ഭൂഗോളം പോലെ ചോറ്റുരുള

പി.കെ ജമാല്‍ No image

'മനസ്സ് തുറന്ന് ഒന്ന് ചിരിക്കാന്‍ പോലും പിശുക്ക് കാണിക്കുന്നവരാണ് നിങ്ങള്‍ മലയാളികള്‍' ദല്‍ഹിക്കാരനായ സഹപ്രവര്‍ത്തകന്‍ രംഗന്‍ലാല്‍ ഗുപ്ത കേരളീയരെസംബന്ധിച്ച് നടത്തിയ ഈ പ്രസ്താവന അക്ഷരംപ്രതി ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. കണ്ടാല്‍ അഭിവാദ്യം ചെയ്യാന്‍ മടി. പ്രത്യഭിവാദ്യത്തിന് പകരം ഒരു ഇളിഞ്ഞ ചിരി. ഉപകാരം ചെയ്താല്‍ ഒരു നന്ദിവാക്ക് പറയില്ല. തെറ്റ് പറ്റിയാല്‍ ക്ഷമാപണം നടത്തില്ല. 'സുഖമല്ലേ?' എന്നാരാഞ്ഞാല്‍, 'ഓ! എന്തോന്ന് സുഖം? അങ്ങനെ കഴിയുന്നു' എന്ന അസംതൃപ്തി നിറഞ്ഞ മറുപടി. 'ഞാന്‍ നിങ്ങള്‍ക്ക് കൊടുത്തയച്ച ആ ഷര്‍ട്ടിന്റെ തുണി എങ്ങനെയുണ്ട്, ഇഷ്ടപ്പെട്ടോ!' 'കുഴപ്പമില്ല.' 'ശരി പിന്നെ കാണാം' എന്ന് പറഞ്ഞ് പിരിയുമ്പോള്‍ ഒരു സ്‌നേഹ വചനം പോലും ആ തിരുവായില്‍നിന്ന് ഉതിര്‍ന്നു വീഴില്ല. 
ഇതാണ് ഒരു ശരാശരി മലയാളി. ഇംഗ്ലീഷുകാരനോട് 'ഒരു സേവനം ചെയ്തുതരട്ടെയോ' എന്ന് ചോദിച്ചാല്‍ രണ്ട് വിധത്തില്‍ അയാള്‍ പ്രതികരിക്കും. ആവശ്യമെങ്കില്‍: 'യെസ് പ്ലീസ്.' ആവശ്യമില്ലെങ്കില്‍ പുഞ്ചിരിച്ച് 'നോ, താങ്ക്‌സ്' എന്ന് പറയും. ഇതേ ചോദ്യം മലയാളിയോടാണെങ്കില്‍ ചുണ്ടു കോട്ടി കൃത്രിമ ചിരി വരുത്തി കനത്ത സ്വരത്തില്‍: 'വേണം.' ആവശ്യമില്ലെങ്കില്‍ അതേ ഭാവത്തില്‍ 'വേണ്ട' എന്ന് പറയും. ഭവ്യതയുടെയോ വിനയത്തിന്റെയോ ലാഞ്ചന പോലുമില്ലാത്ത പരുക്കന്‍ മുഖഭാവം. അറബികളുടെ കുശലാന്വേഷണങ്ങളും സ്വാഗതോക്തികളും അഭിവാദ്യവചനങ്ങളും കണ്ടും കേട്ടും ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട്. സമൂഹവുമായി ഇടപഴകുമ്പോള്‍ വ്യക്തികളില്‍ സംജാതമാവേണ്ട സംസ്‌കാരത്തിന്റെ ഉത്തമ നിദര്‍ശനമാണ് ശരീര ഭാഷപോലും. സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന ആശ്ലേഷത്തില്‍ അമരുമ്പോള്‍ ഹൃദയം ഹൃദയത്തോടാണ് ചേരുന്നതും ഒന്നായിത്തീരുന്നതും.
'അസ്സലാമു അലൈകും' എന്ന അഭിവാദ്യത്തില്‍ ആരംഭിക്കുന്ന വര്‍ത്തമാനവും ക്ഷേമാന്വേഷണവും നിങ്ങളുടെയും കുടുംബത്തിന്റെയും മക്കളുടെയും ജോലിയുടെയും വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെയും ആരോഗ്യം, സുഖം, സന്തോഷം തുടങ്ങി സര്‍വ തലങ്ങളെയും തലോടിയാണ് ഒരുവിധം തീര്‍ന്നുകിട്ടുക. അപ്പോഴേക്കും സ്‌നേഹം തന്ന് അറബിയും സ്‌നേഹം വാങ്ങി നിങ്ങളും ക്ഷീണിച്ചിട്ടുണ്ടാകും. നിങ്ങള്‍ വെള്ളം കുടിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, മുടി വെട്ടിയത്, പുതുവസ്ത്രം ധരിച്ചത്, നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷന്‍ കിട്ടിയത്, പുതിയ വാഹനം വാങ്ങിയത്...... ഒരു ഈജിപ്ഷ്യനാണ് കണ്ടതെങ്കില്‍ കഥ കഴിഞ്ഞത് തന്നെ. അയാള്‍ നിങ്ങളെ അനുഗ്രഹാശിസ്സുകള്‍കൊണ്ടും പ്രാര്‍ഥനകൊണ്ടും ഉപചാര വചനങ്ങള്‍ കൊണ്ടും മൂടും. അത് കൃത്രിമമല്ല. അവര്‍ ശീലിച്ച സമ്പ്രദായത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണത്. ഇതെല്ലാം പറഞ്ഞിട്ട് അപ്പുറത്ത് പോയി കുതികാല്‍വെട്ടും പാരവെപ്പും പരദൂഷണവും നടത്തുന്ന ഈജിപ്ഷ്യനുമുണ്ട്. 
ഗള്‍ഫിലേക്ക് മലയാളി കുടിയേറിയ നാള്‍ അയാള്‍ കുറേ നല്ല ശീലങ്ങള്‍ സ്വായത്തമാക്കുകയും പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നത് സത്യം. അഭിവാദ്യം, പ്രത്യഭിവാദ്യം, ഹസ്തദാനം, ആശ്ലേഷം, ആശംസ, ആശീര്‍വാദം, ഉപചാര വാക്കുകള്‍, ഭക്ഷണ മര്യാദ, പുഞ്ചിരി തുടങ്ങി നിരവധി നല്ല ശീലങ്ങള്‍ കേരളീയന്‍ പഠിച്ചത് കുടിയേറിയ നാടുകളില്‍നിന്ന്, വിശിഷ്യാ ഗള്‍ഫ് നാടുകളിലെ പൗരന്മാരുമായുള്ള സമ്പര്‍ക്കത്തില്‍നിന്നാണെന്ന് സംശയത്തിന്നൊരു പഴുതും അവശേഷിപ്പിക്കാതെ പറഞ്ഞത് ഒരു പ്രമുഖ വ്യക്തിത്വമാണ്; കുവൈത്തില്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന ബി.എം.സി നായര്‍. അദ്ദേഹം ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും കുവൈത്തി പൗരന്മാരെയും അത്താഴവിരുന്നിന് തന്റെ വസതിയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കള്‍ എന്ന നിലക്ക് പി.പി അബ്ദുര്‍റഹ്മാന്‍ (പെരിങ്ങാടി), മര്‍ഹൂം കെ.എം അബ്ദുര്‍റഹീം (മാഹി) എന്നിവരെയും എന്നെയും ക്ഷണിച്ചിരുന്നു. അതിഥികള്‍ പോയിക്കഴിഞ്ഞ് ഞങ്ങള്‍ നാലു പേരും തനിച്ചായപ്പോള്‍ സ്വകാര്യമെന്നോണം അംബാസഡര്‍ ഞങ്ങളോട്: ''കുവൈത്ത് പൗരന്മാര്‍ വന്നു കയറിയ നിമിഷം മുതല്‍ ഞാന്‍ വീക്ഷിക്കുകയായിരുന്നു; അവരുടെ ആ സലാം, അഭിവാദ്യം, ഹസ്തദാനം, കുശലാന്വേഷണം, ആലിംഗനം, പരിചിതരോടും അപരിചിതരോടും വിവേചനമില്ലാത്ത പെരുമാറ്റം. ഇവിടെ നാം കുഴിച്ചുകൂട്ടിയ രണ്ട് മണിക്കൂര്‍ ആ അദമ്യ സ്‌നേഹവികാരം അവര്‍ കെടാതെ കാത്തുസൂക്ഷിച്ചു. അപാരസിദ്ധിതന്നെ. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹിമയായി ഞാന്‍ ഗണിക്കുന്നത് ഈ ഉന്നത സ്വഭാവമാണ്. മലയാളികളായ നമ്മളെല്ലാം പുതിയ ശീലങ്ങളും മര്യാദകളും പെരുമാറ്റ രീതികളും പഠിച്ചത് ഗള്‍ഫില്‍ കുടിയേറിത്തുടങ്ങിയ അറുപതുകളുടെ ആദ്യപാദം മുതല്‍ക്കാണെന്ന് ഞാന്‍ പറയും. വിദേശ മന്ത്രാലയത്തിലെ പല സുഹൃത്തുക്കളും ഈ അഭിപ്രായം ശരിവെച്ചിട്ടുണ്ട്.' അംബാസഡര്‍ പറഞ്ഞ സത്യത്തിന് നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ വരെ അടിവരയിടും. അംബാസഡറുടെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്; സത്യമാണ്.

****      ****       ****

മലയാളിയുടെ ശീലങ്ങളെക്കുറിച്ച് എഴുതിയപ്പോഴാണ് ഒരു സംഭവം ഓര്‍മയില്‍ തെളിഞ്ഞത്. ഒരിക്കല്‍ കോഴിക്കോട്ടെ ഒരു വെജ് ഹോട്ടലില്‍ ഭക്ഷണം(പാര്‍സല്‍) ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്. മേശയില്‍ തൊട്ടു മുന്നില്‍ മലയാളി ഇരുന്നു ഭക്ഷണം കഴിക്കുന്നു. ആ 'നാഗരിക' രീതി കണ്ടപ്പോള്‍ മുമ്പൊരിക്കല്‍ വായിച്ച, ഈജിപ്ഷ്യന്‍ സാഹിത്യകാരന്‍ അനീസ് മന്‍സൂര്‍ രചിച്ച 'ഹൗലല്‍ ആലമി മിഅതൈന്‍ യൗം' (ലോകത്തിന് ചുറ്റും ഇരുനൂറ് ദിവസങ്ങള്‍) എന്ന കൃതിയിലെ രസകരമായ ചില ഭാഗങ്ങള്‍ ഓര്‍ത്തുപോയി. അനീസ് മന്‍സൂര്‍ 1962-ലാണ് അതെഴുതിയത്. അന്ന് കണ്ട മലയാളിയല്ല ഇന്നത്തെ മലയാളി. ഒരുപാട് മാറിയിട്ടുണ്ടാവും. നിരീക്ഷണങ്ങളില്‍ പലതും കാലഹരണപ്പെട്ടിട്ടുമുണ്ടാകും. എന്നാലും പുള്ളിപ്പുലിയുടെ പുള്ളി തൂത്താല്‍ പോകുമോ? ഈ കൃതി ഈജിപ്തിലെ അത്യുന്നത സാഹിതീ പുരസ്‌കാരമായ 'ഇന്റര്‍നാഷ്‌നല്‍ അവാര്‍ഡ്' കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന ഖ്യാതി നേടിയ ഇ.എം.എസ് ഗവണ്‍മെന്റിനെയും അന്ന് അരങ്ങേറിയ വിമോചന സമരത്തെയും കുറിച്ചറിയാനും ഇ.എം.എസുമായി അഭിമുഖം നടത്താനുമാണ് അനീസ് മന്‍സൂര്‍ കേരളത്തിലെത്തിയത്. കേരളത്തെക്കുറിച്ചെഴുതിയ ഭാഗം രസകരമാണ്: 'നഗ്നപാദര്‍, പുരോഗതി പ്രാപിച്ചവര്‍' എന്ന ശീര്‍ഷകത്തില്‍:
''ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലേക്ക് പോവുകയാണ് എന്റെ ഇനിയുള്ള ദൗത്യം. ദല്‍ഹിയിലെ കേന്ദ്രഭരണകൂടവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലെ സംഘട്ടനത്തിന്റെ കഥ എനിക്കെഴുതേണ്ടതുണ്ട്. ....... ഇന്ത്യാ രാജ്യത്തിലെ അങ്ങേയറ്റത്തെ തുരുത്തിലാണ് ഇപ്പോള്‍ ഞാനുള്ളത്. ഈ തുരുത്തിന്റെ പേര് കന്യാകുമാരി. പടിഞ്ഞാറുനിന്ന് അറബിക്കടലും കിഴക്കു നിന്ന് ബംഗാള്‍ ഉള്‍ക്കടലിലെ വെള്ളവും തെക്കുനിന്ന് സമുദ്രത്തിലെ വെള്ളവും ചേരുന്ന സംഗമസ്ഥലിയാണിത്. നാലാമത്തെ കടലെന്ന് പറയുന്നത് കഴിഞ്ഞ 24 മണിക്കൂറായി ഇടതടവില്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന തലക്ക് മുകളിലെ ആരവമുയര്‍ത്തുന്ന മഴയാണ്. ഇത്തരം ഒരു മഴ കൈറോ നഗരത്തില്‍ ഒരു മണിക്കൂര്‍ പെയ്താല്‍ മതി ആ മഹാ നഗരി നിശ്ചലമാകും. ഓരോരുത്തരും തങ്ങളുടെ വസതിക്ക് മുന്നില്‍ ബോട്ടിടേണ്ടിവരും.....
''ഞാന്‍ നിലത്തിരിക്കുകയാണ്. കേരളത്തിലെ ധനാഢ്യരില്‍ ഒരാള്‍ എന്റെ ചാരത്തുണ്ട്. രാജകുടുംബത്തിലെ അംഗമാണ്. തമ്പിയെന്ന് പേര്‍. ഇംഗ്ലണ്ടില്‍ പഠിച്ചു. കാലില്‍ ചെരിപ്പില്ലാതെ നഗ്നപാദനായാണ് നടപ്പ്. പുരാതന ഈജിപ്തുകാര്‍ ധരിക്കുന്നതുപോലെ ഒരു വസ്ത്രം അരയ്ക്ക് ചുറ്റിയിട്ടുണ്ട്. വിലകൂടിയ ഒരു അമേരിക്കന്‍ കണ്ണട വെച്ചിരിക്കുന്നു. ധരിച്ചിരിക്കുന്ന പട്ടുകുപ്പായത്തിന്റെ കീശയില്‍ ഒരു സ്വര്‍ണ നിര്‍മിത ഷിവര്‍സ് പേന. കൈത്തണ്ടയില്‍ മുത്തുപതിച്ച സ്വര്‍ണവാച്ച്. ഇതൊക്കെയായിട്ടും അയാളുടെ ഇരുത്തം നിലത്താണ്. അതാണ് ആചാരം. പാരമ്പര്യ രീതിയാണത്. ഉച്ചഭക്ഷണത്തിന് ഇരിക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ മുന്നില്‍ പ്ലേറ്റോ കത്തിയോ മുള്ളോ ഒന്നും വെച്ചിട്ടില്ല. പാല്‍ക്കട്ടി വിളമ്പുന്ന കൊച്ചു പാത്രങ്ങള്‍ പോലെ കുറേ കുഞ്ഞ് കുഞ്ഞ് പാത്രങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിരത്തിവെച്ചിരിക്കുന്നു. ഒരു ചെറിയ തുണി എങ്ങനെയോ ചുറ്റിയതൊഴിച്ചാല്‍ പൂര്‍ണനഗ്നനെന്ന് പറയാവുന്ന ഒരു പരിചാരകന്‍ കൂടി നില്‍പ്പുറപ്പിച്ചിരിക്കുന്നു ഞങ്ങളുടെ അടുത്ത്.....
''ആ പരിചാരകന്‍ ഞങ്ങളുടെ മുന്നില്‍ വാഴ ഇല കൊണ്ട് വെച്ചു; കഴുകിയ മിനുസമുള്ള പച്ചനിറമുള്ള വാഴയില. ഈ ഇലയാണ് പ്ലേറ്റ്. ഞങ്ങളുടെ ഇലയില്‍ കുറേ ചോറ് കോരിയിട്ടു. ഒരു സ്പൂണ്‍ വെളിച്ചെണ്ണയും നെയ്യും അതിന്റെ ഒരു വശത്തൊഴിച്ചു. പിന്നെ ആ കുഞ്ഞിപാത്രങ്ങളോരോന്നും വിവിധ കറികളും ഉപ്പേരികളും കൊണ്ട് നിറച്ചു. കുറച്ചു ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, പിന്നെ കപ്പ പുഴുങ്ങിയത്, പിന്നെ സാമ്പാര്‍, 'തീ രുചി'യുള്ള ഒരു കയില്‍ കറി. മാങ്ങാകറി. ഉപ്പിലിട്ട മാങ്ങ, അച്ചാര്‍ അങ്ങനെ വിവിധ ഇനം കൂട്ടുകറികളും ഉപദംശങ്ങളും. വറുത്തകായ, ശര്‍ക്കര ഉപ്പേരി, വിചിത്ര വര്‍ണങ്ങളിലും നിറങ്ങളിലുമുള്ള ധാന്യങ്ങള്‍. ഇവയെല്ലാം ഇലയുടെ മൂലയിലും ഓരത്തുമായി നിരത്തി വിളമ്പിയിരിക്കുന്നു. അതിനടുത്ത് ഒരു കോപ്പ രസം, മോര്-രസം കായ് നിര്‍മിതമാണ്. നല്ല എരിവുള്ള ദ്രാവകം.....
''അടുത്തപടി, പരിചാരകന്‍ ഇനി ഞങ്ങളുടെ പാട്ടിനു വിട്ട് പിന്‍വാങ്ങുകയാണ്. ഞങ്ങളുടെ പാട്ടിന്, സ്വാതന്ത്ര്യത്തോടെ വിടുകയെന്നാല്‍, ഈ പറഞ്ഞ വിഭവങ്ങളെല്ലാം ചേരുംപടി ചേര്‍ത്ത് കൈകൊണ്ട് കുഴച്ച് ഉരുളയാക്കി ഉരുട്ടി ഗോളാകൃതിയിലാക്കണം. ആ ഗോളം രുചിയറിഞ്ഞ് ആസ്വദിച്ച് ഞങ്ങള്‍ വിഴുങ്ങണം. ഈ ഭക്ഷണത്തില്‍ മാംസമില്ല. ഇറച്ചി കഴിക്കാത്ത ഹിന്ദുവാണ് ഗൃഹനാഥന്‍. ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊരുങ്ങിയപ്പോള്‍ ഗൃഹനാഥ ഞങ്ങളോട് ഇംഗ്ലീഷില്‍ സംസാരിച്ചു. ഭക്ഷണം തുടങ്ങിയപ്പോള്‍ അവര്‍ മെല്ലെ പിന്‍വാങ്ങി വീട്ടിനകത്തേക്ക് പോയി. ഞങ്ങളോടൊന്നിച്ച് ഭക്ഷണം കഴിച്ചില്ല. യാഥാസ്ഥിതിക കുടുംബങ്ങളില്‍ ഇതാണ് പതിവെന്ന് തോന്നുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം തിന്നില്ല.''
ഈജിപ്ഷ്യന്‍ നോവലിസ്റ്റ് അനീസ് മന്‍സൂറിന്റെ കേരളവര്‍ണനയില്‍ കണ്ടത് സദ്യ കഴിക്കുന്ന മലയാളിയെയാണ്. ദജാജ് ഫഹ്മും കബാബും തന്തൂര്‍ റൊട്ടിയും ഫൂലും ഫലാഫിലും ഹമൂസും ലബനാനി ഖുബ്‌സും ശീലിച്ച ഈജിപ്ഷ്യന് ഭൂഗോളം കണക്കെയുള്ള ചോറ്റുരുള അകത്താക്കുന്ന മലയാളിയെ കണ്ടാല്‍ അത്ഭുതം തോന്നാതിരിക്കുന്നതെങ്ങനെ! ആ ശീലമല്ലേ ഇപ്പോള്‍ ഞാന്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഒരു നിമിഷമോര്‍ത്തു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top