യോഗാന്തരബാഹുല്യം

കെ.വൈ.എ No image

ലൗകിക ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത തീര്‍ച്ചകളാണല്ലോ മരണവും നികുതിയും യോഗങ്ങളും. മരണം ഒരിക്കലേയുള്ളൂ. നികുതി വര്‍ഷം തോറും. യോഗങ്ങള്‍ അവിരാമം.
യോഗത്തിന്റെ ഉചിതപര്യായമാകുന്നു ദുര്യോഗം. എങ്കിലും അത്‌ അത്രകണ്ട്‌ വ്യക്തമാകണമെന്നില്ല എല്ലായ്‌പ്പോഴും.
ചിലര്‍ക്ക്‌ യോഗം ഒരു ഒഴികഴിവാണ്‌- മറ്റു ശല്യങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറാനുള്ള കാരണം. വേറെ ചിലര്‍ക്ക്‌ ഒത്തുകൂടി രസിക്കാനുള്ള ന്യായം. മൂന്നാമതൊരു കൂട്ടര്‍ക്ക്‌ ജീവിതശൈലി തന്നെ.
ഇവര്‍ തമ്മില്‍ തിരിച്ചറിയാന്‍ വഴിയുണ്ട്‌. ചെയ്‌തുകിട്ടേണ്ട എന്തെങ്കിലും കാര്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചു നോക്കുക. അത്‌ മീറ്റിങ്ങില്‍ പുട്ടപ്പ്‌ ചെയ്യാമെന്നും ഒരു കോപ്പി ഏ.ഡി.സെക്ഷനിലേക്ക്‌ ഫോര്‍വേഡ്‌ ചെയ്‌താല്‍ നന്നെന്നും മിനിസ്റ്റര്‍ ടൂര്‍ കഴിഞ്ഞെത്തിയാല്‍ വൈകാതെ ഒപ്പിടുവിക്കാമെന്നും അതിനിടക്ക്‌ ലോക്കല്‍ മെമ്പറെ കണ്ട്‌ ഓര്‍മപ്പെടുത്താന്‍ മറക്കരുതെന്നുമൊക്കെ മറുപടി കിട്ടിയാല്‍ ഉറപ്പിക്കുക, തീരുമാനത്തില്‍ നിന്ന്‌ കഴിയുന്നത്രകാലം ഒളിച്ചോടാന്‍ മോഹിക്കുന്ന ഒഴികഴിവു ടീമാണിത്‌.
എന്തുകിട്ടിയാലും പുട്ടപ്പ്‌ ചെയ്‌തുകളയുന്നവര്‍. അവര്‍ക്ക്‌ യോഗങ്ങള്‍ അഭയകേന്ദ്രങ്ങളാണ്‌. ഇനി രണ്ടാമത്തെ കൂട്ടരെയാണ്‌ സമീപിക്കുന്നതെങ്കിലോ? അവര്‍ നല്ല നോണ്‍ വെജ്‌ ഹോട്ടലിലൊരു കോണ്‍ഫറന്‍സ്‌ റൂം ബുക്ക്‌ ചെയ്യും. യോഗമെന്നു കേട്ടാല്‍ സുപ്രയാണ്‌ അവര്‍ക്ക്‌ ഓര്‍മവരിക. മൂന്നാമത്തെ വിഭാഗത്തെ കണ്ടാല്‍ സന്തോഷത്തോടെ അവര്‍ നിങ്ങളെയും നിങ്ങളുടെ പ്രശ്‌നത്തെയും വരവേല്‍ക്കും. എന്നിട്ട്‌, ഉഴുതുമറിച്ച നെല്‍പാടം പോലുള്ള എന്‍ഗേജ്‌മെന്റ്‌ ഡയറി ഭക്തിപൂര്‍വം മറിക്കാന്‍ തുടങ്ങും.
പരാതിക്കാരായ പൊതുജനത്തിനെതിരെ പരിചയായി യോഗങ്ങളെ ഉപയോഗപ്പെടുത്തുന്നവരെപ്പറ്റി പറഞ്ഞല്ലോ. കോണ്‍ഫറന്‍സില്‍ നിന്ന്‌ കോണ്‍ഫറന്‍സിലേക്കും മീറ്റിങ്ങില്‍ നിന്ന്‌ മീറ്റിങ്ങിലേക്കും ദേശാടനം ചെയ്യുന്നവരാണവര്‍. എപ്പോഴും ഓണ്‍ അദര്‍ ഡ്യൂട്ടി. മീറ്റിങ്ങില്‍ അജണ്ട എന്തു തന്നെയായാലും ആദ്യ ഇനമായി ടി.എ-ഡി.എ ബില്ലുകള്‍ പിടിച്ചുവാങ്ങി പൂരിപ്പിക്കുന്നവരെ കണ്ടിട്ടില്ലേ? അവര്‍ ഈ ജനുസ്സില്‍ പെടുന്നു.
കയറുല്‍പന്നങ്ങള്‍ക്ക്‌ വില്‍പന കുറയുന്നു എന്ന്‌ ഒരു പരാതി കിട്ടിയെന്നു വെക്കുക. ഈ കൂട്ടര്‍ കയര്‍ ബോര്‍ഡിനെക്കൊണ്ട്‌ യോഗം വിളിപ്പിക്കും. കയറുല്‍പന്ന നവീകരണത്തെപ്പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
കയറുല്‍പന്നങ്ങള്‍ക്ക്‌ വില്‍പന കൂടിയാലുമില്ലെങ്കിലും അവര്‍ യാത്രപ്പടിയും മറ്റുമായി അല്‍പം സമ്പാദിക്കും. ഇതുപയോഗിച്ച്‌ കയറുല്‍പന്നങ്ങളെന്തെങ്കിലും വാങ്ങിയാല്‍ അത്ര കണ്ട്‌ പ്രശ്‌നം പരിഹരിക്കപ്പെട്ടതായി കരുതാം. ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റ്‌ പഠിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിദേശ പര്യടനത്തിനും നിര്‍ദേശം സമര്‍പിക്കുന്നതോടെ ആ ചര്‍ച്ചകള്‍ തല്‍ക്കാലം തീരും.
ഇത്തരം യോഗങ്ങളില്‍ നിന്ന്‌ ഒരുപാട്‌ പുതിയ അറിവുകള്‍ ലഭിക്കാറുണ്ടെന്ന്‌ അനുഭവസ്ഥര്‍ പറയുന്നു. കണ്ണു തുറന്നുപിടിച്ചു തന്നെ ഉറങ്ങാന്‍ മനുഷ്യര്‍ക്കും കഴിയുമെന്ന അറിവ്‌ ഇങ്ങനെ ആര്‍ജിച്ചതാണത്രെ. ഒരു സാധാരണ പേപ്പര്‍ ക്ലിപ്പ്‌ വളച്ചും തിരിച്ചും ഇംഗ്ലീഷിലെ മിക്ക അക്ഷരങ്ങളും ഉണ്ടാക്കാനാവുമെന്ന്‌ മറ്റൊരാള്‍ മനസ്സിലാക്കിയതും ഇത്തരം യോഗത്തില്‍ വെച്ചാണ്‌.
വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ വലിയ സൗകര്യമാണ്‌ ചിലര്‍ക്ക്‌. യോഗം ചേരാന്‍ പറ്റിയ കാരണം. ചകിരിയുടെ രാജ്യാന്തര ഡിമാന്റ്‌ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ ചായയും ബിസ്‌കറ്റും വാങ്ങാം. അതിലപ്പുറം ചേര്‍ച്ചയില്ലാതാവും. എന്നാല്‍ ഹയര്‍ എജുക്കേഷന്‍ മേഖലയില്‍ ക്രിട്ടിക്കല്‍ പെഡഗോഗിയുടെ സാംഗത്യമെന്നൊക്കെയാകുമ്പോള്‍ ഒരു ചിക്കന്‍ 65 ഏറ്റവും കുറഞ്ഞ രംഗവിധാനമാണ്‌. അതിന്റെ അപാരസാധ്യതകള്‍ ഗള്‍ഫ്‌ വിഭവങ്ങളോളം നീളാം.
അങ്ങനെയൊരു യോഗത്തില്‍ ചൂടുപിടിച്ച വാഗ്വാദവും ചര്‍ച്ചയും നടക്കുന്നു. പ്രതിനിധികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്‌. കുറെയാളുകള്‍ അധ്യക്ഷനെ പൊതിഞ്ഞു നിന്ന്‌ കുശുകുശുക്കുന്നുണ്ട്‌.
വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മുഴുവന്‍ തീര്‍ത്തിട്ടേ അവിടം വിടൂ എന്ന്‌ വാശിയുള്ളതുപോലെ. ഒരുപാടു സമയമങ്ങനെ കഴിഞ്ഞു. ഒടുവില്‍ രംഗം പതുക്കെ പതുക്കെ ശാന്തമായി. പ്രാര്‍ത്ഥനയോടെ യോഗം പിരിഞ്ഞു.
ഹയര്‍ എജുക്കേഷനില്‍ ക്രിട്ടിക്കല്‍ പെഡഗോഗി തീരുമാനമായോ എന്നാരാഞ്ഞപ്പോഴാണ്‌ അറിയുന്നത്‌, ആദ്യത്തെ അഞ്ചുമിനുട്ടുകൊണ്ട്‌ അക്കാര്യം ശരിപ്പെടുത്തിയെന്ന്‌. വിഷയം പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഒരു ഉപസമിതിയെ വെച്ചിട്ടുണ്ടത്രെ.
പിന്നെ ഈ ചര്‍ച്ചകളൊക്കെ?
അടുത്ത യോഗത്തിന്‌ ചൈനീസ്‌ വിഭവങ്ങള്‍ ആക്കിയാലോ എന്ന നിര്‍ദേശത്തെപ്പറ്റിയായിരുന്നു അത്‌. കടുത്ത അഭിപ്രായഭിന്നത ഉണ്ടായിരുന്നെങ്കിലും ജനാധിപത്യപരമായിത്തന്നെ തീരുമാനമെടുത്തു.
എങ്ങനെ?
എല്ലാവര്‍ക്കും പറയാനുള്ളത്‌ പറഞ്ഞു തീര്‍ക്കാന്‍ അവസരം കൊടുത്തു. ഒടുവില്‍ തീരുമാനം നേതാവിനു വിട്ടുകൊടുത്തു. ഇനി പാചക വിദഗ്‌ധരുമായി കൂടിയാലോചിച്ച്‌ അദ്ദേഹം തക്കസമയത്ത്‌ ഉചിതമായ തീരുമാനമെടുക്കും.
മിക്കവാറും അത്‌ ചൈനീസാകും. ചിക്കന്‍ ബിരിയാണി പലര്‍ക്കും മടുത്തു തുടങ്ങിയിട്ടുണ്ടത്രെ.
അജണ്ടയില്‍ മറ്റെന്തെങ്കിലും ഇനങ്ങള്‍?
എഴുതിവെച്ച അജണ്ട മുഴുവന്‍ തീര്‍ന്നാല്‍ പിന്നെ അധ്യക്ഷന്റെ അനുമതിയോടെ മറ്റിനങ്ങള്‍ എടുക്കും. മിക്കവാറും അത്‌ പഴംപൊരി തന്നെയാകും. ചിലപ്പോള്‍ വടയും.
യോഗം തന്നെ ജീവിതം എന്നു തീരുമാനിച്ചവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക്‌ ഒരിക്കലും മടുപ്പുണ്ടാകില്ല. യോഗത്തില്‍ നിന്ന്‌ യോഗത്തിലേക്കും അവിടെ നിന്ന്‌ അടുത്ത യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനുള്ള യോഗത്തിലേക്കും അവരങ്ങനെ മുന്നേറിക്കൊണ്ടിരിക്കും.
ബന്ദുകള്‍ വരുമ്പോഴാണ്‌ അവര്‍ നിസ്സഹായരാവുക. ചുരുങ്ങിയത്‌ ഒന്നര ഡസന്‍ യോഗങ്ങളെങ്കിലും ഒറ്റ ബന്ദില്‍ ഒലിച്ചുപോകും. എന്നാലും കാര്യമില്ലാതില്ല. ഇത്തരം സാഹചര്യത്തില്‍ അവര്‍ എന്‍ഗേജ്‌മെന്റ്‌ ഡയറികള്‍ നോക്കി നിസ്സഹായരായി ഇരിക്കുകയൊന്നുമില്ല. ബന്ദ്‌ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന്‌ ആലോചിക്കാന്‍ യോഗങ്ങള്‍ വേറെചേരും.
ഇങ്ങനെ യോഗം തോറും നടന്നു ക്ഷീണിച്ച ഒരാള്‍ ഒടുവിലൊരു പരാതി കുറിച്ചു. യോഗാന്തരബാഹുല്യം മൂലം മറ്റു ജോലികളൊന്നും നിര്‍വഹിക്കാനാവുന്നില്ല, രക്ഷിക്കണം.
ഉടനെ വന്നു മറുകുറി. കുറിപ്പ്‌ കിട്ടി. അതേപ്പറ്റി ആലോചിക്കാന്‍ ഇന്ന്‌ വൈകീട്ട്‌ മൂന്നു മണിക്ക്‌ യോഗം ചേരുന്നുണ്ട്‌. കൃത്യസമയത്ത്‌ പങ്കെടുക്കുമല്ലോ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top