ഒമാന്‍ ബുക്കര്‍ നിറവില്‍

പി.എം ഷഹീര്‍ No image

ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂസിന് ശേഷം ഏറെക്കാലം അന്യം നിന്നിരുന്ന മാന്‍ബുക്കര്‍ അവാര്‍ഡ് ജോഖ അല്‍ഹാരിസിയിലൂടെ അറേബ്യന്‍ സാഹിത്യ ലോകത്തിലേക്ക് തിരികെയെത്തിയതിന്റെ കൃതജ്ഞതയിലും ആഹ്ലാദത്തിലുമാണ് ഒമാന്‍ ജനത. ഹൃദയത്തോടും തലച്ചോറിനോടും ഒരുപോലെ സംവദിക്കുന്ന കൃതിയെന്ന് മാന്‍ബുക്കര്‍ ജൂറി അഭിപ്രായപ്പെട്ട 'സെലസ്റ്റിയന്‍ ബോഡീസ്' എന്ന അവാര്‍ഡിനര്‍ഹമായ കൃതി ഒമാനിലെ പൂര്‍വകാല അടിമ സമ്പ്രദായത്തിന്റെയും ലിംഗവിവേചനത്തിന്റെയും ശക്തമായ വിമര്‍ശനമാണ് മുന്നോട്ട് വെക്കുന്നത്. അമേരിക്കന്‍ പ്രഫസര്‍ മര്‍ലിന്‍ബൂത്ത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ നോവലില്‍ അല്‍ അവാഫി എന്ന ഗ്രാമത്തിലെ മൂന്ന് സഹോദരികളുടെ അതിജീവനത്തിന്റെ കഥയാണ് ഇതള്‍ വിടര്‍ത്തുന്നത്. മയ്യ, അസ്മ, ഖൗല എന്നീ മൂന്ന് സഹോദരികള്‍ അവരുടെ ജീവിതത്തോട് പടവെട്ടി സമൂഹത്തില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ കഥ ഒമാനില്‍ നടമാടിയിരുന്ന അടിമ സമ്പ്രദായവും ലിംഗവിവേചനവും എത്രത്തോളം രൂക്ഷമായിരുന്നു എന്നു വിളിച്ചോതുന്നു. ഒമാനിലെ എഴുത്ത് ലോകത്തെയും ഒമാന്‍ ജനതയുടെ പൂര്‍വകാല ചരിത്രത്തെയും തന്റെ കൃതിയിലൂടെ പുറംലോകത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ജോഖ അല്‍ഹാരിസി.
സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ തന്റെ കൃതികളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹാരിസിയുടെ 'സെലസ്റ്റിയല്‍ ബോഡീസ്' പോലെയുള്ള മാന്‍ബുക്കര്‍ കരസ്ഥമാക്കിയ കൃതി പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലും നിര്‍വൃതിയിലുമാണ് പരിഭാഷകയായ മര്‍ലിന്‍ ബൂത്തും, സ്റ്റാന്റ്‌സ്റ്റോണ്‍ പ്രസാധകരും. സാഹിത്യത്തില്‍ ആംഗലേയ എഴുത്തുകാരിയായ വിര്‍ജീനിയ വൂള്‍ഫിനെയൊക്കെ നെഞ്ചേറ്റുന്ന ഹാരിസിയുടെ തൂലികയില്‍നിന്ന് നോബല്‍ പുരസ്‌കാരം പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ഒമാന്‍ സാഹിത്യലോകം.
1978 ജൂലൈയില്‍ ഒമാനില്‍ പിറന്ന ജോഖ അല്‍ഹാരിസി ഒമാനിലും ഇംഗ്ലണ്ടിലുമായാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ക്ലാസിക്കല്‍ അറബി സാഹിത്യത്തെക്കുറിച്ചുള്ള വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഹാരിസി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറാണ്. സയ്യിദാത്തുല്‍ ഖമര്‍ എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ മാന്‍ ബുക്കറിന് മുമ്പ് തന്നെ നിരൂപക പ്രശംസ നേടിയിരുന്നു. 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന് ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്യുക വഴി ലോകസാഹിത്യത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടുകയും മാന്‍ബുക്കര്‍ തേടിയെത്തുകയുമുണ്ടായത് ഹാരിസിയുടെ എഴുത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കാന്‍ സഹായകമായി. ഒമാനിലെ സാഹിത്യ പ്രേമികള്‍ക്കും ഒമാന്‍ ജനതക്കും തങ്ങളുടെ ആശയാഭിലാഷങ്ങള്‍ പുറംലോകവുമായി പങ്ക് വെക്കാന്‍ താന്‍ പ്രേരകവും പ്രചോദനവുമായി മാറിയതില്‍ ഏറെ സന്തോഷവതിയാണ് അല്‍ഹാരിസി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top