നബി തന്ന പ്രതീക്ഷകള്‍ അക്ഷരങ്ങളാക്കുമ്പോള്‍

ഡോ. ബദീഉസ്സമാന്‍
ഡിസംബർ 2025
ഇസ്ലാമിക് സെമിനാരി ഓഫ് അമേരിക്കയുടെ ഡീനും പണ്ഡിതനുമായ യാസിര്‍ ഖാദിയുടെ 'പ്രവാചക സീറ' അടിസ്ഥാനമാക്കി രചിച്ച 'പ്രതീക്ഷയാണെന്റെ പ്രവാചകന്‍' എന്ന ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്നു

ന്തേ ഇത്ര വൈകി എന്റെ ഈ നഗരത്തിലെത്താന്‍?

കാലം പോയതറിഞ്ഞില്ല; തിരക്കിലായിപ്പോയി.

എന്നെയും എന്റെ നഗരത്തെയും ഓര്‍ക്കാത്തത്രയും തിരക്കോ? ഇത്ര തിരക്കായിട്ടും നിന്റെ കര്‍മ പുസ്തകം ശുഷ്‌ക്കമാണല്ലോ? ഞാനേല്‍പിച്ചതൊന്നും ചെയ്തതായി കാണുന്നില്ലല്ലോ?

അതൊന്ന് മറിച്ചുനോക്കാന്‍ പോലും സമയമില്ലാത്തവനായിരുന്നല്ലോ ഞാന്‍.

തെറ്റ് എന്റേത് തന്നെ.

അതല്ലേ കുറച്ചു വൈകിയെങ്കിലും മഴ നനഞ്ഞിവിടെ അങ്ങയുടെ നഗരത്തില്‍...

@Medina on a rainy day

2023 ഡിസംബര്‍ 28-ന് മദീനയില്‍ ആദ്യമായെത്തിയപ്പോള്‍ മനസ്സിലൂറിയത് അക്ഷരങ്ങളിലേക്ക് പകര്‍ത്തിയതാണ്.

 

അതിനും മാസം മുമ്പ് 2023 മാര്‍ച്ച് രണ്ടാം വാരത്തില്‍, റമദാന്‍ മാസത്തിലാണ് സഹോദരന്‍ ബാസിലുദ്ദീന്‍ ആസാദ് മുമ്പൊരിക്കല്‍ നിര്‍ദേശിച്ച ഡോ. യാസിര്‍ ഖാദിയുടെ പ്രവാചക ജീവചരിത്രപരമ്പര 'Seerah of Prophet Mohammed' കേട്ടു തുടങ്ങിയത്. ഓഫീസിലേക്കെത്താനെടുക്കുന്ന യാത്രാസമയമായിരുന്നു കേള്‍ക്കാനായി ഉപയോഗപ്പെടുത്തിയത്. കേട്ടു തുടങ്ങിയപ്പോള്‍ നിര്‍ത്താനായില്ല. 104 എപ്പിസോഡുകള്‍, ഓരോന്നും ഒരു മണിക്കൂറെങ്കിലും ദൈര്‍ഘ്യമുള്ളത്, നാലു മാസംകൊണ്ട് 2023 ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കാനായി.

ചില വസ്തുതാ വിവരങ്ങള്‍ക്കും സാധാരണയായി കേള്‍ക്കുന്ന ചില ഭാഗങ്ങള്‍ക്കുമപ്പുറം റസൂലുല്ലാഹി (സ)യുടെ ജീവിതത്തിന്റെ വൈപുല്യത്തെ സംബന്ധിച്ച് അറിയാന്‍ ഇത്ര വൈകിയല്ലോ എന്ന വിഷമമാണ് സീറാ പരമ്പര കേട്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്. സോഴ്‌സുകളില്ലാത്തത് കൊണ്ടല്ല, അതിലേക്കെത്താന്‍ വ്യത്യസ്ത കാരണങ്ങളാല്‍ നാം വൈകിപ്പോവുകയായിരുന്നല്ലോ എന്നോര്‍ത്തു. അത്തരമൊരു നഷ്ടം മറ്റുള്ളവര്‍ക്കില്ലാതാക്കാന്‍ കേട്ട സീറാ ഉള്ളടക്കങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ കൂടി അന്നുണ്ടായി.

പ്രവാചക ചരിത്രം ഇക്കാലത്തെ മനുഷ്യരോട് എന്ത് പറയുന്നു എന്നതിലേക്കുള്ള സൂചനകളാണ് യാസിര്‍ ഖാദിയുടെ അവതരണങ്ങളെ വായിച്ചവയില്‍നിന്ന് വ്യത്യസ്തമാക്കുന്നതായി തോന്നിയത്. അതിനാല്‍ പ്രവാചക ജീവിതം കാലഗണനയുടെ ക്രമത്തില്‍ പറയുന്നതിന് പകരം ആ മഹദ് ജീവിതത്തിലെ പാഠങ്ങള്‍ പറയുന്ന രീതിയാവും നല്ലതെന്ന് തോന്നി. ആ പ്രേരണയില്‍ എഴുതി പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ചതാണ് 'ഉത്ബയുടെ മുന്തിരിക്കുലകളും മുത്ഇമിന്റെ ഗോതമ്പു മണികളും' എന്ന പിന്നീട് പുസ്തകത്തില്‍ ചേര്‍ത്ത അധ്യായം.

തിരക്കുകളില്‍ പെട്ട് അത് തുടര്‍ന്ന് കൊണ്ടുപോകാനായില്ല. അതിനിടെ, ഇസ്ലാമിയാ കോളേജ് വിദ്യാര്‍ഥികള്‍ക്ക് റബീഉല്‍ അവ്വല്‍ മാസത്തില്‍ സീറാധിഷ്ഠിതമായ ഒരു പരിപാടി വേണമെന്ന് തീരുമാനിക്കപ്പെട്ടപ്പോള്‍ അത് ഈ പരമ്പരയുടെ ആദ്യ മുപ്പത് എപ്പിസോഡുകളെ ആധാരമാക്കിയാവാം എന്ന് തീരുമാനിക്കുകയും ചോദ്യങ്ങളുണ്ടാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 2023 ഒക്ടോബറില്‍, ആ വര്‍ഷത്തെ റബീഉല്‍ അവ്വലില്‍, ആ മത്സരത്തിന് വേണ്ടി സീറാ പരമ്പര ഒന്നുകൂടി കേട്ടു കഴിഞ്ഞപ്പോള്‍ ആ ചരിത്ര ഭൂമി സന്ദര്‍ശിക്കാനുള്ള ആഗ്രഹം കലശലായി.

അന്ന് തോന്നിയ ചില ആഗ്രഹങ്ങള്‍ കുറിച്ചുവെച്ചത് വിപുലീകരിച്ച് സൗദി യാത്ര കഴിഞ്ഞ ശേഷം പോസ്റ്റായി ഫെയ്‌സ്ബുക്കിലിട്ടിരുന്നു.

'മുഹമ്മദെന്ന നവജാത ശിശുവിനെ മുലയൂട്ടാന്‍ കൊണ്ടുപോയ ബനൂ സഅ്ദില്‍ ചെന്ന് ഹലീമയുടെ പുത്രി ശൈമയോടൊപ്പം നബി പിച്ചവെച്ച താഴ്വാരം കാണണം.

ഹിറാഗുഹയില്‍ കയറണം. മുത്തും പവിഴവും പൊഴിക്കുന്ന അറുനൂറ് ചിറകുകളുമായി ചക്രവാളം നിറഞ്ഞ് നില്‍ക്കുന്ന ജിബ് രീലിനെ കണ്ട നബിയോരുടെ അന്ധാളിപ്പിനെ ഉള്‍ക്കൊള്ളണം.

നബിയുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ അബൂജഹലും അബൂ സുഫ് യാനും മിഖ്‌നസുബ്‌നു ശുറൈഖും ഇറങ്ങിവന്ന ഊടുവഴികളിലൂടെ നടക്കണം.

കഅ്ബയുടെ ചാരെ കണ്ണടച്ചു കിടന്ന്, അബ്ദുല്ലാഹി ബ്‌നു മസ്ഊദ് ആദ്യമായി നടത്തിയ പരസ്യ ഖുര്‍ആന്‍ പാരായണമൊന്ന് കേള്‍ക്കണം.

കുടുംബക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍, താഇഫിലേക്ക് റസൂല്‍ താണ്ടിയ ദൂരമളക്കണം.

ഏറുകൊണ്ട് രക്തമൊലിച്ച് അവിടുന്ന് വിശ്രമിച്ച ഉത്ബയുടെ തോട്ടത്തിലിരുന്ന് ഒരു പാത്രം മുന്തിരി അദ്ദാസിന്റെ കൈയില്‍ നിന്നെന്ന പോലെ വാങ്ങിക്കഴിക്കണം.

റൗദയില്‍ കയറി ഹബീബായ റസൂലിനോട് സലാം പറയണം; അവിടെ രണ്ട് റക്അത്ത് നമസ്‌കരിക്കണം.

റസൂലിന്റെ പള്ളിയുടെ ചാരെ ജന്നത്തുല്‍ ബഖീഇല്‍ ഉറങ്ങിക്കിടക്കുന്നവരോട് സലാം പറയണം.

ഉഹുദില്‍ പോയി പരിക്കു പറ്റിയ റസൂലരെ കയറ്റി നിര്‍ത്തിയ മലയിടുക്കിനെ നോക്കി, അവിടുത്തേയ്ക്ക് പ്രതിരോധം തീര്‍ത്ത തല്‍ഹയെ ഓര്‍ക്കണം.

റസൂലിന് പിന്‍ഗാമിയെത്തേടി സഹാബികളിരുന്ന സഖീഫ ബനീ സാഇദയുടെ മുന്നില്‍നിന്ന് അന്ന് നടന്ന ചര്‍ച്ചകള്‍ മനസ്സില്‍ കാണണം.

വാഗ്ദത്ത പ്രവാചകനെ തേടിയിറങ്ങി, മദീനയിലെ ഈത്തപ്പഴത്തോട്ടത്തില്‍ അടിമയായെത്തിയ സല്‍മാനുല്‍ ഫാരിസിയുടെ മോചനത്തിനായി പ്രവാചകന്‍ തൈ നട്ട തോട്ടം കാണണം.'

അങ്ങനെ 2023 ഡിസംബര്‍ അവസാനം, പ്രിയപ്പെട്ടവളോടും മകനോടുമൊപ്പം ഹറമുകള്‍ക്ക് പുറമെ പുരാതന അറേബ്യയുടെ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളിലൂടെ പോകാനവസരം കിട്ടി. മീഡിയാ വണ്‍ സൗദിയിലെ അഫ്താബു റഹ്‌മാനായിരുന്നു ഏഴ് ദിനം കൊണ്ട് 9000 കി.മീ. താണ്ടിയ യാത്രയിലെ വഴികാട്ടി. പ്രവാചക ചരിത്രമുറങ്ങുന്ന മണ്ണ് വന്ന് നേരില്‍ കാണാതെ പ്രവാചക ജീവിതത്തെ സംബന്ധിച്ച അറിവ് ശരിയാം വിധം നേടാനാവില്ലെന്ന് അപ്പോള്‍ മനസ്സിലായി. സീറാ മത്സരങ്ങള്‍ കനപ്പെട്ട രീതിയില്‍ നടത്തുകയാണെങ്കില്‍ അതിന് സമ്മാനം ഉംറ യാത്രയായിരിക്കണം എന്ന ആശയവും അങ്ങനെയാണുണ്ടാകുന്നത്. പ്രവാചക ജീവിതത്തിന്റെ അടരുകളിലൂടെ ഏറെ അധ്വാനിച്ച് കടന്നു പോയി വിജയിക്കുന്ന കുട്ടികള്‍ക്ക് ആ ചരിത്രത്തിന്റെ മണ്ണിലൂടെ കടന്നു പോകുന്നതു വഴി ലഭിക്കുന്ന exposure ഒന്ന് വേറെ തന്നെയാവും എന്ന് തോന്നി.

ഇതിനിടെയാണ് 2024 ജൂലൈ 22 മുതല്‍ 26 വരെ ഇസ്തംബൂളില്‍ നടന്ന The Prophetic Strategy Summit ല്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നത്. ഡോ. യാസിര്‍ ഖാദി, ഉമര്‍ സുലൈമാന്‍, ഡോ. താരിഖ് സുവൈദാന്‍, വദ്ദാഹ് ഖന്‍ഫര്‍ എന്നിവരായിരുന്നു മുഖ്യ പരിശീലകര്‍. അവിടെ വെച്ച് യാസിര്‍ ഖാദിയുമായി നേരില്‍ കാണാനിടയായപ്പോഴാണ് സീറാ പ്രഭാഷണങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചതിന്റെ പ്രാദേശിക ഭാഷാ പരിഭാഷ ചെയ്തു കൂടേ എന്നദ്ദേഹം ചോദിച്ചത്. അപ്പോഴാണ് തിരക്കിനിടയില്‍ മാറ്റിവെച്ചിരുന്ന പഴയ ആഗ്രഹം പൊടിതട്ടി പുറത്തെടുക്കുന്നത്. ഡോ. നഹാസ് മാള നയിച്ച 2024-ലെ 'ഇല്ലുമൈന്‍' പ്രവാചക ക്വിസിന് ചോദ്യങ്ങളുണ്ടാക്കാനായി സീറാ പരമ്പര വീണ്ടും കേട്ട് നോട്ടുകള്‍ കുറിച്ചുവെച്ചത് രചനയ്ക്ക് സഹായകമാവുകയും ചെയ്തു.

മൊത്തം പ്രഭാഷണങ്ങളുടെ വൈപുല്യവും സാന്ദര്‍ഭിക പ്രസക്തിയും പരിഗണിച്ച് ആലോചിച്ചപ്പോള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രഭാഷണങ്ങള്‍ അപ്പടിപരിഭാഷപ്പെടുത്തുന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പ്രവാചക ജീവിതത്തില്‍നിന്ന് തെരഞ്ഞെടുത്ത ചില എപ്പിസോഡുകള്‍മലയാളി വായനക്കാര്‍ക്കായി നല്‍കുന്നതാവും നന്നാവുക എന്ന് തോന്നി.പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ മാതൃകകളുടെ ആ അക്ഷയഖനിയില്‍നിന്ന് ഏതൊക്കെ തെരഞ്ഞെടുക്കും എന്നത് പ്രയാസകരമാണ് താനും. അവസാനം, ആവര്‍ത്തിച്ചു കേട്ട സീറാ പരമ്പരയില്‍നിന്ന് നമ്മുടെ കാലത്ത് കൂടുതല്‍ പ്രസക്തമെന്ന് തോന്നിയ പശ്ചാത്തലങ്ങളും സംഭവങ്ങളും തെരഞ്ഞെടുക്കുന്നതാവും നല്ലത് എന്ന് തീരുമാനിക്കുകയായിരുന്നു.  

 

സീറയില്‍ താല്‍പര്യം വരുന്ന വഴി

അലീഗഢില്‍ പി.എച്ച്.ഡി ചെയ്യുന്ന കാലത്ത് കാമ്പസില്‍ നടക്കുന്ന ജമാഅത്തിന്റെ മാഹാന ഇജ്തിമാഇല്‍ ഒരു സെഷന്‍ മിക്കവാറും സീറയെ കുറിച്ചോ സഹാബികളുടെ ജീവിതത്തെ കുറിച്ചോ ഉള്ള ഹൃദയസ്പൃക്കായ അവതരണങ്ങളായിരുന്നു. അവ നല്‍കിയ പ്രചോദനങ്ങളാണ് സീറയിലേക്കും അതുവഴി സുബ്ഹാനി ഉസ്താദിന്റെ മുഹമ്മദേ അറബി, ഖുറം മുറാദിന്റെ ഇസ്ലാമീ ഖിയാദത്ത്: സീറത്തെ റസൂലുല്ലാഹ് കേ ആഈന മേം എന്നീ കൃതികളിലേക്കുമെത്തിച്ചത്. നബി ജീവിതത്തിന്റെ മനോഹാരിത അറിയിച്ചു തന്ന പുസ്തകമായിരുന്നു ആദ്യത്തേതെങ്കില്‍, അദ്ദേഹം അനുയായികളെ വാര്‍ത്തെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്നതാണ് രണ്ടാമത്തേത്. ആ തിരു ജീവിതത്തെ അറിയാന്‍ പറച്ചിലിനോടൊപ്പം പാട്ടും വളരെ പ്രധാനമാണെന്നറിയുന്നത് അലീഗഢ് കാലത്തെ റബീഉല്‍ അവ്വലുകളില്‍ കേട്ട നാതുകളില്‍ നിന്നാണ്. പഠനം കഴിഞ്ഞ് നാട്ടിലെത്തിയ സമയത്താണ് ഡോ. ജമീല്‍  അഹ്‌മദ് രചിച്ച റസൂലുല്ലാഹ് എന്ന ആല്‍ബമിറങ്ങുന്നത്. അന്ന് അതിനെ കുറിച്ച് 'വിണ്ണ് കവിഞ്ഞ് പരക്കുന്ന ഇശ്ഖിന്റെ വരികള്‍' എന്ന പേരില്‍ ഒരു ആസ്വാദനം പ്രബോധനം വാരികയില്‍ എഴുതിയിരുന്നു. അക്കാലത്ത് യാത്രകളില്‍ കേള്‍ക്കാറുള്ള പാട്ടുകളില്‍ മുഖ്യമായവയായിരുന്നു ജമീലിന്റെ അല്ലാഹു, മുഹമ്മദു റസൂലുല്ലാഹ് ആല്‍ബങ്ങള്‍.

ഇതിനിടെയിലെപ്പോഴോ നബിചരിത്ര വായനയോട് താല്‍പര്യം കൂടുന്നുണ്ട്. വദ്ദ മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ വായനക്കായി വാങ്ങിയവയാണ് താരിഖ് റമദാന്റെ In the Footsteps of the Prophet: Lessons from the Life of Muhammad, മാര്‍ട്ടിന്‍ ലിംഗ്‌സിന്റെMuhammad: His Life Based On The Earliest Sources, സഫീഉറഹ്‌മാന്‍ മുബാറക്പുരിയുടെ അല്‍ റഹീഖുല്‍ മഖ്തൂം, വദ്ദാഹ് ഖന്‍ഫറിന്റെ റബീഉല്‍ അവ്വല്‍, നഈം സിദ്ദീഖിയുടെ മുഹമ്മദ് മനുഷ്യ സ്‌നേഹത്തിന്റെ പ്രവാചകന്‍, Minou Reeves ന്റെ Muhammad in Europe: A Thousand Years of Western Myth-Making എന്നിവയൊക്കെ.

ഇവയുടെയൊക്കെ പശ്ചാത്തലത്തില്‍ യാസിര്‍ ഖാദിയുടെ സീറാ പരമ്പര കേള്‍ക്കുമ്പോള്‍ റസൂല്‍ എങ്ങനെ ലോകാനുഗ്രഹിയാകുന്നു എന്നു കുറെക്കൂടി മനസ്സിലാക്കാനായി. മനുഷ്യനായ പ്രവാചകന്‍, പ്രവാചകനായ മനുഷ്യന്‍ എന്നീ രണ്ടു ഭാവങ്ങളെ ഒരേ സമയം മനസ്സിലാക്കാതെ റസൂല്‍ എന്ന ഉസ്‌വത്തുന്‍ ഹസനയെ മനസ്സിലാക്കാനാവില്ല. അതിനാല്‍ അത് മനസ്സില്‍ വെച്ച് വേണം എന്തെങ്കിലും എഴുതുകയാണെങ്കില്‍ എഴുതാന്‍ എന്ന് തോന്നിയിരുന്നു.

പ്രവാചക ചരിത്രത്തിന്റെ ഓരോ അടരുകളെയും ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ത്തുവെച്ച് അവതരിപ്പിക്കുന്നു എന്നതാണ് യാസിര്‍ ഖാദിയുടെ പ്രത്യേകത. ഇങ്ങനെ പ്രവാചക ജീവിതത്തിന്റെ വിമോചക മുഖം അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും പ്രവാചകജീവിതത്തിന്റെ ആത്മീയാംശങ്ങള്‍ ചോര്‍ന്നുപോകുന്നു എന്നപരാതിയുണ്ടാവാറുണ്ട്. അത്തരമൊരു ചോര്‍ച്ച സംഭവിക്കാതെ നബിജീവിതത്തെ ആവിഷ്‌ക്കരിക്കാന്‍ കഴിയുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ അവതരണത്തിന്റെ മനോഹാരിത. ശത്രുക്കള്‍ വിവാദ വിധേയമാക്കിയ പ്രവാചക ചരിത്രത്തിലെ എല്ലാ ഘട്ടങ്ങളെയും ധൈര്യപൂര്‍വം അഭിമുഖീകരിക്കുന്നുമുണ്ട് അദ്ദേഹം.

യാസിര്‍ ഖാദിയുടെ സീറാ പരമ്പരക്ക് പുറമെ സഹാബികളെ കുറിച്ചുള്ള Lives of Sahaba, പ്രവാചക ഭാര്യമാരെ കുറിച്ചുള്ള Mothers of Believers എന്നീ പരമ്പരകള്‍ കേള്‍ക്കുകയുണ്ടായി. ഇവയേയും ഉമര്‍ സുലൈമാന്റെ The Firsts പരമ്പരയെയും റഫര്‍ ചെയ്ത് 2024, 25 വര്‍ഷങ്ങളിലെ റമദാന്‍ രാത്രികളില്‍ കൊളപ്പുറം മസ്ജിദുല്‍ ഫലാഹില്‍ തറാവീഹിനിടയില്‍ ലഘു സെഷനുകള്‍ക്ക് അവസരം കിട്ടുകയുണ്ടായി. ഈ വര്‍ഷത്തെ അവതരണത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെയാണ് ഒരു ദിവസം ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍ സാഹിബ് യാസിര്‍ ഖാദിയുടെ സീറ ആധാരമാക്കി ഒരു വര്‍ക്ക് ചെയ്തുകൂടേ എന്ന് ചോദിക്കുന്നത്. ഉടനെ സമ്മതിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ അദ്ദേഹം പിന്തുടര്‍ന്നതിന്റെ കൂടി ഫലമാണ് പുസ്തകം.

പള്ളിയിലെ അവതരണങ്ങള്‍ക്ക് കിട്ടിയ പ്രതികരണം, ഡൈനിങ്ങ് ടേബിളില്‍ മക്കള്‍ക്കായി നടത്തിയ കഥാകഥനങ്ങള്‍ക്ക് ലഭിച്ച ഫീഡ്ബാക്കുകള്‍, സഹോദരര്‍ വി.എം ഇബ്രാഹീം, ഡോ. അനീസുദ്ദീന്‍ അഹ്‌മദ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ എന്നിവയിലൂടെയൊക്കെയാണ് പുസ്തകം ഉരുത്തിരിയുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നു. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ദിവസവും രണ്ട് മണിക്കൂര്‍ കണ്ടെത്തുമെന്ന് തന്നെ തീരുമാനിച്ച്, റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് സമയങ്ങളും യാത്രകളുമൊക്കെ ഉപയോഗപ്പെടുത്തി, സോഷ്യല്‍ മീഡിയാ ടൈം അരമണിക്കൂര്‍ ആയി നിജപ്പെടുത്തിയൊക്കെയാണ് സമയമൊപ്പിച്ചത്. ഏത് വിഭവങ്ങളുമെന്ന പോലെ സമയത്തിലും ബര്‍ക്കത്തുണ്ടായാല്‍ അത് മതി ആവശ്യത്തിന് എന്ന തിരിച്ചറിവാണ് പുസ്തക രചന നല്‍കിയ വലിയ പാഠം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media