി അറിയുകയില്ല.' (അല്‍ അലാഖാതു ബൈനല്‍ അന്‍ദലുസില്‍  ഇസ്ലാമിയ വ അസ്ബാനിയ അന്നസ്‌റാനിയ ഫീ അസ്വ്‌റി ബനീ ഉമയ്യ വ മുലൂകു ത്വവാഇഫ് - റജബ് അബ്ദുല്‍ ഹലീം, പേജ് - 408, ഉദ്ധരണം - ഖിസ്സ്വത്തുല്‍ അറബ് ഫീ അസ്ബാനിയ - ലീന്‍ പോള്‍, പേജ് - 120, 165, 199, ദാറുല്‍ കിതാബ് അല്‍ മസ്വ്‌രീ). 'ക്രൈസ്തവ പുരോഹിതന്മാരില്‍ ഏറ്റവും മഹാന്‍, ഏറ്റവും കുറച്ച് വെള്ളം ഉപയോഗിക്കുന്ന ആളായിരുന്നു. പുരോഹിതനായ ആന്റണി, താന്‍ ജീവിതത്തിലൊരിക്കലും കാല് കഴുകുക എന്ന പാപം ചെയ്തിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്' (താരീഖു അഖ്‌ലാഖി ഔറുബാ, അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മാദാ ഖസിറല്‍ ആലം.... എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചത്).
ശുചിത്വം ഉള്‍പ്പെടെയുള്ള സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുന്നിട്ടു നിന്ന ചരിത്രത്തിലെ ഈ സുവര്‍ണ ശോഭ തിരിച്ചുപിടിക്കാന്‍ മുസ്‌ലിംകള്‍ ഉത്സാഹിക്കേണ്ടതുണ്ട്. മുസ്‌ലിം അധിവാസ പ്രദേശങ്ങളും കച്ചവടകേന്ദ്രങ്ങളും സ്ഥാപനങ്ങളും മറ്റുമെല്ലാം ശുചിത്വത്തില്‍ മികച്ച മാതൃകകളായാല്‍, മാലിന്യ നിര്‍മാര്‍ജനത്തില്‍ പ്രായോഗിക ജാഗ്രത പുലര്‍ത്തിയാല്‍, മാലിന്യജന്യ രോഗങ്ങളില്‍ ഏറ്റവും പിന്നില്‍ നിന്നാല്‍, ആരോഗ്യ വകുപ്പും ഭരണ സംവിധാനങ്ങളും ഈ മേഖലയില്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ നടത്തിപ്പില്‍ ക്രിയാത്മക പങ്കാളികളായാല്‍..... അത് നാടിന്റെ നന്മയും ജനങ്ങള്‍ക്കുള്ള സുകൃതവുമാകുന്നതോടൊപ്പം, ഇസ്‌ലാമിന്റെ സൗന്ദര്യത്തെ വരച്ചുകാണിക്കുന്ന പുണ്യവും പ്രബോധനവുമാവുകയും ചെയ്യും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top