നജീബിനെ കാണാതായ കേസ് അവസാനിപ്പിച്ചുകൊണ്ട് സി.ബി.ഐ ഉത്തരവ്
പുറത്തുവരുമ്പോള്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളെ കുറിച്ചും പിന്നാക്ക
മുസ്ലിം വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും സുരക്ഷിതത്വത്തെ
കുറിച്ചുമെല്ലാം ഉയര്‍ന്ന ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.
നമ്മുടെ പ്രിയപ്പെട്ടൊരാള്‍ ഒരു ദിവസം കാരണമൊന്നുമറിയാതെ കാണാതാക്കപ്പെട്ടാല്‍ നാം എന്ത് ചെയ്യും? എത്ര ദിവസം നാം കാത്തിരിക്കും? ആരോട് പറയും? എവിടെ പോയി അന്വേഷിക്കും?
കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതാക്കപ്പെട്ട ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശി നജീബ് അഹമ്മദിന്റെ ഓര്‍മകള്‍ക്ക് ഒമ്പത് വര്‍ഷം പിന്നിടുകയാണ്. ഒരു പതിറ്റാണ്ട് പിന്നിടുന്ന നജീബിന്റെ ഓര്‍മകള്‍ക്കൊപ്പം മറക്കാതെ നാം അഭിവാദ്യം ചെയ്യേണ്ട മറ്റൊരാളുണ്ട്, നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്. അറുപത് പിന്നിട്ട ഒരു മാതാവ് ദല്‍ഹിയുടെ കടുത്ത ചൂടിലും തണുപ്പിലും തന്റെ മകന് വേണ്ടി തെരുവിലും കാമ്പസുകളിലും നീതിന്യായ സംവിധാനങ്ങള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും നീതി തേടി ഒരു പതിറ്റാണ്ടു നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യയിലെ മുസ്ലിം പിന്നാക്ക അതിജീവന വഴികളില്‍ അടയാളപ്പെടുത്തുന്ന അനുഭവങ്ങളായിരിക്കുമെന്ന് ഉറപ്പാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തിന് ശേഷം 2016 ഒക്ടോബര്‍ 15-നാണു നജീബിനെ കാണാതാകുന്നത്. നജീബിനെ മര്‍ദിച്ചതിനും ആള്‍ക്കൂട്ട വിചാരണക്കും ഇരയാക്കിയതിന്റെ തെളിവുകളുണ്ടായിട്ടും കുറ്റക്കാരെ കണ്ടെത്താനോ നീതി നടപ്പാക്കാനോ ദല്‍ഹി പോലീസോ നീതിന്യായ സംവിധാനങ്ങളോ ഇതുവരെ തയാറായില്ല. ഏറ്റവുമൊടുവില്‍ കേസവസാനിപ്പിച്ചുകൊണ്ട് സി.ബി.ഐ ഉത്തരവ് കൂടി പുറത്തുവരുമ്പോള്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളെ കുറിച്ചും പിന്നാക്ക മുസ്ലിം വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചുമെല്ലാം ഉയര്‍ന്ന ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്..
WHERE IS NAJEEB..?
'നജീബ് എന്റെ മകനാണ്. എനിക്കെന്റെ മകനെ തിരികെ വേണം. അവസാന ശ്വാസം വരെ അവനുവേണ്ടി ഞാന്‍ പോരാടും.'
നജീബിനെ കാണാതായി ഇപ്പോള്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാവുന്നു. കേസിന്റെ ഒന്നാം ദിനം മുതല്‍ ദല്‍ഹി പോലീസും സി.ബി.ഐയും കേസന്വേഷണത്തില്‍ കാണിച്ച അലംഭാവം കാരണമാണ് ഇപ്പോള്‍ കോടതി കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ഇന്നേ ദിവസം വരെ ദല്‍ഹി പൊലീസോ സി.ബി.ഐയോ എന്റെ മകനെ മര്‍ദിക്കുകയും ഇല്ലാതാക്കുകയും ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനോ അവര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ എടുക്കാനോ തയാറായിട്ടില്ല. വര്‍ഷങ്ങളോളം അവരെന്റെ മകനെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ദല്‍ഹി ഹൈകോടതിയുടെ വിധി വന്ന ശേഷമാണ് പല മാധ്യമങ്ങളും ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തിയത്. അപ്പോഴും ഒരു സത്യം നിലനില്‍ക്കുന്നു. രാജ്യത്തെ പുകള്‍പെറ്റ അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ മകനെവിടെ എന്ന് പറഞ്ഞ് തരാന്‍ കഴിഞ്ഞില്ല. വ്യവസ്ഥിതി ഞങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ രാജ്യത്തെ സര്‍വകലാശാലകളായ ജെ.എന്‍.യുവിലെയും, ജാമിയയിലെയും, അലീഗഢിലെയും മറ്റും വിദ്യാര്‍ഥി സമൂഹമാണ് ഞങ്ങള്‍ക്കൊപ്പം നിന്നത്. വിദ്യാര്‍ഥികള്‍ ഞങ്ങള്‍ക്ക് വേണ്ടി തെരുവില്‍ കിടന്ന് അടികൊള്ളുകയും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. അവരാണ് ഞങ്ങളുടെ ഊര്‍ജം. പലപ്പോഴും ഞാന്‍ ആശ്ചര്യപ്പെടാറുണ്ട്, എവിടുന്നാണ് എനിക്കീ ഊര്‍ജം ലഭിച്ചതെന്ന്? എന്തുതന്നെയായാലും നജീബ് എന്റെ മകനാണ്. ഞാനെന്തിന് തളരണം? എനിക്കെന്റെ മകനെ തിരികെ വേണം. അതിന് വേണ്ടി രാജ്യത്തെ മുഴുവന്‍ കോടതികളും കയറിയിറങ്ങേണ്ടി വന്നാലും സാരമില്ല. അവസാന ശ്വാസം വരെ ഞാന്‍ പോരാടും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഈ പോരാട്ടത്തില്‍ അണിചേരും. ഇത് കേവലം എന്റെ മകന് വേണ്ടി മാത്രമല്ല സ്വന്തം കുഞ്ഞിന് വേണ്ടി രാജ്യത്തെ ഓരോ ഉമ്മയും നടത്തുന്ന സമരമാണ്. ന്യായത്തിന് വേണ്ടി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത് മാത്രമാണ് വഴിയെങ്കില്‍, അങ്ങനെ മുന്നോട്ട് പോവാനാണ് എന്റെ തീരുമാനം.' ഫാത്തിമ നഫീസ് ദൃഢനിശ്ചയത്തോടെ പറയുന്നു.
നജീബിന് ജെ.എന്‍.യു സര്‍വകലാശാലയില്‍ അഡ്മിഷന്‍ കിട്ടിയതില്‍ ആ ഗ്രാമത്തില്‍ തന്നെ വലിയ സന്തോഷമായിരുന്നു. എല്ലാവര്‍ക്കും അഭിമാനിക്കാനാകുന്ന നേട്ടത്തിന്റെ ആരവങ്ങള്‍ അവസാനിക്കുന്നതിനു മുന്നേ, ഒരു സുപ്രഭാതത്തില്‍ കാണാതാക്കപ്പെട്ടു. കാണാതായി എന്ന ഒറ്റ വാര്‍ത്തയില്‍ തീരുന്ന ആയുസ്സ് മാത്രമേ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പിന്നാക്ക മുസ്ലിം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നിലനില്‍ക്കുന്നുള്ളൂ.
കഴിഞ്ഞ മാസം എസ്.ഐ.ഒ അഖിലേന്ത്യാ നേതൃത്വം ഫാത്തിമ നഫീസിനെ ഉത്തര്‍പ്രദേശിലെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. കേസിന്റെ നാള്‍വഴികളെ കുറിച്ചും വിവിധ ആളുകളും സംഘടനകളും നല്‍കിയ പിന്തുണകളും ഫാത്തിമ നഫീസ് ഓര്‍ത്തെടുത്തു. സമരങ്ങള്‍ക്കിടയില്‍ കേരളത്തില്‍ എത്തിയ അനുഭവവും അവര്‍ പങ്കുവെച്ചു. ഇന്‍ശാ അല്ലാഹ്, നജീബ് തിരിച്ചു വരുമെന്നും, അന്ന് നജീബിനെയുംകൊണ്ട് കേരളത്തില്‍ വരുമെന്നും ഫാത്തിമ നഫീസ് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു. അന്യായമായി കേസ് അവസാനിപ്പിച്ച സി.ബി.ഐ നടപടികളെ ചോദ്യം ചെയ്യാന്‍ തന്നെയാണ് ഫാത്തിമ നഫീസിന്റെ തീരുമാനം.