ഒന്നും പറയാതെ

മറിയു എം.കെ No image

നേരം സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. അയാള്‍ ബസ്സിറങ്ങി നടന്നു. അല്‍പം നടക്കുമ്പോഴേക്കും കണ്ടു, ചിനാരത്ത്‌ യു.പി സ്‌കൂള്‍. അപ്പോള്‍ വഴി ഇതു തന്നെ; തെറ്റിയിട്ടില്ല. അയാളുടെ സന്തത സഹചാരിയായ തുണിസഞ്ചിയില്‍ നിന്ന്‌ മൊബൈല്‍ കിളി ചിലച്ചു. സിബ്ബ്‌ തുറക്കുമ്പോള്‍ ഒരു ചെറു ചിരിയോടെ ഓര്‍ത്തു. അവളായിരിക്കും. എപ്പോഴും എന്തിനും ധൃതിയാണല്ലോ അവള്‍ക്ക്‌. ``നിങ്ങള്‍ എവിടെ എത്തി'' എന്ന്‌ അന്വേഷിക്കാനാവും. നമ്പര്‍ നോക്കുമ്പോള്‍ കമ്പനിയില്‍ നിന്നാണ്‌. സൈലന്റാക്കി വെച്ചു. ഇന്ന്‌ അവിടെ നിന്ന്‌ നേരത്തെ ഇറങ്ങിയതാണ്‌. അതിന്റെ ഒരു ഈര്‍ഷ്യം മാനേജറുടെ മുഖത്തപ്പോള്‍ നല്ലോണം ഉണ്ടായിരുന്നു. ഇനിയെന്തെങ്കിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നം ഏല്‍പ്പിക്കാനാകും. നേരത്തെ ഇറങ്ങിയ ദിവസങ്ങളിലെല്ലാം അതാണ്‌ പതിവ്‌. ജോലി കുറെ ബാക്കിയുണ്ടായിട്ടും നേരത്തെ ഇറങ്ങേണ്ടി വന്നു. എത്രനാളായി അവള്‍ വീട്ടിലേക്ക്‌ ക്ഷണിക്കുന്നു! ഇന്നു രാവിലെ വീണ്ടും വിളിച്ചു പറഞ്ഞു, സങ്കടത്തോടെ... `എന്തായാലും പടച്ചോനെ വിചാരിച്ചിട്ടെങ്കിലും ങ്ങള്‌ന്ന്‌ വെരാതിരിക്കരുത്‌. ഞാനുപ്പാനെ വരുത്തിയിട്ടുണ്ട,്‌ ങ്ങളെ പരിചയപ്പെടുത്താന്‍. സ്വന്തം നാട്ടുകാരനാ വലിയ എഴുത്തുകാരനാന്നൊക്കെ കേട്ടപ്പം മൂപ്പര്‍ക്ക്‌ വെല്യ ഇന്ററസ്റ്റ്‌.' അതു പറയുമ്പോള്‍ അവളുടെ ശബ്ദത്തില്‍ കുട്ടിത്തം നിറഞ്ഞ ആഹ്ലാദ തിരയിളക്കം... `ഒരു ദിവസം എന്തായാലും ഹസീന്‍ത്താനേം കുട്ട്യോളേം കൊണ്ടുവരണം കേട്ടോ... ചീനാരത്ത്‌ സ്‌കൂളിന്റടുത്ത്‌ ബസ്സിറങ്ങിയാല്‍ മതി. ന്ന്‌ട്ടൊരു പതിനഞ്ചു മിനുട്ട്‌ നേരെ നടന്ന്‌ ഇടത്തോട്ട്‌ ഒരു ടാറിടാത്ത റോഡുകാണാം. കുറച്ച്‌ നടക്കുമ്പോള്‍ ഒരു ശിവക്ഷേത്രമുണ്ട്‌. അതു കഴിഞ്ഞാലുള്ള നാലാമത്തേത്‌ എന്റെ വീടാ, `ഹിറ.'
ഏതു തരത്തിലുള്ള അടുപ്പമാണ്‌ അവളോട്‌ തോന്നുന്നത്‌. സംശയരോഗിയെപ്പോലെ സ്വന്തം വികാര വിചാരങ്ങളെ ചുഴിഞ്ഞും ചൂണ്ടും ചുരണ്ടിയുമൊക്കെ നോക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായെങ്കിലും പക്ഷേ ദോഷകരമായതൊന്നും കണ്ടെടുക്കാനായില്ലല്ലോ. ജനിച്ച നാള്‍ മുതലേ കൂടെയുണ്ടാവണമെന്ന്‌ കൊതിച്ച ഒരാളെന്നോണം മനസ്സിനെ സ്വാധീനിച്ചു എന്നത്‌ ഒരു സത്യം തന്നെ. ഗോട്ടി മിഠായി അണ്ണാക്കില്‍ കുടുങ്ങി രണ്ടര വയസ്സിലെങ്ങോ തന്റെ കൂടുവിട്ടു പോയതായി ഉമ്മ പലപ്പോഴും പറഞ്ഞു കേട്ട നേര്‍പെങ്ങള്‍ നെസ്‌റിനെ കാണാന്‍ വല്ലാതെ കൊതിച്ചിട്ടുണ്ടല്ലോ. ഓര്‍മവെച്ച നാള്‍ മുതല്‍ അവളെ ഓര്‍ത്ത്‌ കരഞ്ഞുറങ്ങിയ രാവുകളില്‍ നക്ഷത്രങ്ങളില്‍ വെച്ച്‌ നീലക്കുപ്പായമിട്ട്‌ നനുത്ത വിരലുകളാല്‍ വിളിച്ചുണര്‍ത്തിയിട്ടവള്‍ രാപകലുകളോളം കിനാവിന്റെ പൂന്തോപ്പില്‍ കളിച്ചിട്ടുണ്ട്‌. പിന്നെ പിന്നെ പഠനത്തിന്റെ തിരക്കിലും പ്രോബ്ലത്തിന്റെ കിതപ്പിലുമൊക്കെയായി ബാല്യം തീരും മുമ്പേ ബാല്യത്തെ വെടിയേണ്ടിവന്നു; അതിന്റെ കിനാക്കളെയും. പക്ഷേ, നികത്താനാവാത്ത എന്തോ ഒന്നിന്റെ കുറവ്‌ ഉപ്പ്‌ നിറഞ്ഞ സ്‌നേഹത്തോടെ ഹസീനയും പിന്നെ രണ്ട്‌ പൊന്നോമനകളും വന്നതിനുശേഷവും അനുഭവപ്പെട്ടിട്ടുണ്ട്‌ ഇവളെ പരിചയപ്പെടും വരെ. നന്നായി കവിതയെഴുതുന്ന അവളുടെ ചില നേരത്തെ സംസാരം എത്രമേല്‍ ദീര്‍ഘ വീക്ഷണത്തോടെയും പക്വതയോടെയുമാണ്‌. ഒളിച്ചുവെക്കാനൊന്നുമില്ലാത്തൊരു വിശുദ്ധാത്മാവ്‌, അതാണവള്‍. കുറച്ച്‌ മാസങ്ങള്‍ക്കു മുമ്പ്‌ നഗരത്തില്‍ ഏതോ എഴുത്തു കൂട്ടം സംഘടിപ്പിച്ചൊരു `കവിയരങ്ങ്‌' ഉദ്‌ഘാടനം ചെയ്യാന്‍ പോയപ്പോഴാണ്‌ കവിത അവതരിപ്പിക്കാന്‍ വന്ന അവളെ പരിചയപ്പെട്ടത്‌. അവതരിപ്പിക്കപ്പെട്ട ഇരുപത്തിയെട്ടെണ്ണത്തില്‍ ഏറ്റവും മികച്ചത്‌ ശില്‍പഭംഗിയാര്‍ന്നതും, ശൈലീസമ്പന്നവും, വിഷയത്തിന്റെ കാലിക പ്രസക്തി കൊണ്ടുമൊക്കെ അവളുടെ കവിത തന്നെയായിരുന്നു.
അമ്പലത്തില്‍ നിന്നുള്ള `സന്ധ്യാ വന്ദനം' ചിന്തയില്‍ നിന്നുണര്‍ത്തി. ചെമ്മണ്‍ പാതക്കിരുവശവും നിരയായി സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. നിറയെ ആളുകളും... എവിടെയെങ്കിലും മൈലാഞ്ചിക്കല്യാണമോ, കല്യാണമോ കാണും. വഴിനടക്കാന്‍ ഇടമില്ല. ചെറിയ റോഡ്‌ നിറയെ ഇങ്ങനെ വാഹനങ്ങളും പിന്നെ ആളുകളും തിങ്ങിക്കിടക്കുമ്പോള്‍ അഞ്ച്‌ മിനുട്ട്‌ നടക്കുക എന്നതു തന്നെ മനുഷ്യര്‍ക്ക്‌ മലകയറ്റം പോലെ അസഹ്യമായിരിക്കുന്നു. ഈയിടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക്‌ പോയപ്പോള്‍ രാഷ്‌ട്രീയ രംഗത്തെ ഒരു പ്രമുഖ വ്യക്തിയുടെ പ്രൗഢഗംഭീരമായ പ്രഭാഷണം വളരെ മതിപ്പോടെയാണ്‌ കേട്ടു നിന്നത്‌. റോഡപകടങ്ങളും ഗതാഗതക്കുരുക്കുകളും പെട്രോള്‍ ഡീസല്‍ വിലയും വരെ നിയന്ത്രണ വിധേയമാക്കണമെങ്കില്‍ അതിന്‌ നാലുവരി- ആറുവരി പാതയുണ്ടാക്കുന്നതിനേക്കാള്‍ ആവശ്യം ജനങ്ങളെ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനം സര്‍ക്കാറുകള്‍ ഊര്‍ജിതപ്പെടുത്തുക എന്നതാണെന്ന്‌, പരിഷ്‌കൃത രാജ്യങ്ങളിലൊക്കെ വന്‍ തുക ശമ്പളം പറ്റുന്നവര്‍ പോലും ബസ്സു പോലുള്ള പൊതു വാഹനങ്ങളെയാണ്‌ ആശ്രയിക്കുന്നതെന്നൊക്കെ പ്രസംഗിച്ച്‌ വേദിവിട്ട്‌ പുറത്ത്‌ വന്ന്‌ അദ്ദേഹം എട്ടു പേര്‍ക്കിരിക്കാവുന്ന വാഹനത്തില്‍ കയറി ഒറ്റക്ക്‌ പോകുന്നത്‌ കണ്ടപ്പോള്‍ കേട്ടതൊക്കെയും ആവിയായി പ്പോയി. പൊതുവാഹനത്തില്‍ യാത്ര ചെയ്യേണ്ട ഈ ജനങ്ങളില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ പെടില്ലേ ആവോ... എന്തോ അസുഖകരമായ ഗന്ധം മൂക്കില്‍ അടിച്ചു കയറുന്നു. അപ്പോള്‍ വിവാഹം അല്ല... എവിടെയോ മരണം നടന്നിട്ടുണ്ട്‌. അവള്‍ പറഞ്ഞ നാലാമത്തെ വീടു നിറയെ ആളുകള്‍; കുന്തിരിക്കത്തിന്റെ ഗന്ധവും. ഇനി...? അവളുടെ അപസ്‌മാരരോഗിയായ രണ്ടാമത്തെ മകള്‍... പടച്ചോനേ... മനസ്സില്‍ ആശങ്കയുടെ കൂരിരുള്‍ കൂടുകൂട്ടുകയാണ്‌. ആരോടും ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ നേരെ അകത്തേക്ക്‌ കയറവെ കേട്ടു- മഗ്‌രിബിനേക്ക്‌ പള്ളിയിലേക്കെടുക്കണം. വേഗം നോക്ക്‌, കണ്ടാള്‌ കണ്ടാള്‌ ദാ ഇതിലേ പൊയ്‌ക്കോ- അയാള്‍ ഓടിച്ചെന്ന്‌ കട്ടിളപ്പടിയില്‍ പിടിച്ച്‌ കിതപ്പോടെ അകത്തേക്ക്‌ നോക്കി. എല്ലാവരും അപരിചിതര്‍. മയ്യിത്തിന്‌ ചുറ്റും പര്‍ദ്ദയുടെ കറുത്ത വലയം സൃഷ്ടിച്ച്‌ അലമുറയിട്ട്‌ കരഞ്ഞു നീങ്ങുന്ന പെണ്ണുങ്ങള്‍. ``ങാ! ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ വേഗം വേഗം.'' ധൃതിനിറഞ്ഞ ശബ്ദം. മുക്രിയാണ്‌. അയാള്‍ മയ്യിത്തിനടുത്തേക്ക്‌ നീങ്ങിയപ്പോള്‍ അപരിചിതനായ ഇയാള്‍ക്കെന്താ ഇവിടെ എന്ന ചോദ്യഭാവത്തോടെ മുക്രി രൂക്ഷമായി നോക്കി. പിന്നെ അനിഷ്ടം സ്‌ഫുരിക്കുന്ന സ്വരത്തില്‍ പിറുപിറുത്തു: ``അന്യപെണ്ണിന്റെ മയ്യിത്ത്‌ ആണുങ്ങള്‍ കാണാമ്പാടില്ലെന്നാ- അത്‌ ഹറാമുതന്ന്യാ.'' നോക്കിയേടത്തു നിന്നും അയാള്‍ക്ക്‌ ദൃഷ്ടി പിന്‍വലിക്കാനായില്ല. ചുറ്റും സകലതും കറങ്ങുകയാണോ... ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇത്‌ അവള്‍ തന്നെയാണല്ലോ റബ്ബേ... തന്നെ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്ന ആള്‍. അതിനിടയില്‍ മുഖം മറച്ച്‌ മയ്യിത്തെടുത്തു. ആരൊക്കെയോ കട്ടിലില്‍ എടുത്തുവെച്ച്‌ ദിക്‌റ്‌ ചൊല്ലി. ധൃതിയില്‍ പള്ളിയിലേക്ക്‌- ഞാനൊരു ദുഃസ്വപ്‌നം കാണുകയാണോ... `മരണം വന്നു വിളിച്ചിട്ട്‌ തന്നെയല്ലേ? അല്ലെങ്കില്‌ അക്കാട്ടില്‌ നട്ടുച്ച നേരത്ത്‌ ഊഞ്ഞാല്‌ കെട്ടാന്‍ പോകേണ്ടതുണ്ടോ ഓള്‌- കടിച്ചത്‌ മൂര്‍ഖനാണെന്നാ കേട്ടത്‌. അതൊന്ന്വാവൂല, ഇത്ര പെട്ടെന്ന്‌... അവളിപ്പോഴും ചെറിയ കുട്ടിയെപ്പോലെയല്ലേ. അവളുടെ മൂന്ന്‌ മക്കളെക്കാളും ചെറിയ കുട്ടി.' ആരൊക്കെയോ പറയുകയാണ്‌...
സന്ധ്യയുടെ ചെമപ്പിലൂടെ പച്ചവിരിയിട്ട മയ്യിത്ത്‌കട്ടില്‍ ശോകഗാനം കുറിച്ച്‌ കൊണ്ട്‌ അകലുകയാണ്‌. അത്‌ പൊട്ടു പോലെ മറയുന്നതും നോക്കി അയാള്‍ നിശ്ചലനായി നിന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top