അമ്പത്തഞ്ചാമത് സംസ്ഥാന ചലച്ചിത്ര മേളയില്‍ അഭ്രപാളികളില്‍ അഭിനയ മികവ് തെളിയിച്ച് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസ ഫാസില്‍ സംവിധാനം ചെയ്ത ''ഫെമിനിച്ചി ഫാത്തിമ''യെന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ ഫാത്തിമയെ ജീവസ്സുറ്റതാക്കിയാണ് ചലച്ചിത്ര രംഗത്ത് ഇടം നേടിയത്. അഭിനയത്തില്‍ പരിചയ സമ്പന്നതയോ അനുഭവസാക്ഷ്യങ്ങളോ ഇല്ലാതെ ആദ്യാഭിനയങ്ങള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുക എന്ന സൗഭാഗ്യ സിദ്ധിയുടെ ഉടമയാണ് ഷംല. സ്ത്രീയുടെ സര്‍ഗാത്മക ഭാവങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങളുടെ കൂട്ടൊരുങ്ങിയപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടതാണ് ഈ അംഗീകാരം. മുതിര്‍ന്ന താരനിരകളെ വകഞ്ഞുമാറ്റിയാണ് ഈ അനുഗൃഹീത കലാകാരി അഭിനയകിരീടം ചൂടിയത്.
പഠനകാലത്ത് ആലാപനങ്ങളിലും കവിതാ രചനകളിലും മത്സരിച്ച് മുന്‍നിരയിലെത്തിയപ്പോള്‍ അറിയപ്പെടുന്ന പാട്ടെഴുത്തുകാരിയായി അണിയറയില്‍ ജ്വലിക്കാനായിരുന്നു ഇഷ്ടം. എപ്പോളെങ്കിലും ഒരു സിനിമയില്‍ തന്റെ വരികള്‍ക്ക് ഇടം ലഭിക്കണമെന്ന മോഹം ഉള്ളിലൊളിപ്പിച്ചായിരുന്നു നടന്നിരുന്നത്. അതിന്റെ ആദ്യപടിയായി മീഡിയയില്‍ സജീവമായി ഷംല ഹംസ പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലില്‍ തന്റെ വരികള്‍ മികച്ച ഗായകരുടെ ശബ്ദം പകര്‍ന്ന് പുറം ലോകത്തെത്തിച്ചുതുടങ്ങി. ഒരു ഷോട്ട് ഫിലിം തയാറാക്കുകയും ചെയ്തു.
എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ദുബൈയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് '1001 നുണകള്‍' എന്ന സിനിമയുടെ ഒഡിഷന്‍ നടക്കുന്ന വിവരം ശ്രദ്ധയില്‍പെടുന്നത്. തന്റെ വരികള്‍ക്കുള്ള അവസരം ലക്ഷ്യമാക്കിയാണ് ഒഡിഷനില്‍ പങ്കെടുത്തത്. ആദ്യാഭിനയം പിറവിയെടുക്കുന്നത് അപ്പോഴാണ്. നാടകവേദികളില്‍ കലാകാരന്മാരെ കാണുമ്പോള്‍ ഏറെ അത്ഭുതപ്പെട്ടിട്ടുണ്ട്. കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഭാവനാനുകരണങ്ങള്‍ ഏറെ വിസ്മയത്തോടെ കണ്ടിരിക്കുമ്പോഴും തന്റെ ജീവിത വഴിയില്‍ ഈയൊരു അധ്യായമുണ്ടാകുമെന്ന് നിനച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് സിനിമയില്‍ അഭിനയത്തിന് തെരഞ്ഞെടുക്കപ്പെട്ട വിവരം ലഭിച്ചത്. ഗര്‍ഭിണിയായ സല്‍മയെ അവതരിപ്പിക്കാനായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. ഷൂട്ടിംഗ് ദുബൈയില്‍ വെച്ചായതിനാല്‍ ഏറെ സൗകര്യപ്പെടുകയുണ്ടായി. മികച്ച പ്രകടനമെന്ന വിധിയെഴുത്താണ് തുടക്കക്കാരിയില്‍ ആത്മവിശ്വാസം പകര്‍ന്നത്.
ആദ്യ സിനിമയുടെ സ്‌പോട്ട് എഡിറ്ററായ ഫാസില്‍ സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യിലെ കേന്ദ്രകഥാപാത്രം ഫാത്തിമയെ ആവിഷ്‌കരിക്കാന്‍ സംവിധായകന്‍ മറ്റൊരാളെ പരതിയില്ല. തന്റെ സ്‌ക്രിപ്റ്റുകളും ആശയങ്ങളും പങ്കിട്ടപ്പോള്‍ ഷംലക്ക് സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, പ്രസവാനന്തര ഘട്ടത്തിലെ ശാരീരിക മാറ്റങ്ങള്‍, കുടുംബം തുടങ്ങിയവ ആശങ്കയുണ്ടായിരുന്നെങ്കിലും മൂന്നുമാസം കൂടി സമയമനുവദിക്കണമെന്ന ആവശ്യത്തെ മാതൃഹൃദയത്തോട് നീതിപുലര്‍ത്തി സംവിധായകന്‍ അനുവദിച്ചു. കുഞ്ഞിന്റെ പ്രായം പരിഗണിച്ച് ഉമ്മയെ കൂട്ടി താമസിക്കുന്നതിനും ചിത്രീകരണ സമയം സ്ത്രീ സൗഹൃദമാക്കുന്നതിനും പൂര്‍ണമായി സഹകരിച്ചതും മാതൃകാപരമാണ്. അഭിനയരംഗത്തും പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേദിയിലും അഭിമുഖങ്ങളിലും കുഞ്ഞിനെ തോളിലേറ്റിയ ഒരു മാതാവിനെ പരിചയപ്പെടുത്തുന്ന ഷംല എല്ലാ മേഖലകളിലും സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടാല്‍ സ്ത്രീക്ക് പുതുചരിത്രങ്ങള്‍ രചിക്കാന്‍ സാധിക്കുമെന്ന് ഓര്‍മപ്പെടുത്തുക കൂടിയാണ്.
സ്വന്തം കുടുംബത്തിലെയോ പരിസരത്തിലെയോ തന്നെയുള്ള പരിചിതമായ ഒരു സ്ത്രീ കഥാപാത്രമായതിനാല്‍ തന്നെ വളരെ രസകരവും ആസ്വാദ്യകരവുമായ രീതിയിലാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. പൊന്നാനി പ്രദേശവും സംസാര ശൈലിയും ജീവിത രീതിയും പരിചിതമായിരുന്നതിനാല്‍ പെട്ടെന്ന് മനസ്സും ശരീരവും അനുനയപ്പെട്ടു. ഈ അനുകൂല ഘടകങ്ങളാണ് പ്രേക്ഷക ഹൃദയം കീഴടക്കാനായത്. മൂന്ന് കുട്ടികളുടെ അമ്മയായ ഫാത്തിമയെന്ന കഥാപാത്രത്തെയും അവര്‍ ചെയ്യുന്ന കഠിന ജോലിയെയും കാമറാ കണ്ണുകളില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചെടുക്കുക പ്രസവാനന്തര ഘട്ടത്തില്‍ നല്ല റിസ്‌കായിരുന്നെങ്കിലും ഏത് വിജയത്തിനും ആത്മവിശ്വാസവും കഠിനാധ്വാനവും സ്ഥിരോത്സാഹവും അനിവാര്യമെന്ന് ഷംല തറപ്പിച്ചു പറഞ്ഞു.
നവോത്ഥാന കേരളത്തിലെ സാമൂഹിക പരിസരത്തും സ്ത്രീയുടെ സര്‍ഗാത്മകതയുടെ അതിര് വിവാഹിതയാകുന്നതോടെ താരാട്ടു പാട്ടിന്റെ താളത്തിലേക്ക് മാത്രം പരിമിതപ്പെടുത്തുന്ന പൊതുബോധത്തെ അതിജീവിച്ച് സ്വയം ശേഷിയിലേക്ക് നടന്നുകയറാന്‍ പിന്‍ബലമേകിയ ഭര്‍ത്താവ് സാലിഹിന്റെ സഹകരണമാണ് ഷംലക്ക് പുരസ്‌കാര സാക്ഷാത്കാരം സമ്മാനിച്ചത്.
തൃത്താല സ്വദേശി ഹംസയുടെയും പാത്തുമ്മക്കുട്ടിയുടെയും മകളായ ഷംലക്ക് മൂന്ന് സഹോദരങ്ങളുണ്ട്. രണ്ട് വയസ്സുള്ള സിയസോയ് ഏക മകളാണ്.