മഴയും മനുഷ്യനും

സി.ടി സുഹൈബ് No image

വേനല്‍ ചൂടിനുശേഷം മഴ തിമിര്‍ത്ത് പെയ്ത് കൊണ്ടിരിക്കുകയാണ്. മഴ കനത്ത് തുടങ്ങുമ്പോള്‍ മനസ്സില്‍ ആധി നിറയുന്നുണ്ടിന്ന്. കഴിഞ്ഞ തവണ പെയ്ത മഴ തീര്‍ത്ത പ്രളയത്തിന്റെ അടയാളങ്ങള്‍ മാഞ്ഞ് തീര്‍ന്നിട്ടില്ല. പെയ്തിറങ്ങുന്ന വെള്ളത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകുമ്പോഴേക്ക് നിസ്സഹായനായിപ്പോകുന്ന മനുഷ്യന്റെ അവസ്ഥകള്‍ നമ്മളനുഭവിച്ചതാണ്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിപ്പിന്റെയും നിലനില്‍പിന്റെയും അടിസ്ഥാനോപാധിയായ വെള്ളത്തെക്കുറിച്ച് ഖുര്‍ആന്‍ ധാരാളമായി സംസാരിക്കുന്നുണ്ട്.
മനുഷ്യനു മുമ്പേ ഒഴുകിത്തുടങ്ങിയതാണ് വെള്ളം. അവന്റെ ജീവിതത്തില്‍ വെള്ളത്തിന്റെ പ്രാധാന്യം കൊണ്ട് അത് ജീവിതത്തിലും ചരിത്രത്തിലും ഇടപെട്ടത് പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു പറയുന്നു; 'ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു (11:7). ആകാശ ഭൂമികള്‍ രൂപപ്പെടും മുമ്പെ വെള്ളമുണ്ടായിരുന്നെന്നും അല്ലെങ്കില്‍ മുഴുവന്‍ വെള്ളമായിരുന്നെന്നും കരുതാവുന്നതാണ്. എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍നിന്നാണെന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. 'വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു' (21:30).
അതായത് മുഴുവന്‍ ജീവിവര്‍ഗങ്ങളുടെയും അടിസ്ഥാന ഘടനയില്‍ വെള്ളം പ്രധാന ഘടകമാണ്.
ഭൂമിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതും ഊഷരമായ അവസ്ഥയില്‍നിന്നും പ്രത്യുല്‍പന്നമതിത്വമുള്ള മണ്ണാക്കി മാറ്റുന്നതും വെള്ളമാണ്. 'അല്ലാഹു മാനത്ത് നിന്ന് മഴവീഴ്ത്തി അതുവഴി ജീവനറ്റ ഭൂമിക്ക് ജീവനേകുന്നു.'
മനുഷ്യന്റെ ജീവിതം സൗകര്യപ്രദമാക്കുന്നതിലും അവനാവശ്യമായ ഭക്ഷ്യവര്‍ഗങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലും മഴയുടെ പങ്കിനെക്കുറിച്ച് ധാരാളമായി സംസാരിക്കുന്നുണ്ട് ഖുര്‍ആന്‍.
'മാനത്ത് നിന്ന് മഴവീഴ്ത്തി അതുവഴി നിങ്ങള്‍ക്ക് കഴിക്കാനുള്ള കായ്കനികള്‍ കിളിര്‍പ്പിച്ച് തന്നു' (2:22).
വെള്ളമെന്ന മഹത്തായ അനുഗ്രഹം മനുഷ്യജീവിതത്തെ ഉര്‍വരമാക്കുന്നതെങ്ങനെയെന്ന് പലയിടങ്ങളിലായി വിശദീകരിക്കുന്നുണ്ട്. പെയ്തിറങ്ങുന്ന അനുഗ്രഹത്തെ തോരാത്ത ശുക്‌റുകള്‍ കൊണ്ട് നമ്മള്‍ നിറച്ച് വെക്കണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്.
മഴമേഘങ്ങള്‍ രൂപപ്പെടുന്നതിനെയും അവക്കിടയിലൂടെ വെള്ളം ഊര്‍ന്നിറങ്ങുന്നതിനെയും മനോഹരമായി ചിത്രീകരിക്കുന്നുണ്ട് ഒരിടത്ത്. 'അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ച് കൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കി വെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവക്കുള്ളില്‍നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്ന് വീഴുന്നത് നിനക്ക് കാണാം (24:43).
മഴയെക്കുറിച്ച പരാമര്‍ശങ്ങളില്‍ ശ്രദ്ധേയമായ വര്‍ത്തമാനം ഭൂമിയില്‍ പെയ്യുന്ന മഴയുടെ അളവിനെ കുറിച്ചുള്ളതാണ് 'നാം മാനത്ത്‌നിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തി അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അത് വറ്റി കളയാനും നമുക്ക് കഴിയും' (23:18).
'ബിഖദറിന്‍' എന്നത് പല അര്‍ഥതലങ്ങളുള്ള പ്രയോഗമാണ്. കിലോമീറ്ററുകള്‍ക്ക് മുകളില്‍നിന്ന് താഴേക്ക് വരുന്ന മഴത്തുള്ളിയുടെ വേഗതയും അതിന്റെ തുള്ളികളായുള്ള ഘടനയും അല്ലാഹു സവിശേഷമായി രൂപപ്പെടുത്തി നിയന്ത്രിക്കുന്നതാണ്. അല്ലാത്തപക്ഷം ആ തുള്ളികള്‍ പതിക്കുന്നിടത്ത് വലിയ ആഘാതങ്ങളത് സൃഷ്ടിക്കും. അതുപോലെ ഓരോ പ്രദേശത്ത് പെയ്യേണ്ട മഴയുടെ അളവും അവന്‍ നിയന്ത്രിക്കുന്നത് കൊണ്ടാണ് മനുഷ്യജീവിതം എല്ലായിടത്തും സാധ്യമാകുന്നത്. കേരളത്തില്‍ പെയ്യുന്ന അളവില്‍ ഗള്‍ഫ് നാടുകളില്‍ മഴപെയ്താല്‍ ആ രാജ്യങ്ങള്‍ തന്നെയും വെള്ളത്തിനടിയിലാകും.
മഴവെള്ളത്തിലെ ദൈവിക ഇടപെടലുകളെ കുറിച്ച മറ്റു ചില ചിന്തകളിലേക്ക് ഖുര്‍ആന്‍ നമ്മെ കൊണ്ടുപോകുന്നുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുന്നതിനായി ഭൂമിയില്‍നിന്ന് ബാഷ്പീകരണത്തിലൂടെ മുകളിലേക്ക് പോകുന്നത് ഉപ്പുരസമുള്ള കടല്‍ വെള്ളമാണ്. പക്ഷേ, ആ ഉപ്പിന്റെ അംശങ്ങള്‍ വേര്‍പെട്ടാണ് അത് മേഘങ്ങളായി രൂപപ്പെടുന്നതും മഴയായി താഴേക്ക് പെയ്യുന്നതും. അല്ലാഹു ചോദിക്കുന്നുണ്ട് ആരാണ് ശുദ്ധജലമാക്കി അതിനെ പരിവര്‍ത്തിപ്പിച്ച് തരുന്നതെന്ന്. 'നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ഉപ്പുരസമുള്ള വെള്ളമാക്കുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദികാണിക്കാത്തതെന്ത്' (56:70). അല്ലാഹു ഒരുക്കിത്തന്ന ശുദ്ധജലമെന്ന വലിയ അനുഗ്രഹത്തിന്റെ വില മനസിലാക്കാതെ നന്ദികേട് കാണിക്കുന്ന മനുഷ്യനോട് ഇടക്കിടക്ക് അത് നഷ്ടപ്പെട്ടാലുണ്ടാകുന്ന നിസഹായതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. 'നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീരുറവ എത്തിക്കുകയെന്ന്' (67:30).
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഉപയോഗിക്കുമ്പോഴും ആസ്വദിക്കുമ്പോഴും സൂക്ഷ്മതയും മിതത്വവും പാലിക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട് ഇസ്‌ലാം. എത്ര അധികമുണ്ടായാലും ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുകയെന്ന ധാര്‍മികബോധം വെള്ളത്തിന്റെ കാര്യത്തില്‍ പ്രത്യേകം ഉണര്‍ത്തുന്നുണ്ട് റസൂല്‍(സ). വുദൂഅ് എടുക്കുന്നത് ഒഴുകുന്ന നദിയില്‍ നിന്നായാലും ദുര്‍വ്യയത്തെ സൂക്ഷിക്കണമെന്ന് പഠിപ്പിക്കുന്നതില്‍ ആ കരുതല്‍ നമുക്ക് കാണാം.
വെള്ളത്തെ സ്വകാര്യ സ്വത്തായി അത് വെച്ച് ആളുകളെ ചൂഷണം ചെയ്ത് ലാഭംകൊയ്യുന്നതിനെ അങ്ങേയറ്റം വെറുപ്പോടെയാണ് ഇസ്‌ലാം നോക്കിക്കാണുന്നത്. മുഴുവനാളുകള്‍ക്ക് അവകാശമുള്ള അടിസ്ഥാന വിഭവങ്ങളില്‍ വെള്ളത്തെ എണ്ണിയതായി കാണാം. അമിത വിലയ്ക്ക് വെള്ളം വിറ്റിരുന്ന ജൂതന്റെ കൈയില്‍നിന്നും ഉസ്മാന്‍ (റ) വലിയ വിലകൊടുത്ത് കിണര്‍വാങ്ങി മുഴുവനാളുകള്‍ക്കുമായി സൗജന്യമായി വിട്ടുകൊടുത്തത് കുളിര്‍മനല്‍കുന്ന ചരിത്രാധ്യായമാണ്.
വെള്ളം നമുക്കുപയോഗിക്കാനെന്നപോലെ ആവശ്യക്കാര്‍ക്ക് നല്‍കല്‍ വലിയ പുണ്യമായി പഠിപ്പിക്കുന്നുണ്ട്. മരുഭൂമിയിലൂടെ ദാഹാര്‍ത്തനായി നടന്ന് ഒടുവില്‍ കണ്ടെത്തിയ കിണറിലിറങ്ങി വെള്ളം കുടിച്ച് കയറിയപ്പോള്‍ കണ്ട ദാഹിച്ച് വലഞ്ഞ നായക്കായി വീണ്ടും ഇറങ്ങി വെള്ളമെടുത്ത് നല്‍കിയ യാത്രക്കാരന്‍ സ്വര്‍ഗത്തിലാണെന്ന് പഠിപ്പിക്കുന്നത് ആ സുകൃതത്തിന്റെ വലിപ്പമാണ്. ഭൗതിക പാഠങ്ങള്‍ മാത്രം പഠിച്ച് പ്ലാച്ചിമടയിലടക്കം വെള്ളമൂറ്റിയെടുത്ത് മറ്റുള്ളവരെ ചൂഷണം ചെയ്തവര്‍ക്ക് ഇല്ലാതെ പോകുന്നതും ഈ ബോധമാണ്.
ചില പ്രവാചകന്മാരുടെ ജീവിതത്തിലെ ചരിത്ര സന്ദര്‍ഭങ്ങളില്‍ വെള്ളം പ്രധാന ഘടകമായി വരുന്നുണ്ട്. നൂഹ് നബി(അ)യുടെ ചരിത്രത്തിലത് നിറഞ്ഞ് നില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം ദൈവികമാര്‍ഗത്തിലേക്ക് വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതെ നിഷേധിച്ചവര്‍ക്കായുള്ള ഭൂമിയിലെ ശിക്ഷയായി വെള്ളം ഒഴുകിയെത്തി. ശിക്ഷ മുന്നില്‍ കണ്ടിട്ടും അഹങ്കാരത്തോടെ സംസാരിച്ച മകനെയടക്കം മഹാപ്രളയം വിഴുങ്ങിക്കളഞ്ഞു. 'അപ്പോള്‍ കല്‍പനയുണ്ടായി: 'ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ച് തീര്‍ക്കൂ. ആകാശമേ മഴ നിര്‍ത്തൂ. വെള്ളം വറ്റുകയും കല്‍പന നടപ്പാക്കുകയും ചെയ്തു' (11:44).
മൂസാ(അ)യുടെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും വെള്ളം പ്രധാനമാകുന്നുണ്ട്. അബദ്ധത്തില്‍ ഖിബ്തിയെ കൊന്നശേഷം നാടുവിട്ടുപോയ സമയം, മദ്‌യനിലെ ഒരു ഗ്രാമത്തില്‍ എത്തിച്ചേരുന്നുണ്ട് അദ്ദേഹം. ജനക്കൂട്ടത്തിനിടയില്‍ വെള്ളം ശേഖരിക്കാന്‍ പ്രയാസപ്പെടുന്ന രണ്ട് പെണ്‍കുട്ടികളെ സഹായിക്കുകയും അതുവഴി അവരുടെ വീട്ടില്‍ ജോലിയും താമസവും ഒടുവില്‍ ഒരു പെണ്‍കുട്ടി അദ്ദേഹത്തിന്റെ ഇണയായിത്തീരുന്നതും സരളമായി വിവരിക്കുന്നുണ്ട് ഖുര്‍ആന്‍. 'അപ്പോള്‍ അദ്ദേഹം അവര്‍ക്ക് വേണ്ടി ആളുകളെ വെള്ളം കുടിപ്പിച്ചു' (28:24).
ഫറോവയുടെ പീഢനങ്ങളില്‍നിന്നും ബനൂഇസ്രയേല്യരെ വിമോചിപ്പിച്ച് കടല്‍കടന്ന് പോവുന്ന മൂസ(അ)നെയും അനുയായികളെയും പിന്തുടര്‍ന്നെത്തുന്ന ഫറോവയും സൈന്യവും നടുക്കടലില്‍ മുങ്ങിത്താഴുന്നുണ്ട്.
നൈല്‍ നദി ഒഴുകുന്നത് എന്റെ കാല്‍കീഴിലാണെന്ന് പറഞ്ഞ് വെള്ളത്തിന്റെ ഉടമാധികാരം അവകാശപ്പെട്ട് അഹങ്കരിച്ച ഫറോവ ഒടുവില്‍ വെള്ളത്തില്‍ മുങ്ങി നിസ്സഹായനായി മരിച്ച് തീര്‍ന്നത് ചരിത്രത്തിന്റെ കാവ്യനീതിയാകാം.
മഴയെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഖുര്‍ആന്‍ 'മാഅ്' എന്നാണ് പൊതുവില്‍ ഉപയോഗിച്ചിട്ടുള്ളത്. 'മത്വര്‍' എന്നും 'ഗൈസ്' എന്നും ചിലയിടത്ത് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് സമാന അര്‍ഥങ്ങളിലല്ല പ്രയോഗിച്ചിട്ടുള്ളത്. 'ഗൈസ്' എന്നത് അനുഗ്രഹത്തിന്റെ മഴയായും (42:28) 'മത്വര്‍' എന്ന് ശിക്ഷയുടെ മഴയായിട്ടുമാണ് (27:58).
ജീവനായും നിലനില്‍പ്പായും അനുഗ്രഹമായും ശിക്ഷയായുമൊക്കെ മഴയും വെള്ളവും മനുഷ്യ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഈ ലോകത്ത് വെള്ളത്തിന്റെ വിലയറിയാതെ അനുഗ്രഹദാതാവിനെ മറന്നവര്‍ ഒരിക്കലത് തിരിച്ചറിയുമെന്ന് അവന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. 'നരകത്തിലെത്തിയവര്‍ സ്വര്‍ഗത്തിലെത്തിയവരോട് വിളിച്ചു കേഴും: 'ഞങ്ങള്‍ക്കിത്തിരി വെള്ളം തരേണമേ, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍നിന്ന് അല്‍പം തരേണമേ. അവര്‍ പറയും; സത്യനിഷേധികള്‍ക്ക് അല്ലാഹു ഇവ രണ്ടും പൂര്‍ണമായും വിലക്കിയിരിക്കുന്നു' (7:50).
മഴ തീര്‍ന്നാലും തോരാതെ ബാക്കിയാകുന്ന സ്തുതികളാലും ശുക്‌റിനാലും നിറഞ്ഞ മനസുകളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിക്കൊണ്ടേയിരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top