അന്തിമ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ രാജ്യത്ത് സമ്മതിദാനാവകാശമില്ലാത്തവരായി മാറും. അവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമായെന്നതിന് ബീഹാര്‍ ഒരു പൈലറ്റ് പ്രോജക്ടായി നമ്മുടെ മുന്നിലുണ്ട്. ബി.എല്‍.ഒമാര്‍ക്ക് അപേക്ഷ നല്‍കാത്തവരും അപേക്ഷ നല്‍കിയിട്ടും വിട്ടുപോയവരുമായി 2025-ലെ പട്ടികയില്‍ നിന്നും നിരവധി പേരാണ് കേരളത്തിലും വെട്ടിമാറ്റപ്പെടാന്‍ പോകുന്നത്.
വലിയൊരു മനുഷ്യാവകാശ ധ്വംസനമായി മാറിക്കഴിഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കിയ ശേഷമുള്ള ആദ്യ കരട് പട്ടിക മനുഷ്യാവകാശ ദിനത്തിന്റെ തലേന്നാളാണ് കേരളത്തില്‍ പുറത്തിറങ്ങുക. നിലവിലുള്ള നടപടിക്രമങ്ങള്‍ നിരീക്ഷിച്ചതില്‍ പതിനായിരക്കണക്കിനാളുകള്‍ ആ പട്ടികയില്‍നിന്ന് പുറത്തായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. കാരണം, 2025-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ എസ.്‌ഐ.ആര്‍ പ്രക്രിയക്ക് പുറത്താണ്. അവര്‍ക്കാര്‍ക്കും തന്നെ ബൂത്ത് തല ഓഫീസര്‍മാര്‍ എന്യൂമറേഷന്‍ ഫോറം വീടുകളില്‍ നല്‍കിയിട്ടില്ല. തങ്ങളുടെ എസ്.ഐ.ആര്‍ ഫോം എവിടെ എന്ന് ചോദിക്കുമ്പോഴാണ് വോട്ടര്‍ പട്ടികയില്‍ തന്നെ ഇല്ലെന്ന് മറുപടി പലര്‍ക്കും ലഭിച്ചത്. അവരെ ഒന്നടങ്കം മാറ്റിനിര്‍ത്തിയാണ് ഡിസംബര്‍ 9 വരെയുള്ള എസ.്‌ഐ.ആര്‍ നടപടികള്‍. ഡിസംബര്‍ 9-ന് കരട് പട്ടിക ഇറങ്ങിയ ശേഷം പുതിയ വോട്ടര്‍ ആയി അപേക്ഷ നല്‍കാനുള്ള 'ഫോം 6' പൂരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകഴിഞ്ഞാല്‍ പിന്നെ മറ്റൊരു കരട് പട്ടിക കേരളത്തില്‍ ഇറങ്ങുകയില്ല. പകരം, അന്തിമ വോട്ടര്‍പട്ടിക ആയിരിക്കും ഉണ്ടാവുക. ആ അന്തിമ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ രാജ്യത്ത് സമ്മതിദാനാവകാശമില്ലാത്തവരായി മാറും. പിന്നീടും അവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത്തരം വാക്കുകള്‍ എല്ലാം പ്രായോഗികമായി എത്രത്തോളം നടന്നുവെന്നതിന് ബീഹാര്‍ ഒരു പൈലറ്റ് പ്രോജക്ട് ആയി നമ്മുടെ മുന്നിലുണ്ട്. ബി.എല്‍.ഒമാര്‍ക്ക് അപേക്ഷ നല്‍കാത്തവരും അപേക്ഷ നല്‍കിയിട്ടും വിട്ടുപോയവരും എല്ലാമായി 2025-ലെ പട്ടികയില്‍ നിന്നും നിരവധി പേരാണ് കേരളത്തിലും വെട്ടിമാറ്റപ്പെടാന്‍ പോകുന്നത്.
കരട് പട്ടിക ഇറങ്ങിയ ശേഷവും കളി കാണാം
കരട് വോട്ടര്‍ പട്ടിക മനുഷ്യാവകാശ ദിനത്തിന്റെ തലേന്നാള്‍ പുറത്തിറങ്ങിയ ശേഷവും പല കളികളും കാണാനുണ്ട്. പട്ടികയില്‍ വന്നവരെ വെട്ടിമാറ്റാനുള്ള അപേക്ഷ പലരും നല്‍കും. അതിനു പിന്നില്‍ രാഷ്ട്രീയമോ സാമുദായികമോ ആയ കാരണങ്ങള്‍ ഉണ്ടാകുമെന്നാണ് ബീഹാര്‍ നല്‍കുന്ന പാഠം. കരട് പട്ടികയില്‍നിന്ന് മൂന്നില്‍ ചില്വാനം ലക്ഷം പേരെയാണ് ബീഹാറില്‍ വീണ്ടും വെട്ടിമാറ്റിയത്. നേരത്തെ വെട്ടിമാറ്റിയ 65 ലക്ഷം പേര്‍ക്ക് പുറമെയായിരുന്നു ഇതെന്ന് ഓര്‍ക്കണം. അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ തങ്ങള്‍ നാളിതുവരെ അനുഭവിച്ചുവന്നിരുന്ന അടിസ്ഥാനപരമായ അവകാശം എടുത്തു കളയപ്പെട്ടിരിക്കുന്നു എന്ന് പലരും തിരിച്ചറിയുക.
നുഴഞ്ഞു കയറ്റക്കാരെയല്ല വെട്ടിയത്, പാര്‍ശ്വവല്‍കൃതരെ
രാജ്യത്തിനകത്തേക്ക് നുഴഞ്ഞുകയറിയ വിദേശപൗരന്മാരെ വെട്ടിമാറ്റാന്‍ എന്ന പേരില്‍ തുടങ്ങിയ എസ്.ഐ.ആര്‍ രാജ്യത്തിനകത്തുള്ള ദുര്‍ബലരും പാര്‍ശ്വവല്‍കൃതരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് മനുഷ്യരെ വെട്ടിമാറ്റാനുള്ളതാണ് എന്നാണ് ബീഹാര്‍ എസ്.ഐ.ആര്‍ പഠിപ്പിച്ചത്. വോട്ട് കൊള്ളയെക്കുറിച്ച് പ്രചാരണ പരിപാടികള്‍ നടത്തിയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പോലും അവരെ വിസ്മരിച്ചു അഗണ്യകോടിയില്‍ തള്ളി. വോട്ടും തെരഞ്ഞെടുപ്പും കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നെ വോട്ടര്‍മാരെ അഞ്ചുകൊല്ലം കഴിഞ്ഞ് കണ്ടാല്‍ മതി. എന്നാല്‍, വോട്ട് പൗരത്വത്തിന്റെ രേഖയായി മാറുന്ന ഒരു കാലത്ത് വോട്ടില്ലാതായാല്‍ പൗരനുള്ള അവകാശങ്ങള്‍ തന്നെ ഇല്ലാതാകുന്നതിലാണ് കലാശിക്കുക. ഇതിനും നല്ലൊരു ഉദാഹരണം ബീഹാറില്‍ ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഓരോ സ്ത്രീയുടെയും അക്കൗണ്ടിലേക്ക് പതിനായിരം രൂപ വീതം ആകെ മുപ്പതിനായിരം കോടി രൂപയാണ് ബീഹാര്‍ സര്‍ക്കാര്‍ നിക്ഷേപിച്ചുകൊടുത്തത്. ഒരുകോടി സ്ത്രീകള്‍ക്കെങ്കിലും അതിന്റെ പ്രയോജനം ലഭിച്ചവെന്നും അത് വോട്ടായി മാറിയെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം അവലോകനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ആ തുക കിട്ടാത്ത ലക്ഷക്കണക്കിന് സ്ത്രീകള്‍ ബീഹാറിലുണ്ട് എന്നത് ചര്‍ച്ചയില്‍ വരുന്നേയില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആര്‍ക്കും തന്നെ അക്കൗണ്ടിലേക്ക് ഈ പണം വന്നിട്ടില്ല എന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വേളയില്‍ അറിയാന്‍ കഴിഞ്ഞത്. അരികുവല്‍ക്കരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ബീഹാറില്‍ വിതരണം ചെയ്ത ഈ പതിനായിരം രൂപ പോലും. ഈ പതിനായിരത്തിന്റെ വിതരണത്തില്‍ ഒതുങ്ങുകയില്ല അവരോടുള്ള വിവേചനം'. റേഷന്‍ തൊട്ട് വിദ്യാഭ്യാസവും ചികിത്സയും അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ നിന്നും നടപ്പാക്കുന്ന പദ്ധതികളില്‍ നിന്നും ഇവര്‍ ഇതുപോലെ പുറത്തായിക്കൊണ്ടിരിക്കും. രാജ്യത്തിനകത്ത് തന്നെ അക്ഷരാര്‍ഥത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരായി അവര്‍ക്ക് ജീവിക്കേണ്ടി വരും.
ഇനി ഈ വോട്ടര്‍ പട്ടിക വെച്ചുള്ള എപ്പിക് ഐഡി രാജ്യത്തെ ഓരോ പൗരനെ സംബന്ധിച്ചിടത്തോളവും പ്രാധാന്യമുള്ളതായിത്തീരും. അവരുടെ അവകാശങ്ങള്‍ അനുവദിക്കപ്പെടുന്നത് പോലും വോട്ടവകാശം ഉണ്ടോ എന്ന് നോക്കിയതിനുശേഷം ആയിരിക്കും.
ഫലത്തില്‍ അവര്‍ രാജ്യത്തെ പൗരന്മാര്‍ക്കുള്ള ഏറ്റവും അടിസ്ഥാനപരമായ അവകാശത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യമായിരിക്കും സംജാതമാവുക.
പൗരാവകാശ ലംഘനം പ്രശ്‌നമല്ലാത്ത കോടതി
ഒരു പൗരന്റെ പൗരാവകാശം പോലും നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബോധ്യമുള്ള സുപ്രീം കോടതി അത്തരം ഒരു സാഹചര്യവും അനുവദിക്കില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞതായിരുന്നു. ഒരാളുടെ വോട്ട് പോലും അന്യായമായി കളയാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച ജസ്റ്റിസ് സൂര്യകാന്ത് ഈ പ്രക്രിയയിലൂടെ 68.66 ലക്ഷം പേരെ പുറത്താക്കിയപ്പോള്‍ ഒരുതരത്തിലുള്ള അനുഭാവവും അവരോട് പ്രകടിപ്പിച്ചില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവത്തില്‍ ആയിരുന്നു അതിന് ശേഷമുള്ള സുപ്രീം കോടതിയുടെ പ്രകടനം. പുറത്താക്കപ്പെടുന്ന ഒരു വോട്ടര്‍ പോലും സുപ്രീം കോടതിക്ക് ഒരു വിഷയമാണ് എന്നുപറഞ്ഞ ജഡ്ജിയും 68.66 ലക്ഷം പേരുടെ കാര്യത്തില്‍ ഇപ്പോഴൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസര്‍ക്കാറിനെയും മാത്രം വിശ്വാസത്തിലെടുത്താണ് ഈ പ്രക്രിയയിലുടനീളം സുപ്രീം കോടതി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ബീഹാറിലെ നേര്‍ക്കാഴ്ചകള്‍
പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സ്വരാജ് അഭിയാന്‍ നേതാവുമായ യോഗേന്ദ്ര യാദവ് ബീഹാറില്‍ മരിച്ചു എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആറിലൂടെ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കിയ മനുഷ്യരെയും കൊണ്ട് സുപ്രീംകോടതിയില്‍ എത്തിയതോര്‍ക്കുന്നുണ്ടാകും. അററിയ ജില്ലയിലെ പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാരെയും കൊണ്ടാണ് യോഗേന്ദ്ര യാദവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ എത്തിയത്. മരിച്ചവരെന്ന് പറഞ്ഞ് ജീവിക്കുന്നവരെയും വെട്ടി മാറ്റിയിട്ടുണ്ടെന്ന് യോഗേന്ദ്ര യാദവ് സുപ്രീംകോടതിയില്‍ പറഞ്ഞപ്പോള്‍ എങ്കില്‍ അവരെ കൊണ്ടുവരൂ എന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു ഇത്.
തങ്ങളുടെ വോട്ട് പട്ടികയില്‍നിന്ന് വെട്ടിമാറ്റി എന്ന് പറഞ്ഞ് ഡല്‍ഹിയിലുള്ള യോഗേന്ദ്ര യാദവിനെ നേരില്‍ വിളിച്ചവരല്ല ബീഹാറിലെ അററിയയില്‍ നിന്നുള്ള ഈ മനുഷ്യര്‍. കാമിയാനി എന്ന സന്നദ്ധപ്രവര്‍ത്തക ഒരു മാസത്തോളം എസ്.ഐ.ആറിന് പിന്നാലെ നടന്ന് അററിയയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയായിരുന്നു അത്.
ഒരാഴ്ചയാണ് കാമിയാനി അററിയയിലെ ഒരു ബൂത്തിലെ വെട്ടിമാറ്റിയ വോട്ടുകളുടെ പരിശോധനക്കായി എടുത്തത്. വോട്ടര്‍മാരുമായി നേരില്‍ ബന്ധമില്ലാത്തതിനാല്‍ മരിച്ചുവെന്നും താമസം മാറി എന്നും പറഞ്ഞ് വെട്ടിമാറ്റിയ വോട്ടര്‍മാരുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ വഴിയില്ലായിരുന്നു എന്ന് അവര്‍ പറഞ്ഞു. വെട്ടിമാറ്റിയത് ആരെന്ന് തിരിച്ചറിയാതിരിക്കാനുള്ള സംശയാസ്പദമായ നടപടികള്‍ കൈക്കൊണ്ടാണ് കമ്മീഷന്‍ വോട്ടര്‍ പട്ടിക ഇറക്കുന്നത്. അതുകൊണ്ടാണ് മെഷീന്‍ റീഡബിള്‍ വോട്ടേഴ്‌സ് ലിസ്റ്റ് നല്‍കുന്നതിന് പകരം കമ്പ്യൂട്ടറില്‍ താരതമ്യ പഠനം നടത്താന്‍ പറ്റാത്ത പകര്‍പ്പ് കമ്മീഷന്‍ നല്‍കുന്നത്. അതോടെ 7.42 കോടി വോട്ടര്‍മാരില്‍ ഏതൊക്കെ വോട്ടര്‍മാര്‍ ഉണ്ടെന്നും ഏതൊക്കെ ഇല്ലെന്നും അറിയാന്‍ അതിന്റെ കടലാസ് കോപ്പികള്‍ തന്നെ നോക്കി പരിശോധിക്കേണ്ട സാഹചര്യമായിരുന്നു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനായി അവര്‍ വീട് വീടാന്തരം കയറിയിറങ്ങി. എസ്.ഐ.ആര്‍ എന്ന പ്രക്രിയ നടക്കുന്ന വിവരം പോലും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അറിയില്ലായിരുന്നു. പലരും കൂലിവേലക്ക് പോയി കുടുംബം പുലര്‍ത്തുന്നവര്‍. പണിക്ക് പോകുന്നവര്‍ ഒരു ദിവസത്തെ കൂലി നഷ്ടപ്പെടുത്താന്‍ മെനക്കെടില്ല. അവരെ എസ്.ഐ.ആറിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ഏറെ പണിപ്പെട്ടു.
വളരെ ചുരുക്കം സന്നദ്ധ സംഘടനകള്‍ അല്ലാതെ ഇത്രയും വിവാദമായിട്ട് പോലും ബീഹാറില്‍ എസ്.ഐ.ആര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതിനാല്‍ സാധാരണക്കാരും പാര്‍ശ്വവല്‍കൃതരും പരമ ദരിദ്രരുമായ മനുഷ്യര്‍ക്ക് ഇതിന്റെ അനിവാര്യത ബോധ്യപ്പെട്ടില്ല. ഇത് എന്താണ് പ്രക്രിയ എന്നുപോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു അവരിലേറെയും. 200 രൂപ ദിവസവേതനത്തിന് കൂലിപ്പണിക്ക് പോകുന്ന അവര്‍ക്ക് എസ്.ഐ.ആറിന് ബി.എല്‍.ഒ വരുന്നതും കാത്തിരിക്കാനുള്ള സാഹചര്യമില്ലായിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇരുന്നാല്‍ ആ ദിവസം പണി ഒഴിവാക്കിയാല്‍ 200 രൂപ നഷ്ടപ്പെടുമല്ലോ എന്ന് ആധി പൂണ്ടവരോട് നമുക്കെന്ത് പറയാനാകുമെന്ന് കാമിയാനി ചോദിച്ചു.
'വീടുകളില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടെങ്കില്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകൂ' എന്ന് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആദ്യമേ പറഞ്ഞതാണ്. മൂന്നു തവണ വീട്ടില്‍ വന്നു നോക്കി ആളെ കണ്ടില്ലെങ്കില്‍ പിന്നെ അവരെ വെട്ടിമാറ്റുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, ബീഹാറില്‍ മിക്കവരുടെയും വീടുകളില്‍ ബി.എല്‍.ഒമാര്‍ വന്നിട്ട് പോലുമില്ല.
ഗ്രാമങ്ങളിലുള്ള 1200 വോട്ടര്‍മാരെ കണ്ട് അപേക്ഷാ ഫോമുകള്‍ നല്‍കി അവ പൂരിപ്പിച്ചു വാങ്ങി പരിശോധന നടത്തി അപ് ലോഡ് ചെയ്തു കൊടുക്കാനുള്ള സമയം കമ്മീഷന്‍ നല്‍കാത്തതിനാല്‍ സ്വന്തം നിലക്ക് അവ പൂരിപ്പിച്ച് വോട്ടര്‍മാരുടെ ഒപ്പുകള്‍ സ്വന്തം തന്നെയിട്ട് സമര്‍പ്പിക്കുകയാണ് പല ബി.എല്‍.ഒമാരും ചെയ്തത്. സ്വന്തം വീടുകളില്‍ ഇരുന്നും ഏതെങ്കിലും സര്‍പ്പഞ്ചിന്റെ വീട്ടില്‍ പോയിരുന്നും അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കുകയായിരുന്നു പലരും എന്നാണ് കാമിയാനി പറയുന്നത്. വീട്ടില്‍ നേരിട്ട് വന്ന് അപേക്ഷ വാങ്ങിക്കൊണ്ടുപോയിട്ടും 90 വയസ്സായ തന്റെ അമ്മയുടെ പേര്‍ വെട്ടിക്കളഞ്ഞ അനുഭവവും കാമിയാനി പങ്കുവെച്ചു. ഒടുവില്‍ 90 വയസ്സായ അമ്മയെയും ഫോം 6 ഉപയോഗിച്ച് പുതിയ വോട്ടര്‍ ആയി കരട് പട്ടിക ഇറങ്ങിയശേഷം രണ്ടാമത് ചേര്‍ക്കേണ്ടിവന്നു. ഇതുകൊണ്ടാണ് എസ്.ഐ.ആറിന്റെ ഏറ്റവും കൂടുതല്‍ ഇരകള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വൃദ്ധരും ദരിദ്രരും അക്ഷരാഭ്യാസമില്ലാത്തവരും കൂലിത്തൊഴിലാളികളും ഒക്കെ ആണെന്ന് കാമിയാനി പറയുന്നത്. വൃദ്ധരായ മനുഷ്യര്‍ക്ക് തങ്ങളുടെ പേര്‍ നോക്കാനും പരിശോധിക്കാനും, വെട്ടിമാറ്റിയെങ്കില്‍ അത് തിരുത്താനും പരസഹായം ഇല്ലാതെ സാധ്യമല്ല. ഇതൊന്നും കമ്മീഷനും സുപ്രീംകോടതിയും കണക്കിലെടുക്കുന്നില്ലെന്ന് കാമിയാനി പരിഭവപ്പെട്ടു. ഇത്രയും അപാകതകള്‍ നിറഞ്ഞ പ്രക്രിയയിലൂടെ സൃഷ്ടിച്ച എസ്.ഐ.ആര്‍ പട്ടിക അബദ്ധങ്ങളുടെ കൂമ്പാരമാണെന്നും അവര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി.
വോട്ട് വെട്ടിമാറ്റിയത് അറിയുന്നത് വോട്ടു നാളില്‍
തെരഞ്ഞെടുപ്പിന് മുമ്പ് ഇതേക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയവര്‍ തെരഞ്ഞെടുപ്പ് കാലത്തുപോലും എത്ര പേരെ വെട്ടിമാറ്റി എന്നോ എത്ര പേരെ വ്യാജമായി കൂട്ടിച്ചേര്‍ത്തുവെന്നോ കണ്ടുപിടിച്ചില്ല എന്ന് ആലോചിക്കുമ്പോള്‍ എന്തുമാത്രം ഗൗരവമാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഈ വിഷയത്തിന് നല്‍കിയതെന്ന് നമുക്ക് മനസ്സിലാകും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ദിവസം ബൂത്തില്‍ ചെന്നപ്പോള്‍ മാത്രം തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിമാറ്റിയിരിക്കുന്നു എന്ന വിവരം ബീഹാറിലെ ആയിരക്കണക്കിന് വോട്ടര്‍മാര്‍ അറിഞ്ഞത്.
ശുദ്ധീകരിച്ചു കഴിഞ്ഞുവെന്ന് കമ്മീഷന്‍ പറയുന്ന ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ ഉള്ള കണക്ക് പോലും ഊഹക്കണക്കുകളാണ്. അത് ശുദ്ധീകരിച്ചു എന്ന വാദം തന്നെ ശരിയല്ല.
വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനെന്ന വ്യാജേന പതിറ്റാണ്ടുകളായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരെ പുറന്തള്ളാനാണ് എസ്.ഐ.ആര്‍ (പ്രത്യേക തീവ്ര പരിഷ്‌കരണം) എന്ന് ബീഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് തെളിയിച്ചു. രാജ്യത്ത് എസ്.ഐ.ആര്‍ നടപ്പാക്കിയ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായ ബീഹാറില്‍ വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലെത്തിയ ആയിരങ്ങളാണ് വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. ഒരു ബൂത്തില്‍ തന്നെ പത്തും അമ്പതും പേര്‍ തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നറിഞ്ഞ് മടങ്ങുന്ന കാഴ്ചക്ക് ബീഹാറിലെ 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകള്‍ സാക്ഷ്യം വഹിച്ചു.
വെട്ടിമാറ്റിയവരെ ആര്‍ക്കു വേണം?
ബീഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടിമാറ്റിയ മനുഷ്യരെ ആരും ഇപ്പോള്‍ ഗൗനിക്കുന്നില്ല. വോട്ടില്ലാത്തവനെ ആര്‍ക്കു വേണം? എസ്.ഐ.ആറിന്റെ പേരില്‍ കമ്മീഷന്‍ ഈ കാണിക്കുന്നതെല്ലാം വെറും കസര്‍ത്തുകള്‍ മാത്രമാണെന്ന് ബീഹാര്‍ തെളിയിച്ചു കഴിഞ്ഞു. ആ ബീഹാറിന്റെ മാതൃകയില്‍ ആയിരിക്കും കേരളത്തിലും എസ്.ഐ.ആര്‍ എന്ന് വര്‍ഷങ്ങളോളം കേരളത്തില്‍ സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും എസ്.ഐ.ആറിന്റെ പേരില്‍ കമ്മീഷന്‍ ബീഹാറില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കും. എസ.്‌ഐ.ആറിന്റെ പേരിലുള്ള മനുഷ്യാവകാശ ധ്വംസനത്തിന്റെ കരട് പട്ടിക കൂടിയായിരിക്കും മനുഷ്യാവകാശ ദിനത്തിന്റെ തലേന്ന് കേരളത്തില്‍ പുറത്തു വരിക. എത്ര പൗരന്മാര്‍ക്കാണ് രാജ്യത്തിന്റെ ഒരു പൗരന്‍ എന്ന നിലക്കുള്ള പ്രാഥമികമായ അവകാശം പോലും നിഷേധിക്കപ്പെടുന്നതെന്ന് ഡിസംബര്‍ 9-ന് നാമറിയും.