ആരാണ് വിജയം വരിക്കുന്നവര്‍?

പി.എ സമീന No image

ആരാണ് വിജയിക്കാന്‍ കൊതിക്കാത്തത്? എഴുതുന്ന പരീക്ഷകളെല്ലാം വിജയിക്കണം എന്നാണ് വിദ്യാര്‍ഥിയുടെ ആഗ്രഹം. ഇരുലോകത്തും വിജയിക്കണം എന്നാണ് വിശ്വാസിയുടെ മോഹം. ലോകനാഥന്റെ പരിശുദ്ധ വചനങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്ന 'സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയികള്‍' എന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
''മുഹാജിറുകള്‍ എത്തുന്നതിന് മുമ്പേ സത്യവിശ്വാസികളായിക്കൊണ്ട് മദീനയില്‍ വസിച്ചിരുന്നവര്‍ക്ക് കൂടി ഉള്ളതത്രെ (ഈ സമ്പത്ത്). അവര്‍ തങ്ങളിലേക്ക് പലായനം ചെയ്തെത്തിയവരെ സ്‌നേഹിക്കുന്നവരാകുന്നു. മുഹാജിറുകള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍ ഇവരുടെ മനസ്സില്‍ യാതൊരു ആഗ്രഹവും ഇല്ല. തങ്ങള്‍ക്ക് തന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ തങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍'' (അല്‍ഹശ്ര്‍ 59:9)
മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത് 4 വര്‍ഷമാവുമ്പോള്‍ ബനൂനദീര്‍ എന്ന ഗോത്രം വസിച്ചിരുന്ന പ്രദേശം മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുണ്ടായി. ഇസ്‌ലാമിക രാഷ്ട്രത്തിന് ആദ്യമായി വന്നുചേര്‍ന്ന ഭൂപ്രദേശം മുന്നില്‍വെച്ചുകൊണ്ടാണ് അതിന്റെ അവകാശികളെയും അവരുടെ പ്രത്യേകതകളെയും അല്ലാഹു പരാമര്‍ശിക്കുന്നത്.
മക്കയില്‍നിന്ന് കഠിനമായ പീഡനങ്ങള്‍ നേരിട്ട വിശ്വാസി സമൂഹം (ഹിജ്‌റ) പലായനം ചെയ്ത് മദീനയില്‍ എത്തുമ്പോള്‍ അല്ലാഹുവിന്റെ റസൂലിനെയും അദ്ദേഹത്തോടൊപ്പം മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ മുഹാജിറുകളെയും സ്വീകരിക്കാന്‍ മദീന അണിഞ്ഞൊരുങ്ങിയിരുന്നു. ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കാന്‍ നേരത്തേ തന്നെ മുഹമ്മദ് (സ) മിസ്അബുബ്‌നു ഉമൈറി (റ)നെയും ഉമ്മി മക്തൂമി(റ)നെയും മദീനയിലേക്ക് അയച്ചിട്ടുണ്ടായിരുന്നു.
അന്‍സാറുകളുടെ മനസ്സിന്റെ സൗന്ദര്യം വര്‍ണനകള്‍ക്കപ്പുറമാണ്. സ്‌നേഹത്തിന്റെ മണിമുത്ത് നിറഞ്ഞ ഖല്‍ബില്‍നിന്നും ത്യാഗത്തിന്റെ പവിഴ മഴ പെയ്തു. ഒന്നുമില്ലാതെ ഒഴിഞ്ഞ കൈകളുമായി വന്ന മുഹാജിറുകളെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹൃദയത്തില്‍ മധുനിറഞ്ഞ പൂക്കളെപ്പോലെ അന്‍സാറുകള്‍ മുഹാജിറുകള്‍ക്കായി മദീനയില്‍ വസന്തമൊരുക്കി. തേനൂറുന്ന സ്‌നേഹത്താല്‍ മദോന്മത്തരായി മുഹാജിറുകളെ സഹായിക്കാന്‍ പാഞ്ഞുനടന്ന ആ പുതുവിശ്വാസികളായ മദീനക്കാരെ ലോകം അതിശയത്തോടെ 'അന്‍സാറുല്ലാഹ്' അഥവാ അല്ലാഹുവിന്റെ സഹായികള്‍ എന്ന് വിളിച്ചു.
സത്യം അംഗീകരിക്കാന്‍ യാതൊരു മടിയുമില്ലാത്ത അന്‍സാറുകളുടെ പ്രകൃതം തുറന്ന മനസ്സോടെ ഇസ്‌ലാമിനെ നെഞ്ചേറ്റാന്‍ അവര്‍ക്ക് ഉതവി നല്‍കി. മുഹമ്മദ് (സ) മക്കയില്‍നിന്ന് പുറപ്പെട്ടുവെന്ന് അറിഞ്ഞ അവര്‍, ദിവസങ്ങളോളം വഴിക്കണ്ണുമായി കാത്തിരുന്നു. അങ്ങകലെ റസൂലിന്റെ ഒട്ടകം ദൃശ്യമായപ്പോള്‍ 'ത്വലഅല്‍ ബദ്‌റു അലൈനാ' എന്ന് സന്തോഷത്തോടെ നീട്ടിപ്പാടി. തങ്ങളിലേക്ക് വന്നെത്തിയ പൂര്‍ണചന്ദ്രനെ അതിഥിയായിക്കിട്ടാന്‍ ഓരോ അന്‍സ്വാറുകളും കൊതിച്ചു. റസൂലിനോടൊപ്പം പലായനം ചെയ്‌തെത്തിയ ഓരോ സത്യവിശ്വാസികളോടും അന്‍സ്വാറുകളുടെ സ്‌നേഹം ഒഴുകിപ്പരന്നു. തങ്ങളുടെ തോട്ടങ്ങളും പാര്‍പ്പിടങ്ങളും മാത്രമല്ല ബഹുഭാര്യത്വം നിലനിന്ന ആ നാട്ടില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട തങ്ങളുടെ ഇണകളെക്കൂടി എന്നേക്കുമായി വിട്ടുനല്‍കി മുഹാജിറുകളാകുന്ന വിരുന്നുകാരെ അവര്‍ മദീനയിലെ വീട്ടുകാരാക്കി മാറ്റി.
അന്‍സാറുകളെ വിശേഷിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
''അവര്‍ തങ്ങളിലേക്ക് പലായനം ചെയ്‌തെത്തിയവരെ സ്‌നേഹിക്കുന്നവരാകുന്നു. മുഹാജിറുകള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍ ഇവരുടെ മനസ്സില്‍ യാതൊരു ആഗ്രഹവുമില്ല. തങ്ങള്‍ക്ക് തന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ തങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നു.''
അല്ലാഹുവിനോടുള്ള പ്രണയത്താല്‍; അവന്റെ റസൂലിനോടുള്ള സ്‌നേഹത്താല്‍; റസൂല്‍ ഏറെ സ്‌നേഹിക്കുന്ന, അദ്ദേഹത്തോടൊപ്പം എല്ലാം ഉപേക്ഷിച്ച് വന്ന, മുഹാജിറുകളെ സ്വന്തത്തേക്കാള്‍ ഏറെ സ്‌നേഹിച്ച അന്‍സാറുകള്‍. ഇത്രമേല്‍ സൗന്ദര്യമുള്ള അന്‍സാറുകളെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് (ശുഹ്ഹ്) മുക്തരാക്കപ്പെടുന്നവര്‍ ആരോ അവരത്രെ വിജയം വരിക്കുന്നവര്‍.''
മനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് 'മുക്തരാക്കപ്പെടുന്നവര്‍' എന്നാണ് വചനം പറയുന്നത്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമേ ഈ മാരക രോഗത്തില്‍നിന്ന് മുക്തി ലഭിക്കുകയുള്ളൂ. അന്‍സാറുകള്‍ ഈ രോഗത്തില്‍നിന്ന് മുക്തരാക്കപ്പെട്ടതുകൊണ്ടാണ് സത്യസന്ദേശം ലഭിച്ച മാത്രയില്‍ തന്നെ അവര്‍ അല്ലാഹുവിനോടും അവന്റെ റസൂലിനോടും അത്യഗാധമായ സ്‌നേഹം ഉള്ളവരായി മാറിയത്.
സങ്കുചിതത്വം ബാധിച്ച മനസ്സ് ഉള്ളവര്‍ക്ക് സത്യം വിളിച്ചു പറയുമ്പോള്‍ തന്റെ ഇടുങ്ങിയ മനസ്സിന്റെ അഹന്തയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. താന്‍ മനസ്സിലാക്കിയതിനപ്പുറം ഒന്നും ഇല്ല എന്നാണ് അയാള്‍ കരുതുക. മറ്റൊരാള്‍ പറയുന്നത് തനിക്ക് ദോഷമായിരിക്കും എന്ന് എപ്പോഴും അയാള്‍ കരുതും. അപരന്‍ പറയുന്നത് കള്ളവും വ്യാജവുമായിരിക്കും എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കും.
സ്വന്തം മനസ്സിനെ 'ശുഹ്ഹ്' ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇടുങ്ങിയ മനസ്സിന്റെ ചിന്തകളും കര്‍മങ്ങളും ഇപ്രകാരമാണ്:
1. അന്യരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയില്ല എന്ന് മാത്രമല്ല, അവരുടെ നന്മകള്‍ അംഗീകരിക്കാന്‍ പോലും വൈമനസ്യം കാണിക്കും.
2. ലോകത്തുള്ളതൊക്കെ തനിക്ക് കിട്ടണമെന്നും മറ്റാര്‍ക്കും ഒന്നും കിട്ടരുതെന്നുമാണ് ശുഹ്ഹ് ബാധിച്ചവര്‍ ആഗ്രഹിക്കുക.
3. താന്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല എന്ന് മാത്രമല്ല, മറ്റൊരുവന്‍ ആര്‍ക്കെങ്കിലും കൊടുക്കുന്നതിലും അയാള്‍ക്ക് മനം മുട്ടും.
4. ഒരിക്കലും സ്വന്തം അവകാശം കൊണ്ട് അയാളുടെ ആര്‍ത്തി അടങ്ങുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്തിക്കൊണ്ടിരിക്കും.
5. ഈ ലോകത്ത് തനിക്ക് ചുറ്റുമുള്ളതെല്ലാം തന്റേതായി തീരണമെന്നും മറ്റാര്‍ക്കും ഒന്നും ബാക്കിയാവരുതെന്നും അയാള്‍ കൊതിച്ചുകൊണ്ടിരിക്കും.
'ശുഹ്ഹ്' എന്ന ദുര്‍ഗുണത്തില്‍നിന്ന് മുക്തരാക്കപ്പെട്ടവര്‍ തന്നെയാണ് വിജയം വരിച്ചവര്‍ എന്ന റബ്ബിന്റെ വചനം വിശ്വാസിക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. കാരണം വിശ്വാസവും ആത്മാവിന്റെ സങ്കുചിതത്വവും ഒരു ഹൃദയത്തില്‍ ഒരുമിച്ചുകൂടില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
പരസ്പരം മത്സരിച്ചിരുന്ന ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ വിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചപ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് സാഹോദര്യത്തിന്റെ വിജയ പഥങ്ങള്‍ താണ്ടിയത് എന്ന ചരിത്രം വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതാണ്.
അല്ലാഹു എടുത്തു പറയുന്ന അന്‍സാറുകളുടെ ഒന്നാമത്തെ ഗുണം അവര്‍ തങ്ങളിലേക്ക് ഹിജ്‌റ ചെയ്‌തെത്തിയവരെ സ്‌നേഹിക്കുന്നവരാണ് എന്നാണ്. അല്ലാഹു ഇങ്ങനെ പ്രശംസിക്കാന്‍ കാരണമായ അവരുടെ കര്‍മങ്ങള്‍ അതിശയിപ്പിക്കുന്നതാണ്.
മക്കക്കാര്‍ മദീനയിലേക്ക് പലായനം ചെയ്ത് ഒഴിഞ്ഞ കൈകളുമായി നിന്നപ്പോള്‍ അന്‍സാറുകള്‍ റസൂലിനോട് പറഞ്ഞു; 'ഇതാ ഞങ്ങളുടെ ഈത്തപ്പന തോട്ടങ്ങള്‍. അങ്ങ് തന്നെ ഇത് മുഹാജിറുകള്‍ക്ക് വീതിച്ചുകൊടുത്താലും.' അപ്പോള്‍ മുഹമ്മദ് നബി(സ) പറഞ്ഞു: 'തോട്ടങ്ങളില്‍ കൃഷിപ്പണി ചെയ്യാന്‍ മക്കക്കാരായ കച്ചവടക്കാര്‍ക്ക് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ തന്നെ തോട്ടം പരിപാലിച്ച് കിട്ടുന്ന ആദായം ഇവര്‍ക്ക് കൂടി പങ്കുവെക്കുക.' അന്‍സാറുകള്‍ പറഞ്ഞു: 'ഞങ്ങള്‍ കേട്ടു, അനുസരിച്ചു.' ഉപാധികളില്ലാത്ത ഈ സ്‌നേഹം കണ്ട് മുഹാജിറുകളുടെ ഹൃദയം നിറഞ്ഞു.
സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെ തോട്ടങ്ങളുടെ പിന്നാലെ വിയര്‍പ്പൊഴുക്കി നടക്കുന്ന കര്‍ഷകന്‍ തന്റെ വിളകള്‍ യാതൊരു മനഃക്ലേശവുമില്ലാതെ തങ്ങള്‍ക്ക് പങ്കുവെക്കുന്നത് മുഹാജിറുകളെ ആശ്ചര്യപ്പെടുത്തി. അവര്‍ പറഞ്ഞു: 'ഇത്രത്തോളം മറ്റുള്ളവരുടെ നന്മയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ തങ്ങള്‍ കണ്ടിട്ടില്ല. പുണ്യങ്ങളെല്ലാം ഇവര്‍ തന്നെ തട്ടിയെടുത്തുകളഞ്ഞല്ലോ.' സര്‍വതും സത്യദീനിനായി ഉപേക്ഷിച്ചു പോന്ന മുഹാജിറുകളോട് റസൂല്‍ പ്രതിവചിച്ചു: 'നിങ്ങള്‍ അന്‍സാറുകളെ പ്രശംസിക്കൂ, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കൂ, നിങ്ങള്‍ക്കും പുണ്യം ലഭിക്കും.'
അല്ലാഹുവിന്റെ കല്‍പന പ്രകാരം ബനൂനദീറില്‍നിന്ന് വിമോചിപ്പിക്കപ്പെട്ട ഭൂമി പങ്കുവെക്കുന്ന നേരത്ത് റസൂല്‍ അന്‍സാറുകളോട് പറഞ്ഞു: 'നിങ്ങളുടെ സ്വത്തും വിമോചിക്കപ്പെട്ട സ്വത്തും ചേര്‍ത്ത് മൊത്തം സ്വത്ത് നിങ്ങള്‍ക്കും അവര്‍ക്കുമായി നിങ്ങള്‍ തന്നെ പങ്കുവെക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ മുഹാജിറുകള്‍ക്ക് നേരത്തേ കൊടുത്ത സ്വത്ത് തിരിച്ചെടുക്കുകയും ഈ ഭൂമി നിങ്ങള്‍ക്കും അന്‍സാറുകള്‍ക്കും ആയി വീതം വെച്ചോളൂ.'
അപ്പോള്‍ അന്‍സാറുകളുടെ മറുപടി: 'ഈ ഭൂമി മുഹാജിറുകള്‍ക്ക് കൊടുത്തോളൂ, എന്നിട്ട് ഞങ്ങള്‍ നേരത്തേ മുഹാജിറുകള്‍ക്ക് കൊടുത്തത് താങ്കള്‍ സ്വീകരിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്തോളൂ.' ഇതു കേട്ട് സിദ്ദീഖുല്‍ അക്ബര്‍ (റ) ആശ്ചര്യത്തോടെ വിളിച്ചു പറഞ്ഞു: 'ഹേ അന്‍സാര്‍ സമൂഹമേ, നിങ്ങള്‍ക്ക് അല്ലാഹു തആലാ ഉത്തമമായ പ്രതിഫലം നല്‍കട്ടെ.' ബനൂനദീര്‍ പ്രദേശം മുഹാജിറുകള്‍ക്ക് തന്നെ വീതിക്കപ്പെടുകയാണുണ്ടായത്.
പിന്നീട് ബഹ്‌റൈന്‍ പ്രദേശം വിമോചിക്കപ്പെട്ടപ്പോള്‍ റസൂല്‍ അത് അന്‍സാറുകള്‍ക്ക് നല്‍കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ അതും സ്വീകരിച്ചില്ല. തങ്ങള്‍ക്ക് നല്‍കുന്നത്ര വിഹിതം തന്നെ മുഹാജിറുകള്‍ക്ക് നല്‍കാതെ തങ്ങള്‍ ഒന്നും സ്വീകരിക്കില്ല. എന്നതായിരുന്നു അവരുടെ നിലപാട്. ഗുണകാംക്ഷയും ഉദാരതയുമാണ് അന്‍സാറുകളുടെ അടിസ്ഥാന സ്വഭാവം.
തങ്ങളുടെ നാട്ടിലെത്തിയവരോട് ഔദാര്യം കാണിച്ചതില്‍ പെരുമ നടിക്കാന്‍ വേണ്ടിയല്ല അന്‍സാറുകള്‍ തങ്ങളുടെ സ്വത്ത് മുഹാജിറുകള്‍ക്ക് പകുത്തു നല്‍കിയത്. തങ്ങള്‍ സമ്മാനിച്ചതിന് അപ്പുറം മുഹാജിറുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ നല്‍കപ്പെടുന്നത് കണ്ടിട്ടും അസൂയയുടെ ഒരു ലാഞ്ഛന പോലും അവര്‍ക്കുണ്ടായില്ല. മുഹാജിറുകള്‍ക്ക് എന്തിനാണ് അത്ര കൊടുക്കുന്നത്, തങ്ങള്‍ക്കും ആവശ്യങ്ങളില്ലേ എന്ന മട്ടിലുള്ള ചിന്തപോലും അവരുടെ മനസ്സിലുണ്ടായില്ല.
തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ സാധാരണ മനുഷ്യരുടെ ഹൃദയത്തില്‍ ഉടലെടുക്കുന്ന സ്വാഭാവികമായ അസൂയ അവരുടെ മനസ്സിനില്ല. 
നമുക്ക് ആവശ്യമില്ലാത്തതാണ് പലപ്പോഴും നാം മറ്റുള്ളവര്‍ക്ക് നല്‍കുക. എന്നാല്‍ അങ്ങനെയല്ല, നിങ്ങള്‍ ഇഷ്ടപ്പെടുന്നതും നിങ്ങള്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ക്ക് ആവശ്യമുള്ളതും തന്നെയാണ് നിങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെലവഴിക്കേണ്ടത് എന്നാണ് മുഹമ്മദ് നബി(സ) നമ്മെ പഠിപ്പിച്ചത്. അന്‍സാറുകളുടെ സ്വഭാവവും അതു തന്നെയായിരുന്നു.
ആത്മാവിന്റെ സങ്കുചിതത്വത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഇത്തരം നിലപാട് സ്വീകരിക്കാനാവൂ. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ സ്വഭാവം മരണവെപ്രാളത്തിനിടയില്‍ പോലും വിശ്വാസിയില്‍നിന്ന് മാഞ്ഞുപോകുന്നില്ല. അന്ത്യശ്വാസം വലിക്കുമ്പോള്‍ പോലും അന്യരുടെ രോദനങ്ങള്‍ കേള്‍ക്കാന്‍ അവന്റെ കാതുകള്‍ തുറന്നു തന്നെയിരിക്കും. കുടിക്കാതെ പോയ ദാഹജലത്തിന്റെ തുള്ളികള്‍ ചരിത്രത്താളുകളിലൂടെ വിശ്വാസിയുടെ കവിളിലെ കണ്ണീര്‍ത്തുള്ളികളായി ഒലിച്ചിറങ്ങുന്നത് അതുകൊണ്ടാണ്.
യര്‍മൂക് യുദ്ധവേളയില്‍ രണാങ്കണത്തില്‍ അന്ത്യശ്വാസം വലിച്ച് കിടക്കുകയാണ് ഇക്‌രിമ(റ)യും കൂട്ടരും. മരണവെപ്രാളത്താല്‍ ഒരിറക്ക് വെള്ളം കൊണ്ട് തൊണ്ട നനക്കാന്‍ അട്ടഹസിക്കുകയാണ്. ഓടിയെത്തിയ ഒരു മനുഷ്യന്‍ തന്റെ കൈയിലുള്ള തോല്‍പാത്രത്തില്‍ അവശേഷിക്കുന്ന അല്‍പജലം മരണാസന്നന്റെ ചുണ്ടോടടുപ്പിക്കുന്നു. പൊടുന്നനെ അദ്ദേഹത്തിന്റെ ചെവിയില്‍ തൊട്ടപ്പുറത്ത് വെള്ളത്തിനായി മറ്റൊരു സഹോദരന്‍ ആര്‍ത്തി പൂണ്ട് ചോദിക്കുന്ന ശബ്ദമെത്തുന്നു. ഉടനെ അദ്ദേഹം വെള്ളം കുടിക്കാന്‍ തയാറാകാതെ അദ്ദേഹത്തിന് കൊടുക്കാന്‍ ശബ്ദം കേട്ട ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നു. സഹായി വെള്ളപ്പാത്രവുമായി അങ്ങോട്ട് ഓടി. വെള്ളപ്പാത്രം കണ്ട് കുടിക്കാനായി തല ഉയര്‍ത്തിയ വേളയില്‍ അദ്ദേഹവും മറ്റൊരാളുടെ ശബ്ദം വെള്ളത്തിനായി ഉയരുന്നത് കേട്ടു. അപരന് കൊടുക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹവും മുഖം തിരിക്കുന്നു. വെള്ളപ്പാത്രവുമായി ഓടുന്ന മനുഷ്യന്‍ മൂന്നാമന്റെ മുന്നില്‍ മുട്ടുകുത്തിയപ്പോഴേക്ക് അദ്ദേഹം അന്ത്യശ്വാസം വലിച്ചിരുന്നു. ഒരു നിമിഷവും വൈകിക്കാതെ നെഞ്ചില്‍ തീയും കൈയില്‍ വെള്ളവുമായി ആ സഹോദരന്‍ രണ്ടാമത്തെ ആളുടെ അടുത്തെത്തുമ്പോഴേക്ക് അദ്ദേഹവും ശഹീദായി കഴിഞ്ഞിരുന്നു.
വെള്ളപ്പാത്രവുമായി ആദ്യത്തെയാളുടെ അടുത്ത് ഓടിയെത്തിയ മനുഷ്യന്‍ കണ്ടത് അദ്ദേഹവും വായുവും വെള്ളവും ആവശ്യമില്ലാത്ത ലോകത്തേക്ക് യാത്രയായതാണ്. സ്വര്‍ണവര്‍ണങ്ങളില്‍ കര്‍മപുസ്തകത്തിന്റെ അവസാന വരികള്‍ എഴുതിച്ചേര്‍ത്തപ്പോള്‍ ഇക്‌രിമ(റ)യും കൂട്ടരും നന്മകളുടെ തുലാസില്‍ തങ്ങളുടെ അന്ത്യനിമിഷങ്ങള്‍ക്ക് കണക്കറ്റ പ്രതിഫലം സ്വപ്‌നം കണ്ടിട്ടുണ്ടാവണം. മനസ്സിന്റെ സ്വാര്‍ഥതയില്‍നിന്ന്, പിശുക്കില്‍നിന്ന്, സങ്കുചിതത്വത്തില്‍നിന്ന് മുക്തരാകപ്പെട്ടവര്‍ തന്നെയാണ് വിജയം വരിച്ചവര്‍.
പരിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ നെഞ്ചേറ്റിയ സമൂഹം എത്ര മനോഹരമായ ജീവിത മുഹൂര്‍ത്തങ്ങളാണ് ലോകത്തിന് സമ്മാനിക്കുന്നത്! പരസ്പരം മത്സരിച്ചും അക്രമിച്ചും തോല്‍പിച്ചും വിജയം കണ്ടെത്തിയ എത്രയെത്ര സമൂഹങ്ങള്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം ഉദാരശീലരായി മാറിയിരിക്കുന്നു! ഇന്നും സേവനരംഗത്തും ദാനധര്‍മത്തിന്റെ കാര്യത്തിലും മറ്റേതൊരു സമൂഹത്തിനും ഉത്തമ മാതൃകയായി മുസ്‌ലിം സമൂഹം ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്വതാല്‍പര്യക്കാര്‍ തീവ്രവാദം എന്ന പര്‍ദയിട്ട് മുസ്‌ലിം സമൂഹത്തിന്റെ സൗന്ദര്യം മറച്ചുപിടിക്കുമ്പോഴും വിശ്വാസികളുടെ ജീവിതത്തെ അനുഭവിച്ചറിഞ്ഞ സാമാന്യജനം ഇസ്‌ലാമിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top