സ്‌ത്രീകളും നമസ്‌കാരവും

ഇല്‍യാസ്‌ മൗലവി No image

ഇസ്‌ലാമില്‍ നിര്‍ബന്ധമായ എല്ലാ കര്‍മാനുഷ്‌ഠാനങ്ങളിലും സ്‌ത്രീകള്‍ക്ക്‌ അവരുടെ പ്രകൃതിയും ഉത്തരവാദിത്വങ്ങളും പരിഗണിച്ച്‌ ഇളവുകളും ആനുകൂല്യങ്ങളും നല്‍കിയതുപോലെ നമസ്‌കാരകാര്യത്തിലും ഇസ്‌ലാം അതുറപ്പുവരുത്തിയിട്ടുണ്ട്‌.
പുരുഷന്‍മാരില്‍ നിന്ന്‌ വ്യത്യസ്‌തമായി സ്‌ത്രീകള്‍ക്ക്‌ നമസ്‌കരിക്കണമെങ്കില്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്‌.
സ്‌ത്രീകളെ സംബന്ധിച്ചേടത്തോളം നമസ്‌കാരത്തിനുള്ള ഒരുക്കം പുരുഷന്മാരെപ്പോലെ എളുപ്പമല്ല. സ്‌ത്രീയുടെ പ്രകൃതിയും സ്വഭാവവും എവിടെയും എങ്ങനെയും നമസ്‌കരിക്കാന്‍ പറ്റുന്നതല്ല. വീടിന്‌ പുറത്ത്‌ അന്യപുരുഷന്മാരുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായി ഒരു സ്‌ത്രീക്ക്‌ നമസ്‌കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. വിശിഷ്യ, അവള്‍ തനിച്ചാണെങ്കില്‍. മുഖവും മുന്‍കൈയും ഒഴിച്ചുള്ളതെല്ലാം ഔറത്തായതിനാല്‍ പാദം മറയ്‌ക്കുന്ന തരത്തില്‍ സോക്‌സ്‌ ധരിച്ചുകൊണ്ടായിരിക്കില്ല അധികസമയവും അവളുണ്ടായിരിക്കുക. അതൊട്ട്‌ പ്രായോഗികവുമല്ല. അതുകൊണ്ടുതന്നെ സ്‌ത്രീകള്‍ക്കെല്ലാം നമസ്‌കാരക്കുപ്പായം എന്ന്‌ പറഞ്ഞ്‌ പ്രത്യേക വസ്‌ത്രം തന്നെയുണ്ടായിരിക്കും. വീട്ടിലെ ജോലി, കുഞ്ഞുങ്ങളുടെ പരിചരണം തുടങ്ങി വിശ്രമമില്ലാത്ത ഒരു സഹോദരി അവള്‍ എത്ര കണിശതയും കൃത്യനിഷ്‌ഠയുമുളളവളാണെങ്കിലും നമസ്‌കാരം സമയത്തിന്‌ നിര്‍വഹിക്കുന്നതില്‍ ബോധപൂര്‍വമോ അല്ലാതെയോ വീഴ്‌ചവരുത്തുന്നവരായിരിക്കും. ഇതില്‍ പല ന്യായങ്ങളും വസ്‌വാസ്‌ (മനസ്സിന്റെ തെറ്റായ തോന്നല്‍) കൊണ്ട്‌ മാത്രം ഉണ്ടായിത്തീര്‍ന്നതാണ്‌. ഇത്‌ അധികവും ഇസ്‌ലാമിന്റെ ഉത്തമ നൂറ്റാണ്ട്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലത്തെ സ്‌ത്രീകള്‍ക്കുണ്ടായിരുന്നിട്ടില്ലാത്ത വസ്‌വാസുകളാണ്‌.
സമയം തെറ്റി നമസ്‌കരിക്കല്‍
സമയബന്ധിതമായി നിര്‍വഹിക്കേണ്ടതും നിര്‍വഹിക്കാത്തപക്ഷം ഫലശൂന്യമായതുമായ ഒരു ആരാധനാ കര്‍മമാണ്‌ നമസ്‌കാരം. അല്ലാഹു പറയുന്നു:
``നിശ്ചയം നമസ്‌കാരം വിശ്വാസികള്‍ക്ക്‌ സമയബന്ധിതമായി നിര്‍ബന്ധമാക്കിയ കര്‍മമാകുന്നു.''
ഈ സൂക്തം യുദ്ധത്തിനിടയില്‍ നമസ്‌കരിക്കുന്നതിന്റെ രൂപം വിശദീകരിക്കുന്നതിന്റെ ഒടുക്കമാണ്‌ വന്നിരിക്കുന്നത്‌. മുസ്‌ലിം സൈന്യം സദാ ജാഗരൂഗരായിരുന്നില്ലെങ്കില്‍ ഇസ്‌ലാം തന്നെ തുടച്ചുനീക്കപ്പെടാവുന്ന ഒരു കാലഘട്ടത്തില്‍, യുദ്ധ സന്ദര്‍ഭത്തില്‍ പോലും ഒരു ഒഴികഴിവും ഇല്ലെന്നാണ്‌ അല്ലാഹു വ്യക്തമാക്കുന്നത്‌. അത്തരം പ്രതിസന്ധികള്‍ക്കിടയിലും നമസ്‌കാരം മാറ്റിവെക്കുകയല്ല, മറിച്ച്‌ യുദ്ധാന്തരീക്ഷം പരിഗണിച്ച്‌ നമസ്‌കാര രൂപത്തില്‍ ചില നീക്കുപോക്കുകള്‍ ആകാമെന്ന്‌ വ്യക്തമാക്കിയ ശേഷം അതിന്റെ രൂപം വിശദീകരിച്ചുകൊണ്ടുള്ള സൂക്തം അവസാനിപ്പിച്ചുകൊണ്ട്‌ അല്ലാഹു വ്യക്തമാക്കിയതാണ്‌ മുകളില്‍ കൊടുത്ത സൂക്തം എന്നത്‌ ശ്രദ്ധേയമാണ്‌.
വിശ്വാസിയില്‍ ദൈവസ്‌മരണ നിലനിര്‍ത്താനുതകുന്ന ഏറ്റവും മഹത്തായ കര്‍മമത്രെ നമസ്‌കാരം. ``എന്നെ സ്‌മരിക്കുന്നതിനായി നീ നമസ്‌കാരം നിലനിര്‍ത്തുക'' എന്ന്‌ അല്ലാഹു പറഞ്ഞതും ഇവിടെ ഓര്‍ക്കുക. നമസ്‌കാരം അതിന്റെ സമയത്ത്‌ നിര്‍വഹിക്കാതെ വൈകി നമസ്‌കരിക്കുന്നവരെക്കുറിച്ചാണ്‌ ഈ സൂക്തമെന്ന്‌ ചില ഹദീസുകളില്‍ കാണാവുന്നതാണ്‌. നമസ്‌കാരം അതിന്റെ ആദ്യസമയത്ത്‌ നിര്‍വഹിക്കുന്നതാണ്‌ ഉത്തമം. വൈകിക്കുന്നത്‌ പലപ്പോഴും നമസ്‌കാരത്തിന്റെ ശ്രേഷ്‌ഠതയും പ്രതിഫലവും നഷ്‌ടപ്പെടുന്നതിലേക്കാവും എത്തിക്കുക.
അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) പറഞ്ഞു: ``ഇവിടെ നമസ്‌കാരം പാഴാക്കി എന്നതിന്റെ അര്‍ഥം പൂര്‍ണമായി ഒഴിവാക്കി എന്നതല്ല. പ്രത്യുത നമസ്‌കാരസമയം തെറ്റിച്ചു എന്നും വൈകിപ്പിച്ചു എന്നുമാണ്‌.'' മഹാനായ താബിഈ പണ്ഡിതന്‍ ഇമാം സഈദുബ്‌നുല്‍ മുസ്വയ്യബ്‌ പറഞ്ഞു: ``ളുഹര്‍ അസ്വറിന്റെ സമയത്തും അസ്വര്‍ മഗ്‌രിബിന്റെ സമയത്തും മഗ്‌രിബ്‌ ഇശാഇന്റെ സമയത്തും ഇശാഅ്‌ സ്വുബ്‌ഹിയുടെ സമയത്തും വൈകിപ്പിച്ചു നമസ്‌കരിക്കുന്നു എന്നാണ്‌ പ്രസ്‌തുത ആയത്തിന്റെ ഉദ്ദേശ്യം.'' ഇങ്ങനെ ബോധപൂര്‍വം സ്ഥിരമായി ചെയ്യുന്നവര്‍ പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ അവരുടെ സങ്കേതം `ഗയ്യ്‌' ആയിരിക്കുമെന്ന്‌ അല്ലാഹു താക്കീതു ചെയ്‌തിരിക്കുന്നു. `അത്യുഷ്‌ണവും അഗാധഗര്‍ത്തവും ഉള്ള നരകത്തിലെ താഴ്‌വരയാണെന്നാണ്‌ `ഗയ്യി'നെ സംബന്ധിച്ച്‌ ഇമാം അവര്‍കള്‍ വിശദീകരിക്കുന്നത്‌. `ചലവും ചോരയും അളിഞ്ഞൊഴുകുന്ന നരകഗര്‍ത്തങ്ങള്‍ എന്നും കാണാം.' സഅ്‌ദുബ്‌നു അബീവഖാസി(റ)ന്റെ പുത്രന്‍ മുസ്‌അബ്‌ പറയുന്നു: `അവര്‍ നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരാകുന്നു' എന്ന ആയത്തിനെ സംബന്ധിച്ച്‌ ഞാന്‍ പിതാവിനോട്‌ ചോദിക്കുകയുണ്ടായി. `പ്രിയ പിതാവേ, നമ്മിലാര്‍ക്കാണ്‌ ശ്രദ്ധക്കുറവ്‌ സംഭവിക്കാത്തത്‌?' പലവിചാരങ്ങളും മനസ്സിലേക്ക്‌ വരാത്ത ആരാണുള്ളത്‌? അപ്പോഴദ്ദേഹം പറഞ്ഞു: `അതിന്റെ ഉദ്ദേശ്യം സമയബോധമില്ലായ്‌മ എന്നതാകുന്നു. വെറുതെ സമയം വൈകിപ്പിച്ച്‌ നമസ്‌കാരം നേരത്ത്‌ നിര്‍വഹിക്കാതിരിക്കുന്നവരെപ്പറ്റിയാണ്‌ ആ പറഞ്ഞത്‌.' (ഇമാം ഹൈഥമി ഉദ്ധരിച്ചത്‌).
ഒഴിവാക്കേണ്ട വസ്‌വാസുകള്‍
അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കര്‍മമേതാണെന്ന്‌ ചോദിച്ചപ്പോള്‍ തിരുമേനി പറഞ്ഞത്‌ `നമസ്‌കാരം അതിന്റെ സമയത്ത്‌ നിര്‍വഹിക്കലാണ്‌' എന്നാണ്‌. അതിന്‌ ചില വസ്‌വാസുകള്‍ ഒഴിവാക്കിയേ മതിയാവൂ. മിക്ക സഹോദരിമാരും പറയാറുള്ളത്‌ കേള്‍ക്കാം: `കാലത്ത്‌ തുടങ്ങിയതാണ്‌ പണി. ളുഹ്‌ര്‍ ഖദാ ആകാനായി ഇനിയെന്തൊക്കെപ്പണിയുണ്ട! അലക്കണം, കുളിക്കണം, അടിച്ചുവാരണം, തുടക്കണം, ഭക്ഷണമുണ്ടാക്കണം....'
പറയുന്നത്‌ കേട്ടാല്‍ തോന്നുക ഈ സഹോദരിക്ക്‌ നേരം വെളുത്തത്‌ ഉച്ചക്ക്‌ 12 മണിക്കാണെന്നാണ്‌. യഥാര്‍ഥത്തില്‍ തലേന്ന്‌ രാത്രി ഉറങ്ങുന്നതിനു മുമ്പ്‌ കഴുകിവെക്കേണ്ട പാത്രങ്ങള്‍ കഴുകാതെ എല്ലാം കൂട്ടിവെച്ചിട്ടുണ്ടായിരിക്കും. സുബ്‌ഹ്‌ ബാങ്ക്‌ ഒരിക്കല്‍ പോലും കേട്ടിട്ടുണ്ടായിരിക്കില്ല. വൈകിയുണരും. ഉണര്‍ന്നാല്‍ പിന്നെ തലേദിവസത്തെ ജോലികള്‍ ചെയ്യാതിരുന്നതിനാല്‍ ഉച്ചവരെ അത്‌ ഖദാ വീട്ടണം. ഇന്നത്തെപ്പണി 12 മണിക്ക്‌ തുടങ്ങണം! യഥാര്‍ഥത്തില്‍ താന്‍തന്നെ ചെയ്യണമല്ലോ എന്ന്‌ മനസ്സിലാക്കി ഓരോന്നും അതത്‌ സമയത്ത്‌ ചെയ്‌തു തീര്‍ത്ത്‌ നേരത്തെ എഴുന്നേറ്റ്‌ ശീലമുള്ള സഹോദരിമാര്‍ക്ക്‌ ധാരാളം സമയമുണ്ടാവും. `എന്റെ സമുദായത്തിന്‌ പുലര്‍കാലം അനുഗൃഹീതമാക്കപ്പെട്ടിരിക്കുന്നു. അവരുടെ പ്രഭാതം ഐശ്വര്യപൂര്‍ണമാകുന്നു' എന്നെല്ലാം തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു.
നമസ്‌കാരക്കുപ്പായം തന്നെ വേണമെന്നോ, കുളിച്ച്‌ മാറ്റി മാത്രമേ നമസ്‌കരിക്കാവൂ എന്നോ ശഠിക്കേണ്ടതില്ല. ശരിയാണ്‌, ഏറ്റവും നല്ലതും വൃത്തിയുള്ളതുമായ ശരീരവും വസ്‌ത്രവും നമസ്‌കാരസ്ഥലവുമൊക്കെ വളരെ ഉത്തമമാണ്‌. അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണുന്നില്ല. സാധ്യമായേടത്തോളം അതൊക്കെ പരിഗണിച്ചേ മതിയാവൂ. അത്‌ പക്ഷേ നമസ്‌കാരം സമയം തെറ്റിച്ച്‌ ശിക്ഷാര്‍ഹമാകാന്‍ മാത്രം എത്തിക്കൂടാ.
ജോലിത്തിരക്കിനിടയില്‍ കുളിച്ച്‌ മാറ്റി നല്ല വസ്‌ത്രമണിഞ്ഞ്‌ നമസ്‌കരിച്ച്‌ വീണ്ടും അഴുക്ക്‌ പുരളുന്ന ജോലിയിലേര്‍പ്പെട്ട്‌ വീണ്ടും കുളിച്ച്‌ വസ്‌ത്രം മാറ്റി നമസ്‌കരിക്കേണ്ട ഗതികേടൊന്നും ഇസ്‌ലാം ഉണ്ടാക്കിവെച്ചിട്ടില്ല. ആകെ കൂടി ശ്രദ്ധിക്കേണ്ടത്‌ നമസ്‌കാരത്തിന്റെ അനിവാര്യ നിബന്ധനകളായ ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയായിട്ടുണ്ടോ എന്നും ശരീരവും വസ്‌ത്രവും നമസ്‌കാര സ്ഥലവും മാലിന്യത്തില്‍ നിന്ന്‌ മുക്തമാണോ എന്നും ഉറപ്പുവരുത്തലാണ്‌. ഇവിടെ വുദു മുറിയുന്ന കാര്യങ്ങളാണ്‌ ചെറിയ അശുദ്ധികൊണ്ടുദ്ദേശ്യം. കുളി നിര്‍ബന്ധമാകുന്ന കാര്യങ്ങളാണ്‌ വലിയ അശുദ്ധികൊണ്ടുള്ള വിവക്ഷ.
ശരീരത്തില്‍ അല്‍പം പൊടിപാറിയിട്ടുണ്ട്‌, ചെളി തെറിച്ചിട്ടുണ്ട്‌, വിയര്‍ത്തിട്ടുണ്ട്‌, നനഞ്ഞിട്ടുണ്ട്‌ ഇതൊന്നും ഒരു തടസ്സമായിക്കൂടാ. നമസ്‌കാര കുപ്പായം തന്നെ വേണമെന്ന്‌ ശഠിക്കേണ്ടതുമില്ല. മുഖവും മുന്‍കൈയും ഒഴിച്ചുള്ളതെല്ലാം മറയ്‌ക്കുന്ന ഏതു വസ്‌ത്രവുമാകാം. വുദുവെടുത്ത്‌ ജോലിസ്ഥലത്ത്‌ നിന്ന്‌ ഒരല്‍പം മാറി ഖിബ്‌ലക്ക്‌ നേരെ തിരിഞ്ഞ്‌ നമസ്‌കരിച്ച്‌ വീണ്ടും പണി തുടരാം. ജോലിത്തിരക്കുള്ള സഹോദരിമാര്‍ എല്ലാ ജോലിയും കഴിഞ്ഞ്‌ കുളിച്ച്‌ മാറ്റിയേ നമസ്‌കരിക്കാവൂ എന്ന്‌ ശഠിച്ച്‌ നമസ്‌കാരം സമയത്തിന്‌ നിര്‍വഹിക്കാതിരിക്കുക എന്നത്‌ ശീലമാക്കുകയും ആ ശീലം തുടരുന്നതില്‍ യാതൊരു അസ്വസ്ഥതയും ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രവണത ഒട്ടും ശരിയല്ലെന്ന്‌ ബോധ്യപ്പെടുത്തുകയുമാണിവിടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top