ഉദാഹരണങ്ങളിലൂടെ കുട്ടികള്‍ കാര്യങ്ങള്‍ ഗ്രഹിക്കട്ടെ

ഡോ: സമീര്‍ യൂനുസ്‌ No image

ഒരു വേനലവധിക്കാലത്ത്‌ ഞാനും എന്റെ കുടുംബവും എത്തിച്ചേര്‍ന്നത്‌ വളരെ പ്രശാന്തമായ ഒരു ടൂറിസ്റ്റ്‌ കേന്ദ്രത്തിലാണ്‌. പ്രകൃതിയില്‍ ദൈവംതമ്പുരാന്‍ ഒരുക്കിവെച്ച സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌ ഞങ്ങള്‍ ആ സ്ഥലമാകെ ചുറ്റിക്കറങ്ങി. തലയുയര്‍ത്തി നില്‍ക്കുന്ന മഹാപര്‍വതങ്ങളെ ഞങ്ങള്‍ വിസ്‌മയത്തോടെ നോക്കി നിന്നു. അറ്റമില്ലാതെ പരന്നുകിടക്കുന്ന സമുദ്രനീലിമ തൊട്ടപ്പുറത്ത്‌. ഞങ്ങളെ തഴുകിക്കടന്നു പോകുന്ന കാറ്റ്‌ എത്ര പരിശുദ്ധമാണ്‌!
ഉല്ലാസയാത്ര കഴിഞ്ഞ്‌ ഞങ്ങള്‍ കൈറോയില്‍ തിരിച്ചെത്തിയ ദിവസം ഒരു വെള്ളിയാഴ്‌ചയായിരുന്നു. ഞങ്ങളെല്ലാവരും പള്ളിയില്‍ പോയി ജുമുഅ നമസ്‌കരിച്ചു; പ്രസംഗം കേട്ടു. പള്ളി പിരിഞ്ഞ്‌ പോരുമ്പോള്‍ എന്റെ ചെറിയ മകന്‍ ചോദിച്ചു: ``ഇന്ന്‌ നമ്മുടെ ഖത്തീബ്‌ `വലിയ' അല്ലാഹുവിനെക്കുറിച്ചാണല്ലോ പറഞ്ഞത്‌. എത്ര വലുപ്പം ഉണ്ടാവും എന്ന്‌ പറഞ്ഞിട്ടുമില്ല. ഉപ്പാ, ഒരു വലിയ രാക്ഷസന്റെ അത്ര വലുപ്പമുണ്ടാകുമോ അല്ലാഹുവിന്‌?''
മകന്റെ ചോദ്യം കേട്ടപ്പോഴാണ്‌ ഇത്തരം ചോദ്യങ്ങള്‍ മിക്ക കുട്ടികളും ചോദിക്കാറുണ്ടല്ലോ എന്നോര്‍ത്തത്‌. കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച്‌ ക്ലാസെടുക്കാന്‍ ചെല്ലുമ്പോള്‍, ഇതുപോലുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ നിരന്തരം ചോദിക്കുകയാണെന്നും എന്താണ്‌ മറുപടി പറയേണ്ടത്‌ എന്ന്‌ ഞങ്ങള്‍ക്കറിയില്ലെന്നും ഒരുപാട്‌ രക്ഷിതാക്കള്‍ കുറ്റസമ്മതം നടത്തുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ശരിയായ മറുപടി കൊടുക്കാന്‍ കഴിയാതെ വന്നാല്‍ കുട്ടികളുടെ ശിക്ഷണ കാര്യത്തില്‍ തങ്ങള്‍ പരാജയപ്പെടുമോ എന്നും അവര്‍ക്ക്‌ പേടിയുണ്ട്‌.
നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും ഏറക്കുറെ ഇതാണ്‌ സ്ഥിതി. ഈ രംഗത്തെ കുട്ടികളുടെ ശിക്ഷണത്തില്‍ വലിയ വീഴ്‌ചകള്‍ സംഭവിക്കുന്നുണ്ട്‌. പലതരം ചോദ്യങ്ങള്‍ ചോദിച്ച്‌ കുട്ടികള്‍ നമ്മെ വട്ടം ചുറ്റിക്കും. പക്വമതിയും ബുദ്ധിശാലിയുമായ ഒരു ശിക്ഷകന്‌ മാത്രമേ ആ ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തികരമായ മറുപടി പറയാനാകൂ. പല മാതാപിതാക്കളും ഇതിനൊന്നും മറുപടി കൊടുക്കാറേയില്ല. അറിവുള്ളവരോട്‌ ചോദിച്ച്‌ അവര്‍ ഉത്തരങ്ങള്‍ തേടിപ്പിടിക്കുകയുമില്ല. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ കുട്ടികളെ ശാസിക്കുന്നവരും കുറവല്ല. പക്ഷേ ഇതൊന്നും ഒരു പരിഹാരമല്ലല്ലോ. ശിക്ഷണമേഖലയില്‍ രക്ഷിതാക്കളുടെ പോരായ്‌മകളാണ്‌ ഇവിടെ തെളിഞ്ഞുവരുന്നത്‌. അവ പരിഹരിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. അല്ലാത്തപക്ഷം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ അവര്‍ പകച്ചു നിന്നുകൊണ്ടേയിരിക്കും.
നമുക്ക്‌ എന്റെ മകന്‍ ചോദിച്ച ചോദ്യത്തിലേക്ക്‌ തന്നെ വരാം. ഒരു രാക്ഷസനോളം വലുപ്പമുണ്ടാകുമോ അല്ലാഹുവിനെന്നാണല്ലോ അവന്‍ ചോദിച്ചത്‌. ഈ മകന്റെ പ്രായം അഞ്ച്‌ വയസ്സ്‌. ഈ പ്രായത്തിലുള്ളവര്‍ `അനുഭവിച്ചറിയുന്ന ഘട്ട'ത്തിലാണെന്ന്‌ മനഃശാസ്‌ത്രജ്ഞര്‍ പറയുന്നു. അതായത്‌, അനുഭവിച്ചറിയുന്നതേ അവര്‍ക്ക്‌ നന്നായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പറ്റൂ. ഒരു കാര്യം അവര്‍ മനസ്സിലാക്കുന്നത്‌ കണ്ടോ കേട്ടോ സ്‌പര്‍ശിച്ചോ ഒക്കെ ആയിരിക്കും. കേവലം ആശയങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. കമ്പ്യൂട്ടര്‍, കസേര, പുസ്‌തകം, ടെലിവിഷന്‍, മിനുസമുള്ളത്‌, പരുക്കന്‍, ആളുകളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം ഇതൊക്കെ കണ്ടോ കേട്ടോ സ്‌പര്‍ശിച്ചോ ഒക്കെ അവര്‍ എളുപ്പത്തില്‍ തിരിച്ചറിയും. എന്നാല്‍ അവരോട്‌ `സൗഭാഗ്യം' എന്ന്‌ പറഞ്ഞു നോക്കൂ. അര്‍ത്ഥം പിടികിട്ടാതെ അവര്‍ തിരിച്ചു ചോദിക്കും: എന്താണ്‌ സൗഭാഗ്യമെന്ന്‌ പറഞ്ഞാല്‍? അവര്‍ക്ക്‌ അനുഭവിച്ചറിയാന്‍ കഴിയാത്ത കേവലമായ ഒരാശയം പറഞ്ഞതാണ്‌ ഇവിടെ പ്രശ്‌നമായത്‌. നന്മ, തിന്മ, നീതി, വികലം, സുന്ദരം തുടങ്ങി വെറും ആശയം മാത്രമുള്ള ഏതു പദം പറഞ്ഞാലും ആ പ്രായക്കാര്‍ക്ക്‌ കാര്യം വേണ്ടപോലെ പിടികിട്ടുകയില്ല.
ഒരു ചാനലിലെ ചോദ്യോത്തര പരിപാടി ഒരിക്കല്‍ കാണാന്‍ ഇടയായി. സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നത്‌ ആദരണീയനായ ഒരു മതപ്രബോധകന്‍. നമ്മള്‍ നേരത്തെ സൂചിപ്പിച്ച അതേ ചോദ്യം തന്റെ മകന്‍ തന്നോട്‌ ചോദിക്കുന്നുവെന്ന്‌ ഒരു മാതാവ്‌ പറയുന്നു. മകന്ന്‌ എന്ത്‌ ഉത്തരം കൊടുക്കും എന്നാണ്‌ അവര്‍ക്ക്‌ അറിയേണ്ടത്‌. പ്രബോധകന്റെ മറുപടി: ``പ്രപഞ്ചത്തിലെ യാതൊരു വസ്‌തുവിനും അല്ലാഹുവിനോട്‌ സാദൃശ്യമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു (അശ്ശൂറാ: 11) എന്ന്‌ ഖുര്‍ആനിലുണ്ട്‌. ആ മറുപടി പറഞ്ഞാല്‍ മതി.'' മറുപടി ആശയപരമായി വളരെ ശരിയാണ്‌. എന്നാല്‍ ഈ പ്രായത്തിലുള്ള കുട്ടികളോട്‌ പറയേണ്ട മറുപടിയല്ല ഇത്‌ എന്നാണ്‌ ശിക്ഷണരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മനഃശാസ്‌ത്രജ്ഞര്‍ പറയുക. നേരത്തെ പറഞ്ഞതുപോലെ അനുഭവിക്കുന്നതേ കുട്ടികള്‍ക്ക്‌ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയൂ. പണ്ഡിതന്റെ ഈ മറുപടി കുട്ടികളുടെ ഗ്രാഹ്യത്തിനും എത്രയോ അപ്പുറമാണ്‌.
നിങ്ങളുടെ കുട്ടി ഇതേ ചോദ്യം നിങ്ങളോട്‌ ചോദിച്ചാല്‍ നിങ്ങള്‍ എന്തുത്തരം പറയും? ഒരുപാട്‌ ഉദാഹരണങ്ങള്‍ നിരത്തിവെച്ച്‌ ഈ ചോദ്യത്തിന്‌ മറുപടി പറയാം എന്നാണ്‌ വിദ്യാഭ്യാസ വിദഗ്‌ധര്‍ പറയുക. മകന്റെ ചോദ്യത്തിന്‌ ഞാനെങ്ങനെ ഉത്തരം കൊടുത്തു എന്ന്‌ വിശദീകരിക്കാം.
ഞാനവനോട്‌ ചോദിച്ചു:
``നമ്മള്‍ ടൂര്‍ പോയപ്പോള്‍ ഒരുപാട്‌ മലകള്‍ കണ്ടിരുന്നില്ലേ?''
അവന്‍: ``അതെ.''
ഞാന്‍: ``ആ മലകള്‍ ചെറുതായിരുന്നോ, വലുതായിരുന്നോ?''
അവന്‍: ``വളരെ വളരെ വലുത്‌.''
ഞാന്‍: ``ആ മലകളെക്കാളൊക്കെ എത്രയോ വലിയവനാണ്‌ അല്ലാഹു... നാം പോയപ്പോള്‍ കടല്‍ കണ്ടിരുന്നില്ലേ?''
അവന്‍: ``അതെ.''
ഞാന്‍: ``അത്‌ ചെറുതായിരുന്നോ, വലുതായിരുന്നോ?''
അവന്‍: ``വളരെ വളരെ വലുത്‌.''
ഞാന്‍: ``അതിനേക്കാളൊക്കെ എത്രയോ വലിയവനാണ്‌ അല്ലാഹു.''
ഇങ്ങനെ കുട്ടികള്‍ക്കറിയാവുന്ന കുറെ ഉദാഹരണങ്ങള്‍ നിരത്തി മറുപടി പറയുന്നതാവും ഉചിതം. കുഞ്ഞു മനസ്സുകള്‍ക്ക്‌ അങ്ങനെയൊക്കെ മാത്രമേ ഗ്രഹിക്കാനാവൂ. ഈ രൂപത്തില്‍ മറുപടി കൊടുത്താല്‍, അല്ലാഹുവിന്‌ രൂപം സങ്കല്‍പിക്കുക പോലുള്ള അരുതായ്‌മകളില്‍ നിന്ന്‌ വിട്ടു നില്‍ക്കുവാനും കഴിയും. ആശയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കുന്നതിന്‌ ഉപമകളും ഉദാഹരണങ്ങളും പ്രയോഗിക്കുകയെന്നത്‌ വിശുദ്ധ ഖുര്‍ആന്റെ തന്നെ ശൈലിയാണ്‌. നാം നേരത്തെ പറഞ്ഞ കേവലമായ ആശയങ്ങളെ ആര്‍ക്കും ഗ്രഹിക്കാവുന്ന ഭാഷയില്‍ ഖുര്‍ആന്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന്‌ ചില ഉദാഹരണങ്ങള്‍ പറയാം.
`അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കൂ, എങ്കില്‍ നിങ്ങള്‍ക്കത്‌ ഇരട്ടിയിരട്ടിയായി തിരിച്ചുകിട്ടും.' ഇതാണ്‌ ആശയം. ഖുര്‍ആന്റെ അവതരണശൈലി നോക്കൂ:
``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവര്‍ ഒരു ധാന്യമണിപോലെയാണ്‌. ആ ധാന്യമണി മുളച്ച്‌ ഏഴു കതിരുകളിട്ടു. ഓരോ കതിരിലും നൂറ്‌ മണികള്‍! അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കര്‍മഫലം ഇരട്ടിയിരട്ടിയായി നല്‍കുന്നത്‌ ഇപ്രകാരമാകുന്നു.'' (അല്‍ബഖറ : 261)
ഇഹലോക ജീവിതത്തേയും ഖുര്‍ആന്‍ ഇതുപോലെ ഉദാഹരണങ്ങളിലൂടെ ചിത്രീകരിച്ചതായി കാണാന്‍ കഴിയും. ``ഇഹലോക ജീവിതത്തിന്റെ യാഥാര്‍ഥ്യം ഈ ഉദാഹരണത്തിലൂടെ അവരെ ഗ്രഹിപ്പിക്കുക: ആകാശത്തുനിന്ന്‌ നാം വെള്ളം വര്‍ഷിക്കുന്നു. അങ്ങനെ ഭൂമി സസ്യശ്യാമളമായി. അല്‍പം കഴിഞ്ഞാലോ, ഇതേ സസ്യങ്ങള്‍ കാറ്റില്‍ പാറിപ്പറക്കുന്ന ഉണങ്ങിയ ധൂളികളായിത്തീരുന്നു.'' (അല്‍ കഹ്‌ഫ്‌: 45)
ഇനി സ്വര്‍ഗത്തെ കുറിച്ച്‌ പറയുമ്പോഴും കുറെ ചിത്രങ്ങള്‍ നമുക്ക്‌ മുമ്പില്‍ വരഞ്ഞിടുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്‌. ``സദ്‌വൃത്തര്‍ക്ക്‌ വാഗ്‌ദാനം ചെയ്യപ്പെട്ട സ്വര്‍ഗം. അതില്‍ കലര്‍പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്‌. രുചിഭേദം വരാത്ത പാലൊഴുകും നദികളുണ്ട്‌. ശുദ്ധമായ തെളിഞ്ഞ മധുവൊഴുകും നദികളുണ്ട്‌. അവര്‍ക്കവിടെ എല്ലാതരം പഴങ്ങളുമുണ്ടായിരിക്കും. അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപവിമുക്തിയും. ഇങ്ങനെ ലഭിക്കാന്‍ അര്‍ഹതയുള്ള ഒരാള്‍, നരകത്തില്‍ നിത്യവാസം ചെയ്യുകയും, ആമാശയങ്ങളെപ്പോലും കീറിപ്പൊളിക്കുന്ന ചുട്ടുതിളച്ച വെള്ളം കുടിപ്പിക്കപ്പെടുകയും ചെയ്യുന്നവരെപ്പോലെ ആയിരിക്കുമോ?'' (മുഹമ്മദ്‌: 15)
സദ്‌വചനമെന്ന ആശയത്തെ ഒരു നല്ല മരത്തോടുപമിച്ച്‌ ഖുര്‍ആന്‍ ആശയ വ്യക്തത വരുത്തുന്നതും നമുക്ക്‌ കാണാന്‍ കഴിയുന്നു. കാലഭേദമന്യേ എല്ലാവര്‍ക്കും നല്ല ഫലങ്ങള്‍ മാത്രം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു കല്‍പവൃക്ഷം. സദ്‌വചനം സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളാണ്‌ ഏത്‌ സാധാരണക്കാരനും സുഗ്രഹമാംവിധം ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്‌. മ്ലേഛവചനം ഭൂമിയില്‍ നിന്ന്‌ പിഴുതുമാറ്റപ്പെട്ട ക്ഷുദ്രവൃക്ഷം പോലെയാണ്‌ എന്നും ഉദാഹരിച്ചിരിക്കുന്നു; അതിന്‌ യാതൊരു തടിയുറപ്പും ഉണ്ടാകില്ലെന്നും. (ഇബ്രാഹീം: 24-26)
നബിവചനങ്ങള്‍ പരതിയാലും എണ്ണമറ്റ ഉപമകളാല്‍ സമൃദ്ധമാണ്‌ അവ എന്ന്‌ കണ്ടെത്താനും പ്രയാസമില്ല. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. ഒരുപാട്‌ സല്‍ക്കര്‍മങ്ങള്‍ ചെയ്‌ത്‌ പകല്‍ മാന്യന്മാരായി ജീവിക്കുകയും രാത്രി ഒറ്റക്കായാല്‍ നിഷിദ്ധപ്രവൃത്തികളില്‍ മുഴുകുകയും ചെയ്യുന്ന ആളുകളെക്കുറിച്ച്‌ പ്രവാചകന്‍ പറഞ്ഞത്‌ ഇങ്ങനെ: ``തിഹാമയിലെ വെള്ള പര്‍വതം കണക്കെ സദ്‌പ്രവൃത്തികളുമായി അന്ത്യനാളില്‍ അവര്‍ കടന്നു വരും. അല്ലാഹു അതൊക്കെയും ധൂളിയാക്കി പറത്തിക്കളയും.''
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top