ത്വക്ക്‌ രോഗങ്ങള്‍ പൊതു ആരോഗ്യ നിര്‍ദേശങ്ങള്‍

ഡോ: ശ്രീബിജു (ഡര്‍മറ്റോളജിസ്റ്റ്‌ ) No image


ഒരു ഡോക്‌ടര്‍ക്ക്‌ രോഗിയുടെ ആന്തരികാവയവങ്ങളിലേക്ക്‌ വളവും തിരിവുമില്ലാതെ എത്തിനോക്കാനുള്ള ജനലായാണ്‌ മനുഷ്യശരീരത്തിലെ തൊലി പരിഗണിക്കപ്പെടുന്നത്‌. ആരോഗ്യമുള്ള മനസ്സുള്ളവര്‍ക്കേ ആരോഗ്യമുള്ള തൊലി ഉണ്ടാകൂ.
പിരിമുറുക്കം
ഇന്ന്‌ ഓരോ കുഞ്ഞും പിറന്നുവീഴുന്നത്‌ നഗരവത്‌കരണവും ആഗോളവത്‌കരണവും സമ്മാനിക്കുന്ന ആധുനികതയിലേക്കാണ്‌. മത്സരജീവിതം ചര്‍മത്തിന്‌ ദ്രോഹമുണ്ടാക്കുന്നു. ചര്‍മരോഗങ്ങള്‍ മാനസികപിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ട്‌ ആരോഗ്യമുള്ളതും പിരിമുറുക്കമില്ലാത്തതുമായ മനസ്സ്‌ ത്വക്ക്‌്‌ രോഗങ്ങളെ തടയുന്നതിന്റെ പ്രധാന ഘടകമാണ്‌. അലര്‍ജി മുതല്‍ മുടികൊഴിച്ചില്‍, ചൊറി, മുഖക്കുരു, താരന്‍ വരെ ഇതിന്റെ ഫലമാണ്‌.
പരിസ്ഥിതി
പരിസ്ഥിതിയുടെ മാറ്റങ്ങളും ത്വക്കിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. സൂര്യാ ഘാതം മൂലം ഏകദേശം 60,000 മരണങ്ങള്‍ ലോകത്ത്‌ വര്‍ഷം തോറും സംഭവിക്കുന്നുണ്ട്‌. സൂര്യാഘാതം, അലര്‍ജി, സോറിയാസിസ്‌, എന്നുതുടങ്ങി സ്‌കിന്‍ കാന്‍സര്‍പോലുള്ള രോഗങ്ങള്‍ ഇന്ന്‌ സര്‍വസാധാരണമായിരിക്കുന്നു. ഇത്‌ തടയുന്നതിന്‌ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ടു പതിക്കുന്നത്‌ തടയുന്നത്‌ നന്നായിരിക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചര്‍മരോഗങ്ങള്‍ക്ക്‌ ഒരുപരിധിവരെ സണ്‍സ്‌ക്രീന്‍ പ്രതിവിധിയാണ്‌. പുറത്തുപോകുന്നതിന്റെ അര മണിക്കൂര്‍ മുമ്പാണ്‌ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടേണ്ടത്‌. അതുകഴിഞ്ഞ്‌ ഈരണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ പുരട്ടുക. പരമാവധി അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ഉള്ള സമയത്ത്‌, അതായത്‌ രാവിലെ പത്ത്‌ മണിമുതല്‍ നാലുമണി വരെ തൊപ്പി, നീളന്‍ കുപ്പായം എന്നിവ ധരിക്കാവുന്നതാണ്‌. വെളുത്ത തൊലിയുള്ളവര്‍ പകല്‍ സമയത്ത്‌ പുറത്ത്‌ പോകുമ്പോള്‍ അതീവശ്രദ്ധ ചെലുത്തണം. ശരീരം മൂടുന്ന രൂപത്തിലുളള വസ്‌ത്രം ധരിക്കുന്നത്‌ നന്നായിരിക്കും. ലോഷനുകള്‍ കുളി, നീന്തല്‍, കൂടുതല്‍ വിയര്‍ക്കുന്ന സമയം എന്നിവ കഴിഞ്ഞ്‌ പുരട്ടണം. പുറത്തുപോകുമ്പോള്‍ മിതമായ കട്ടിയില്‍ പുരട്ടിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ.
മിതമായ സൂര്യപ്രകാശം അത്യാവശ്യമാണ്‌. അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകും. ഇത്‌ അസ്ഥിസംബന്ധ രോഗങ്ങളായ അസ്ഥി തേയ്‌മാനം പോലുള്ള രോഗങ്ങള്‍ക്കും പ്രതിരോധ ശേഷിക്കുറവ്‌,ടി.ബി പോലുള്ള രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
പുകവലി
ഏകദേശം 5000 ത്തോളം വിഷാംശങ്ങളെ പുകവലി അന്തരീക്ഷത്തിലേക്ക്‌ തള്ളിവിടുന്നു. അത്‌ ത്വക്കിലൂടെയുള്ള രക്തപ്രവാഹം കുറക്കുകയും പ്രതിരോധത്തിന്‌ ആവശ്യമായ വിറ്റാമിന്‍ ഡി, ഇ പോലുള്ളവയെ കുറക്കുകയും ചെയ്യുന്നു. പുകവലിക്കുന്നവര്‍ക്ക്‌ മുഴ, മുടികൊഴിച്ചില്‍ കൂടാതെ വായയിലും ചുണ്ടിലും കാന്‍സര്‍ എന്നിവ ഉണ്ടാകുന്നു. പുകവലിക്കാരില്‍ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം ഉണ്ടാവുകയും ചെയ്യും. ഇത്തരക്കാരില്‍ അകാലവാര്‍ധക്യവും ഉണ്ടാവും.
അലര്‍ജി
വീട്ടുപയോഗസാധനങ്ങളുമായും ഡിറ്റര്‍ജന്‍, സോപ്പ്‌ തുടങ്ങിയ രാസവസ്‌തുക്കളുമായും കൂടുതല്‍ ഇടപഴകുന്നതിനാല്‍ സ്‌ത്രീകള്‍ക്ക്‌ അലര്‍ജി വരാന്‍ സാധ്യത ഏറെയാണ്‌. അതിനാല്‍ ജോലിസമയത്ത്‌ കൈയുറകള്‍ ധരിക്കുന്നതും രാസവസ്‌തുക്കളുമായും വെള്ളവുമായും കൂടുതല്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. വരണ്ട ചര്‍മമുള്ളവര്‍ക്കും ത്വക്ക്‌രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്‌. തണുപ്പ്‌, ചൂട്‌, കാറ്റ്‌, വരണ്ട അന്തരീക്ഷം എന്നിവയില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്‌. കുളിക്കാന്‍ സോപ്പിന്‌ പകരമായി സബ്‌സ്‌റ്റിറ്റിയൂട്ട്‌ ഉപയോഗിക്കുക.
വരണ്ട ചര്‍മമുള്ളവര്‍ കുളി കഴിഞ്ഞ്‌ മൂന്ന്‌ മിനുട്ടിനകം മോയ്‌സ്‌ചറേസ്‌ ക്രീമുകള്‍ ഉപയോഗിക്കണം. ഇത്‌ ജലാംശത്തെ ശരീരത്തില്‍ പിടിച്ചു നിര്‍ത്താനും അന്തരീക്ഷത്തില്‍ നിന്ന്‌ ജലാംശത്തെ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യാനും സഹായിക്കും. മോയ്‌സ്‌ചറേസര്‍ ഉപയോഗിക്കുമ്പോള്‍ രോമത്തിന്റെ അതേ ദിശയില്‍ പുരട്ടുക. എതിര്‍ദിശയില്‍ പുരട്ടുന്നത്‌ രോമകൂപങ്ങളില്‍ രോഗാണുബാധക്ക്‌ കാരണമാകും.
പലതരത്തിലുള്ള മോയ്‌സ്‌ചറേസുകളും വിപണിയില്‍ ലഭ്യമാണ്‌. സോഫ്‌റ്റ്‌ പാരഫിന്‍ താരതമ്യേന വില കുറവുള്ളതാണ്‌. വരണ്ട ചര്‍മമുള്ളവര്‍ അയഞ്ഞ കോട്ടണ്‍ ഡ്രസ്സുകള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. ശരീരം മുഴുവന്‍ മൂടുന്ന വസ്‌ത്രം ഉപയോഗിക്കുന്നത്‌ ചൂടുള്ള സമയത്ത്‌ ശരീരം വരണ്ടുപോകാതിരിക്കാനും ശൈത്യകാലത്ത്‌ ഉണ്ടാകാന്‍ ഇടയുള്ള ചര്‍മരോഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനും ഒരുപരിധി വരെ സംരക്ഷിക്കും. അലര്‍ജിയുള്ളവര്‍ അയഞ്ഞതും പൂര്‍ണമായി കോട്ടണുമായ വസ്‌ത്രങ്ങള്‍ ഉപയോഗിക്കണം. വരണ്ട ചര്‍മമുള്ളവര്‍ക്ക്‌ കാലുറകളില്‍ അലര്‍ജിയുണ്ടാവാന്‍ സാധ്യത കൂടുതലാണ്‌. അതുകൊണ്ട്‌ സോക്‌സുകള്‍ ഉപയോഗിക്കുമ്പോള്‍ പോളിസ്റ്റര്‍ സോക്‌സുകള്‍ ഉപയോഗിക്കരുത്‌. ഭാരം കുറഞ്ഞ ചെരിപ്പുകള്‍ ധരിക്കരുത്‌. ലതര്‍, റക്‌സിന്‍, പോളിയൂറിത്തീന്‍ മുതലായവ കൊണ്ടുള്ള ചെരിപ്പുകള്‍ ധരിക്കുക. കാന്‍വാസ്‌ ഷൂ ഉപയോഗിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇറുകിയ ഷൂ ഉപയോഗിക്കുന്നത്‌ ഉരസലിന്‌ കാരണമാവുകയും പാദങ്ങള്‍ക്ക്‌ പരിക്കുണ്ടാവുകയും ചെയ്യും. ഷൂ ധരിക്കുന്നതിന്‌ മുമ്പും ശേഷവും ക്രീം ഉപയോഗിക്കുക. ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്ന പാല്‍, പീനട്ട്‌ പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുട്ടികളില്‍ കാണപ്പെടുന്ന Apopicadermatis രോഗത്തിന്‌ കാര്‍പെറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്താനും വളര്‍ത്തുമൃഗങ്ങളെ അകറ്റി നിര്‍ത്താനും ശ്രദ്ധിക്കണം.
ദീര്‍ഘനേരം നിന്ന്‌ പണിയെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ വെരിക്കോസ്‌ വെയിന്‍, കൈയില്‍ വ്രണം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌. അത്തരം ആളുകള്‍ക്ക്‌ ചര്‍മത്തിന്‌ നിറവ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെയുള്ള നിറവ്യത്യാസത്തിന്‌ പ്രത്യേക ചികിത്സയില്ല. അത്‌ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ പകരാനും സാധ്യതയുണ്ട്‌. വെരിക്കോസ്‌ വെയിന്‍ ഉള്ളവര്‍ കൂടുതല്‍ നേരം നില്‍ക്കുന്നത്‌ ഒഴിവാക്കുകയും ഭാരം കുറക്കുകയും വേണം. അവര്‍ കിടക്കുമ്പോള്‍ കാലുകള്‍ കിടക്കയില്‍ നിന്നും 30 ഡിഗ്രിയോളം ഉയര്‍ത്തിവെക്കണം. ഇവര്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നത്‌ കാലില്‍ അള്‍സറുണ്ടാകാനുള്ള സാധ്യത കുറക്കും.
മരുന്നിന്റെ റിയാക്ഷന്‍
ഒരു വ്യക്തി ഏതെങ്കിലും മരുന്ന്‌ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലോ മറ്റോ വന്നിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ഒരിക്കലും മരുന്നുകള്‍ ഉപയോഗിക്കരുത്‌. പുറമെ പുരട്ടുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ഉപയോഗിക്കരുത്‌. അവ ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവില്‍ മാത്രം പുരട്ടുക. അല്ലാതെ ഉപയോഗിക്കുന്നത്‌ ചര്‍മത്തിന്റെ സ്വാഭാവികതയെ മാറ്റിമറിക്കും. പ്രത്യേകിച്ചും സ്റ്റിറോയിഡുകള്‍ പോലുള്ളവ. ഓയിലി സ്‌കിന്‍ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശമില്ലാതെ ക്രീമുകള്‍ ഉപയോഗിച്ചാല്‍ മുഖക്കുരു വരാനിടയുണ്ട്‌.
ഇടക്കിടെ കൈകാലുകള്‍ കഴുകുന്ന ശീലമുള്ളവര്‍ക്ക്‌ വിരലുകളുടെ ഇടയില്‍ നഖത്തില്‍ ഫംഗസ്‌ ബാധ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. കാല്‍ വിരലുകള്‍ വളരെ അടുത്ത്‌ നില്‍ക്കുന്നവര്‍ക്കും ഫംഗസ്‌ബാധ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. അവര്‍ കാല്‍വിരലുകള്‍ക്കിടയില്‍ എന്തെങ്കിലും വെച്ച്‌ അവയെ അകറ്റി നിര്‍ത്തുകയും ഡ്രൈയായി സൂക്ഷിക്കുകയും കാല്‍ മറയുന്ന തരത്തിലുള്ള ഷൂ ഉപയോഗിക്കുകയും ചെയ്യണം. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ കഴുത്തിലും മടക്കുകളിലുമുള്ള ചര്‍മം ഇരുണ്ടതും കട്ടിയുള്ളതുമായി തീരുന്നു. ചിലര്‍ക്ക്‌ കഴുത്തിലും കൈമടക്കിലും ചെറിയ മുഴകള്‍ കാണും. അത്തരം ആളുകള്‍ക്ക്‌ മുഖത്ത്‌ കൂടുതല്‍ രോമവളര്‍ച്ചയുണ്ടാവും. കാലുകളുടെ ഇടയിലും കഴുത്തിലെയും വയറിലെയും ചര്‍മത്തിന്‌ ഇലാസ്‌തികത നഷ്ടപ്പെടുകയും ചെയ്യും. മുഖക്കുരു, ഫംഗസ്‌ബാധ, മുടികൊഴിച്ചില്‍, രോമകൂപങ്ങളില്‍ അണുബാധ, കാലില്‍ അണുബാധ തുടങ്ങിയവയും സാധാരണമാണ്‌.
ദീര്‍ഘകാലം കിടപ്പിലായവരില്‍ വ്രണങ്ങളുണ്ടാകുന്നത്‌ സാധാരണമാണ്‌. അവരെ ബെഡില്‍ നിന്ന്‌ മുപ്പത്‌ ഡിഗ്രി ചരിച്ചു കിടത്തുക. മുറിവുകള്‍ വെച്ചുകെട്ടി രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ ഭാഗം മാറ്റിക്കിടത്തണം. ഇത്‌ വ്രണമുണ്ടാക്കുന്നത്‌ തടയും. തലഭാഗം ഉയര്‍ത്തി വെക്കാതിരിക്കുക. മോയ്‌സ്‌ചറസ്‌ ക്രീം നെഞ്ചിലും പിറകിലും അതുപോലെ രോമം കൂടുതലുള്ള സ്ഥലത്തും പുരട്ടുന്നത്‌ വ്രണങ്ങളുണ്ടാക്കാതെ തടയും. ഡയപ്പര്‍ ഉപയോഗിക്കുന്ന രോഗികളില്‍ തുടയുടെ ഭാഗത്ത്‌ മൂത്രത്തില്‍ നിന്നും മലത്തില്‍ നിന്നും ജലാംശം ചെന്ന്‌ ചുകന്ന്‌ വരാന്‍ കാരണമാകും. അത്തരം രോഗികള്‍ മലമൂത്ര വിസര്‍ജനത്തിനു ശേഷം ക്രീം ഉപയോഗിക്കുക. കോട്ടണ്‍ ഡയപ്പര്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌. ഡയപ്പര്‍ മാറ്റിയതിനു ശേഷം ബാരിയര്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. അത്തരം ഭാഗങ്ങളില്‍ അമിതമായി ചൊറിയാതിരിക്കാനും ശ്രദ്ധിക്കുക.
ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്ക്‌ സ്‌കാബീസ്‌, പെടിക്കുലസ്‌ തുടങ്ങിയ ഫംഗസ്‌ബാധ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. അവര്‍ സോപ്പ്‌, ബെഡ്‌, ഡ്രസ്സ്‌ എന്നിവ പങ്കിടുന്നത്‌ ഒഴിവാക്കണം. ആര്‍ക്കെങ്കിലും സ്‌കാബീസ്‌ പോലുള്ള രോഗം ഉണ്ടായാല്‍ ആ കുടുംബത്തിലെ കുട്ടികളെയും ഗര്‍ഭിണികളെയും ഒരേസമയം ചികിത്സിക്കണം. കൂടുതലായി വിയര്‍ക്കുന്നവര്‍ക്ക്‌ പ്രത്യേകിച്ചും ചൂടുള്ള കാലാവസ്ഥയില്‍ ആല്‍ബുമിന്‍ ഉണ്ടാവുന്നു. ഇത്തരമാളുകള്‍ കുട്ടികളായാലും, കൂടുതല്‍ വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കണം.
വളരെ ഇറുകിയ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഫംഗസ്‌ ബാധ, അലര്‍ജി തുടങ്ങിയവ വരാന്‍ സാധ്യത കൂടുതലാണ്‌. ജനനേന്ദ്രിയത്തിന്‌ ചുറ്റും ചൊറിച്ചിലുള്ളസ്‌ത്രീകള്‍ സോപ്പ്‌, നാപ്‌കിന്‍ എന്നിവ ഉപയോഗിക്കരുത്‌. ഇറുകിയതും സിന്തറ്റിക്‌സ്‌ കൂടുതലുള്ളതുമായ അടിവസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുകയും വേണം. ചെറുചൂടുവെള്ളത്തില്‍ കഴുകണം.
നഖം നന്നായി വെട്ടി വൃത്തിയാക്കാത്തവരില്‍, പ്രത്യേകിച്ചും കാല്‍നഖങ്ങളില്‍ അണുബാധ പെട്ടെന്നു വരാന്‍ കാരണമാകും. തറയിലും മണ്ണിലും കിടക്കുന്ന കുട്ടികളില്‍ അണുബാധവരാനും അതുമൂലം തൊലി വിണ്ടുകീറാനും ഇടയുണ്ട്‌. കൊതുകുകടി മൂലമുണ്ടാകുന്ന അലര്‍ജി കുട്ടികളില്‍ സര്‍വസാധാരണമാണ്‌. അതിനാല്‍ ശരീരം മൂടുന്ന വസ്‌ത്രങ്ങളും കൊതുകിനെ പ്രതിരോധിക്കുന്ന ക്രീമുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top