ദൈവിക നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഉമ്മു അയ്മനെ വിവാഹം കഴിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ മുലകുടി ബന്ധം ഉള്ളതായി ശ്രദ്ധയില്‍പെട്ടിരുന്നില്ല. പിന്നീടാണ് എന്റെ പിതൃവ്യനും ജീവിതപങ്കാളിയുടെ മാതൃ പിതാവും ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിരുന്നുവെന്ന് മനസ്സിലായത്. വിവാഹബന്ധം നിഷിദ്ധമാക്കുന്നതായിരുന്നില്ല ആ മുലകുടി ബന്ധമെന്നതിനാല്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമുണ്ടായില്ല. വിവാഹബന്ധം നടന്നശേഷം മുലകുടിബന്ധം വ്യക്തമാവുകയും അങ്ങനെ ബന്ധം വേര്‍പ്പെടുത്തേണ്ടി വരികയും ചെയ്യേണ്ടി വരുന്ന അപൂര്‍വം സംഭവങ്ങളെങ്കിലുമുണ്ട്. അതുകൊണ്ടുതന്നെ മുലകുടിബന്ധം രേഖപ്പെടുത്തി വെക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്.
 ഇസ്‌ലാമില്‍ പെറ്റമ്മയും  മുല കൊടുക്കുന്ന പോറ്റമ്മയും നിയമപരമായി ഒരേ അവസ്ഥയിലാണുള്ളത്. മുല കുടിക്കുന്ന കുട്ടി സ്വന്തം കുട്ടിയെപ്പോലെയായിത്തീരുന്നു. മുല കൊടുത്ത സ്ത്രീയുടെ കുട്ടികളും മുലകുടിച്ച കുട്ടികളും പരസ്പരം സഹോദരീ സഹോദരന്മാരായി മാറുന്നു. അതിനാല്‍ അവര്‍ക്കിടയിലുള്ള  വിവാഹബന്ധം നിഷിദ്ധമായിത്തീരുന്നു.
ആരെയൊക്കെ വിവാഹം കഴിക്കാമെന്നും കഴിക്കാന്‍ പാടില്ലെന്നും ഖുര്‍ആന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതില്‍ മുലകുടി ബന്ധവും ഉള്‍പ്പെടുത്തിയിരിക്കുന്നു:
''നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃ സഹോദരിമാര്‍, മാതൃ സഹോദരിമാര്‍, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയവര്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാ മാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു'' (ഖുര്‍ആന്‍ 4:23).

വിചിത്രമായ ഫത്വ

ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു മധ്യ വയസ്‌കന്‍ വീട്ടില്‍ വന്നു. സ്വന്തം ഭാര്യയോടൊപ്പം അവരുടെ സഹോദരിയെയും ജീവിത പങ്കാളിയാക്കാനുള്ള വിചിത്രമായ ഫത്വക്ക് അംഗീകാരം നേടാനാണ് അദ്ദേഹമെന്നെ സമീപിച്ചത്. ഭാര്യ പ്രസവിച്ചു കിടക്കവെ അവരെ ശുശ്രൂഷിക്കാനായി സഹോദരി വീട്ടില്‍ താമസിച്ചിരുന്നു. അതിനിടയില്‍ അയാള്‍ അവളുമായി അടുത്തു. അത് മുറിച്ചുമാറ്റാന്‍ പറ്റാത്ത ബന്ധമായി മാറിയിട്ടുണ്ടെന്നും അതിനാല്‍ രണ്ടുപേരെയും ഒരുമിച്ച് ഭാര്യമാരാക്കണമെന്നും അയാള്‍ ആഗ്രഹിക്കുന്നു. അതിനായി ഏതോ ഒരു മതപുരോഹിതന്‍ പറഞ്ഞു കൊടുത്ത കുതന്ത്രത്തിന് അംഗീകാരം ലഭിക്കലായിരുന്നു അയാളുടെ ലക്ഷ്യം. സഹോദരി മതപരിത്യാഗിയാവുക; പിന്നെ ഇസ്‌ലാം സ്വീകരിക്കുക; അതോടെ അവളും ജ്യേഷ്ഠ സഹോദരിയും തമ്മിലുള്ള രക്തബന്ധം മുറിയും, അങ്ങനെ സഹോദരി അല്ലാതാകും. അതോടെ അവളെ വിവാഹം കഴിക്കാം. ഇതായിരുന്നു ആ ഫത്വയുടെ ചുരുക്കം. മതപരിത്യാഗിയാകുന്നതോടെ രക്തബന്ധം അറ്റുപോകുമെന്ന വിചിത്രവാദമുന്നയിച്ച് അല്ലാഹുവിന്റെ കൃത്യവും വ്യക്തവുമായ വിലക്കിനെ മറികടക്കാനുള്ള തട്ടിപ്പായിരുന്നു അത്. രണ്ടു സഹോദരിമാരെ ഒരേസമയം ജീവിതപങ്കാളികളാക്കുന്നതിനെ ഖുര്‍ആന്‍ തന്നെ കണിശമായി വിലക്കിയിട്ടുണ്ട്:
''രണ്ടു സഹോദരിമാരെ ഒരുമിച്ച് ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതു തന്നെ. നേരത്തേ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു'' (4:23).
വീട്ടില്‍ വന്നയാള്‍ക്ക് ഈ ഇസ്‌ലാമിക നിയമം അറിയുമായിരുന്നെങ്കിലും അയാളുടെ ഭാര്യാ സഹോദരിക്ക് അതറിയുമായിരുന്നില്ല. ജ്യേഷ്ഠ സഹോദരിയുടെ ഭര്‍ത്താവിനെ തന്നെ തനിക്കും ഭര്‍ത്താവാക്കാമെന്നാണ് അവള്‍ ധരിച്ചത്. അതുകൊണ്ടു കൂടിയാണ് അവള്‍ അയാളുടെ ഇംഗിതത്തിന് വഴങ്ങിയത്.

അറ്റുപോകാത്ത ബന്ധം

ഇപ്രകാരം തന്നെ ഏറെപ്പേര്‍ക്കും അറിയാത്ത ഒന്നാണ് വിവാഹമോചനം സംഭവിച്ചാലും അറ്റു പോകാത്ത വിവാഹത്തിലൂടെ സ്ഥാപിതമാകുന്ന അനശ്വര ബന്ധം.
വിവാഹത്തിനു മുമ്പ് പുരുഷന് ഒരു മാതാവും ഒരു പിതാവുമാണുള്ളതെങ്കില്‍ വിവാഹത്തോടെ രണ്ടു പിതാക്കന്മാരും രണ്ട് മാതാക്കളുമുണ്ടാകുന്നു. രണ്ട് വല്ല്യുമ്മമാര്‍ക്ക് പകരം നാല് വല്ല്യുമ്മമാരും രണ്ട് വല്ല്യുപ്പമാര്‍ക്ക് പകരം നാല് വല്ല്യുപ്പമാരുമുണ്ടാകുന്നു. പെണ്ണിനും ഇതുതന്നെ സംഭവിക്കുന്നു. വിവാഹമോചനം സംഭവിച്ചാലും ഇണകളായി ജീവിച്ച ഇരുവരുടെയും  മാതാപിതാക്കളുമായുള്ള പരസ്പരബന്ധം അറ്റുപോവുകയില്ല. അവരുമായി അപ്പോഴും സ്വന്തം മാതാപിതാക്കളെപ്പോലെ അടുത്തിടപഴകാവുന്നതാണ്. വിവാഹത്തിലൂടെ എത്രമേല്‍ സുദൃഢമായ ബന്ധമാണ് ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
നീണ്ട ഇരുപതോ ഇരുപത്തഞ്ചോ കൊല്ലം പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ തൃപ്തിയോ അനുവാദമോ ഇല്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളില്‍ ഇത്രയും മഹത്തരവും വിശാലവുമായ ബന്ധ സാധ്യത കൂടിയാണ് നഷ്ടപ്പെടുന്നതെന്ന കാര്യം വിസ്മരിക്കാവതല്ല. സ്വന്തം മാതാപിതാക്കളെ വഞ്ചിച്ചവരെ എത്രമാത്രം വിശ്വസിക്കാമെന്നത് ഗൗരവമര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ്.

ഭര്‍തൃസഹോദരന്‍

ഭര്‍തൃസഹോദരന്റെ കൂടെ ഇരുചക്രവാഹനങ്ങളില്‍  സഞ്ചരിക്കുമ്പോള്‍ അപകടം  സംഭവിച്ച ഒട്ടേറെ അനുഭവങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം അപകടങ്ങള്‍ മരണത്തിനിടയാക്കുന്നുവെങ്കില്‍ നിഷിദ്ധ വൃത്തിയിലായിരിക്കെയാണ് അല്ലാഹുവിലേക്ക് യാത്രയാകുന്നതെന്ന കാര്യം വിസ്മരിക്കാവതല്ല. ഭര്‍തൃസഹോദരന്‍ സ്പര്‍ശിക്കാനോ ഒന്നിച്ച് കഴിയാനോ പാടില്ലാത്തവരാണെന്ന വസ്തുത അറിയാത്തവര്‍ പോലും സമുദായത്തിനകത്തുണ്ട്. ഇപ്രകാരം തന്നെയാണ് സഹോദരീഭര്‍ത്താവും. ജ്യേഷ്ഠത്തിയുടെയോ അനുജത്തിയുടെയോ ഭര്‍ത്താക്കന്മാരും തൊടാനും  ഒരുമിച്ചു കഴിയാനും തൊട്ടുരുമ്മി യാത്രചെയ്യാനും പാടില്ലാത്തവരാണ്. അറിവില്ലായ്മയാലോ അവഗണനയാലോ ഈ ഇസ്‌ലാമിക നിയമം ലംഘിക്കുന്നവരാണ് ചിലരെങ്കിലും.
ഭര്‍തൃ സഹോദരന്മാരും സഹോദരീ ഭര്‍ത്താക്കന്മാരും തമ്മിലുള്ള അടുത്തിടപഴകലും സൂക്ഷ്മതയില്ലാത്ത പെരുമാറ്റവും കാരണമായി വളര്‍ന്നു വരുന്ന തെറ്റായ ബന്ധം തകര്‍ത്തെറിയുന്ന കുടുംബങ്ങള്‍ നിരവധിയാണെന്ന കാര്യം ആരും മറക്കാവതല്ല. ഭദ്രമായ കുടുംബ ഘടനക്കും ആരോഗ്യകരമായ സമൂഹ സംവിധാനത്തിനും സ്രഷ്ടാവായ  അല്ലാഹു നല്‍കിയ നിയമങ്ങളുടെ ലംഘനം പരലോക ശിക്ഷയോടൊപ്പം ഇഹലോകത്തെ വന്‍ നാശത്തിനും നഷ്ടത്തിനും നിമിത്തമാകാതിരിക്കില്ല. മനുഷ്യന്‍ കുറച്ചേ അറിയുന്നുള്ളു, അല്ലാഹു എല്ലാം അറിയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top