എത്രയെത്ര ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ അറുകൊല ചെയ്യപ്പെട്ടു. യുദ്ധങ്ങളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവിധം നിരവധി മാധ്യമ പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തിന് ഇടയാക്കിയ ഇസ്രായേല്‍ നരമേധത്തിന്റെ ബാക്കിപത്രം അതാണ്. ലോകമൊന്നടങ്കം ഞെട്ടിപ്പോയ വാര്‍ത്തയായിരുന്നു ഫോട്ടോഗ്രഫിയില്‍ പുലിറ്റ്സര്‍ ജേതാവായ 'അല്‍ജസീറ' റിപ്പോര്‍ട്ടര്‍ അനസ് അല്‍ ശരീഫിന്റെ രക്തസാക്ഷിത്വം. ഇപ്പോഴിതാ ആ പ്രതിഭാധനന് വെട്ടിത്തെളിയിച്ച കര്‍മവീഥിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് പകരക്കാരിയായി, മൈക്രോഫോണ്‍ കൈയിലേന്തി, 'ജബാലിയയുടെ പുത്രി' നൂര്‍ അബൂറുക്ബ.
ഗസ്സയുടെ വടക്ക് ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍, പന്ത്രണ്ടിലധികം തവണ കുടിയിറക്കപ്പെട്ട, യുദ്ധത്തിനിടയില്‍ മൂന്ന് സഹോദരന്മാരുടെ രക്തസാക്ഷ്യത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കുടുംബത്തില്‍ നിന്നുള്ള പെണ്‍കൊടി. അല്‍ അഖ്സ്വ സര്‍വകലാശാലയില്‍നിന്ന് ജേര്‍ണലിസത്തിലും മീഡിയയിലും ബിരുദം. വനിതാ കാര്യകേന്ദ്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഫലസ്ത്വീന് സ്റ്റഡീസ് തുടങ്ങി നിരവധി കൂട്ടായ്മകളിലും അല്‍ ജസീറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേര്‍ണലിസം മാഗസിനിലും പിന്നീട് പാല് മീഡിയയില്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു. 'ശാന്തി നിറഞ്ഞ ഭാവി ജീവിതം' എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററിയുടെ ഉള്ളടക്കം തയാറാക്കുകയും വോയ്സ് ഓഫ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ജോലി നോക്കുകയുമായിരുന്നു യുദ്ധത്തിനു മുമ്പ്. കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ് രേഖപ്പെടുത്തുന്ന ഒരു വീഡിയോ വൈറലായത് അനസ് ശരീഫിന്റെ പിന്‍ഗാമിയായി 'അല്‍ ജസീറ'യിലേക്കുള്ള പാത തുറന്നു. 'അല്‍ജസീറ'യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിമിഷത്തെ നൂര്‍ ഇങ്ങനെ പങ്കുവെച്ചു: ''അവാച്യമായ ഒരു വികാരമായിരുന്നു ആ നിമിഷം. അനസിന്റെ പകരക്കാരിയാവുക! കേവലം ഒരു െപ്രാഫഷണല്‍ സഹകാരിയായിരുന്നില്ല അനസ്. യഥാര്‍ഥ സഹോദരന്റെ സ്ഥാനമായിരുന്നു; മൂന്ന് സഹോദരങ്ങള്‍ ജീവന് സമര്‍പ്പിക്കപ്പെട്ട ഒരു കുടുംബത്തിലെ നാലാമത്തെ സഹോദരനെപ്പോലെ. ആത്മാവും സ്നേഹവും പിന്തുണയും വേണ്ടുവോളം പതിച്ചു നല്കിയ, ധീരതയുടെയും സമര്‍പ്പണത്തിന്റെയും പ്രോജ്വല മാതൃക. അങ്ങനെയുള്ള ഒരാളുടെ സ്ഥാനത്ത് കയറി നില്ക്കുക; പകരക്കാരിയാവുക എന്ന ചിന്ത പോലും എന്റെ ഹൃദയത്തെ ഞെരുക്കുന്നതായി തോന്നി. പലര്‍ക്കും ഞാനിപ്പോള്‍ നൂര്‍ അല്ല, 'അനസിന്റെ പകരക്കാരി'യാണ്. അനസ് നിര്‍ത്തിയേടത്തുനിന്നാണ് എന്റെ പ്രയാണം.''
'സൈത്തൂന്‍ നഗരപ്രാന്തം. അധിനിവേശ സൈനിക സാന്നിധ്യം തൊട്ടടുത്ത്. തെരുവുകള്‍ ജനശൂന്യം. തുരുതുരാ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള ബോംബിരമ്പല്. എന്നില്‍ ഭയം ജനിപ്പിച്ച നിമിഷം. ഇല്ല, ഭയം എന്നേ പോയ്മറഞ്ഞിരിക്കുന്നു. ഞാന്‍ ജബാലിയയുടെ പുത്രി. കുട്ടിക്കാലം തൊട്ട് ചിരപരിചിതമാണിതൊക്കെ. ഭയം ഒന്നിനും വിഘാതമായിക്കൂടാ' - ഒരനുഭവത്തിന്റെ ആത്മഗതം.
നൂര്‍ വെറുമൊരു റിപ്പോര്‍ട്ടറല്ല. ദുഃഖിതരായ ഓരോ അമ്മയുടെയും സഹോദരിയുടെയും ബാല്യകാലം എന്തെന്നറിയാത്ത ഓരോ പിഞ്ചോമനയുടെയും ശബ്ദമാണവള്. നൂറിന് പറയാന്‍ ഏറെയുണ്ട്: ''ഗസ്സയുടെ കഥ അവിടത്തെ പൈതങ്ങളുടെ ജിഹ്വയില്നിന്നുതന്നെ ഒപ്പിയെടുത്ത് ലോകത്തെ കേള്‍പ്പിക്കുക. എന്റെ മാധ്യമ പ്രവര്‍ത്തനം ഗസ്സക്കും ലോകത്തിനുമിടയില്‍ പാലം പണിയലാണ്. ദുഃഖത്തിനും ദുരന്തത്തിനും സാക്ഷിയായി, ഓര്‍മയും ശബ്ദവും മാത്രം അവശേഷിച്ചവരുടെ വക്താവായി, യഥാര്‍ഥ ഗസ്സയെ കൂടെ കൊണ്ടുനടക്കുക. അവശിഷ്ടങ്ങളില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുന്ന പ്രേതഭൂമി, മരണത്തെ വെല്ലുവിളിക്കുന്ന ജീവിതശൈലി.... അതാണ് ഗസ്സ. മാധ്യമ പ്രവര്‍ത്തനം അതിജീവനത്തിനുള്ള ഉപാധിയാകണം. ഓരോ രക്തസാക്ഷിയുടെയും, ഏതു നിമിഷവും മരണം കിനാവ് കണ്ടിരിക്കുന്നവരുടെയും സന്ദേശം ലോകത്തിന് നല്കാന് ഈ മൈക്രോഫോണ്‍ എനിക്കു കരുത്തേകണം. തകര്‍ന്നടിഞ്ഞ തെരുവുകളിലൂടെ, പരിക്കേറ്റവര്‍ തിങ്ങിനിറഞ്ഞ ആശുപത്രികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലരുടെയും അന്ത്യമായിരിക്കാവുന്ന നിമിഷങ്ങള്‍ പകര്‍ത്തുക, ദൈനംദിന യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രം ലോകത്തിന് പകര്‍ന്നുകൊടുക്കുക - ഇതാണെന്റെ ധര്‍മം.''