ഹംപി: ചരിത്രത്തിന്റെ കാല്‍പ്പനികശോഭ

പാര്‍വതി പി. ചന്ദ്രന്‍ No image

കാഴ്ചയുടെ വിസ്മയമാണ് കര്‍ണാടകയിലെ ഹംപി. ഭാരതത്തിന്റെ മഹാപൈതൃകം ഉറങ്ങുന്ന പുരാതനനഗരി. പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. തുംഗഭദ്രാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഹംപി യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഹംപി യാത്ര കാഴ്ചയുടെ ഉത്സവമാണ് കണ്ണിനും മനസ്സിനും സമ്മാനിച്ചത്. കേന്ദ്രസര്‍വകലാശാലയിലെ എന്റെ വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം കഴിഞ്ഞ വര്‍ഷമാണ് ഹംപിയിലേക്ക് യാത്ര ചെയ്തത്. ഞങ്ങളുടെ കാമ്പസ് സ്ഥിതിചെയ്യുന്ന കാസര്‍കോട് കഴിഞ്ഞ് മംഗലാപുരവും ഉഡുപ്പിയും പിന്നിട്ട് ഞങ്ങള്‍ ഹംപിയിലെത്തി. കര്‍ണാടകത്തിന്റെ മഹത്തായ സംസ്‌കൃതിയും പാരമ്പര്യവും ഞങ്ങള്‍ ആത്മാവില്‍ അറിയുകയായിരുന്നു. ഹംപിക്കൊപ്പം ബദാമിയും തുംഗഭദ്രാ അണക്കെട്ടും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.
കൃഷ്ണദേവരായരുടെ കാലഘട്ടത്തിലാണ് വിജയനഗര സാമ്രാജ്യം കരുത്തുറ്റ സാമ്രാജ്യമായി നിലനിന്നിരുന്നത്. പലപ്പോഴായി തകര്‍ക്കപ്പെട്ടിട്ടും ബാക്കിയായ രാജധാനിയുടെ ശേഷിപ്പുകളാണ് ഇന്ന് കാണുന്ന ഹംപി. ഈ രാജവംശത്തിലെ പിന്മുറക്കാരില്‍ പലരും പഴയ തുളുനാടിന്റെ ഭാഗമായ കാസര്‍കോട്ടേക്ക് കുടിയേറിയിട്ടുണ്ട്. കൃഷ്ണദേവരായരുടെ കാലത്ത് കലകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ശില്‍പകലയില്‍ നിരവധി വൈവിധ്യങ്ങള്‍ ദൃശ്യമായി. ഹംപിയിലുള്ള വിരൂപാക്ഷക്ഷേത്രം പ്രശസ്തമാണ്. ശില്‍പകലയിലെ വൈദഗ്ധ്യം ക്ഷേ്രതനിര്‍മാണത്തില്‍ പ്രകടമാണ്. ഈ ക്ഷേത്രത്തിലുള്ള ഒരു ദ്വാരത്തിലൂടെ നോക്കിയാല്‍ തൊട്ടടുത്ത ഗോപുരം തലകീഴായി കാണാന്‍ കഴിയും. ആനകളെ താമസിപ്പിക്കുന്നതിനായുള്ള ആനക്കൊട്ടിലും മറ്റൊരു ദൃശ്യവിസ്മയമാണ്.
ഹംപിയില്‍നിന്നും ഞങ്ങള്‍ നേരെ പോയത് ബദാമിയിലേക്കാണ്. ചാലൂക്യന്മാരുടെ ഗുഹാക്ഷേത്രങ്ങള്‍ ആണ് ബദാമിയുടെ പ്രത്യേകത. ഹംപിക്കും ബദാമിക്കും ഇടയിലാണ് പട്ടടയ്ക്കല്‍ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടുകളില്‍ ഒന്നായ തുംഗഭദ്രാ അണക്കെട്ട് ഇവിടെ അടുത്താണ്. കൃത്രിമ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ അണക്കെട്ടാണ് തുംഗഭദ്ര. 
തുംഗഭദ്രയിലെ മ്യൂസിക് ഫൗണ്ടന്‍ ആരെയും ആകര്‍ഷിക്കും. വൈകുന്നേരമായാല്‍ തുംഗഭദ്രയില്‍ സഞ്ചാരികളുടെ നീണ്ട നിരതന്നെ ഉണ്ടാവും. തദ്ദേശവാസികളും ടൂറിസ്റ്റുകളും ഉള്‍പ്പെടെ കുട്ടികളുമായെത്തുന്ന കുടുംബങ്ങളും ധാരാളം. ആധുനിക എഞ്ചിനീയറിംഗിന്റെ വൈദഗ്ധ്യവും പാര്‍ക്കും പച്ചപ്പും നിറഞ്ഞ അന്തരീക്ഷവും കൂടിച്ചേര്‍ന്ന തുംഗഭദ്ര മറക്കാനാവാത്ത അനുഭവമായി മാറുന്നു. പാര്‍ക്കിലെ ഫിഷ് ടാങ്കുകള്‍ക്ക് അരികില്‍നിന്ന് ഫോട്ടോയെടുക്കാന്‍ ഞങ്ങള്‍ മറന്നില്ല.  ബസില്‍ യാത്ര ചെയ്യുമ്പോള്‍ കാണാന്‍ കഴിഞ്ഞു ദൂരെ മലനിരകള്‍ക്ക് മുകളില്‍ പഴയ രാജകൊട്ടാരങ്ങളുടെ ശേഷിപ്പുകള്‍. സാഹിത്യത്തിന്റെ കാല്‍പ്പനികതയെ പോലും വെല്ലുന്ന ചരിത്രത്തിന്റെ കാല്‍പ്പനികശോഭ! കുന്നുകളും മലകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഏറ്റവും ഉയര്‍ന്ന ഗിരിശൃംഗങ്ങളില്‍ നാഗരികത പടുത്തുയര്‍ത്തിയ ആ തലമുറയെ മനസ്സാ പ്രണമിക്കുന്നു. മലമുകളില്‍ പ്രജകള്‍ക്ക് കാവലിരിക്കുന്ന സാമ്രാജ്യത്വത്തിന്റെ നീതിബോധം!
കര്‍ണാടകയിലെ കാര്‍ഷികജീവിതവും സംസ്‌കാരവും മനസ്സിനെ സ്പര്‍ശിക്കും. കൃഷിയോട് ഇണങ്ങി ജീവിക്കുന്ന ജനതയാണ് കര്‍ണാടകയിലേത്. അറ്റമില്ലാതെ പരന്നുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍ ദൃശ്യവിരുന്നേകുന്നു. ഫോട്ടോ ഷൂട്ടിന് ഏറ്റവും യോജിച്ച സ്ഥലം. നിലക്കടല കൃഷി ചെയ്യുന്ന പാടത്തു നിന്നും ടൂറിസ്റ്റ് ഗൈഡിന്റെ സഹായത്തോടെ അപ്പോള്‍ പറിച്ചെടുത്ത കടല കഴിക്കാന്‍ കഴിഞ്ഞതും ഓര്‍മയിലെ മധുരാനുഭവമാണ്. ടൂര്‍ കഴിഞ്ഞ് തിരിച്ചിട്ടും കാഴ്ചയുടെ വിസ്മയം എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ഇങ്ങ് മംഗലാപുരത്ത് മുറ്റത്ത് പ്ലാവുള്ള ഓടിട്ട വീട് കാണാനിടയായത് ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന വഴിക്ക് വെളുപ്പാന്‍കാലത്താണ്. മംഗലാപുരവും ഉഡുപ്പിയും കാഴ്ചയില്‍ കേരളം പോലെയാണെന്നും ഹംപിയും ബദാമിയും ഉള്‍പ്പെടുന്ന ഉത്തരകര്‍ണാടകയില്‍നിന്നും ഈ ദേശങ്ങള്‍ സംസ്‌കാരത്തില്‍ ഉള്‍പ്പെടെ വിഭിന്നമാണെന്നുമെല്ലാം ഉള്ളത് എന്നെ സംബന്ധിച്ചേടത്തോളം പുതിയ അറിവായിരുന്നു. കര്‍ണാടകയിലെ ആ രാജധാനികളിലൂടെ സഞ്ചരിച്ചപ്പോഴും ഇതെഴുതുമ്പോഴും എന്റെ മനസ്സിനെ വന്നുതൊടുന്ന ചിന്ത ഒന്ന് മാത്രമാണ്... പാറക്കെട്ടുകള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്തിയ ആ കൊട്ടാരക്കെട്ടുകളുടെ അകത്തളങ്ങളില്‍ എവിടെയോ ഒരുപക്ഷേ പൂര്‍വജന്മത്തില്‍ ഞാനുമുണ്ടായിരുന്നിരിക്കില്ലേ... ആരോ ഒരാളായി....

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top