അഫ്‌റാഅ്‌: ധീരയോദ്ധാക്കളുടെ മാതാവ്‌

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

അഫ്‌റാഅ്‌ ബിന്‍ത്‌ അബീദ്‌ ഇബ്‌നു സഅലബ വീരയോദ്ധാക്കളുടെ മാതാവ്‌ എന്ന വിശേഷണത്തിന്‌ തികച്ചും അര്‍ഹയാണ്‌. തന്റെ മൂന്ന്‌ മക്കളെയും സാഹസികരായ ഭടന്മാരായി വാര്‍ത്തെടുക്കുക എന്ന ചരിത്രദൗത്യമാണ്‌ അവര്‍ നിര്‍വ്വഹിച്ചത്‌. ബനൂനജ്ജാര്‍ ഗോത്രക്കാരനായ ഹാരിസുബ്‌നു റഫാഅയാണ്‌ അവരെ വിവാഹം കഴിച്ചത്‌. ഔഫ്‌, മുആദ്‌, മുഅവദ്‌ എന്നീ മൂന്ന്‌ സന്താനങ്ങളും ചരിത്രത്തില്‍ അഫ്‌റാഇന്റെ മക്കള്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പിതാവ്‌ ആകസ്‌മികമായി നേരത്തെ മരണപ്പെടുകയും മക്കളുടെ ചുമതലയും സംരക്ഷണ ബാധ്യതയും മാതാവ്‌ ഏറ്റെടുക്കുകയും ചെയ്‌തത്‌ കൊണ്ടാണ്‌ ആ ധീരവനിതയിലേക്ക്‌ ചേര്‍ത്ത്‌ അഫറാഇന്റെ മക്കള്‍ എന്ന്‌ വിളിക്കുന്നത്‌.
ഇസ്‌ലാം ആശ്ലേഷിച്ച അഫ്‌റാഇന്‌ അഗാധമായി വിജ്ഞാനം അഭ്യസിക്കുവാന്‍ അവസരം ലഭിച്ചു. ജീവിതത്തില്‍ താന്‍ നിര്‍വ്വഹിക്കേണ്ട യഥാര്‍ത്ഥ ദൗത്യത്തെ കുറിച്ചും സദാചാരബോധമുള്ള സമൂഹത്തിന്റെ നിര്‍മാണത്തില്‍ സ്‌ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ചും അവര്‍ നന്നായി ഗ്രഹിച്ചിരുന്നു. സമൂഹനിര്‍മാണം ആരംഭിക്കേണ്ടത്‌ ഗൃഹത്തില്‍ നിന്നാണെന്ന്‌ മനസ്സിലാക്കി സന്താനങ്ങളുടെ ശിക്ഷണ പരിപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു. അഫ്‌റാഅ്‌ സന്താനങ്ങള്‍ക്ക്‌ മൂല്യവത്തായ മതാധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കി. അഭിമാനബോധവും പൗരുഷവും ആത്മാര്‍പ്പണവും ത്യാഗസന്നദ്ധതയും അവരുടെ മനസ്സുകളില്‍ ഊട്ടിയുറപ്പിച്ചു.
അഫ്‌റാഇന്റെ മകന്‍ ഔഫ്‌ മദീനയില്‍ നിന്ന്‌ ഒന്നാമത്തെ അഖബ ഉടമ്പടിയില്‍ പങ്കെടുത്ത ആറുപേരില്‍ ഒരാളായിരുന്നു. രണ്ടാം അഖബയിലും അവന്‍ ഉണ്ടായിരുന്നു. അന്‍സാരികളില്‍ നിന്ന്‌ ജീവന്‍ കൊണ്ടും സമ്പത്ത്‌ കൊണ്ടും പ്രവാചകനെ സംരക്ഷിക്കാമെന്ന പ്രതിജ്ഞയെടുത്ത എഴുപതു പേരില്‍ അഫ്‌റാഇന്റെ മക്കളായ മുആദും മുഅവ്വദും ഉണ്ടായിരുന്നു. മുആദ്‌ രണ്ട്‌ അനാഥ കുഞ്ഞുങ്ങളുടെ സംരക്ഷണബാധ്യതയും ഏറ്റെടുത്തിരുന്നു.
വിശ്വാസവും അവിശ്വാസവും തമ്മില്‍ മാറ്റുരച്ചു ചരിത്രപ്രസിദ്ധമായ ബദര്‍യുദ്ധം അരങ്ങേറിയപ്പോള്‍ ധീരമാതാവ്‌ തന്റെ മൂന്ന്‌ മക്കളെയും യുദ്ധമുഖത്തേക്ക്‌ അയച്ചു.
യുദ്ധം രൂക്ഷമായപ്പോള്‍ ശത്രുസൈന്യം ചിതറാന്‍ തുടങ്ങി. അവരില്‍ പലരും പിന്തിരിഞ്ഞോടുകയും ഏതാനും ഖുറൈശി നേതാക്കളെ മുസ്‌ലിംകള്‍ ബന്ധികളാക്കുകയും ചെയ്‌തു. ശേഷിക്കുന്ന സൈന്യങ്ങളെയും നയിച്ച്‌ വീമ്പിളക്കി കാത്തിരിക്കുന്ന അബൂജഹ്‌ലിനെ അബ്ദുറഹ്‌മാനുബ്‌നു ഔഫ്‌ ഇടം കണ്ണിട്ട്‌ അവര്‍ക്ക്‌ കാണിച്ചുകൊടുത്തു. അഫ്‌റാളന്റെകുട്ടികള്‍ രണ്ടുപേരും ഓടിച്ചെന്ന്‌ ഒറ്റ ശരീരമായി അബൂജഹലിനെ ആഞ്ഞു വെട്ടി. ആ ധിക്കാരി രണഭൂമിയില്‍ നിലം പതിച്ചു.
അതിന്‌ ശേഷം പരമധിക്കാരിയും ഇസ്‌ലാമിന്റെ ബദ്ധവൈരിയുമായ അബൂജഹ്‌ലിനെ കൊന്ന വിവരം ഓടിച്ചെന്ന്‌ അവര്‍ പ്രവാചകനെ അറിയിച്ചു. പ്രവാചകന്‍ അവരോട്‌ ചോദിച്ചു: ``നിങ്ങളില്‍ ആരാണ്‌ അയാളെ വധിച്ചത്‌?'' ഒറ്റശ്വാസത്തില്‍ കുട്ടികള്‍ രണ്ടുപേരും കൂടി മറുപടി പറഞ്ഞു: `ഞാനാണ്‌ പ്രവാചകരെ, അയാളെ കൊന്നത്‌.' അവരുടെ തോളില്‍ തട്ടി പ്രവാചകന്‍ പറഞ്ഞു: അതെ, `നിങ്ങള്‍ രണ്ടുപേരുമാണ്‌ അയാളെ വധിച്ചത്‌.' അഫ്‌റാഇന്റെ മക്കള്‍ മുആദും ഔഫുമായിരുന്നു ഈ ബാലന്മാര്‍, കുട്ടികള്‍ക്ക്‌ ദീരതയും സാഹസികതയും പകര്‍ന്ന്‌ നല്‍കിയ അഫ്‌റാഇന്റെ ഈ ശിക്ഷണ സപര്യയിലൂടെ ചരിത്രം എന്നെന്നും അവരെ സ്‌മരിക്കും. തുടര്‍ന്ന്‌ യുദ്ധത്തില്‍ ധീരയോദ്ധാക്കളായി പടപൊരുതിയ ആ ബാലന്മാര്‍ രക്തസാക്ഷിത്വം കൊണ്ട്‌ അനുഗ്രഹീതരായി.
യുദ്ധം അവസാനിച്ച ശേഷം രക്തസാക്ഷികളെ പരിശോധിക്കാനിറങ്ങിയ പ്രവാചകന്‍ ദുഃഖപരവശനായി ആ ബാലന്മാര്‍ക്ക്‌ സമീപം നിന്നു. അദ്ദേഹം പറഞ്ഞു: ``അഫ്‌റാഇന്റെ മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ, അവര്‍ രണ്ടുപേരും ചേര്‍ന്നാണ്‌ ഈ സമൂഹത്തിലെ ഫറോവയെ വകവരുത്തിയത്‌.''
അഫ്‌റാഇന്റെ മൂന്നാമത്തെ മകനായ മുആദിന്‌ റബീഅ്‌ എന്ന്‌ പേരുള്ള ഒരു പുത്രിയുണ്ടായിരുന്നു. അവര്‍ പ്രവാചകന്റെ കൂടെ യുദ്ധം ചെയ്‌തിട്ടുണ്ട്‌.
ധീരമായ ഈ പെണ്‍കിടാവ്‌ ഒരിക്കല്‍ ബഹുദൈവാരാധകരായ സ്‌ത്രീകള്‍ക്ക്‌ സമീപം നടന്നു നീങ്ങവെ അവരിലൊരാള്‍ തന്റെ പേര്‌ ചോദിച്ചപ്പോള്‍ അവര്‍ പേര്‌ പറഞ്ഞ്‌ കൊടുത്തു. തദവസരം പരിഹാസ ഭാവത്തില്‍ അവള്‍ ചോദിച്ചുവത്രെ. യജമാനനെ (അബൂജഹ്‌ല്‍) കൊന്നവന്റെ മകളാണല്ലോ? അതിന്‌ ദൃഢചിത്തയോടെ റബീഅ്‌ മറുപടി പറഞ്ഞു: അതെ, യജമാനനല്ല, ഭൃത്യനെ കൊന്നവന്റെ മകളാണ്‌.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top