ലാറ്റിനമേരിക്കന്‍ പ്രക്ഷേഭവീര്യം

വി.പി.എ അസീസ്‌ No image

ലോകത്തെ അടിമുടി വരുതിയില്‍ നിര്‍ത്താനുള്ള തീവ്രശ്രമം തുടരുകയാണ്‌ ബഹുരാഷ്‌ട്ര ഭീമന്മാരും മുതലാളിത്ത സാമ്രാജ്യത്വ ശക്തികളും. മറുവശത്ത്‌ ഇതിനെതിരായ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും ലോക വ്യാപകമായി ശക്തിപ്പെടുകയും ചെയ്യുന്നു. അറബ്‌ വസന്തം, മുല്ലപ്പൂ വിപ്ലവം, വാള്‍സ്‌ട്രീറ്റ്‌ കയ്യടക്കല്‍ തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കി ഈ സമരങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ ആവേശം പകരുന്നു. ലാറ്റിനമേരിക്കന്‍ വന്‍കരയിലെ പ്രമുഖ രാജ്യമായ ചിലിയിലും ഇത്തരമൊരു ജനകീയപ്രക്ഷോഭം അരങ്ങേറിക്കൊണ്ടിരിക്കുന്നു. ചിലിയന്‍ ഹേമന്തം എന്നറിയപ്പെടുന്ന ഈ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്നത്‌ കാമില വലെജോ ഡൗളിംഗ്‌ എന്ന 23 കാരിയാണ്‌.
വിദ്യാഭ്യാസത്തെ വില്‍പനച്ചരക്കാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സഹപാഠികളെ സംഘടിപ്പിച്ച്‌ സമരരംഗത്തിറങ്ങിയ കാമില ആറുമാസം മുമ്പ്‌ ചിലിയന്‍ സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും നേതാവായി. പഠനച്ചെലവ്‌ ചുരുക്കുക, വിദ്യാഭ്യാസത്തെ ബിസിനസാക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുക, സര്‍ക്കാര്‍ കലാലയങ്ങളില്‍ പഠനസൗകര്യങ്ങള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കാമില തുടക്കമിട്ട സമരം ഇപ്പോള്‍ ദേശീയ പ്രക്ഷോഭത്തിന്റെ രൂപം കൈവരിച്ചു കഴിഞ്ഞു. രാജ്യത്തെ ഭരണഘടന തന്നെ മാറ്റിയെഴുതണമെന്ന ആവശ്യമാണിപ്പോള്‍ പ്രക്ഷോഭ മുഖത്തു നിന്ന്‌ ഉയരുന്ന പ്രധാന മുദ്രാവാക്യം.
പ്രക്ഷോഭത്തെ അടിച്ചൊതുക്കാമെന്ന വ്യാമോഹമായിരുന്നു ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ചത്‌. `കാമിലയെ വധിക്കുക' എന്ന സന്ദേശം പോലും ടിറ്റര്‍ വഴി രാജ്യത്ത്‌ പ്രചരിക്കപ്പെട്ടു. ട്വിറ്ററില്‍ ഈ സന്ദേശമയച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥ തത്യാനയുടെ സ്ഥാനം തെറിപ്പിച്ചുകൊണ്ടാണ്‌ കാമില ഈ ഹീനശ്രമത്തെ മറികടന്നത്‌. കാമിലയെ വധിച്ചാല്‍ പ്രക്ഷോഭശല്യം അവസാനിക്കുമെന്ന കണക്കുകള്‍ പിഴച്ചതാണ്‌ അല്ലറചില്ലറ പരിഷ്‌കരണ മോമ്പൊടികള്‍ക്ക്‌ സര്‍ക്കാര്‍ സന്നദ്ധമായതെങ്കിലും പ്രക്ഷോഭകര്‍ അത്‌ നിരാകരിക്കുകയായിരുന്നു. കാമിലയുടെ ജീവനുനേരെ വീണ്ടും ഭീഷണി വര്‍ധിച്ചപ്പോള്‍ പോലീസ്‌ സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ്‌ നടപ്പാക്കാനും ഭരണകൂടം നിര്‍ബന്ധിതരായി.
കാമിലയുടെ പ്രക്ഷോഭത്തിനു പിന്തുണയായി ട്രേഡ്‌ യൂണിയനുകളും മറ്റുമായി എണ്‍പതിലേറെ സംഘടനകളാണിപ്പോള്‍ രംഗത്തുള്ളത്‌. ഗായകരും കലാകാരന്മാരുമുള്‍പ്പെടെ സാംസ്‌കാരിക നേതാക്കളും ഈ പ്രക്ഷോഭസമരവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അയല്‍ദേശങ്ങളായ ബൊളീവിയയിലും ബ്രസീലിലും കാമിലയുടെ പ്രക്ഷോഭം അലയടികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ബൊളീവിയന്‍ വൈസ്‌പ്രസിഡണ്ട്‌ ഗാര്‍സിയാ ലിനേറ ഒരു വിദ്യാര്‍ഥിസമ്മേളനത്തില്‍ നടത്തിയ ആഹ്വാനം ശ്രദ്ധേയമായിരുന്നു. `നിങ്ങള്‍ ചിലിയിലെ കാമിലയെ കണ്ടുപഠിക്കുക. അസമത്വവും അഴിമതിയും ഇല്ലാതാക്കാന്‍ കാമില നടത്തുന്ന സമരങ്ങള്‍ നിങ്ങള്‍ക്ക്‌ മാതൃകയാകട്ടെ.' ഇതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
കാമിലയേയും കൂട്ടരെയും നേരിടാന്‍ പോലീസും ചിലപ്പോള്‍ പട്ടാളക്കാര്‍ വരെ രംഗത്തിറങ്ങി. കണ്ണീര്‍ വാതകം മുതല്‍ ജലപീരങ്കി വരെ പ്രയോഗിക്കപ്പെട്ടു. നിരവധി തവണ കാമിലക്ക്‌ ലാത്തിയടിയേറ്റു. എന്നാല്‍ കാമില സംയമനം വിടാതെ പറഞ്ഞു: ``ഞങ്ങള്‍ അക്രമം ആഗ്രഹിക്കുന്നില്ല. പോലീസിനെതിരെയല്ല ഈ സമരം. സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ക്കാനും ഞങ്ങള്‍ക്ക്‌ ഉദ്ദേശ്യമില്ല. വിദ്യാഭ്യാസം സര്‍വരുടെയും അവകാശമാണ്‌. ആ അവകാശം അനുവദിച്ചു കിട്ടുന്നതിനാണ്‌ ഞങ്ങള്‍ സമരപാതയില്‍ ഇറങ്ങിയിരിക്കുന്നത്‌.''
സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരായ കാമിലയുടെ നിലപാടുകൂടി ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നു. ഒടുവില്‍ പ്രക്ഷോഭകരുമായി നേരിട്ട്‌ മൂന്ന്‌ മണിക്കൂര്‍ സംഭാഷണം നടത്താന്‍ പ്രസിഡണ്ട്‌ പിനേര സന്നദ്ധനാവുകയുണ്ടായി.
ചിലിയില്‍ പിനോഷെ എന്ന ക്രൂരനായ ഏകാധിപതിക്കെതിരെ പ്രക്ഷോഭപാതയിലേക്കിറങ്ങിയ റെയ്‌നാള്‍ഡേ- മാരിയാനോ എന്നീ ദമ്പതികളുടെ പതിപ്പാണ്‌ ഈ ഭൂമിശാസ്‌ത്ര വിദ്യാര്‍ഥിനി. കമ്മ്യൂണിസ്റ്റ്‌ യുവജനസംഘത്തിലംഗമായ കാമില സംഘാടക, പ്രസംഗക എന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തേ തന്നെ പേരെടുത്തിരുന്നു.
കവിതയും പോരാട്ടവും തമ്മില്‍ ഗാഢസൗഹൃദമാണുള്ളതെന്ന്‌്‌ സ്വന്തം ജീവിതം കൊണ്ട്‌ അടയാളപ്പെടുത്തിയ കവി പാബ്ലോ നെരൂദക്ക്‌ ജന്മം നല്‍കിയ ചിലിയില്‍ നിന്ന്‌ കാമിലയെ പോലുള്ള വീറുറ്റ സമരനായിക രംഗപ്രവേശം ചെയ്‌തതില്‍ അതിശയോക്തിയില്ല. നീതിയും സമത്വവും പുലരുന്ന ലോകം സ്വപ്‌നം കാണുന്നവര്‍ക്കു വേണ്ടിയാണ്‌ `കമാന്‍ഡര്‍' എന്ന ഓമനപ്പേരു വീണ ഈ യുവതിയുടെ പോരാട്ടം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top