പരലോക വിശ്വാസം വിഡ്ഢിത്തമോ?

ശൈഖ് മുഹമ്മദ് കാരകുന്ന് No image

'മരണശേഷം മനുഷ്യന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മറ്റൊരു ലോകമുണ്ടെന്ന വിശ്വാസത്തേക്കാള്‍ വലിയ വിഡ്ഢിത്തം വേറെയില്ല. യുക്തിബോധമുള്ള ആരും അതംഗീകരിക്കില്ല. ദൈവത്തിലോ മരണാനന്തര ജീവിതത്തിലോ വിശ്വസിക്കാത്ത ഒരാള്‍ ജീവിതം മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ച്, വലിയ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ത്യാഗം ചെയ്താലും   നരകത്തില്‍; വിശ്വാസിയാണെന്നതു കൊണ്ടു മാത്രം മതക്കാരന്‍ സ്വര്‍ഗത്തിലും - ഇതിനേക്കാള്‍ വലിയ അനീതിയുണ്ടോ?'
ഇസ്‌ലാം പരിചയപ്പെടുത്തുന്ന പരലോക വിശ്വാസത്തെ പരിഹസിക്കുന്നവരും നിഷേധിക്കുന്നവരും നിരന്തരം പറയുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണിത്.
ഭൂമി കര്‍മങ്ങളുടെ ഇടമാണ്. കര്‍മഫലം പൂര്‍ണമായും കൃത്യമായും ഇവിടെവച്ച് ആര്‍ക്കും ലഭിക്കുന്നില്ല. ഇത് സുസമ്മത സത്യമാണ്. സ്വയം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് സമൂഹത്തിനുവേണ്ടി  സര്‍വതും സമര്‍പ്പിച്ച്, സേവനനിരതനായി, ത്യാഗ പൂര്‍ണമായ ജീവിതം നയിച്ച മനുഷ്യന് അതിനനുസൃതമായ പ്രതിഫലം ഇവിടെ വെച്ച് ലഭിക്കുകയില്ലെന്ന് അറിയാത്ത ആരുമില്ല. അതിന്റെ സദ്ഫലം അനുഭവിക്കാന്‍ ഒരായുസ്സ് മതിയാവുകയില്ല. ഉദാഹരണമായി ഒരാള്‍ ഒരാശുപത്രി പണിയുന്നു. അതിന്റെ നടത്തിപ്പിന് ആവശ്യമായ വരുമാനം ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്തുവെക്കുന്നു. തലമുറ തലമുറകളായി അനേകായിരങ്ങള്‍ക്ക് അത് വര്‍ഷങ്ങളോളം പ്രയോജനപ്പെടുന്നു. അഥവാ മനുഷ്യകര്‍മങ്ങളുടെ ഫലം മരണശേഷവും നൂറ്റാണ്ടുകളോളം ഇവിടെ നിലനില്‍ക്കുന്നു. 
ദുര്‍വൃത്തികളുടെ സ്ഥിതിയും ഇതു തന്നെ. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടവര്‍ ഏതാനും മിനിറ്റുകള്‍ കൊണ്ടാണ് അത് ചെയ്തത്. എന്നാല്‍ അതിന്റെ ദുരന്തം ഇന്നും അവിടത്തുകാര്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. പരിമിതാംഗരായി പിറന്നുവീഴുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. അതിനൊക്കെയും കാരണക്കാര്‍ ആ അണുബോംബിട്ടവര്‍ തന്നെ. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും. അവര്‍ ചെയ്ത കൊടും ക്രൂരതകള്‍ക്കുള്ള ശിക്ഷ അനുഭവിക്കാന്‍ ഒന്നോ പത്തോ നൂറോ ആയിരമോ മനുഷ്യായുസ്സ് മതിയാവില്ല. അതുകൊണ്ടുതന്നെ ഭൂമിയിലെ ഹ്രസ്വജീവിതം മനുഷ്യകര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ ഒട്ടും പര്യാപ്തമല്ല.

നീതിയുടെ താല്‍പര്യം
നീതി കൊതിക്കാത്തവരില്ല. മറ്റുള്ളവരോട് അനീതി കാണിക്കുന്നവരും തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ അയാളുടെ ഭാര്യയും മക്കളും ബന്ധുക്കളും സ്വാഭാവികമായും ആഗ്രഹിക്കും, ഘാതകനെ ശിക്ഷിക്കണമെന്ന്. എന്നാല്‍ നമ്മുടെ നാടുള്‍പ്പെടെ മിക്ക നാടുകളിലും ഭൂരിഭാഗം കൂറ്റവാളികളും രക്ഷപ്പെടാറാണ് പതിവ്. ഒരാളെ കൊന്നാല്‍ പകരം കൊലയാളിയെ വധിക്കാം. എന്നാല്‍ പത്തും നൂറും ആയിരവും മനുഷ്യരെ കൊല്ലുന്നവരെ ആര്‍ക്കാണ് ശിക്ഷിക്കാന്‍ കഴിയുക? 
ആയിരം തവണ വധശിക്ഷ നടപ്പാക്കിയാലല്ലേ നീതിയാവുകയുള്ളു? കൊലയാളിയെ വധിച്ച് പ്രതിക്രിയ നടപ്പാക്കിയാല്‍ പോലും അതിലൂടെ കൃത്യവും കണിശവുമായ നീതി പുലരുകയില്ല. ഘാതകനെ വധിച്ചതുകൊണ്ട് വധിക്കപ്പെട്ടവന്റെ ഭാര്യക്ക് ഭര്‍ത്താവിനെ കിട്ടുകയില്ല. മക്കള്‍ക്ക് പിതാവിനെ ലഭിക്കില്ല. ബന്ധുക്കള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കപ്പെടുകയില്ല.
രാജ്യത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളുടെ സമ്പത്താണ് എല്ലാ അഴിമതിക്കാരും ചേര്‍ന്ന് കൊള്ളയടിക്കുന്നത്. അനേകലക്ഷം കോടികളുമായി അവര്‍ നാടുവിടുന്നു. അവരെ പിടികൂടി രാജ്യത്തെ മുഴുവന്‍ അവകാശികള്‍ക്കും അവരുടെ സമ്പത്ത് തിരിച്ചുനല്‍കുന്നതുവരെ നീതി സ്ഥാപിതമാവുകയില്ല. അതും അസാധ്യം; അതിനാല്‍ നീതിക്കുവേണ്ടിയുള്ള മനുഷ്യപ്രകൃതത്തിന്റെ തേട്ടം പ്രായോഗികമാകണമെങ്കില്‍ മരണശേഷം നീതി പുലരുന്ന ഒരു മറുലോകം കൂടിയേ തീരൂ.
മനുഷ്യശരീരം പോലും ഒരു മഹാവിസ്മയമാണ്. ആദിമ മനുഷ്യന്‍ മുതല്‍ ഇന്നോളം ലോകമെങ്ങുമുണ്ടായ എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ തലയിലെ സങ്കല്‍പിക്കാനാവാത്ത അത്ര കോടി തലമുടികളില്‍ ഒന്നു പോലും നമ്മുടെ ഒരു മുടി പോലെ ഇല്ലെന്നത് ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക! കണ്ണ്, രക്തം, ഗന്ധം തുടങ്ങി കൈയക്ഷരവും കൈയൊപ്പും വരെ ഓരോ മനുഷ്യന്റേതും വ്യത്യസ്തമാണ്. ഇങ്ങനെ തീര്‍ത്തും വ്യതിരിക്തമായ വ്യക്തിത്വത്തോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്ത്യം ഭൂമിയില്‍ നാമിന്ന് കാണുന്ന പോലെ അനീതിപരവും ക്രൂരവും നിര്‍ദയവും ആകുമെന്നത് അചിന്ത്യമത്രെ. അതിനാല്‍ ഓരോ മനുഷ്യനും തന്റെ കര്‍മങ്ങള്‍ക്കനുസൃതമായ പ്രതിഫലം ലഭിക്കുന്ന ഒരു പരലോകം കൂടിയേ തിരൂ. നമ്മുടെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താന്‍ പോലും അതനിവാര്യമാണ്.

പരിമിതാംഗരുടെ നീതി
ജന്മനാ കാഴ്ചയില്ലാത്ത മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അതിരുകളില്ല; സ്വന്തം മാതാപിതാക്കളെയോ മക്കളെയോ കുടുംബിനിയെയോ കുടുംബക്കാരെയോ കൂട്ടുകാരെയോ ഒരിക്കല്‍ പോലും കാണാന്‍ അവസരം ലഭിക്കാത്ത, പ്രാഥമികാവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ പരസഹായം അനിവാര്യമായി വരുന്ന അത്തരക്കാര്‍ അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍ക്ക് ഭൂമിയില്‍ ആര് വിചാരിച്ചാലും പരിഹാരം കാണാനാവില്ല.
ഭൂമിയില്‍ കണ്ണുള്ളവരുണ്ട്. കണ്ണില്ലാത്തവരുണ്ട്. കൈകാലുകള്‍ ഉള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. ആരോഗ്യവാന്മാരുണ്ട്, രോഗികളുണ്ട്, കരുത്തന്മാരുണ്ട്, ദുര്‍ബലരുണ്ട്, പണക്കാരുണ്ട്, പാവങ്ങളുണ്ട്, പ്രതിഭാശാലികളുണ്ട്. സാമാന്യബുദ്ധികളുണ്ട്, മന്ദബുദ്ധികളുണ്ട് - പ്രത്യക്ഷത്തില്‍ കടുത്ത വിവേചനമാണിത്, തികഞ്ഞ അനീതിയും. അതോടൊപ്പം ഭൂമിയില്‍ ഇതിനൊരു പരിഹാരമില്ല. എന്നാല്‍ ഇസ്‌ലാം ഭൂമിയിലെ ഈ അവസ്ഥകളെ പരലോകവുമായി ബന്ധിപ്പിക്കുന്നു. ഓരോരുത്തര്‍ക്കും ലഭ്യമായ സാധ്യതകളനുസരിച്ച് തന്റെ ബാധ്യത നിര്‍വഹിച്ചാല്‍ മരണശേഷം മറുലോകത്ത് ശാശ്വത സൗഭാഗ്യങ്ങളുള്ള സ്വര്‍ഗം ലഭിക്കും. കണ്ണുള്ളവരുടെ അത്ര ബാധ്യത കണ്ണില്ലാത്തവര്‍ക്കില്ല. കൈകാലുകള്‍ ഉള്ളവരുടെ അത്ര ഉത്തരവാദിത്തം അതില്ലാത്തവര്‍ക്കില്ല. ആരോഗ്യവാന്മാരുടെ ബാധ്യത രോഗികള്‍ക്കോ കരുത്തന്മാരുടെ ബാധ്യത ദുര്‍ബലര്‍ക്കോ പണക്കാരുടെ ബാധ്യത പാവങ്ങള്‍ക്കോ പ്രതിഭാശാലികളുടെ  ബാധ്യത മന്ദബുദ്ധിക്കോ ആണിന്റെ ബാധ്യത പെണ്ണിനോ പെണ്ണിന്റെ ബാധ്യത ആണിനോ ഇല്ല. അതോടൊപ്പം പരലോക വിജയത്തിന് ഓരോരുത്തരും തങ്ങളില്‍ അര്‍പ്പിതമായ ബാധ്യതകള്‍ മാത്രം നിര്‍വഹിച്ചാല്‍ മതി. പരിമിതാംഗര്‍ക്ക് പരിമിത ബാധ്യത മാത്രം. അപ്പോള്‍ ആരോടും അനീതിയില്ല. എന്നാല്‍ പരലോകവും കര്‍മഫലവും രക്ഷാ ശിക്ഷകളും ഇല്ലെങ്കിലോ?

പരാജയപ്പെടുന്ന മഹദ് കര്‍മങ്ങള്‍
ഒരു വീടിന് തീ പിടിച്ചു. രണ്ട് പേര്‍ വീട്ടില്‍ അകപ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാന്‍ നാലാളുകള്‍ ഓടിക്കയറി. നിര്‍ഭാഗ്യവശാല്‍ വീട് കത്തിയമര്‍ന്നു. ആറ് പേരും വെന്തുമരിച്ചു. സമാനമായ സംഭവങ്ങള്‍ അനുദിനം ഉണ്ടാവാറുണ്ട്. ഇവിടെ രണ്ടാളുകള്‍ക്ക് പകരം ആറാളുകള്‍ വെന്തുമരിച്ചു. ഇത് ലാഭമോ നഷ്ടമോ? പരലോകവും നന്മതിന്മകള്‍ക്കനുസൃതമായ പ്രതിഫലവുമില്ലെങ്കില്‍ കത്തുന്ന വീട്ടിലേക്ക് ഓടിക്കയറി സാഹസികവൃത്തിയിലേര്‍പ്പെട്ട് രക്തസാക്ഷ്യം വരിച്ചവര്‍ വമ്പിച്ച നഷ്ടം സംഭവിച്ചവരത്രെ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വീര വിപ്ലവകാരിയും ധീര രക്തസാക്ഷിയുമായ ഭഗത് സിംഗിന്റെ വാക്കുകള്‍ തന്നെ ധാരാളം ഇതിനു സാക്ഷ്യം വഹിക്കാന്‍. ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷ വിധിച്ച ഭഗത് സിംഗ് തൂക്കുമരത്തിന്റെ തണലില്‍ നില്‍ക്കവെ പറഞ്ഞു:
'വിശ്വാസം വൈഷമ്യത്തിന്റെ കാഠിന്യം കുറക്കുന്നു. ചിലപ്പോള്‍ അതിനെ സുഖകരമാക്കിയെന്നു വരാം. ദൈവത്തില്‍ മനുഷ്യന് വളരെ ശക്തമായ ആശ്വാസവും ആലംബവും കണ്ടെത്താനാകും. കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും നടുവില്‍ സ്വന്തം കാലില്‍ നില്‍ക്കുക എന്നത് കുട്ടിക്കളിയല്ല. പക്ഷേ എനിക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്? കൊലക്കയര്‍ കഴുത്തിലിടുകയും കാല്‍ച്ചുവട്ടില്‍നിന്ന് പലക തട്ടി നീക്കുകയും ചെയ്യുന്ന നിമിഷം എന്റെ അന്ത്യനിമിഷമായിരിക്കുമെന്ന് - അതാവും അവസാനനിമിഷം- എന്നെനിക്കറിയാം. ഞാന്‍ -കൂടുതല്‍ കൃത്യമായി ആധ്യാത്മിക ഭാഷയില്‍ പറഞ്ഞാല്‍ എന്റെ ആത്മാവ്- അതോടെ തീരും. അപ്പുറമൊന്നുമില്ല. അത്ര മഹത്തരം ഒന്നുമല്ലാത്ത അന്ത്യത്തോടുകൂടിയ ഹ്രസ്വമായ ഒരു സമര ജീവിതമായിരിക്കും -അതിനെ ആ വെളിച്ചത്തില്‍ കാണാനുള്ള ധൈര്യം എനിക്കുണ്ടെങ്കില്‍- എനിക്കുള്ള പാരിതോഷികം അത്രമാത്രം' (ഉദ്ധരണം: കെ.ഇ എന്നിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, പുറ: 590; 591). പരാജയപ്പെടുന്ന മഹദ് സംരംഭങ്ങളും പുണ്യവൃത്തികളും വിപ്ലവങ്ങളും പാഴ്‌വേലകളാകാതിരിക്കണമെങ്കില്‍ പരലോകം കൂടിയേ തീരൂ.

മതമില്ലാത്ത ജനസേവകര്‍
രോഗിക്ക് അസുഖം മാറണമെങ്കില്‍ രോഗം എന്താണെന്ന് തിരിച്ചറിയണം. അത് സുഖമാകണമെന്ന് ആഗ്രഹിക്കണം. അതിന് നിശ്ചയിക്കപ്പെട്ട മരുന്ന് കഴിക്കണം. കുറേ മരുന്നു കഴിച്ചതുകൊണ്ടു മാത്രം രോഗം മാറുകയില്ല. അത് എത്രയൊക്കെ മികച്ചതും വില പിടിച്ചതുമാണെങ്കിലും. രോഗത്തിനുള്ള യഥാര്‍ഥ മരുന്നല്ല എന്നതുതന്നെ കാരണം. പരീക്ഷക്കിരിക്കുന്ന വിദ്യാര്‍ഥി പരീക്ഷ പാസാകണമെന്നാഗ്രഹിക്കണം. പരീക്ഷക്ക് വന്ന ചോദ്യങ്ങള്‍ക്ക് ശരിയും നിര്‍ണിതവുമായ ഉത്തരങ്ങളെഴുതണം. വൈജ്ഞാനികമായി എത്രയൊക്കെ മികച്ച നിലവാരം പുലര്‍ത്തുന്ന കാര്യങ്ങള്‍ എഴുതിയാലും അവ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരമല്ലെങ്കില്‍ പരാജയം ഉറപ്പ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കഠിനമായി അധ്വാനിക്കുന്നു. എന്നാല്‍ അതൊന്നും ഗവണ്‍മെന്റ് ഉത്തരവുകള്‍ക്കനുസൃതമായല്ല. എങ്കില്‍ ഭരണകൂടം അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നുറപ്പ്. അഥവാ ഏല്‍പിക്കപ്പെട്ട ജോലികളാണ് ഏവരും ചെയ്യേണ്ടത്. അല്ലാതെ തനിക്ക് തോന്നിയ ജോലികളല്ല.
ഇപ്രകാരം, സ്വര്‍ഗം ദൈവത്തിന്റെ ദാനവും സമ്മാനവുമാണ്. അത് #ോലഭിക്കണമെങ്കില്‍ സ്വര്‍ഗം ആഗ്രഹിക്കുകയും അത് ലക്ഷ്യം വെക്കുകയും അതിന് അര്‍ഹമാകാന്‍ ദൈവം നിശ്ചയിച്ച മാര്‍ഗമവലംബിക്കുകയും ജീവിതരീതി പിന്തുടരുകയും വേണം. അങ്ങനെ ചെയ്യാത്തവര്‍ക്ക് സ്വര്‍ഗം സമ്മാനിക്കുന്നത് മനുഷ്യസമൂഹം സ്വയം സ്വീകരിച്ച മാനദണ്ഡങ്ങളനുസരിച്ചുപോലും തെറ്റാണ്. എന്നാല്‍ അവര്‍  നരകാവകാശികളാകുമോ? അത് നമുക്ക് പറയാനാവില്ല. നാമല്ലല്ലോ വിധികര്‍ത്താക്കള്‍. സ്വര്‍ഗ-നരകങ്ങളുടെ ദാതാക്കളും നമ്മളല്ല. എന്നാല്‍ സത്യം മനസ്സിലായ ശേഷം ബോധപൂര്‍വം ധിക്കരിക്കുന്നവരാണ് കുറ്റവാളികള്‍. അവരാണ് ശിക്ഷാര്‍ഹര്‍ - ഏതായാലും സത്യസന്ദേശം ലഭിക്കാത്തവരെ അല്ലാഹു ശിക്ഷിക്കുകയില്ലെന്ന് അവന്‍ തന്നെ അറിയിച്ചിട്ടുണ്ട്:
'ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ; അതവന്റെ തന്നെ ഗുണത്തിനു വേണ്ടിയാണ്. ആര്‍ ദുര്‍മാര്‍ഗിയാകുന്നുവോ അതിന്റെ ദോഷവും അവനു തന്നെ - ഭാരം വഹിക്കുന്നവരാരും തന്നെ അപരന്റെ ഭാരം വഹിക്കുകയില്ല. സന്മാര്‍ഗം കാണിക്കാനായി ദൈവദൂതന്‍ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കുകയില്ല' (ഖുര്‍ആന്‍: 17:15).
സത്യപ്രബോധനം നടത്തിയ മൂസാ നബിയോട് ആ സന്ദേശം ലഭിക്കാത്ത പൂര്‍വികരെപ്പറ്റി ചോദിച്ചപ്പോള്‍ മൂസാ നബി പറഞ്ഞ മറുപടിയേ നമുക്കും പറയാനുള്ളു.
'അതേക്കുറിച്ച എല്ലാ വിവരങ്ങളും എന്റെ നാഥന്റെ അടുക്കല്‍ ഒരു പ്രമാണത്തിലുണ്ട്. എന്റെ നാഥന്‍ ഒട്ടും പിഴവ് പറ്റാത്തവനാണ്' (20: 51,52).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top