അവരും വളരട്ടെ നിറമുള്ള സ്വപ്‌നങ്ങളിലൂടെ

സീനത്ത്‌ ചെറുകോട്‌ No image

ജീവിതത്തിലെ ഏറ്റവും വലിയ താങ്ങ്‌ - പിതാവ്‌ നഷ്ടപ്പെട്ടവരാണ്‌ അനാഥകള്‍. ജീവിതത്തിന്റെ വഴികളില്‍ പതറി നില്‍ക്കുന്നവരാണവര്‍. അവര്‍ക്ക്‌ താങ്ങാവുന്നവര്‍ സ്വര്‍ഗത്തിനവകാശികളാണ്‌. ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത്‌ പിടിച്ച്‌ ഞാനും അനാഥസംരക്ഷകനും സ്വര്‍ഗത്തില്‍ ഇതുപോലെ ചേര്‍ന്നിരിക്കുമെന്ന്‌ ഉപമിച്ചത്‌ അനാഥത്വത്തിന്റെ വേദനയനുഭവിച്ച പ്രവാചകനാണ്‌.
കേവലാചാരങ്ങളെ പ്രകടനാത്മകതകളെയും നിരാകരിക്കുന്ന ദര്‍ശനമാണ്‌ ഇസ്‌ലാം. മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടുവോ എന്ന വേദഗ്രന്ഥത്തിന്റെ ഉള്ളുലക്കുന്ന ചോദ്യത്തിന്റെ ഉത്തരം അനാഥകളെ ആട്ടിയകറ്റിയവനാണവന്‍ എന്നാണ്‌. അഗതിക്കാഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. അനാഥനെ ആദരിക്കാത്തവനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌ ഖുര്‍ആന്‍. പശ്ചിമ ദിക്കിലേക്കോ പൂര്‍വ ദിക്കിലേക്കോ മുഖം തിരിക്കലല്ല പുണ്യം. മറിച്ച്‌ അനാഥക്ക്‌, അഗതിക്ക്‌, കഷ്ടപ്പെടുന്ന ഒരുപാടാളുകള്‍ക്ക്‌ വേണ്ടി ചെലവഴിക്കേണ്ടതാണെന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിച്ചത്‌.
അനാഥനോട്‌ നന്നായി വര്‍ത്തിക്കുന്ന ഗൃഹമാണ്‌ മുസ്‌ലിം ഗൃഹങ്ങളില്‍ ഏറ്റവും ഉത്തമമെന്നും അവരോട്‌ മോശമായി പെരുമാറുന്ന ഗൃഹമാണ്‌ ഗൃഹങ്ങളില്‍ വെച്ചേറ്റവും മോശമെന്നും പ്രവാചകന്‍ പഠിപ്പിക്കുമ്പോള്‍ തങ്ങളുടെ ജീവിതത്തിന്റെ നന്മകളോട്‌ അനാഥരെ ചേര്‍ത്തു നിര്‍ത്തുന്ന കാരുണ്യത്തിന്റെ സംസ്‌കാരമാണ്‌ നാം പകര്‍ന്നെടുക്കുന്നത്‌.
എന്റെ ഹൃദയം കടുത്തുപോയി പ്രവാചകരെ എന്ന്‌ പറഞ്ഞ്‌ പരിഹാരത്തിന്റെ വാക്കുകള്‍ക്ക്‌ വേണ്ടി കാത്തുനില്‍ക്കുന്ന ശിഷ്യനോട്‌ നീ അനാഥക്കുട്ടിയുടെ തലയില്‍ സ്‌നേഹപൂര്‍വ്വം തടവുക, അഗതിക്ക്‌ ആഹാരം കൊടുക്കുക നിന്റെ ഹൃദയം അലിവുള്ളതാകുമെന്ന്‌ പറയുന്ന പ്രവാചകനെ കാണാം.
ഒരാള്‍ മരിച്ച്‌ മക്കള്‍ അനാഥരാകുമ്പോള്‍ അവരെയും അയാളുടെ വിധവയെയും സംരക്ഷിക്കേണ്ടത്‌ കുടുംബത്തില്‍ പെട്ട ആളുകള്‍ തന്നെയാണ്‌. ആഹാരവും വസ്‌ത്രവും മാത്രമല്ല സംരക്ഷണം. അവരെ ശരിയിലേക്കും ഉയര്‍ന്ന വ്യക്തത്വത്തിലേക്കും നയിക്കുന്ന ഇടപെടലുകള്‍ കൂടിയാണത്‌. യതീമിന്റെ സമ്പത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രതപുലര്‍ത്താന്‍ ഖുര്‍ആന്‍ പറയുന്നു. നിരുത്തരവാദപരമായി അത്‌ കൈകാര്യം ചെയ്യാന്‍ പാടില്ല. അന്യായമായി യതീമിന്റെ സമ്പത്ത്‌ ആഹരിക്കുന്നവന്റെ വയറ്റില്‍ തീയാണ്‌ നിറക്കുന്നത്‌ എന്നാണ്‌ ഖുര്‍ആന്‍ നല്‍കുന്ന താക്കീത്‌. നല്ല നിലയില്‍ കൈകാര്യം ചെയ്‌ത്‌, സമ്പത്ത്‌ കൈകാര്യം ചെയ്യാനുള്ള വിവേകമെത്തുമ്പോള്‍ അവര്‍ക്ക്‌ തിരിച്ചേല്‍പ്പിക്കുകയാണ്‌ വേണ്ടത്‌. സകാത്തിന്റെയും സ്വദഖയുടെയും അവകാശികളില്‍ ഒരു വിഭാഗം അനാഥരാണ്‌. സമ്പത്ത്‌ ചെലവഴിക്കാന്‍ പറയുന്ന ഘട്ടങ്ങളിലൊക്കെ അതിന്റെ ഗുണഭോക്താക്കളായി അനാഥരെ ഖുര്‍ആന്‍ എടുത്തുപറയുന്നു. ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം കൈകാര്യം ചെയ്യുന്ന ഖുര്‍ആന്‍ ആയത്തിന്‌ അനാഥ സംരക്ഷണത്തിന്റെ പശ്ചാത്തലമുണ്ടെന്ന്‌ ചിന്തിക്കേണ്ടതാണ്‌. (ഖു:4:5)
സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷണം വളരെ സന്തോഷത്തോടെ ചെയ്യുന്ന നാം കുടുംബത്തിലോ അയല്‍പക്കത്തോ ഉണ്ടാകുന്ന യതീമുകളുടെ കാര്യത്തില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഏതെങ്കിലും ഒരനാഥാലയത്തിലേക്കുള്ള അഡ്‌മിഷന്‍ ഫോറം പൂരിപ്പിച്ചുകൊടുക്കുന്നതോടെ എല്ലാ ബാധ്യതകളും തീര്‍ന്നു എന്ന്‌ ചിന്തിക്കരുത്‌.
അനാഥാലയങ്ങള്‍ അനാഥസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരുപാട്‌ സേവനങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. യതീംഖാനകളിലേക്കു സംഭാവനകള്‍ നല്‍കുന്ന കാര്യത്തില്‍ സമുദായം ഒരുപടി മുന്നിലാണ്‌ താനും. അതുകൊണ്ടു തന്നെ വീഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ കാര്യത്തിലോ മറ്റു ഭൗതികസൗകര്യങ്ങളുടെ കാര്യത്തിലോ അവിടെയുള്ള കുട്ടികള്‍ക്ക്‌ ഇക്കാലത്ത്‌ ഒരു കുറവും ഉണ്ടാകാന്‍ സാധ്യതയില്ല. അതൊക്കെ ഈ സമൂഹത്തിന്റെ നന്മയുടെ അടയാളങ്ങള്‍ തന്നെയാണ്‌.
എന്നാല്‍ യതീമുകളുടെ സംരക്ഷണം എന്നത്‌ യതീംഖാനയുടെ പടികയറ്റി വിടലാണ്‌ എന്ന ധാരണ നാം തിരുത്തേണ്ടതുണ്ട്‌. അതൊരു പറിച്ചുമാറ്റലിന്റെ വേദനിപ്പിക്കുന്ന ഇടമാണ്‌. താങ്ങും തണലുമായ ബാപ്പയുടെ വേര്‍പാടിന്റെയും ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും കണ്ണീര്‍ വീണ്‌ മനസ്സു കലങ്ങിയവന്റെ രണ്ടാമത്തെ മനസ്സുകലക്കം.
ഒരു കുട്ടിയുടെ വളര്‍ച്ചയുടെയും മാനസിക വികാസത്തിന്റെയും വ്യക്തിത്വ രൂപീകരണത്തിന്റെയും കാലത്ത്‌ അവനേറ്റവും കൂടുതല്‍ വേണ്ടത്‌ ഉമ്മയുടെ സാന്നിധ്യമാണ്‌. പിതാവ്‌ നഷ്ടപ്പെട്ട കുട്ടിയുടെ മനസ്സ്‌ പ്രത്യേകമായ ഒരു തലത്തിലാണ്‌ നില്‍ക്കുന്നത്‌. ആശങ്കയും, ആധിയും, ഭാവിയെപ്പറ്റിയുള്ള ആകുലതകളും അവന്‌ കൂടുതലായിരിക്കും. ഉമ്മയുടെ സങ്കടവും വേദനയും അവനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടാവും. അത്തരമൊരു ഘട്ടത്തില്‍ ഉമ്മയില്‍ നിന്നും കൂടപ്പിറപ്പുകളില്‍ നിന്നുമുള്ള അകല്‍ച്ച അവന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായും ഇത്തരം കുട്ടികളില്‍ പിന്നീട്‌ ആത്മവിശ്വാസക്കുറവ്‌, ഭീതി, ഉത്‌കണ്‌ഠ, പെട്ടെന്ന്‌ ദേഷ്യപ്പെടുന്ന സ്വഭാവം തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അവന്റെ ജീവിതത്തിലുടനീളം അവന്‍ അനുഭവിച്ചുതീര്‍ക്കേണ്ട പ്രശ്‌നങ്ങളാണിത്‌.
ജനിച്ചു വളര്‍ന്ന നാടുമായുള്ള അകല്‍ച്ചയാണ്‌ മറ്റൊരു പ്രശ്‌നം. പഠനം കഴിഞ്ഞ്‌ തിരിച്ചു വരുമ്പോള്‍ അപരിചിതത്വത്തിന്റെ വലിയ മറ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവും. നാടറിയാതെ നാട്ടുകാരെ അറിയാതെ സമപ്രായക്കാരുമായി സൗഹൃദത്തിന്റെ ആഴങ്ങളില്ലാതെ, അവന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകുകള്‍ നല്‍കേണ്ട, അവന്റെ മണ്ണും ആകാശവും അന്യമായി തീരുന്ന ജീവിതത്തിലെ വലിയ നഷ്ടങ്ങളായിരിക്കും അത്‌. അതിനേക്കാള്‍ വലിയ ദുരന്തം യതീംഖാനകളിലും മറ്റും (ഹോസ്റ്റലുകളിലും) നന്നേ ചെറുപ്പത്തില്‍ തന്നെ എത്തിപ്പെടുന്ന കുട്ടികളില്‍ കണ്ടു വരുന്ന ബന്ധങ്ങളുടെ അകല്‍ച്ചയാണ്‌. ഉമ്മയോടോ സഹോദരങ്ങളോടോ അടുത്ത ബന്ധുക്കളോടോ ആഴമുള്ള സ്‌നേഹം സൂക്ഷിക്കാന്‍ ഇവര്‍ക്കാവുന്നില്ല എന്നത്‌ നിസ്സാര കാര്യമല്ല. ബന്ധങ്ങളുടെ ആഴം വെറുതെ ഉണ്ടാവുന്ന ഒന്നല്ല. ഒന്നിച്ചു ജീവിക്കുമ്പോള്‍, ഒന്നിച്ച്‌ ആഹാരം കഴിക്കുമ്പോള്‍, ഒന്നിച്ചു സന്തോഷിക്കുയും ദുഃഖിക്കുകയും ചെയ്യുമ്പോള്‍ കിട്ടുന്നതാണത്‌.
മനഃശാസ്‌ത്രപരമായ സമീപനം ഒട്ടും ഇല്ലാത്തവരായിരിക്കും ഇത്തരം സ്ഥാപനങ്ങളിലെ വാര്‍ഡന്മാര്‍ എന്നതും പ്രശ്‌നം തന്നെയാണ്‌. നിസ്സാരകാര്യങ്ങള്‍ക്ക്‌ പോലും കഠിനമായി ശിക്ഷിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ കുട്ടികളുടെ ആത്മവിശ്വാസം കുറയുന്നു.
ഒരു തലോടല്‍, സ്‌നേഹത്തിന്റെ നനുത്ത സ്‌പര്‍ശം, ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍ കിട്ടുന്ന സുരക്ഷിതത്വം ആത്മവിശ്വാസത്തോടെ വളരാന്‍ ഏതൊരു കുട്ടിക്കും ഇതൊക്കെ വേണം. രാവിലെ എണീക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ എത്ര അനാഥക്കുട്ടികള്‍ക്ക്‌ എത്ര അനാഥാലയങ്ങളില്‍ ഇതൊക്കെ കിട്ടും? വളര്‍ന്നു വരുമ്പോള്‍ സമൂഹത്തോടുള്ള ഇവരുടെ മാനോഭാവം എന്തായിരിക്കും? മറ്റു കുട്ടികളെപ്പോലെ ഭാവിയെപറ്റി നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ ഇവര്‍ക്കാകുമോ? നമ്മുടെ കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും ഉല്ലസിച്ചും നാം ജീവിക്കുമ്പോള്‍ ഈ മക്കളെക്കുറിച്ചും ചിന്തിക്കാന്‍ കഴിയണം.
അനാഥര്‍ക്ക്‌ അവരുടെ വീടുകളില്‍ അവരുടെ ഉമ്മമാരോടും സഹോദരങ്ങളോടുമൊപ്പം മാന്യമായ സംവിധാനങ്ങളാണ്‌ വേണ്ടത്‌. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇത്തരം സംവിധാനങ്ങള്‍ ഏറിവരുന്നത്‌ ആശാവഹമാണ്‌. കുടുംബത്തിലെ സാമ്പത്തിക ശേഷിയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും മഹല്ലുകള്‍ ഗൗരവമായി ഇത്തരം പ്രശ്‌നത്തെ സമീപിക്കുകയും ചെയ്‌താല്‍ ഒരു പരിധിവരെ പരിഹാരമാവും.
ആയിരക്കണക്കിന്‌ കുട്ടികള്‍ക്ക്‌ താമസിക്കാനും പഠിക്കാനുമുള്ള സൗകര്യങ്ങളോട്‌ കൂടി അനാഥാലയങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്‌. ആ സൗകര്യങ്ങള്‍ മുഴുവന്‍ നശിച്ചു പോവുകയല്ല വേണ്ടത്‌. പൂര്‍ണ്ണമായും അനാഥരായ, മഹല്ലുകള്‍ക്കോ കുടുംബത്തിനോ സുരക്ഷിതമായി സംരക്ഷിക്കാനാവാത്ത കുട്ടികള്‍ അവിടെ എത്തണം. അവരുടെ വീടായി വീടിന്റെ എല്ലാ അന്തരീക്ഷവുമുള്ള കൃത്രിമത്വവും പ്രകടനപരതയുമില്ലാത്ത ഇടമായി അവ മാറണം. സ്വന്തം ഉമ്മമാരെപ്പോലെയും ഉപ്പമാരെപ്പോലെയും കുട്ടികളോട്‌ പെരുമാറുന്ന സ്‌നേഹമുള്ള നൂറുശതമാനവും സന്നദ്ധതയുള്ള വാര്‍ഡന്‍മാരെ നിയമിക്കണം. കുട്ടികളുമായി കമ്മിറ്റി അംഗങ്ങള്‍ സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ തുറന്ന്‌ പറയാനുള്ള വേദികള്‍ ഉണ്ടാക്കുകയും വേണം. അനാഥരെ നോക്കുന്ന അര്‍പ്പിത മനസ്‌ക്കരുണ്ടെന്നത്‌ സന്തോഷകരമാണ്‌. പത്താം ക്ലാസ്സിന്‌ ശേഷം വേണമെങ്കില്‍ ഉപരിപഠത്തിന്‌ വേണ്ടി സ്വന്തം വീടുകളില്‍ കുടുംബത്തോടൊപ്പം കഴിയുന്ന കുട്ടികളെ അനാഥാലയങ്ങളിലേക്കയക്കാം. പത്താക്ലാസിന്‌ ശേഷം കുട്ടികളെ അഡ്‌മിറ്റ്‌ ചെയ്യാനുള്ള വിമുഖത ഇത്തരം സ്ഥാപനങ്ങള്‍ മാറ്റണം.
അനാഥത്വമെന്നത്‌ പൊടുന്നനെ ആര്‍ക്കും വരാം. അപകടങ്ങള്‍ പെരുകുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. പക്ഷേ, ഒരനാഥനും ഇസ്‌ലാമിക ദര്‍ശനത്തിന്റെ മഹാ കാരുണ്യത്തില്‍ ഒറ്റക്കല്ല. അല്ലാഹുവിന്റെ ഇഷ്ടം പ്രതീക്ഷിച്ച്‌ ഒരാള്‍ അനാഥനെ തലോടിയാല്‍ അയാളുടെ കരം സ്‌പര്‍ശിച്ച ഓരോ രോമത്തിനു പകരവും അയാളുടെ പേരില്‍ നന്മ എഴുതപ്പെടുന്നു എന്നും തന്റെ ആഹാരത്തില്‍ ഒരനാഥനെക്കൂടി ഉള്‍പ്പെടുത്തുന്ന ആള്‍ക്ക്‌ സ്വര്‍ഗം നിര്‍ബന്ധമാണെന്നും പ്രവാചകന്‍ പഠിപ്പിക്കുമ്പോള്‍ പൂത്തും തളിര്‍ത്തും നിറമുള്ള സ്വപ്‌നങ്ങളിലൂടെ അനാഥന്റെ ജീവിതവഴി തുറക്കപ്പെടുകയാണ്‌. സ്വര്‍ഗം കൊതിക്കുന്ന നമ്മുടെ മനസ്സുകള്‍ ആര്‍ദ്രമാവാനുള്ള വഴിയും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top