സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകള്‍ നിര്‍വഹിക്കുന്ന പ്രത്യുത്പാദനപരമായ ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ധാരണക്കുറവൊന്നുമില്ലാത്ത സമുദായങ്ങളും ഗവണ്മെന്റും പക്ഷേ, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദപരമാക്കുന്നതില് എന്തെല്ലാം ചുവടുവെപ്പുകള്‍ നടത്തുന്നുണ്ട്?
എണ്‍പത്- തൊണ്ണൂറുകളില്‍, സാധാരണ കേരളീയ അവസ്ഥ പരിശോധിച്ചാല്‍ കുടുംബം തുടങ്ങാന്‍, സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ പാടുപെടുന്ന പുരുഷന്, കുടുംബിനിയാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീ എന്ന പൊതു സമവാക്യം കാണാമായിരുന്നു. വിവാഹം, കുടുംബം എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കായി വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍. പഠനം, തൊഴില്‍, വിവാഹം അങ്ങനെ മുന്നോട്ടു പോവുന്ന പുരുഷന്. പുരുഷന്മാര് പ്രധാനമായും കുടുംബം പോറ്റുന്നവരും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. സ്ത്രീകള്‍ ഗാര്‍ഹിക ജോലികള്‍ ചെയ്യുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു പൊതുവെയുള്ള ചിത്രം. പുരുഷന് കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും, സ്ത്രീ പ്രത്യുത്പാദന, പരിചരണ ഉത്തരവാദിത്വങ്ങളും നിറവേറ്റുക എന്ന പരമ്പരാഗത രീതിയില്‍ ഇന്ന് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ജെന്‍ഡര്‍ റോളുകളില്‍ വന്ന പ്രധാനപ്പെട്ട മാറ്റം പുരുഷന്മാര് നിറവേറ്റിയിരുന്ന ഉത്തരവാദിത്വങ്ങള്‍ പലതും സ്ത്രീകളും കൂടി ഏറ്റെടുത്തു എന്നതാണ്. വിദ്യാഭ്യാസ- തൊഴില്‍- രാഷ്ട്രീയ, ശാസ്ത്ര- കലാ രംഗങ്ങളിലും സ്ത്രീ പങ്കാളിത്തം വ്യാപകമായി. വിദ്യാഭ്യാസ സാങ്കേതിക സാമൂഹിക വളര്‍ച്ച, സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങള്‍, ഇവ സാധ്യമാക്കുന്ന ആശയവിനിമയങ്ങള്‍, ആഗോളീകരണം എല്ലാം ഈ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പരമ്പരാഗത ജെന്‍ഡര്‍ റോളുകളില്‍ വന്ന മാറ്റങ്ങളുടെ സാമൂഹിക പ്രതിഫലനം കൂടി പരിശോധിക്കപ്പെടേണ്ടതാണ്. സ്ത്രീകള്‍ കൂടി തൊഴില്‍/പൊതു രംഗത്തേക്കിറങ്ങുമ്പോള്‍ പരമ്പരാഗതമായി അവര്‍ നിര്‍വഹിച്ചിരുന്ന ഗാര്‍ഹിക പരിചരണ ജോലികള്‍ക്ക് എന്ത് സംഭവിക്കുന്നു? സാമ്പത്തിക ആവശ്യങ്ങള്‍ സ്ത്രീയും പുരുഷനും പങ്കു വെക്കുന്ന കുടുംബങ്ങളില്‍ ഗാര്‍ഹിക ജോലികള്‍, ശിശു വയോജന പരിപാലനം തുടങ്ങിയ ഉത്തരവാദിത്വങ്ങളുടെ വീതം വെപ്പ് എങ്ങനെയാണ്? പുരുഷ കേന്ദ്രീകൃത പൊതു ഇടം സ്ത്രീകളുടെ കടന്നു വരവോടെ സ്ത്രീ സൗഹൃദപരമാവുന്നുണ്ടോ?
പുരുഷന്മാരുടെ പൊതുവായ സാമ്പത്തിക മണ്ഡലത്തിന് വിപരീതമായി സ്വകാര്യവും സ്ത്രീകളുടേതുമായ ഒരു ഇടമായി വീട് നിര്വചിക്കപ്പെടാന് തുടങ്ങുന്നത് ആധുനികതയുടെ പൊതു/സ്വകാര്യ വിഭജനത്തോടെയാണ്. വ്യവസായവത്കരണത്തോടെ ഉത്പാദന- കൈമാറ്റങ്ങളുടെ കേന്ദ്രങ്ങളായിരുന്ന ഗാര്‍ഹിക ഇടങ്ങള്‍ അപ്രസക്തവും പൊതു ഇടങ്ങളുടെ അരികും ആയിത്തീര്‍ന്നു. കുടുംബത്തിനകത്തെ ഇടപാടുകള്‍ സാമ്പത്തിക പ്രാധാന്യം ഇല്ലാത്ത തരത്തില്‍ അപ്രധാനമായി മാറി. വീട് പരിപാലിക്കുന്ന സ്ത്രീകളുടെ പൊതുവെയുള്ള വിശേഷണം അടുക്കളയില്‍ എരിഞ്ഞു തീരുന്നവള്‍ എന്നാണ്. അടുക്കളയില്‍ എരിഞ്ഞു തീരുന്നവള്‍' എന്ന പ്രയോഗം ഗാര്‍ഹിക പ്രക്രിയകളുടെ ആകെത്തുകയെ വെറും 'ത്യാഗം' എന്ന ഒറ്റ വാക്കിലേക്ക് ചുരുക്കുന്നു. ഇത് യഥാര്‍ഥത്തില്‍, ഈ ജോലികള്‍ക്ക് പിന്നിലെ വിവേകപരമായ തീരുമാനങ്ങളെയോ (Skills), സമയത്തെയോ (Time), ഊര്‍ജത്തെയോ (Energy) അംഗീകരിക്കുന്നില്ല. പ്രത്യുത്പാദനപരമായ അധ്വാനം എന്നത് ഒരു വീടിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമായതും എന്നാല്‍ സാമ്പത്തികമായി വിലയിരുത്തപ്പെടാത്തതുമായ ജോലികളാണ്. ഇതില്‍ പ്രധാനമായും ഗാര്‍ഹിക ജോലികള്‍ (പാചകം, വൃത്തിയാക്കല്‍, അലക്കല്‍), കുട്ടികളുടെയും പ്രായമായവരുടെയും പരിചരണം, കുടുംബാംഗങ്ങള്‍ക്കുള്ള വൈകാരികമായ പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. പ്രത്യുത്പാദനപരമായ അധ്വാനത്തിന് സമൂഹത്തില്‍ മതിയായ അംഗീകാരം ലഭിക്കുന്നില്ല. ഇത് സാമ്പത്തികമായി വിലയിരുത്തപ്പെടാത്തതുകൊണ്ട് തന്നെ, സ്ത്രീകളുടെ ഈ അധ്വാനം പലപ്പോഴും അദൃശ്യമായി കണക്കാക്കപ്പെടുന്നു. ഇത് അവരുടെ സാമൂഹികമായ സ്ഥാനത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. കുടുംബാംഗങ്ങളുടെ മാനസികാരോഗ്യവും ക്ഷേമവും നിലനിര്‍ത്തുന്നതില്‍ പ്രത്യുത്പാദനപരമായ അധ്വാനം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ അധ്വാനത്തിന്റെ മൂല്യം പലപ്പോഴും അവഗണിക്കപ്പെടുന്നു.
സ്ത്രീകള്‍ പ്രത്യുത്പാദനപരമായ അധ്വാനത്തില്‍ ഏര്‍പ്പെടുന്നത് അവരുടെ ജൈവികമായ പ്രത്യേകതകള്‍ കൊണ്ടാണോ അതോ സാമൂഹികവും സാംസ്കാരികവുമായ സമ്മര്‍ദങ്ങള്‍/ സാഹചര്യങ്ങള്‍ കൊണ്ടാണോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഇരുവശത്തും ശക്തമായ വാദങ്ങളുള്ള ഒരു സങ്കീര്‍ണ വിഷയമാണ്. ചിലര്‍ വാദിക്കുന്നത്, ലിംഗഭേദങ്ങള്‍ തമ്മിലുള്ള ജൈവികമായ വ്യത്യാസങ്ങളാണ് ആരാണ് പ്രത്യുത്പാദനപരമായ ജോലികള്‍ ചെയ്യേണ്ടതെന്ന് നിര്‍ണയിക്കുന്നത് എന്നാണ്. എന്നാല്‍ മറ്റ് ചില വാദങ്ങള്‍ ഈ റോളുകള്‍ രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന്റെയും സാംസ്കാരികമായ കീഴ് വഴക്കങ്ങളുടേയും പങ്കിനെ ഊന്നിപ്പറയുന്നു.
ആരുടെ പൊതു ഇടം?
സമകാലിക സമൂഹത്തില്‍ തൊഴില്‍, പ്രജനനം എന്നിവയുമായി ബന്ധപ്പെട്ടു (കുടുംബപരമോ അല്ലാത്തതോ ആയ ബാഹ്യസമ്മര്‍ദങ്ങള്‍ക്കു പുറത്തുള്ള) സ്ത്രീ സാഹചര്യങ്ങളെ മൂന്നായി തരാം തിരിക്കാം. 1. വിദ്യാഭ്യാസ /തൊഴിലിടത്തില്‍ നില നില്ക്കാന് ജൈവിക പ്രക്രിയകളെ വേണ്ടെന്നു വെക്കേണ്ടി വരുന്ന, വൈകിപ്പിക്കുന്ന സ്ത്രീകള്‍. 2. പ്രജനനം, കുടുംബം എന്നിവക്ക് വേണ്ടി പഠനമോ തൊഴിലോ ഒക്കെ വേണ്ടെന്നു വെക്കുന്ന സ്ത്രീകള്‍. ഏറെ പേരും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണ്. 3. രണ്ടും കൂടി ചെയ്യാന്‍ തീരുമാനിച്ചു മാനസികവും ശാരീരികവുമായ ആരോഗ്യം പണയപ്പെടുത്തുന്ന സ്ത്രീകള്‍. സ്ത്രീകള്‍ വഴി നിറവേറ്റപ്പെടുന്ന ജൈവികപ്രക്രിയകള് സാമൂഹിക നിര്‍മിതിയില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാന്‍ ഇടയില്ല. തൊഴിലിനും വിദ്യാഭ്യാസത്തിനും മുകളില്‍ കുടുംബജീവിതത്തിനു പ്രാധാന്യം നല്കുന്ന സ്ത്രീകളുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ പുരുഷാധികാര സാമൂഹികക്രമത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന സാമൂഹിക സ്ഥാനം അധികാരക്രമത്തില്‍ വളരെ താഴെയാണെന്ന് കാണാം. കുടുംബമായാലും അതിനു പുറത്തെ സാമൂഹിക ഇടങ്ങളിലാണെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ സ്ഥാനം ഏറെ പിറകിലാണ്. അവര്‍ നിര്‍വഹിക്കുന്ന പ്രത്യുത്പാദന ധര്‍മങ്ങളുടെ സാമൂഹിക മൂല്യം എത്രയാണെന്ന് പരിശോധിച്ചാല്‍ ഇതിനൊരു വിശദീകരണമാവും. ഇനി കുടുംബ ജീവിതത്തോടൊപ്പം വിദ്യാഭ്യാസം/കരിയര്‍ /പ്രൊഫഷന് മുന്നോട്ടു കൊണ്ടുപോവുന്ന സ്ത്രീകളുടെ കാര്യമെടുത്താലോ. അനിതരസാധാരണമായ പിന്തുണ കുടുംബത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടെങ്കില്‍ കൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ഒട്ടും തീര്‍ച്ചയില്ലാത്ത അതിസാഹസികമായ ഒരു യാത്രയാണത്. കുടുംബങ്ങള്‍ക്ക് പിന്തുണ മനോഭാവം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, അതിനു തക്കതായ സാഹചര്യം കൂടി വേണം. പഠനത്തിന്, ഗവേഷണത്തിന്, ജോലിക്ക് ഒക്കെ ഇടയില്‍ ഗര്‍ഭിണിയാവാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ പരിചരിക്കാനുമൊക്കെ തീരുമാനിക്കുക എന്നാല്‍ തങ്ങളുടെ സഹപ്രവര്‍ത്തകനായ പുരുഷനേക്കാള്‍ പല മടങ്ങ് ശാരീരികവും മാനസികവുമായ അധ്വാനം എന്നാണര്‍ഥം. തൊഴിലിടങ്ങളിലെ ലിംഗനീതിയില്ലായ്മ, ശിശുപരിപാലനത്തിനായുള്ള സ്ഥാപനങ്ങളുടെ (Day Care) അപര്യാപ്തത, നിയമപരമായ സംരക്ഷണങ്ങള്‍ ലഭിക്കാത്തത് എന്നിവ ഈ യാത്രയെ കൂടുതല്‍ ദുഷ്കരമാക്കുന്നു. ഈ ഇരട്ടി ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി ജോലിയില്‍ നിന്നോ പഠനത്തില്‍ നിന്നോ ഇടവേള എടുക്കുന്നവര്‍ക്ക് തിരിച്ചു വരവ് ഒട്ടും എളുപ്പമല്ല.
സ്ത്രീകളുടെ സവിശേഷമായ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാത്ത വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ നില നില്‍ക്കുന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്. നിലവിലെ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് നിലനിന്ന് പോവാന്‍ കഴിയുക സ്ത്രൈണമായ ജൈവിക സവിശേഷതകളെ അദൃശ്യമാക്കിക്കൊണ്ടോ അടിച്ചമര്‍ത്തിക്കൊണ്ടോ ആണ്. ഗര്‍ഭധാരണം, ആര്‍ത്തവം, മുലയൂട്ടല്‍ തുടങ്ങിയ ജൈവ പ്രക്രിയകളെ പുറത്തുനിര്‍ത്തിക്കൊണ്ട് ഈ ബാധ്യതകളില്ലാത്ത പുരുഷ സഹപ്രവര്‍ത്തകനുമായി മത്സരിക്കുമ്പോഴാണ് വിജയത്തിന്റെ നേരിയ സാധ്യതയെങ്കിലുമുള്ളത്.
വിവാഹം, ഗര്‍ഭധാരണം, പ്രസവം എന്നിവക്കിടയിലെ പഠനവും പ്രൊഫഷണല്‍ ജീവിതവും സ്ത്രീകളെ ഇരട്ടി ഉത്തരവാദിത്വങ്ങളിലൂടെ കടന്നു പോവാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് സന്താനോല്പാദന പ്രക്രിയക്ക് ഏറ്റവും ഉചിതമായ പ്രായം 20-30 ആണ്. ഇതേ പ്രായം തന്നെയാണ് കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയം. സന്താനോല്പാദനത്തിനായി ഇടവേളയെടുക്കുന്ന സ്ത്രീകള്‍ക്ക് തിരിച്ചു വരവ് ഏറക്കുറെ അസാധ്യമാണെന്ന് പറയാം. ഒട്ടും സ്ത്രീ-ശിശു സൗഹൃദപരമല്ലാത്ത പൊതു- വിദ്യാഭ്യാസ-തൊഴില്‍ ഇടങ്ങള്‍ സ്ത്രീകളുടെ പൊതു-സ്വകാര്യ ജീവിതത്തിന്റെ ബാലന്‍സിംഗ് അത്യന്തം ദുഷ്കരമാക്കുന്നു. മതിയായ മെറ്റേണിറ്റി ലീവ്, ശിശു സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയൊന്നും ഈ പൊതു ഇടങ്ങളില്‍ ലഭ്യമല്ല. വ്യവസ്ഥാപരമായ ഇത്തരം അനീതികളെ വ്യക്തിപരമായി നേരിടാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഈ തലമുറയിലെ സ്ത്രീകളധികവും. സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകള്‍ നിര്‍വഹിക്കുന്ന പ്രത്യുത്പാദനപരമായ ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ധാരണക്കുറവൊന്നുമില്ലാത്ത സമുദായങ്ങളും ഗവണ്മെന്റും പക്ഷേ, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദപരമാക്കുന്നതില് എന്തെല്ലാം ചുവടുവെപ്പുകള്‍ നടത്തുന്നുണ്ട് എന്നത് വളരെ പ്രധാനമാണ്.
വീട് സ്ത്രീകള്‍ക്ക് അടിച്ചമര്‍ത്തല്‍ ഇടവും പൊതുമണ്ഡലം വിമോചന ഇടവുമാണ് എന്നത് മുഖ്യധാരാ സ്ത്രീവാദങ്ങളിലെ ഒരു സമവാക്യമാണ്. പൊതുമണ്ഡലത്തിന്റെ സ്ത്രീവിരുദ്ധ സ്വഭാവം, ഈ വാദത്തിന് കിട്ടുന്ന സ്വീകാര്യതയാല്‍ മറയ്ക്കപ്പെടുന്നുണ്ട്. തൊഴില്‍- വിദ്യാഭ്യാസ ഇടങ്ങളുടെ exclusive സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. സ്ത്രീകളുടെ, ഗര്‍ഭിണിയുടെ, മാതാവിന്റെ സവിശേഷ ആവശ്യങ്ങളെ ഈ ഇടങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? സ്ത്രീകളുടെ അടിസ്ഥാനപരമായ ജൈവിക ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പൊതു ഇടങ്ങള്‍ വിമോചനാത്മകമായി ആഘോഷിക്കപ്പെടുന്നതിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വ്യാവസായിക വിപ്ലപവത്തോടെ രൂപീകരിക്കപ്പെടുന്ന പൊതുമണ്ഡലം ആണത്ത മുതലാളിത്തത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് മുന്‍ഗണന നല്‍കിയത്. സ്ത്രീകള്‍ പൊതു തൊഴിലിടങ്ങളില്‍ പ്രവേശിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ ആയെങ്കിലും പുരുഷന് വേണ്ടി രൂപകല്പന ചെയ്യപ്പെട്ടത് എന്നതില്‍നിന്ന് നമ്മുടെ പൊതുമണ്ഡലം ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല.
പുരുഷകേന്ദ്രീകൃത തൊഴില്‍, വിദ്യാഭ്യാസ ഇടങ്ങളില്‍ അതിജീവിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്. 'ഒരു ബൈക്ക് ആക്സിഡന്റ് പോലെ അപ്രതീക്ഷിതമായി സംഭവിക്കുന്ന അത്യാഹിതമല്ലല്ലോ. അപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരും' എന്ന് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയുടെ പരീക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഒരു യൂനിവേഴ്സിറ്റി അധ്യാപകന് പറയുന്നത് കേള്‍ക്കാനിടയായി. പഠനത്തെ/ഗവേഷണത്തെ/ജോലിയെ ഒട്ടും ബാധിക്കാത്ത തരത്തില്‍ ഗര്‍ഭധാരണം/പ്രസവം എന്നിവ ആസൂത്രണം ചെയ്യേണ്ടത് സ്ത്രീകളുടെ ബാധ്യതയായാണ് പ്രസ്തുത അധ്യാപകന് മനസ്സിലാക്കുന്നത്. ഏറെ പരിമിതികളോടെ വൈകിയാണെങ്കിലും നടപ്പിലായ മാതൃസൗഹൃദ നിയമങ്ങളെക്കുറിച്ചോ മാതൃത്വത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ചോ സാമാന്യധാരണപോലുമില്ലാതെയാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ആര്‍ത്തവവും ഗര്‍ഭവും പ്രസവവും സ്ത്രീജീവിതത്തിന്റെയല്ല, മനുഷ്യജീവിതത്തിന്റെ സവിശേഷതകളെയും സങ്കീര്ണതയെയുമാണ് വഹിക്കുന്നത്. പുരുഷകേന്ദ്രീകൃത വ്യവസ്ഥയില്‍ പക്ഷേ, ഇവ സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന അനാവശ്യ ഇടപാടുകളായാണ് പരിഗണിക്കപ്പെടുന്നത്.
സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസേര്‍ച്ച് (CSR Kerala) കേരളത്തിലെ യുവ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 50.2 ശതമാനം പേരും അനുയോജ്യമായ വിവാഹപ്രായമായി തെരഞ്ഞെടുക്കുന്നത് 22-26 വയസ്സ് ആണ്. 20 മുതല്‍ 30 വരെയുള്ള പ്രായം പഠനം പൂര്‍ത്തീകരിക്കുക, ജോലി നേടുക എല്ലാം നടക്കേണ്ട നിര്‍ണായകമായ സമയമാണ്. വിവാഹത്തോടെ പഠനം മുടങ്ങുക എന്ന പതിവു പ്രവണതയില്‍നിന്ന് പുറത്തുകടക്കാനുള്ള സ്ത്രീകളുടെ അഭിലാഷവുമായി ഈ കണക്കുകളെ കൂട്ടിവായിക്കാം. പുതിയ തലമുറയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 80-കളിലും 90-കളിലും ജനിച്ച, മില്ലേനിയന്‍സ് നോക്കിക്കണ്ടത് പോലെ അല്ല 2000-ത്തിനു ശേഷം ജനിച്ച ജെന്‍ സിയും ജെന്‍ ആല്‍ഫയും വിവാഹത്തെയും കുടുംബജീവിതത്തെയും കാണുന്നത്. സാമൂഹിക ക്രമത്തിലുണ്ടാവുന്ന മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തിന്റെ എല്ലാ അടരുകളിലുമെന്ന പോലെ കുടുംബ വ്യവസ്ഥയിലും കാണാവുന്നതാണ്. സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സാമൂഹിക -രാഷ്ട്രീയ-സാമ്പത്തിക മേഖലകള്‍ തുടങ്ങിയവയിലുണ്ടാവുന്ന മാറ്റങ്ങള്‍, മാധ്യമ സ്വാധീനം, പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍ എന്നിവയൊക്കെ ഈ മാറ്റത്തിന് കാരണമാവുന്നുണ്ട്. പുതു തലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹത്തോട് വിമുഖത കാണിക്കുന്നു എന്നത് ചെറുതല്ലാത്ത ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുന്നുമുണ്ട്.
എല്ലാ സ്ത്രീകളുടെയും അനുഭവങ്ങള്‍ സമാനമാണോ?
പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കുന്നതില്‍, ഇന്റര്‍സെക്ഷണാലിറ്റി (Intersectionality) എന്ന ആശയം വളരെ പ്രധാനമാണ്. വിവിധ സാമൂഹിക വിഭജനങ്ങള്ക്കിടയിലുള്ള അനുഭവങ്ങളെ മനസ്സിലാക്കുന്ന സിദ്ധാന്തമാണ് തിയറി ഓഫ് ഇന്റര്‍സെക്ഷണാലിറ്റി. വംശം, ലിംഗഭേദം, വര്‍ഗം, മതം, ജാതി, പ്രായം, ദേശീയത എന്നിങ്ങനെ വിവിധ സാമൂഹിക വിഭാഗീകരണങ്ങള്‍ എങ്ങനെ സങ്കീര്‍ണമായ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ഇന്റര്‍സെക്ഷണല്‍ പഠനങ്ങള്‍ നിരീക്ഷിക്കുന്നു. സ്വസമുദായങ്ങളുമായി സവിശേഷ ബന്ധമുള്ള പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെ സംബന്ധിച്ച് പലപ്പോഴും വിവാഹം/പഠനം എന്നിവക്കിടയില്‍ ഒരു തെരഞ്ഞെടുപ്പ് എന്നത് ഏറെ സങ്കീര്‍ണമാവുന്നു എന്ന് കാണാം. കുടുംബത്തിന് പുറത്തു തങ്ങളെ വ്യക്തിപരമായി ശാക്തീകരിക്കുന്ന ഒരു ഉപാധി എന്നതിനേക്കാള്‍ തലമുറകളായി തങ്ങള്‍ കടന്നുവന്ന വിവേചനപരമായ സാമൂഹിക ബന്ധങ്ങളില്‍നിന്ന് കുടുംബത്തെയുള്‍പ്പെടെ വിമോചിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് ഇവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലുമെല്ലാം. തങ്ങളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥകളില്നിന്ന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് വണ്ടി കയറുന്ന ഇവര്‍ തങ്ങളെ പാര്ശ്വങ്ങളില്ത്തന്നെ നിലനിര്‍ത്തുന്ന സാമൂഹികഘടകങ്ങളോടു പൊരുതുക കൂടിയാണ് ചെയ്യുന്നത്. എന്നാല്‍, ഈ പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുഭവങ്ങള്‍ സമാനമാണോ? സാമുദായികമായ പിന്നാക്ക സ്ഥിതിയോടൊപ്പം ലിംഗപരമായ അനീതികളോട് കൂടി പൊരുതിക്കൊണ്ടു മാത്രമാണ് ഈ സ്ത്രീകള്‍ക്ക് നിലനില്‍പ്പ് സാധ്യമാവുന്നത്.