എഴുത്തുകാരനും ഇസ്ലാമികഗാന രചയിതാവുമായ ടി.കെ.എം ഇഖ്ബാല്‍
'ആരാമ'ത്തോട് സംസാരിക്കുന്നു.
ഇസ്ലാമിക ഗാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഗാനശാഖയുടെ തുടക്കം എങ്ങനെയാണ്? മാപ്പിളപ്പാട്ടുകളില്‍നിന്ന് എങ്ങനെയാണ് അത് വ്യത്യസ്തമാകുന്നത്?
ഒരു കാര്യം ആദ്യമേ പറയട്ടെ. 'ആരാമം' ഒരു അഭിമുഖം ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറായത് ഒരു പാട്ടെഴുത്തുകാരന്‍ എന്ന നിലയിലല്ല, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഗാനസംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതിന്റെ ചില ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കാമെന്ന് കരുതിയാണ്. അതിന്റെ ഭാഗമായി എഴുതിയ ചില പാട്ടുകളെക്കുറിച്ച ഓര്‍മകളും ഇതില്‍ കടന്നുവരും. ഇസ്ലാമികമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏത് ഗാനത്തെയും ഇസ്ലാമിക ഗാനം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പക്ഷേ, ഇസ്ലാമിക ഗാനശാഖ പിറവിയെടുക്കുന്നത് സവിശേഷമായ ഒരു ആശയപരിസരത്താണ്. 'ഇസ്ലാമികം' എന്ന വാക്ക് മലയാളത്തില്‍ പ്രചാരം നേടുന്നത് ഇസ്ലാമിക പ്രസ്ഥാന പരിസരത്ത് ഉണ്ടായ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ്. ഇസ്ലാമിക സാഹിത്യം, ഇസ്ലാമിക കല, ഇസ്ലാമിക ദര്‍ശനം, ഇസ്ലാമിക ജീവിതവ്യവസ്ഥ തുടങ്ങിയ വാക്കുകള്‍ മലയാളത്തിന് പരിചിതമായി. ഈ പശ്ചാത്തലത്തിലാണ് ഇസ്ലാമിക ഗാനശാഖയുടെ പിറവി എന്ന് മനസ്സിലാക്കാം.
പ്രവാചക ചരിത്രം, വിശ്വാസ കാര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സ്വര്‍ഗ-നരകങ്ങള്‍ തുടങ്ങിയ ഇസ്ലാമിക പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം പാട്ടുകള്‍ അതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ദൈവഭക്തിയും പ്രാര്‍ഥനയും പശ്ചാത്താപവും മരണവും പരലോകചിന്തയുമൊക്കെ മാപ്പിളപ്പാട്ടുകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പ്രമേയങ്ങളാണ്. ഇസ്ലാമിക ദര്‍ശനത്തിന്റെ ഗാംഭീര്യവും സൗന്ദര്യവും ഇസ്ലാമിന്റെ വിമോചനപരതയും സവിശേഷമായ ഭാഷയിലും ശൈലിയിലും ആവിഷ്‌ക്കരിക്കുന്നു എന്നതാണ് ഇസ്ലാമിക ഗാനങ്ങളെ വ്യത്യസ്തമാക്കുന്നത്. ഈ വിശേഷണം അര്‍ഹിക്കുന്ന ചില പാട്ടുകള്‍ അതിന് മുമ്പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊരു ഗാനശാഖയായി വികസിക്കുന്നത് ഇസ്ലാമിക പ്രസ്ഥാന പരിസരത്തുണ്ടായ പാട്ടെഴുത്തുകളിലൂടെയും സംഗീത സംരംഭങ്ങളിലൂടെയുമാണ്.
യു.കെ.അബൂസഹ് ലയാണ് മലയാളത്തില്‍ ഇസ്ലാമിക ഗാനശാഖയുടെ ഉപജ്ഞാതാവ് എന്ന് പറയാം. മാപ്പിളപ്പാട്ടിന്റെ രചനാശൈലിയെയും, മലയാളത്തിന്റെ സാഹിത്യഭാഷയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ കാവ്യഭാഷ സൃഷ്ടിക്കുകയാണ് യു.കെ. ചെയ്തത്. ഇസ്ലാമികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് വേണ്ടി മാപ്പിളപ്പാട്ടുകളില്‍ അന്നേവരെ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നിരവധി വാക്കുകളും പ്രയോഗങ്ങളും മലയാള ഭാഷയില്‍നിന്ന് കണ്ടെടുത്ത് യു.കെ തന്റെ പാട്ടുകളില്‍ വിന്യസിച്ചു. ആശയഗാംഭീര്യവും കാവ്യസൗന്ദര്യവും ഒത്തുചേര്‍ന്ന യു.കെയുടെ പാട്ടുകള്‍ പാട്ടെഴുത്തില്‍ ഒരു പുതിയ വഴി വെട്ടിത്തെളിയിക്കാന്‍ മാത്രം കരുത്തുള്ളതായിരുന്നു. അതിന്റെ പലതരം തുടര്‍ച്ചകളാണ് പ്രതിഭാധനരായ നിരവധി ഇസ്ലാമിക ഗാനരചയിതാക്കളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഭാഷ, ഉളളടക്കം, സംഗീതം, ആലാപനരീതി ഇവയിലൊക്കെ പുതുമയും വ്യത്യസ്തതയും നിലനിര്‍ത്തിക്കൊണ്ട് ഒരു പുതിയ ഗാനശാഖയായി അത് വികസിച്ചിരിക്കുന്നു. തുടക്കത്തില്‍ ഇസ്ലാമിക പ്രസ്ഥാനപരിസരത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ഈ പാട്ടുകള്‍, വിഷ്വല്‍ മീഡിയയുടെയും സോഷ്യല്‍ മീഡിയയുടെയും പ്രചാരത്തോടെ മുഖ്യധാരയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
80 കളില്‍ കാസറ്റു രൂപത്തില്‍ ഇറങ്ങിയ ആദ്യകാല ഗാനങ്ങളില്‍ തന്നെ താങ്കളുടെ പാട്ടുകള്‍ ഉണ്ടല്ലോ. പാട്ടെഴുത്തിലേക്ക് എത്തിപ്പെട്ട പശ്ചാത്തലം പറയാമോ?
ഗദ്യരചനയാണ് എന്റെ പ്രധാനപ്പെട്ട മേഖല. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഗാന സംരംഭങ്ങളുമായി ബന്ധപ്പെട്ടാണ് പാട്ടുകള്‍ എഴുതാന്‍ തുടങ്ങിയത്. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ വാര്‍ഷിക പരിപാടികള്‍ക്ക് വേണ്ടിയും സാഹിത്യസമാജങ്ങള്‍ക്ക് വേണ്ടിയും പാട്ടുകള്‍ എഴുതുമായിരുന്നു. റെക്കോഡ് ചെയ്യപ്പെട്ട ആദ്യത്തെ പാട്ടുകള്‍ സരണി സര്‍ഗവേദിയുടെ കാസറ്റുകള്‍ക്ക് വേണ്ടി എഴുതിയതാണ്. 'കാരുണ്യവാനേ തമ്പുരാനേ' എന്ന പ്രാര്‍ഥനാഗാനവും 'മക്കത്തുദിച്ച നിലാവെ' എന്ന പ്രവാചക മദ്ഹ് ഗാനവും ചിലരുടെയെങ്കിലും ഓര്‍മകളിലുണ്ടാവും. പിന്നീട് സര്‍ഗസംഗമം, തനിമ എന്നീ കലാസാഹിത്യ വേദികളുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുവഹിക്കാന്‍ അവസരം ലഭിച്ചു. 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും. പ്രബോധനം വാരികയിലും, ചെറിയൊരു കാലയളവില്‍ എസ്.ഐ.ഒയുടെ പ്രസിദ്ധീകരണമായ യുവസരണിയിലും സഹപത്രാധിപരായി ജോലി ചെയ്യുകയായിരുന്നു. കലാസാഹിത്യ രംഗത്ത് ഇസ്ലാമികമായ ചുവടുവെയ്പുകള്‍ നടത്താനുള്ള ആവേശവും അത്യുത്സാഹവും കൂടെ കൊണ്ട് നടന്ന കാലം.
റഹ്‌മാന്‍ മുന്നൂര്, അഹ്‌മദ് കൊടിയത്തൂര്‍, എം.സി.എ നാസര്‍, മുഹമ്മദ് കുട്ടി ചേന്ദമംഗല്ലൂര്‍, സകീര്‍ ഹുസൈന്‍ തുടങ്ങിയവരായിരുന്നു സഹയാത്രികര്‍. പിന്നീട് വി.വി.എ ശുക്കൂര്‍, എ. റശീദുദ്ദീന്‍ തുടങ്ങി നിരവധി പേര്‍ ആ യാത്രയില്‍ പങ്കാളികളായി. 1995-ല്‍ ജീവിതം പ്രവാസത്തിലേക്ക് വഴിതിരിഞ്ഞതോടെ പാട്ടെഴുത്തിനും കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും ദീര്‍ഘവിരാമമായി. എസ്.ഐ.ഒ സംവേദനവേദി രൂപീകരിക്കുന്നതും തനിമ പുതിയ രൂപഭാവങ്ങളോടെ പുനരുജ്ജീവിപ്പിക്കപ്പെടുന്നതും ഡോ. ജമീല്‍ അഹ്‌മദ്, സമീര്‍ ബിന്‍സി, ജാബിര്‍ സുലൈം, വി. ഹിക്മത്തുല്ല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇസ്ലാമിക ഗാനശാഖയും കലാസാഹിത്യ സംരംഭങ്ങളും പുതിയ കൈവഴികള്‍ തേടുന്നതും പിന്നീടുള്ള ചരിത്രം.
പ്രസ്ഥാന കാമ്പയിനുകളോട് അനുബന്ധിച്ചാണ് ഗാനകാസറ്റുകള്‍ ഇറങ്ങിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കാമോ?
എസ്.ഐ.ഒ സര്‍ഗസംഗമം പുറത്തിറക്കിയ ആദ്യത്തെ ഗാന കാസറ്റ് 'ശാന്തിഗീതങ്ങള്‍' ആയിരുന്നു എന്നാണോര്‍മ. അതിന് വേണ്ടി ഞാന്‍ എഴുതിയ രണ്ട് പാട്ടുകളില്‍, ശരീഫ് കൊച്ചിന്‍ പാടിയ 'രാജാധിരാജനല്ലാഹ്, ലോകാധിനാഥനല്ലാഹ്' എന്ന് തുടങ്ങുന്ന ഭക്തിഗാനം കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. റഹ്‌മാന്‍ മുന്നൂര്, അബ്ദുല്‍ മജീദ് വേളം തുടങ്ങിയവരും അതില്‍ പാട്ടെഴുതിയിട്ടുണ്ട്. പാട്ടെഴുത്തില്‍ മാത്രമല്ല, അത് കാസറ്റായി പുറത്തിറങ്ങുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും, വിതരണത്തില്‍ ഉള്‍പ്പെടെ പങ്കാളിയായ അനുഭവമാണുള്ളത്. കോഴിക്കോടും പരിസരത്തും അന്ന് റെക്കോഡിംഗ് സ്റ്റുഡിയോ ഇല്ലാതിരുന്നതുകൊണ്ട് വീടുകളിലോ ഹോട്ടലുകളിലോ വെച്ചായിരുന്നു റെക്കോഡിംഗ്. സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്തത് കാരണം സ്റ്റേജ് പ്രോഗ്രാം പോലെ ലൈവ് റെക്കോഡിംഗ് ആയിരുന്നു. ഒരു പാട്ടിന്റെ ഇടക്ക് സംഗീതത്തിലോ ആലാപനത്തിലോ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ മുഴുവന്‍ വീണ്ടും റെക്കോഡ് ചെയ്യണം.
എസ്‌ഐ.ഒയുടെ 'കാള്‍ റ്റു പീസ്' കാമ്പയിനോടനുബന്ധിച്ചാണ് യുദ്ധവിരുദ്ധ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'അരിപ്പിറാവ്' എന്ന കാസറ്റ് ഇറക്കിയത്. 'പീഡനത്തിനെതിരെ യുവശക്തി' എന്ന എസ്.ഐ.ഒ സമ്മേളന കാമ്പയിന്റെ ഭാഗമായി ഇറക്കിയതാണ് ഛാന്ദ്പാഷ സംഗീത സംവിധാനം നിര്‍വഹിച്ച 'സുപ്രഭാതം' എന്ന കാസറ്റ്. റഹ്‌മാന്‍ മുന്നൂരിന്റെ പ്രശസ്തമായ 'ഈ തമസ്സിന്നപ്പുറത്ത്' എന്ന ഗാനം അതിലാണ്. 'എന്നും മുഴങ്ങട്ടെ ദിവ്യവചസ്സുകള്‍' എന്ന ടൈറ്റില്‍ ഗാനവും 'കൈകോര്‍ക്കുവിന്‍, കാതോര്‍ക്കുവിന്‍' എന്ന മറ്റൊരു ഗാനവുമാണ് ആ കാസറ്റിന് വേണ്ടി ഞാന്‍ എഴുതിയത്.
സ്ത്രീധനത്തിരെയുള്ള കാമ്പയിനിന്റെ ഭാഗമായി ഇറക്കിയ ഒരു കാസറ്റും പ്രവാചക മദ്ഹ് ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'റസൂല്‍' എന്ന മറ്റൊരു കാസറ്റും ഓര്‍മയിലുണ്ട്. ദാനാ റാസിഖ് പാടി, എസ്.ഐ.ഒ സംവേദനവേദി നാല് വര്‍ഷം മുമ്പ് പുറത്തിത്തിറക്കിയ 'ആമിനാ ബീവി തന്‍ പ്രിയ പൈതല്‍ നബി' എന്ന കവര്‍ സോംഗ് 'റസൂല്‍' എന്ന കാസറ്റിന് വേണ്ടി എഴുതിയതാണ്. ('പ്രിയസുതന്‍ നബി' എന്നാണ് ഒറിജിനലില്‍ ഉള്ളത്. സുതന്‍ (പുത്രന്‍) പാടുമ്പോള്‍ സൂതന്‍ (തേരാളി) ആയി മാറുന്നത് കൊണ്ടാണ് തിരുത്തിയതെന്ന് കവര്‍ വെര്‍ഷന്‍ പുറത്തിറങ്ങിയ സമയത്ത് ഒരു എഫ്.ബി പോസ്റ്റില്‍ വിശദീകരിച്ചിരുന്നു). റെക്കോഡിംഗിന്റെ അവസാന ഘട്ടത്തില്‍ ഒരു പാട്ടിന്റെ കുറവ് നികത്താന്‍ വേണ്ടി തല്‍ക്ഷണം എഴുതിയ ഈ ഗാനം ദാന റാസിഖിന്റെ ആര്‍ദ്രമായ ആലാപനത്തിലൂടെ വീണ്ടും പുറത്ത് വന്നപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മറ്റു ചില കാസറ്റുകളും (പേരുകള്‍ ഓര്‍മയില്ല) അക്കാലത്ത് സര്‍ഗസംഗമം പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത കവി പി.ടി അബ്ദുര്‍റഹ്‌മാന്‍ (വടകര), അറിയപ്പെടുന്ന മാപ്പിളപ്പാട്ട് രചയിതാവായ എം.എ കല്‍പറ്റ, എഴുത്തുകാരനായ ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ക്ക് പുറമെ മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, അഹ്‌മദ് കൊടിയത്തൂര്‍, എന്‍.എന്‍ ഗഫൂര്‍ എന്നിവരും പേര് ഓര്‍മയില്‍ ഇല്ലാത്ത മറ്റു പലരും സര്‍ഗസംഗമം കാസറ്റുകള്‍ക്ക് വേണ്ടി അക്കാലത്ത് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ദേവദാസ് പയ്യോളി, സി.എ അബൂബക്കര്‍, ഡി. ഹസന്‍, ഛാന്ദ് പാഷ തുടങ്ങിയവരാണ് ആദ്യകാല കാസറ്റുകളുടെ സംഗീതസംവിധാനം നിര്‍വഹിച്ചത്. പ്രഗത്ഭരായ സംഗീതജ്ഞരുടെ കൂടെ പാട്ടിന്റെ വരികള്‍ക്ക് പുതിയ ഈണവും താളവും പിറക്കുന്നത് ആസ്വദിച്ചുകൊണ്ട് ദീര്‍ഘനേരം ചെലവഴിച്ചത് മധുരമുള്ള ഓര്‍മയാണ്. സുഹൃത്തുക്കളില്‍ പലരും പഴയ കാസറ്റുകളില്‍നിന്ന് കേട്ട ഗാനങ്ങള്‍ ഓര്‍ത്തെടുത്ത് പാടുമ്പോള്‍ അത് നമ്മുടേതാണ് എന്ന് തിരിച്ചറിയുമ്പോള്‍ ഉള്ളാലെ ആഹ്ലാദിക്കും. ഒരു പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തുന്നത് ഇത്തരം ഓര്‍മകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്.
പാട്ടെഴുത്തിന്റെ രീതി എന്താണ്?
മാപ്പിളപ്പാട്ടുകളുടെ താളത്തിലും ശൈലിയുമല്ല ഞാന്‍ പാട്ടുകള്‍ എഴുതിയത്. കോവിഡ് അനുഭവങ്ങളെക്കുറിച്ച് ഹാസ്യരൂപേണ എഴുതിയ ഒരു പാട്ടാണ് മാപ്പിള ഗാന ശൈലിയിലുളള ഒരേയൊരു പരീക്ഷണം. മലയാള കാവ്യശൈലിയില്‍ ഇസ്ലാമികമായ ഉളളടക്കങ്ങള്‍ അവതരിപ്പിക്കുന്നതാണ് മറ്റു പല ഇസ്ലാമിക ഗാനരചയിതാക്കളുടേതുമെന്നപോലെ എന്റെ പാട്ടുകളുടെയും രീതി. 'കാരുണ്യവാനേ തമ്പുരാനേ' എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനത്തിലെ ഒരു വരി ഇങ്ങനെയാണ്: ''പൂമധുവെന്ന് നിനച്ചു ഞാന്‍ കോരിക്കഴിച്ചത് പാഷാണമല്ലോ; ജീവിതച്ചുവരില്‍ ഞാന്‍ പണിതീര്‍ത്തതൊക്കെയും പാപത്തിന്‍ ചിത്രങ്ങളല്ലോ'. 'രാജാധിരാജനല്ലാഹ്' എന്ന പാട്ടില്‍ എത്തിയപ്പോള്‍ ഭാഷക്ക് കുറച്ചു കൂടി വൈവിധ്യം കൈവന്നു. 'ഓരോ പ്രഭാതവും പൊട്ടിവിടരുന്നു നിന്റെ തസ്ബീഹുകള്‍ പാടി; ഓരോ പ്രദോഷവും ചെഞ്ചായമണിയുന്നു നിന്‍ ഖുദ്‌റത്തിനെ വാഴ്ത്തി.''
പാട്ടെഴുത്ത് ഒരു കാലഘട്ടത്തില്‍ പരിമിതമായിരുന്നതുകൊണ്ട് അധികം പാട്ടുകള്‍ എഴുതിയിട്ടില്ല. എഴുതിയതില്‍ നല്ലൊരു പങ്ക് ഭക്തിഗാനങ്ങളും പ്രവാചക പ്രകീര്‍ത്തനങ്ങളും വിപ്ലവഗാനങ്ങളുമാണ്. മാര്‍ക്‌സിസ്റ്റ് വിപ്ലവഗാനങ്ങള്‍ക്ക് സമാന്തരമായി മലയാളത്തില്‍ പിറവിയെടുത്ത ഇസ്ലാമിക സമരഗാനങ്ങള്‍ പ്രത്യേക പഠനം അര്‍ഹിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.
സ്ത്രീപക്ഷ ഗാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന് രണ്ട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. മുതലാളിത്ത കമ്പോളത്തില്‍ വില്‍പനച്ചരക്കായി മാറുന്ന സ്ത്രീയെക്കുറിച്ച് ഒരു ഗാനവും സ്ത്രീധനത്തെക്കുറിച്ച കാസറ്റിന് വേണ്ടി എഴുതിയ മറ്റൊരു ഗാനവും ഓര്‍മയിലുണ്ട്.
ഇപ്പോഴും പാട്ടുകള്‍ എഴുതുന്നുണ്ടല്ലോ.
അപൂര്‍വമായി മാത്രം. പ്രവാസം സൃഷ്ടിച്ച ദീര്‍ഘമായ വിടവിന് ശേഷം എഴുതിയതാണ് 'ആശയസംവാദത്തിന്റെ സൗഹൃദ നാളുകള്‍' എന്ന കാമ്പയിന് വേണ്ടി മൂന്ന് വര്‍ഷം മുമ്പ് പുറത്തിറക്കിയ 'വിരിയട്ടെ സൗഹൃദം പൂക്കുന്ന പുലരികള്‍' എന്ന തീം സോംഗ്. ഉബൈദ് കുന്നക്കാവാണ് ആ ഗാനത്തിന് സംഗീതം പകര്‍ന്നത്. ഗസ്സ മനസ്സില്‍ ഒരു നീറ്റലായി മാറിയപ്പോള്‍ ഉറവെടുത്തതാണ് 'നോവാണ് ഗസ്സ, കനലാണ് ഗസ്സ, കണ്ണീര്‍ കടലാണ് ഗസ്സ' എന്ന ഏറ്റവും പുതിയ പാട്ട്. ശരീഫ് നരിപ്പറ്റ ഈണം നല്‍കി, അക്ബര്‍ മലപ്പുറം സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം ആലപിച്ചത് ഇമാം മജ്ബൂറും അക്ബറും ചേര്‍ന്നാണ്.
യു.കെയില്‍നിന്ന് റഹ്‌മാന്‍ മുന്നൂരിലൂടെ കടന്ന് പുതിയ തലമുറ പാട്ടുകളിലേക്കുള്ള ഇസ്ലാമിക ഗാനസഞ്ചാരത്തെക്കുറിച്ച്?
എസ്.ഐ.ഒ മലപ്പുറം ജില്ല ഈയിടെ പുറത്തിറക്കിയ 'ഇസ്ലാം പാടിയ പാട്ടുകള്‍' എന്ന ഡോക്യുമെന്ററി ഇസ്ലാമിക ഗാനശാഖയുടെ സഞ്ചാരവഴികള്‍ ഭംഗിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. യു.കെയുടെ നേര്‍ തുടര്‍ച്ച എന്ന് പറയാന്‍ പറ്റുന്നതാണ് മാപ്പിളപ്പാട്ടു ശൈലിയെയും മലയാള കാവ്യശൈലിയെയും മനോഹരമായി കോര്‍ത്തിണക്കുന്ന റഹ്‌മാന്‍ മുന്നൂരിന്റെ പാട്ടുകള്‍. പി.ടി അബ്ദുറഹ്‌മാന്‍, എം.എ കല്‍പറ്റ, ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ ഇസ്ലാമിക ഗാനശാഖക്ക് നല്‍കിയ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്. ഇസ്ലാമിക കലാ സാഹിത്യ സംരംഭങ്ങളില്‍ ഇപ്പോഴും സജീവമായി ഇടപെടുന്ന ജമീല്‍ അഹ്‌മദ് മലയാളത്തനിമയും കാവ്യഭംഗിയും ഇസ്ലാമിക ദാര്‍ശനിക, വിമോചന ഉള്ളടക്കവും പകര്‍ന്ന് ഇസ്ലാമിക ഗാനങ്ങളെ കൂടുതല്‍ പ്രോജ്വലമാക്കി. പിന്നീട് വന്ന പുതിയ തലമുറയിലെ നിരവധി ഗാനരചയിതാക്കള്‍ ഭാഷയിലും ഉള്ളടക്കത്തിലും പുതുമകള്‍ കൊണ്ടുവന്ന് ഈ ഗാനശാഖയെ പുഷ്‌കലമാക്കിക്കൊണ്ടിരിക്കുന്നു. ഗാനരചയിതാക്കള്‍ക്ക് പുറമെ ഗായകരുടെയും സംഗീതജ്ഞരുടെയും ഒരു നിര കൂടി ഇസ്ലാമിക ഗാനങ്ങളുടെ പരിസരത്ത് വളര്‍ന്നുവന്നിട്ടുണ്ട്. എടുത്തു പറയേണ്ടതാണ് സ്ത്രീ ഗാനരചയിതാക്കളുടെയും ഗായികമാരുടെയും ഈ മേഖലയിലെ രംഗപ്രവേശം. പലരും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ഇസ്ലാമിക ഗാനശാഖ ഒരു വലിയ ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചുകൊണ്ട് അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.