ഖുവൈലിദിന്റെ മകള്‍ പ്രവാചകന്റെ 'ഖദീജ'യായപ്പോള്‍

പി.ടി കുഞ്ഞാലി No image

പ്രവാചകന്റെ ജീവിതവും ഇസ്‌ലാമിക ചരിത്രവും എക്കാലവും വിശ്വാസി സമൂഹം പുളകത്തോടെയും ഉത്സാഹാതിരേകത്തോടെയും മാത്രം നിരീക്ഷിക്കുന്ന ഒന്നാണ്. അവര്‍ അത്രമേല്‍ അഗാധമായി ആ സൂക്ഷ്മജീവിത സന്ദര്‍ഭങ്ങളെ പ്രണയിക്കുന്നു. അതുകൊണ്ട് പ്രവാചകന്‍ മാത്രമല്ല അദ്ദേഹത്തിന്റെ നിയോഗപൂര്‍വമായ കാലക്കാഴ്ചകളും അന്നത്തെ സാമൂഹികജീവിതത്തിന്റെ സ്ഥൂലപ്പെരുക്കങ്ങളും സൂക്ഷ്മനിശ്വാസങ്ങളും നാഗരിക വ്യവഹാരങ്ങളും സാംസ്‌കാരിക ഉല്‍പ്പാദനങ്ങളും ആസകലം അവര്‍ പഠനത്തിന് വെക്കും. ചരിത്രത്തിന്റെ അത്രമേല്‍ നിറവെട്ടത്തിലാണ് പ്രവാചകന്‍ ജീവിച്ചതും ഇടപെട്ടതും ഭൂമിയില്‍നിന്ന് തിരിച്ചുപോയതും. തന്റെ അറുപതാണ്ടുകള്‍ക്കപ്പുറത്തേക്ക് പടര്‍ന്ന ധന്യജീവിതത്തില്‍ ഏറ്റവും സംഘര്‍ഷപൂരിതമായിരുന്നു ഇരുപത്തിമൂന്നു വര്‍ഷം മാത്രം നീളമായ നിയോഗപര്‍വം. അന്നനുഭവിച്ചുതീര്‍ത്ത സംഘര്‍ഷങ്ങള്‍, പീഡാനുഭവത്തിന്റെ മുള്‍മുടിക്കെട്ടുകള്‍, പരിഹാസത്തിന്റെ തീക്കാവടികള്‍, ഒറ്റപ്പെടലിന്റെ ദുര്‍ഘടത്തുരുത്തുകള്‍, കല്ലുമലകള്‍ താണ്ടിയുള്ള പലായനം, മഹായുദ്ധങ്ങളുടെ സങ്കടപര്‍വം,  മക്കളുടെയും പേരക്കുഞ്ഞുങ്ങളുടെയും തുടര്‍ച്ചയായ മരണം, പെണ്‍മക്കളുടെ വൈധവ്യം. ഏത് മനുഷ്യനും ഉലഞ്ഞുപോകുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. അതിനാല്‍ തന്നെ പ്രവാചക ജീവിതത്തിന്റെ ഇത്തരം മണ്ഡലങ്ങള്‍ ചരിത്രകാരന്മാരും ഗവേഷകരും വിശദപ്പെടുത്തിയത് വിസ്തൃതമായാണ്.
എന്നാല്‍ ഈ സംഘര്‍ഷ പ്രതിസന്ധികളിലും വളരെ ശാന്തവും പ്രസാദദീപ്തവുമായ ഒരു ഗൃഹാന്തരീക്ഷം പ്രവാചകന് സാധ്യമായിരുന്നു. പൊതുജീവിതത്തിന്റെ അത്യുഷ്ണപ്രവാഹങ്ങളെ മിതശൈത്യത്തിലേക്ക് സാന്ത്വനപ്പെടുത്തിയത് ഈ ഗൃഹാന്തരീക്ഷം കൂടിയായിരുന്നു. അത്യന്തം സരളവും സ്വാഭാവികവുമായിരുന്നു ആ കുടുംബ ജീവിതാവസ്ഥ.
മുഹമ്മദിന്റെ ജീവിതത്തില്‍ നിരവധി സ്ത്രീ സാന്നിധ്യങ്ങളുണ്ട്. ഇവരൊക്കെയും ചരിത്രത്തിന്റെ ഉച്ചവെളിച്ചത്തില്‍ ദൃശ്യപ്പെടുന്നതും രേഖീയമായ ചരിത്രമുള്ളവരും.  ഒട്ടും ഒളിച്ചുവെപ്പില്ലാതെ മലയാളത്തിലും ഇത് സുലഭമാണ്. ഇതില്‍ ഏറെ ആഘോഷമാക്കിയത് ഖദീജയും ആഇശയും പ്രവാചകനുമായി പങ്കിട്ട ജീവിതമാണ്. ഇത്തരം എഴുത്തുകളില്‍ പക്ഷേ അധികവും അത്യുക്തിയിലും കാല്‍പ്പനികശോഭയിലും  പൊലിച്ചുനില്‍ക്കുന്ന ദമ്പതിമാരെയാണ് നമ്മുടെ പ്രവാചക ചരിത്രകാരന്മാര്‍ അവതരിപ്പിക്കുക. എന്നാല്‍ ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സദഖത്തുല്ലയുടെ 'ഖദീജത്തുല്‍ കുബ്‌റാ തിരുദൂതന്റെ തണല്‍' എന്ന പുതിയ പുസ്തകം.  പ്രവാചകന് അല്ലാഹു നല്‍കുന്ന ഒരു പാപസുരക്ഷയുണ്ട് (ഇസ്മത്ത്). അത് അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടതാണ്. ഇതിന്റെ കേവലാനുകൂല്യത്തില്‍ മഹത്വപ്പെടേണ്ടവരല്ല അദ്ദേഹത്തിന്റെ പുത്രകളത്രങ്ങള്‍. എന്നാല്‍ പ്രവാചകന്‍ പ്രസരമാക്കിയ ജീവിതശുഭ്രതയില്‍ സ്വാഭാവികവുമായും ഇവരൊക്കെ നക്ഷത്രശോഭയുള്ളവരായി മാറുന്നു.
ഈ പുസ്തകത്തിലെ ഖദീജ മുഹമ്മദീ പരിമളത്തില്‍ ജീവിത പൂര്‍ണിമ നേടിയ ഒരു സാധാരണ സ്ത്രീ മാത്രമാണ്. എന്നാല്‍ അവര്‍ക്കുള്ള എല്ലാ ജീവിതശുഭങ്ങളും യഥോചിതം അവരില്‍ സംഗമിക്കുന്നു. അങ്ങനെ ഓരോരുത്തരും സ്വജീവിതം സാര്‍ഥകമാക്കുന്നു. അവര്‍ പ്രവാചകനെ പുണര്‍ന്നു നില്‍ക്കുന്നു. പ്രവാചകന്‍ അവരെയും. അപ്പോള്‍ അദ്ദേഹത്തിന്റെ ബാഹ്യസംഘര്‍ഷങ്ങളപ്പാടെ പ്രതീക്ഷകളും പ്രത്യാശകളുമായി വിരിഞ്ഞിറങ്ങുന്നു. എങ്ങനെയാണ് പൊതുജീവിതത്തിന്റെ ഒത്തമധ്യത്തില്‍ നില്‍ക്കുന്ന ഒരാളുടെ ഗൃഹസ്ഥാശ്രമം നാം ചരിത്രത്തിലും ഇതിഹാസങ്ങളിലും കണ്ടെടുക്കുന്നത്. പുരാണത്തിലെ മൈഥിലിയും രാധയും തുടങ്ങി യശോധരയും ശാന്തിപിയും കാല്‍പോര്‍ണിയയും ജന്നിയും കസ്തൂര്‍ബയുമൊക്കെ സാമൂഹിക ജീവിതത്തെ നിയാമകമായി സ്വാധീനിച്ച മഹാജീവിതങ്ങളെ വാമഭാഗത്തുനിന്നും പുരസ്‌കരിച്ചവരാണ്. ഇവരുമായി ഖദീജ ആസകലം വ്യത്യസ്തയാവുന്നു. ഈ വ്യത്യസ്തത തന്നെയാണ് അവരുടെ പ്രഭാവം. അതാണ് സദഖത്തുല്ല ഈ പുസ്തകത്തില്‍ ഹൃദ്യമായി പറഞ്ഞുപോകുന്നത്.
സാധാരണ സീറകളില്‍ കേള്‍ക്കുന്നപോലെയല്ല സദഖത്തുല്ല ഉമ്മുല്‍ ഖുറായിലെ ജാഹിലിയ്യ കാലം ഖനിച്ചെടുക്കുന്നത്. രണ്ടു തവണ വിധവയാകുന്നു ഖദീജ. പൂര്‍വ ദാമ്പത്യങ്ങളില്‍ അവര്‍ക്ക് സന്താന സൗഭാഗ്യമുണ്ട്. ഖുവൈലിദിന്റെ ഈ മകള്‍ മക്കയിലെ കൊഴുത്ത വ്യാപാരി. ഇവര്‍ മാത്രമല്ല അന്ന് അറേബ്യയില്‍ നിരവധി സ്ത്രീ വ്യാപാരി പ്രമുഖര്‍ ഉണ്ടായിരുന്നു. കഅ്ബക്ക് ചുറ്റുമായി ഇരമ്പിനിന്നിരുന്ന അന്നത്തെ ആ ഗോത്രജീവിതത്തില്‍ എല്ലാവരും എല്ലാവര്‍ക്കും പരിചിതരായിരുന്നു. അതുകൊണ്ടുതന്നെ അയല്‍ക്കാര്‍ കൂടിയായിരുന്ന ഖദീജക്ക് ബാല്യത്തിലേ മുഹമ്മദിനെയും കുടുംബത്തെയും നന്നായറിയാം. മാത്രമല്ല, നിയോഗപൂര്‍വത്തില്‍ തന്നെ മുഹമ്മദ് മക്കയില്‍ വിശ്രുതനാണ്. മുഹമ്മദില്‍ അതിശയം കുമിയുന്ന പ്രത്യേകതകള്‍ പൊതിഞ്ഞുനില്‍ക്കുന്നതും ആദിപ്രമാണങ്ങള്‍ പ്രഖ്യാപിച്ച വരും പ്രവാചകന്‍ ഈ മുഹമ്മദായിരിക്കാമെന്നും അന്ന് മക്കയിലും വെളിയിലും ശ്രുതിപെരുമകളുണ്ടായിരുന്നത് സദഖത്തുല്ല രേഖപ്പെടുത്തുന്നുണ്ട്. അബൂത്വാലിബുമൊന്നിച്ചുള്ള മുഹമ്മദിന്റെ ശാം യാത്രയില്‍ ബുഹൈറാ പുരോഹിതന്റെ നിരീക്ഷണം സ്വാഭാവികമായും കച്ചവടസംഘത്തിലൂടെ മക്കക്കാര്‍ അറിഞ്ഞുകാണും. ഇതില്‍ പ്രവാചകത്വ സൂചനകളുണ്ട്. ഖദീജയുടെ കച്ചവടസംഘത്തെ നയിച്ച  മുഹമ്മദിന്റെ ശാം യാത്രയില്‍ അനുയാത്ര ചെയ്ത മൈസറ ഖദീജക്ക് നല്‍കിയ സാക്ഷ്യത്തില്‍ ഈ അപൂര്‍വ ജീവിതത്തിന്റെ ആത്മീയഭാവം ചേതോഹരമായ കിന്നരിയായുണ്ട്. ഇത്തരം കൗതുകങ്ങളും നിരീക്ഷണങ്ങളുമൊക്കെ ഖദീജ വേദപുരോഹിതനായ വറഖത്തിന് കൈമാറുന്നുണ്ടെന്ന് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു. വറഖ കേവലമൊരു ജ്ഞാനി മാത്രമല്ല, അയാള്‍ അന്ന് ഉമ്മുല്‍ ഖുറായിലെ ഏകദൈവ വിശ്വാസിസംഘമായ 'ഹനീഫു'കളില്‍ ഉള്‍പ്പെടുന്നയാളാണ്. മാത്രമല്ല അദ്ദേഹം മക്കയില്‍ ഒരു പ്രവാചകനെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ വറഖ നൗഫലിന്റെ മകനാണ്. നൗഫലാകട്ടെ ഖദീജയുടെ പിതാവായ ഖുവൈലിദിന്റെ നേര്‍സഹോദരനും. മുഹമ്മദ് കച്ചവടസംഘത്തെ തിരിച്ചെത്തിച്ചശേഷം മൈസറ നല്‍കിയ വിശേഷങ്ങള്‍ മൊത്തം ഖദീജ വറഖത്തിനെ അറിയിക്കുന്നുണ്ട്. അപ്പോള്‍ വറഖത്ത് പറഞ്ഞ ഒരു വാചകം എഴുത്തുകാരന്‍ ഉദ്ധരിക്കുന്നു: 'ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ്. ഇത് ദൈവപ്രവാചകന്റെ കാലവുമാണ്.'  ഉറക്കില്‍ ഖദീജ കണ്ട ഒരു സ്വപ്‌നത്തെ പുസ്തകത്തില്‍ എഴുത്തുകാരന്‍ വിശദമാക്കുന്നുണ്ട്.  മുഹമ്മദീജീവിതത്തെ തന്റെ സര്‍വസ്വത്തിലേക്ക് ആശ്ലേഷിക്കാന്‍ ഖദീജയെ പ്രേരിപ്പിച്ചത് കച്ചവടലാഭത്തെ പ്രതിയുള്ള പ്രതീക്ഷയായിരുന്നില്ലെന്ന ഒരു മറുഅറിവ് എഴുത്തുകാരന്‍ ഉന്നയിക്കുന്നത് കൗതുകമാണ്. സമര്‍ഥയും ഹനീഫി സംഘത്തില്‍ ആകര്‍ഷകയുമായിരുന്ന ഖദീജ എന്നും മുഹമ്മദില്‍ കണ്ടത് വറഖ കണ്ട ശുഭങ്ങള്‍ തന്നെയായിരുന്നു. ഈ നിരീക്ഷണം പൊതുവെ പ്രവാചക ജീവിതം എഴുതുന്നവര്‍ പറഞ്ഞുതരാത്ത ഒരടരാണ്. അതായത് മുഹമ്മദീ ജീവിതം ഏതേത് വിതാനങ്ങള്‍ തഴുകി കടന്നുപോവുന്നതായിരിക്കുമെന്ന് സൂക്ഷ്മത്തിലല്ലെങ്കിലും ഖദീജക്ക് ധാരണയുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് മലമടക്കില്‍ ധ്യാനമിരുന്ന മുഹമ്മദിനെ അവര്‍ പുരസ്‌കരിച്ചതും കല്‍പ്പൊത്തില്‍ നിന്നും വിഹ്വലപ്പെട്ടിറങ്ങി വന്ന മുഹമ്മദിനെ അവര്‍ പുണര്‍ന്നതും വീണ്ടും വറഖക്കരികിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയതും. ഈയൊരു നിരീക്ഷണപടുത്വം ഖദീജയിലെ പ്രതിഭയുടെ കൂടി ആധാരമാണ്. നാം സാധാരണ കേള്‍ക്കുന്ന ചരിത്രം പനിച്ചുവന്ന മുഹമ്മദിനെ വറഖക്കരികിലെത്തിച്ചപ്പോഴാണ് ഖദീജ ഭര്‍ത്താവിന്റെ ഈയൊരു വിശുദ്ധ സാധ്യതയുടെ വിവരമറിയുന്നത് എന്നതാണ്. ആ വായനയെ നിരവധി ആധികാരിക പ്രമാണങ്ങള്‍ അരിച്ചാണ് എഴുത്തുകാരന്‍ മറിച്ചിടുന്നത്. 
അതുകൊണ്ടുതന്നെയാണ് തന്റെ ഭര്‍ത്താവ് ഏറ്റെടുക്കേണ്ടിവന്ന മഹാനിയോഗത്തിന്റെ ഒത്ത വാമത്തില്‍ അവര്‍ക്ക് ഇത്ര കരുത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞതും ആ ദൗത്യ സഞ്ചാരത്തില്‍ അനുഭവിച്ച സര്‍വ വിഘ്‌നപര്‍വങ്ങളെയും  ഇങ്ങനെ മറികടക്കാന്‍ കഴിഞ്ഞതും. ഇത്തരത്തില്‍ ദീപ്തമായൊരു മറുഅന്വേഷണമാണീ പുസ്തകം. ആ ദാമ്പത്യത്തില്‍ ആര്‍ദ്രമധുരമായ ഒരു ലയം വന്നു നിറഞ്ഞത് വെറുതെയല്ല. തന്റെ കാന്തന്‍ മുങ്ങിപ്പൊങ്ങിയ സങ്കടങ്ങളുടെ ഒപ്പത്തിനൊപ്പം ഏഴാം ബഹറും നീന്തിക്കടന്ന് ഫിര്‍ദൗസില്‍ വെണ്ണക്കല്‍ കൊട്ടാരം ഇവര്‍ക്കും നേടാനായത്.
മുഹമ്മദ് നിയോഗിതനായപ്പോള്‍ ഖദീജ മധ്യവയസ്‌കത പിന്നിട്ടുകഴിഞ്ഞു. തുടര്‍ച്ചയായ പ്രസവം. ആ ദാമ്പത്യത്തില്‍ പരാഗം പൂത്തപ്പോള്‍ അവര്‍ക്കൊരു മകന്‍, ഖാസിം. ആ കാരുണ്യത്തിടമ്പ് പിച്ചനടക്കുന്ന സമയത്തേ ഭൂമിയില്‍നിന്നും തിരിച്ചുപോകുന്നു. ആ കുഞ്ഞുദേഹം മക്കാപ്രാന്തത്തിലെ പൊതുശ്മശാനത്തില്‍ അടക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ അനുഭവിച്ച ഖേദവും നോവും. വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മറ്റൊരാണ്‍തരി അബ്ദുല്ല. തന്റെ പിതാവിന്റെ പേര് മകന് നല്‍കുമ്പോള്‍ ആ വത്സല ദാമ്പത്യം ഓര്‍ത്തുകാണില്ല ഇത് ക്ഷിപ്രത്തില്‍ വീണുപോകുന്ന വാര്‍തിങ്കള്‍ കലയാണെന്ന്. പിന്നെ നാല് പെണ്‍മക്കള്‍; സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാതിമ. ഈ കുഞ്ഞുങ്ങളുടെ ബാല്യകൗമാരങ്ങളാണ് ആ ഗൃഹാങ്കണങ്ങളെ പിന്നീട് ആഹ്ലാദകരമാക്കിയത്. പക്ഷേ വളര്‍ന്നുവരുന്ന പെണ്‍മക്കള്‍ തീര്‍ച്ചയായും കുടുംബത്തില്‍ വേവലാതികള്‍ വിതറും. യൗവനയുക്തയായ സൈനബിനെ വേള്‍ക്കാനെത്തുന്നത് ഖദീജയുടെ സഹോദരി ഹാലയുടെ മകന്‍ അബുല്‍ ആസ്. ഹരിത വില്ലീസുകള്‍ വിരിച്ച ആ ദാമ്പത്യം പ്രവാചക പ്രഖ്യാപനത്തോടെ വിഘ്‌നപ്പെട്ടു. പ്രവാചകന്റെ മരുമകന്‍ ശത്രുപക്ഷത്ത്. ദീര്‍ഘകാലം. ബദ്ര്‍ രണഭൂമിയില്‍ മക്കയുടെ അഹങ്കാരവുമായി പ്രവാചകന്‍ കൊണ്ടേറ്റപ്പോള്‍ അബുല്‍ ആസ് അദ്ദേഹത്തെ നിഗ്രഹിക്കാന്‍ ആഞ്ഞുനില്‍ക്കുന്നു.  സൈനബാകട്ടെ മക്കയില്‍ ശത്രുക്കളുടെ കൂടാരത്തില്‍ തടവുകാരിയും. റുഖിയ്യ ശയ്യയിലാണ്. ഏതു സമയത്തും മരണം വരാം. അതുകൊണ്ട് ഉസ്മാനെ യുദ്ധത്തില്‍ പങ്കെടുക്കാതെ മകള്‍ക്ക് കൂട്ടിരിക്കാന്‍ ഏല്‍പ്പിച്ചതാണ്. ഒരു മകള്‍ മക്കയില്‍ ശത്രുപാളയത്തില്‍. ഒരു മകള്‍ മരണശയ്യയില്‍. മറ്റൊരാള്‍ അകാലത്തില്‍ വിധവ. ഈ പിതാവ് തിക്തമായ ഒരു യുദ്ധമുഖത്തും. അന്ന് പ്രവാചകന്‍ അനുഭവിച്ച മനോവേദനക്ക് ലോകത്ത് സമാനതകളില്ല. തന്റെ ദൗത്യജീവിതം അവസാനിപ്പിച്ചു പോകുമ്പോള്‍ ഖദീജ അനുഭവിച്ച സങ്കടങ്ങളില്‍ ഏറ്റവും തീവ്രമായത് സ്വന്തം മക്കളുടെ ഈയൊരു ദുര്‍വിധി തന്നെയാകാം. ഇക്കഥകളൊക്കെയും ഒരു ഫഌഷ്ബാക്കിലെന്നോണമാണ് സദഖത്തുള്ള പറഞ്ഞുപോകുന്നത്.  
ഉമ്മുകുല്‍സൂമും റുഖിയ്യയും മരുമക്കളായി എത്തുന്നത് അബൂലഹബിന്റെയും ഉമ്മുജമീലിന്റെയും വീടുകളില്‍. അവിടെനിന്നുമവര്‍ നിര്‍ദയം തിരസ്‌കൃതരാകുന്നു. ഒപ്പം ഒരേസമയം. ആ രണ്ടു പെണ്‍കുട്ടികളും അകാലത്തില്‍ വിധവകളാകുന്നതിന്  പ്രവാചക നിയോഗ ജീവിതം മാത്രമാണ് ഹേതു. ഇത് ഖദീജക്കുമറിയാം. പക്ഷേ പതറാതെ ഉലര്‍ന്നു നില്‍ക്കാന്‍ അന്ന് ഖദീജയെ പ്രാപ്തയാക്കിയത് പ്രവാചക ജീവിതത്തില്‍ അവര്‍ക്കുള്ള അഗാധബോധ്യം തന്നെയാണ്. റുഖിയ്യ പുനര്‍വിവാഹിതയായെങ്കിലും ഉമ്മുക്കുല്‍സൂം ദാമ്പത്യം പുണരാതെയാണ്  ഖദീജ മരിച്ചുപോകുന്നത്. ഈ ജീവിത സംഘര്‍ഷത്തിന്റെയൊക്കെ ഗിരികന്ദരങ്ങളിലൂടെ കയറിയിറങ്ങി പോകുന്നത് ഒരു ആഖ്യായികാകാരന്റെ മനോധര്‍മത്തോടെയാണ്. 
അങ്ങനെ പ്രവാചകജീവിതത്തിന് സര്‍വഥാ പിന്തുണയേകി അതിന്റെ  തന്നെ ഭാഗമായി മാറാന്‍ കുലീനത മുറ്റിയ ആ ഖുറൈശി വനിതക്കായി. തന്റെ സമ്പത്തും കുടുംബബന്ധങ്ങളും തന്നെത്തന്നെയും അവര്‍ പ്രവാചകന് നേദിച്ചു. അതുകൊണ്ടാണ് ഖദീജക്ക് ആകാശത്തുനിന്ന് ശാന്തിവചനങ്ങള്‍ വന്നത്. അങ്ങനെ സര്‍വതും നഷ്ടമായി അബൂത്വാലിബിന്റെ താഴ്‌വരയിലേക്ക് വിശ്വാസികള്‍ ഉപേക്ഷിതരായ സന്ദിഗ്ധ ഘട്ടത്തില്‍ മാളിക വിട്ട് ഖദീജയും പരുത്ത മലമടക്കിലേക്ക് സ്വയം പുറപ്പെട്ടുപോയി. അതാണ് ഖദീജയുടെ 'ഹിജ്‌റ.' ദീര്‍ഘമായ ഈ അലച്ചിലാകാം അവരുടെ ദേഹം തളര്‍ച്ചയേറ്റ് ഉലഞ്ഞു തുടങ്ങി. ഒപ്പം പ്രായവും. സഹസ്രങ്ങളായ ജീവിതസംഘര്‍ഷങ്ങളും ഒപ്പം മക്കളും ചാരത്തിരിക്കെ പ്രവാചകന്റെ മടിയില്‍ തലവെച്ച് അവര്‍ ദീപ്തമായ ആ കണ്ണുകളിലേക്ക് തന്നെ നോക്കിക്കിടന്നു. ആ നയന സുഭഗതകളില്‍ അവരപ്പോള്‍ സ്വര്‍ഗത്തിലെ വെണ്‍മേടകള്‍ കണ്ടു. വെണ്‍കൊറ്റക്കുട ചൂടിനില്‍ക്കുന്ന പരശ്ശതം മാലാഖമാരെ കണ്ടു. ആ നെഞ്ചിന്‍കൂട് പയ്യെ അടങ്ങിപ്പാര്‍ത്ത് വിശ്രാന്തമായി.
മക്കള്‍ ആ മാതൃത്വത്തിന്റെ സങ്കടം തന്നെയായിരുന്നു. മരുമകന്‍ ആസ് വിശ്വാസിയായിട്ടില്ല. സൈനബ് അയാളുടെ കൂടെയാണ്. പിതാവിനോടുള്ള ശത്രുത കൊണ്ടാണ് റുഖിയ്യയും ഉമ്മുകുല്‍സൂമും വിധവകളായത്. റുഖിയ്യ പുനര്‍വിവാഹിതയായെങ്കിലും ഭര്‍ത്താവ് ഉസ്മാന്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടത്. ഉമ്മുകുല്‍സൂം വിധവയായി വീട്ടിലിരിപ്പാണ്. ഇളയ മകള്‍ ഫാത്വിമക്ക് പതിനാല് വയസ്സിന്റെ സന്ദിഗ്ധകാലം. ഇതുമതി ഒരമ്മക്ക് ധാരാളം.
കുളിപ്പിച്ച് കച്ചയുടുപ്പിച്ച് പ്രവാചകനും സുഹൃത്തുക്കളും ആ വിശുദ്ധദേഹം ഹുജൂനിലെ ശ്മശാനത്തിലേക്ക് ഏറ്റിക്കൊണ്ടുപോയി. അവിടെ ആചാരവിധി പ്രകാരം അടക്ക് നടത്തി. അപ്പോള്‍ ആ മക്കളുടെയും അവരുടെ പിതാവിന്റെയും മനോതല്‍പ്പത്തിലൂടെ ഇരമ്പിക്കടന്ന വിചാരമണ്ഡലം എന്തായിരിക്കാം. എഴുത്തുകാരന്‍ ഇത്രയും പോന്ന കഥ പറയുമ്പോള്‍ നമ്മളക്കാലത്തേക്ക് അറിയാതെ പറന്നെത്തും. വായിക്കുകയല്ല നമ്മളും ഈ സംഘര്‍ഷ സന്ദര്‍ഭങ്ങള്‍ക്കൊക്കെ സാക്ഷിയാകുന്നതുപോലെ. ഒരു സ്ത്രീജീവിതം കൃത്യമായ ഒരു സാമൂഹികപ്രസ്ഥാനത്തിന്റെ നിയോഗ സാക്ഷാത്കാരത്തിന് എങ്ങനെ വിധേയപ്പെട്ടുവെന്നും അവര്‍ കടന്നുപോയ പ്രതീക്ഷകളും വിഹ്വലതകളും എത്രമാത്രം സന്ദിഗ്ധതകള്‍ നിറഞ്ഞതായിരുന്നുവെന്നും ഈ പുസ്തകം നമ്മോട് പറഞ്ഞുതരും. ഒരാഖ്യായിക പോലെ ചാരുതയാര്‍ന്നതാണ് രചനയും ഭാഷയും. ചരിത്രം പറയേണ്ടത് ഇങ്ങനെയാണ്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top