അന്യന്റെ അവകാശ നിഷേധം സ്വന്തം അവകാശങ്ങള്‍ക്കുള്ള ഭീഷണിയാണ്

Aramam
ഡിസംബർ 2025

മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും മുച്ചൂടും പുനരാലോചനക്ക് വിധേയമാക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതിന് ലോകമാകെയുള്ള മനുഷ്യസമൂഹം സാക്ഷിയാണ്. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും ഭൗമരാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീതിദമായ അവസ്ഥയും കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും വലുതാണ്. സ്വകാര്യത ഹനിക്കപ്പെടുന്ന ലോകത്തായിരുന്നു 2025-ല്‍ നാം. സര്‍ക്കാറുകളുടെ നിരീക്ഷണ സംവിധാനങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും ഹനിക്കുന്നു. പല ഭാഗങ്ങളിലും തുടരുന്ന യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും അഭയാര്‍ത്ഥി പ്രവാഹവും ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്ന ഫലസ്തീന്‍ യുദ്ധത്തിന് സാക്ഷിയായവരാണ് നാം. അഭയാര്‍ത്ഥികളായിത്തീരുന്നവര്‍ക്ക് സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതവും അന്താരാഷ്ട്ര നിയമത്തിന്റെ സംരക്ഷണവും ഉറപ്പാക്കേണ്ടത് ഓരോ രാജ്യത്തിന്റെയും ധാര്‍മിക ബാധ്യതയാണെങ്കിലും, രാജ്യാതിര്‍ത്തികള്‍ അടച്ചിട്ട് മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിട്ട കൊടിയ മനുഷ്യാവകാശ ലംഘനമാണ് പലയിടത്തും.

സ്ത്രീ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഉള്ള പ്രഖ്യാപനങ്ങളും ചിന്തകളും പുരോഗമന നാട്യത്തിനിടയില്‍ ഒതുങ്ങിപ്പോയതല്ലാതെ ഇരകളായ സ്ത്രീകളുടെ അവകാശങ്ങള്‍ വലിയ തോതില്‍ പരിഹരിക്കപ്പെട്ടിട്ടേയില്ല. കൊച്ചുകുട്ടികള്‍ പോലും വീടിനകത്തും പുറത്തും ഇരകളാക്കപ്പെട്ടതിലെ കുറ്റവാളികള്‍ ഇപ്പോഴും അഴികള്‍ക്ക് പുറത്താണ്. പൊതുബോധത്തിന്റെ ഒപ്പം നില്‍ക്കുക എന്നതല്ലാതെ മുസ്്‌ലിം സ്ത്രീകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ജീവിതരീതികള്‍ പൊതുമധ്യേ പ്രകടിപ്പിക്കാനുള്ള അവകാശം പോലും ദിനേന ചോദ്യം ചെയ്യപ്പെടുകയാണ്. വിശ്വാസത്തിന്റെ ഭാഗമായ തട്ടം ധരിക്കല്‍ പോലും മുസ്്‌ലിം സ്ത്രീക്ക് സാധ്യമല്ലാതായിരിക്കുന്നു.

ഈ വെല്ലുവിളികള്‍ക്കിടയിലും, പ്രതീക്ഷ നല്‍കിയത് യുവജനങ്ങള്‍ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് നല്‍കിയ ഊര്‍ജമാണ്. സ്വേച്ഛാധിപത്യത്തിന്റെ ശബ്ദങ്ങളെയും അവര്‍ക്ക് കരുത്തേകുന്ന ഭരണാധികാരികളെയും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തിയ ശക്തി അവരായിരുന്നു. സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങള്‍ ലോകമെമ്പാടും അവര്‍ ഉയര്‍ത്തി.

 മറ്റൊരു രാജ്യത്തിനും ഇല്ലാത്തവിധം, പാര്‍ശ്വവല്‍കൃതര്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ അടങ്ങിയതാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ പൗരസമൂഹത്തിന്റെ ജാഗ്രതയായിരുന്നു അത്തരമൊരു ഭരണഘടനയെ ഇക്കാലം വരെയും പോറലേല്‍ക്കാതെ നിലനിര്‍ത്തിയത്. വ്യക്തമായ ലക്ഷ്യത്തോടെയുള്ള ഭരണകൂടത്തിന്റെ ഇടപെടലുകള്‍ അപകടകരമാം വിധം വ്യക്തികള്‍ തമ്മില്‍ പോലും പൗരാവകാശങ്ങളെ നിഷേധിക്കാന്‍ ഹേതുവാകുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും ഭരണകൂടത്തിന് വിധേയപ്പെടുന്ന പേടിപ്പെടുത്തുന്ന കാഴ്ച. ഇപ്പോള്‍ തുടക്കമിട്ട എസ്.ഐ.ആര്‍ പോലും സംശയാസ്പദമാണ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതാവുന്നതോടെ, സ്‌റ്റേറ്റില്‍നിന്ന് പൗരന്‍ എന്ന നിലയില്‍ കിട്ടേണ്ട എല്ലാ പരിരക്ഷയും ഒരൊറ്റ തീരുമാനത്തിലൂടെ ഇല്ലാതാക്കപ്പെടുമെന്ന ഭയം മുന്നിലുണ്ട്. മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത കേവലം സര്‍ക്കാരുകളുടെ ഉത്തരവാദിത്വം മത്രമല്ല, ഓരോ പൗരന്റെയും ലോകത്തിന്റെയും കടമയാണ്. മറ്റൊരാളുടെ അവകാശം നിഷേധിക്കപ്പെടുമ്പോള്‍, അത് സ്വന്തം അവകാശങ്ങള്‍ക്കുള്ള ഭീഷണിയാണെന്ന് തിരിച്ചറിയണം. അവകാശം നിഷേധിക്കപ്പെടുന്ന ഒരു വ്യക്തിയും ലോകത്ത് ഉണ്ടാകരുത് എന്ന ദൃഢനിശ്ചയത്തോടെ, നീതിക്കും സമത്വത്തിനും മാനുഷിക അന്തസ്സിനും വേണ്ടി പോരാടല്‍ ഈ കാലത്തിന്റെ അനിവാര്യതയാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media