കുട്ടികള്‍ കുറ്റവാളികളാവുന്നതിന്റെ സാമൂഹികപാഠങ്ങള്‍

മജീദ്‌ കുട്ടമ്പൂര്‍ No image

കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ലൈംഗികാക്രമണ, കവര്‍ച്ചാ കേസുകളടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കുംവിധം വര്‍ധിച്ചു വരുന്നു. അത്‌ അപൂര്‍വമോ ഒറ്റപ്പെട്ടതോ അല്ലാതെ പൊതുപ്രശ്‌നമായി മാറിയിരിക്കുന്നു. കുട്ടിക്കുറ്റവാളികളുടെ എണ്ണം ആരെയും അമ്പരപ്പിക്കും വിധം വര്‍ധിച്ചതായി ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2011 ആഗസ്റ്റ്‌ വരെ സ്‌ത്രീപീഡന കേസുകളില്‍ പ്രതികളായ 1092 പേരില്‍ 416 പേര്‍ 18 വയസ്സിന്‌ താഴെയുള്ളവരാണ്‌. ഇവരില്‍ ബലാല്‍സംഗത്തിന്‌ പിടിയിലായവരുടെ എണ്ണം 308 ആണ്‌. ഇവരില്‍ ഭൂരിപക്ഷത്തിനും മാനസിക വൈകല്യങ്ങള്‍ ഉള്ളതായും ഭാവിയിലവര്‍ കൊടും കുറ്റവാളികളായി മാറാന്‍ സാധ്യതയുള്ളതായും ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ രേഖകളില്‍ വെളിപ്പെടുത്തുന്നു. അടിച്ചു പൊളിച്ചു ജീവിക്കാനും ബൈക്ക്‌, മൊബൈല്‍ റീചാര്‍ജിംഗ്‌, അശ്ലീലക്ലിപിംഗ്‌, കഫേ സന്ദര്‍ശനം, മദ്യം- ലഹരി തുടങ്ങിയ വസ്‌തുക്കള്‍ വാങ്ങാനും പണം സമ്പാദിക്കാന്‍ കവര്‍ച്ച നടത്തിയ 216 കുട്ടിക്കവര്‍ച്ചാസംഘങ്ങള്‍ ഈ വര്‍ഷം പോലീസിന്റെ പിടിയിലായിട്ടുണ്ട്‌.
ആഗോളവല്‍ക്കരണാനന്തര കേരളസമൂഹത്തിന്റെ ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ട ബാല്യത്തെയും കൗമാരത്തെയും ഇവ അനാവരണം ചെയ്യുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരെന്ന്‌ നാം ആരോപിക്കുന്ന പാശ്ചാത്യര്‍ക്ക്‌ പോലും കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ്‌ സാക്ഷരതയിലും സാംസ്‌കാരിക പാരമ്പര്യത്തിലും മറ്റ്‌ സമൂഹങ്ങള്‍ക്ക്‌ മാതൃകയായിരുന്ന കേരളത്തില്‍ നടക്കുന്നത്‌.
കുട്ടികള്‍ ലൈംഗികാതിക്രമങ്ങളിലും കൊലപാതകങ്ങളിലും മോഷണങ്ങളിലും പങ്കാളികളാവുന്നതിന്റെ മുഖ്യകാരണം അവരുടെ കുടുംബ-സാമൂഹ്യ പശ്ചാത്തലങ്ങളാണ്‌. കുടുംബങ്ങളും സമൂഹവും ഇന്ന്‌ സാമ്പത്തിക മോഹങ്ങളുടെ പിടിയിലാണ്‌. പണത്തിനും സുഖത്തിനും വേണ്ടി ഏതു ഹീനമാര്‍ഗവുമാവാം. ആരെയും വില്‍ക്കാം സ്വീകരിക്കാം എന്ന സന്ദേശമാണ്‌ പുതുതലമുറക്ക്‌ ലഭിക്കുന്നത്‌.
കുട്ടികളുടെ കൈയില്‍ ആവശ്യത്തിന്‌ പണവും വിനോദോപാധികളും സാങ്കേതിക വിദ്യയുമുണ്ട്‌. ലൈംഗി കവേഴ്‌ചകളുടെ വിസ്‌തൃതി വളരെ വലുതാണിന്ന്‌. ടെലിവിഷനും ഇന്റര്‍ നെറ്റും സീഡികളും മെമ്മറി കാര്‍ഡുകളും കുട്ടികളുടെ കൈകളിലേക്ക്‌ എത്തിയിരിക്കുന്നു. നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാനും കുമളിയിലെ പിഞ്ചുകുഞ്ഞില്‍ ലൈംഗികാതിക്രമം നടത്താനും ബാലന്മാര്‍ക്ക്‌ പ്രചോദനമായത്‌ അച്ഛനമ്മമാരൊറ്റക്കോ കൂട്ടായോ കണ്ടിരുന്ന നീലച്ചിത്രങ്ങള്‍ കാണാന്‍ ഇടവന്നതാണ്‌. ഇവിടെ പീഡന- ക്രിമിനല്‍ പ്രശ്‌നങ്ങള്‍ കുട്ടികളിലേക്ക്‌ എത്തിച്ചേരുന്നതിന്റെ പ്രഥമഘട്ടം കുടുംബമായി മാറുകയാണ്‌.
മദ്യപിക്കുകയും പാന്‍പരാഗും ലഹരിവസ്‌തുക്കളും കുത്തിയും മൊ ബൈല്‍ഫോണും അശ്ലീല വീഡിയോ ക്ലിപ്പിംഗുകളുമായി സ്‌കൂളിലേക്ക്‌ പോകുന്ന വിദ്യാര്‍ഥി സ്വയം വീരനാവുകയാണ്‌. ഇഷ്ടനായകനെയാണ്‌ അവന്‍ റോള്‍മോഡലാക്കുന്നത്‌. അവരുടെ വീടുകളുടെ അകത്തളത്തിലേക്ക്‌ ടെലിവിഷനിലൂടെയും സീരിയലിലൂടെയും എത്തിയത്‌ കള്ളം പറയുന്നതിന്റെയും എളുപ്പം പണം സമ്പാദിക്കുന്നതിന്റെയും അവിഹിത ബന്ധങ്ങളുടേതുമായ കാഴ്‌ചകളാണ്‌. ഭാവനാ ജീവിതത്തിലേക്ക്‌ ആകര്‍ഷിക്കാനും പ്രേരിപ്പിക്കാനും നാനാതരം പരസ്യങ്ങളും പ്രലോഭനങ്ങളും ചുറ്റുപാടുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
സംസ്ഥാനത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒരു വര്‍ഷത്തിനകം രണ്ടര ഇരട്ടി വര്‍ധിച്ചതായി ഹൈടെക്‌ ക്രൈം എന്‍ക്വയറി വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. മുതിര്‍ന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രവൃത്തികളാണ്‌ കുട്ടികള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സഹോദരിയുടെയും അമ്മയുടെയും കുളിയും വസ്‌ത്രം മാറലും ക്യാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റ്‌ വഴി കച്ചവടം നടത്തിയ വിദ്യാര്‍ഥി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നാണ്‌ പിടിക്കപ്പെട്ടത്‌.
പുതിയ സര്‍വെ ഫലമനുസരിച്ച്‌ മലയാളി മദ്യപാനം തുടങ്ങുന്നതിന്റെ ശരാശരി പ്രായം പതിമൂന്ന്‌ വയസ്സാണ്‌. കുട്ടികള്‍ക്കിടയില്‍ കുറ്റവാസന വര്‍ധിക്കുന്നതില്‍ പ്രധാനകാരണം മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ധിച്ച ഉപയോഗമാണ്‌. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥി- വിദ്യാര്‍ഥിനി പീഡന കേസുകള്‍ ധാരാളം റിപ്പോര്‍ട്ട്‌ ചെയ്‌ത പശ്ചാത്തലത്തില്‍ വിദ്യാലയ പരിസരം ലഹരിമുക്തമാക്കാനും ഇക്കാര്യത്തില്‍ പി.ടി.എ അതീവ ജാഗ്രത പാലിക്കുകയും ഇടപെടല്‍ സജീവമാക്കുകയും ചെയ്യണമെന്ന ശക്തമായ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതെല്ലാം ഏട്ടിലെ പശുവായി മാത്രം മാറി.
മോശം സാഹചര്യങ്ങളും കൂട്ടുകെട്ടും രക്ഷിതാക്കളുടെ ജാഗ്രതയില്ലായ്‌മയുമാണ്‌ കുട്ടികളെ കുറ്റവാളികളാക്കുന്ന മറ്റ്‌ ഘടകങ്ങള്‍. മാതാപിതാക്കളോടൊപ്പം ഒരേവീട്ടില്‍ തന്നെയാണെങ്കിലും കുട്ടികള്‍ ചെയ്യുന്നതിനെക്കുറിച്ചോ കൂട്ടുകെട്ടുകളെക്കുറിച്ചോ പല മാതാപിതാക്കളും അറിയാറില്ല. അന്വേഷിക്കാറുമില്ല. പണവും സാധനങ്ങളും നല്‍കുന്നതാണ്‌ സ്‌നേഹമെന്ന്‌ മാതാപിതാക്കളും, പണമാണ്‌ ജീവിത ലക്ഷ്യമെന്ന്‌ കുട്ടികളും മനസ്സിലാക്കുന്നു. നല്ല ഭക്ഷണം നല്‍കി മുന്തിയ സ്‌കൂളിലാക്കി പോക്കറ്റ്‌ മണിയും മൊബൈലും നല്‍കിയാല്‍ കടമ തീര്‍ന്നെന്ന്‌ വിചാരിക്കുന്ന മാതാപിതാക്കള്‍ ധാരാളം. പ്രത്യേകിച്ച്‌ ഗള്‍ഫ്‌ കുടുംബങ്ങള്‍. ചില മാതാപിതാക്കള്‍ക്ക്‌ ജോലിയുള്ളതിനാല്‍ വളരെ തിരക്കിലാണ്‌. കുട്ടികളെ ശ്രദ്ധിക്കാനോ അവരോട്‌ കൂട്ടുകൂടാനോ കാര്യങ്ങള്‍ ചോദിച്ചറിയാനോ അവര്‍ക്ക്‌ സമയമില്ല; കുട്ടികള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും എങ്ങനെ ഉപയോഗിക്കുന്നുവെന്നന്വേഷിക്കാന്‍ അവര്‍ക്ക്‌ നേരമില്ല. അതിലെ ശ്ലീല-അശ്ലീലതകളും സൗകര്യങ്ങളും വേര്‍തിരിച്ച്‌ കാണാന്‍ കുട്ടികള്‍ പഠിപ്പിക്കപ്പെടുന്നില്ല. അങ്ങനെ പഠിക്കാനുള്ള സന്ദര്‍ഭവുമില്ല.
കേരളീയ കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തികളും ബന്ധുക്കളും സമൂഹം തന്നെയും വലിയൊരളവോളം പരസ്‌പരം താങ്ങും തണലുമായിരുന്നു. പരസ്‌പരം സഹായവും അറിയലും പങ്കിടലും ഇന്ന്‌ നാമാവശേഷമായി. പുതിയ തലമുറയിലെ കുട്ടികള്‍ക്ക്‌ ഏത്‌ പാതയില്‍ സഞ്ചരിക്കണമെന്ന്‌ കുടുംബത്തില്‍ നിന്ന്‌ പൈതൃകമായോ മറ്റ്‌ രീതിയിലോ പഠിക്കുകയോ അതവര്‍ക്ക്‌ ബോധ്യപ്പെടുകയോ ചെയ്‌തിട്ടില്ല. പരസ്‌പരം ബന്ധങ്ങളുടെ പവിത്രതയും സാമൂഹികബ ന്ധങ്ങളും അവര്‍ക്കറിയില്ല. ധര്‍മവും അധര്‍മവും വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ച്‌ അവരെ ബോധ്യപ്പെടുത്തിയിട്ടില്ല. കുടുംബങ്ങളിലെ ധാര്‍മികതയും അന്തസ്സും വീണ്ടെടുക്കാത്തിടത്തോളവും, സദാചാരമൂല്യങ്ങളും ദൈവവിശ്വാസവും പുനഃസ്ഥാപിക്കപ്പെടാത്തിടത്തോളവും വരുംതലമുറകളെ നമുക്ക്‌ രക്ഷിച്ചെടുക്കാനാവില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top