മൂസാ നബി (അ) ദൗത്യം ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ തന്റെ സഹോദരന്‍ ഹാറൂന്‍ (അ)യെ സഹായിയായി നിശ്ചയിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ആകര്‍ഷകമായ വാക്‌വൈഭവമുള്ള വ്യക്തിയാണദ്ദേഹം എന്നതായിരുന്നു അതിന് കാരണം. 'എന്റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ ആശയ വ്യക്തതയോടെ സംസാരിക്കുന്നവനാണ്. അതിനാല്‍ അവനെ എന്നോടൊപ്പം എനിക്ക് തുണയായി അയക്കേണമേ' (അല്‍ ഖസ്വസ്: 34). തന്റെ സംസാരം ഫലപ്രദമാക്കിത്തീര്‍ക്കണമെന്ന (Effective Communication) അപേക്ഷയും ദൈവസമക്ഷം സമര്‍പ്പിക്കുന്നുണ്ട് അദ്ദേഹം. 'എന്റെ ദൗത്യം എളുപ്പമാക്കേണമേ, എന്റെ വാക്ക് ജനങ്ങള്‍ക്ക് മനസ്സിലാകും വിധം നാവിന്റെ കുരുക്ക് അഴിച്ചുതരേണമേ' (ത്വാഹ:26-28).
വാക്ചാതുരി ഗുണമേന്മയാണ്. മനുഷ്യന് ലഭിച്ച അമൂല്യമായ അനുഗ്രഹം. സര്‍വശക്തനായ നാഥന്റെ കലാമാണ് ഖുര്‍ആന്‍. അടിയാറുകളോടുള്ള അവന്റെ അതിരുകളില്ലാത്ത കാരുണ്യം. സംസാരശേഷിയെ ഈ ഖുര്‍ആനിനോട് ചേര്‍ത്താണ് പറഞ്ഞിട്ടുള്ളത്. 'പരമകാരുണ്യവാന്‍. അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു. മനുഷ്യനെ സൃഷ്ടിക്കുകയും സംസാരം പഠിപ്പിക്കുകയും ചെയ്തു' (അര്‍റഹ്‌മാന്‍ 1-4). ഖുര്‍ആന്റെ തൊട്ടുടനെ ഭാഷയും പരാമര്‍ശിക്കപ്പെടാന്‍ എന്തായിരിക്കും കാരണം? ആ അനുഗ്രഹത്തിന്റെ വ്യാപ്തി സൂചിപ്പിക്കാനായിരിക്കുമോ? ഖുര്‍ആനിന്റെ വഴിയില്‍ മനുഷ്യ ജീവിതത്തില്‍ രചനാത്മകമായ വല്ല സ്വാധീനവും ചെലുത്താന്‍ അതിന് സാധിക്കുമെന്നതാവുമോ? മറിച്ച്, ആ വെളിച്ചത്തിന് അത് മങ്ങലേല്‍പ്പിക്കുമെന്ന ഓര്‍മപ്പെടുത്തലോ? നാവും രണ്ട് ചുണ്ടുകളും നല്‍കിയത് വീണ്ടും ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട് (അല്‍ബലദ് :9). അതിനു പുറമെ നാവ്, സംസാരം, വാക്ക്, വിവരണം, വചനം തുടങ്ങി ആശയങ്ങളുള്ള ലിസാന്‍, ഖൗല്, കലാം, ഹദീസ്, നുത്വ്ഖ്, ബയാന്‍, ലഫ്‌ള് ...... തുടങ്ങി നിരവധി പ്രയോഗങ്ങളും അവയുടെ വകഭേദങ്ങളും ഖുര്‍ആനില്‍ ധാരാളമായി കാണാം.
വാക്കുകള്‍ മനുഷ്യഹൃദയത്തെ ആഴത്തില്‍ സ്വാധീനിക്കും. 'നിശ്ചയമായും, ചില വാഗ്വൈഭവങ്ങളില്‍ മാന്ത്രിക സ്വാധീനമുണ്ട്' എന്ന് പ്രവാചക വചനമുണ്ടല്ലോ. ഫലസ്തീന്‍ 'ചെറുത്തുനില്‍പ്പിന്റെ ശബ്ദമായി' (Voice of the Resistance) മാറിയ അബൂ ഉബൈദയുടെ വാക്കുകളില്‍ ഈ മാസ്മരികതയുണ്ടായിരുന്നു. കേവലം മീഡിയ വക്താവ് എന്നതിലുപരി ഹമാസിന്റെ Information Warfare-ന്റെ മുഖ്യ പ്രതീകമായി മാറി അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം അണികള്‍ക്കും ഫലസ്തീന്‍ ജനതക്കും ആത്മവിശ്വാസവും പോരാട്ടവീര്യവും പകര്‍ന്നു. ഇസ്രായേലി സമൂഹത്തില്‍ ഭയവും അനിശ്ചിതത്വവും സൃഷ്ടിച്ചു. ലോകം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന വാക്കുകളായി മാറി അബൂഉബൈദയുടേത്. ലോകരാഷ്ട്രീയത്തിന്റെ ടേണിംഗ് പോയിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന തൂഫാനുല്‍ അഖ്‌സ്വയുടെയും ഫലസ്തീന്‍ പോരാട്ടത്തിന്റെയും ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെടേണ്ട ആഴമുള്ള അധ്യായമായിത്തീര്‍ന്നു ആ വാക്കുകള്‍. ഇങ്ങനെ ചരിത്രത്തില്‍ ഇടം പിടിച്ച ധാരാളം പ്രഭാഷണങ്ങളും വാക്കുകളും ഉണ്ട്.
സൃഷ്ടിപരമായ രീതിയില്‍ വാക്കുകളെ പ്രയോജനപ്പെടുത്തണമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. അകം നിറഞ്ഞുനില്‍ക്കുന്ന നന്മകളെ പ്രതിനിധീകരിക്കുകയും സദ്‌വികാരങ്ങളെ സജീവമാക്കുകയും ചെയ്യുന്ന സംസാരമായിരിക്കണം വിശ്വാസിയുടേത്. ജനങ്ങളോട് നല്ല വാക്ക് പറയുക (അല്‍ബഖറ: 83), അവരോട് (മാതാപിതാക്കളോട്) ആദരവോടെ സംസാരിക്കുക (അല്‍ഇസ്‌റാഅ്: 23), നിങ്ങള്‍ അവനോട് (ഫറോവയോട്) സൗമ്യമായി സംവദിക്കുക (ത്വാഹാ: 44), നല്ല/ന്യായമായ വാക്ക് പറയുക (അന്നിസാഅ്: 5), ഹൃദയത്തെ സ്വാധീനിക്കുന്ന രീതിയില്‍ സംസാരിക്കുക (അന്നിസാഅ്: 63), വക്രതയില്ലാതെ ചൊവ്വായ വാക്ക് പറയുക (അല്‍അഹ്‌സാബ്: 70). ഇങ്ങനെ ആശയ വിനിമയത്തിന്റെ രചനാത്മക ശൈലിയെ പ്രതിനിധീകരിക്കുന്ന പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. 'ഉത്തമ സംസാരം സ്വദഖയാണെന്ന' റസൂലിന്റെ അധ്യാപനവുമുണ്ട്. 'അക്രമിയായ ഭരണാധികാരിയുടെ സന്നിധിയില്‍ നീതിക്കു വേണ്ടി ശബ്ദിക്കുന്നതിനെ ശ്രേഷ്ഠമായ ജിഹാദാണെന്ന' വിശേഷണം നല്‍കുകയും ചെയ്തിട്ടുണ്ട് പ്രവാചകന്‍.
എന്നാല്‍, വാക്കുകള്‍ അല്ലാഹുവിന്റെ ഇഷ്ടത്തിനെന്നപോലെ കോപത്തിനും കാരണമാകും. ഭൗതിക ജീവിതത്തിന്റെയും പാരത്രിക ജീവിതത്തിന്റെയും ഭാഗധേയം നിര്‍ണയിക്കാനതിന് സാധിക്കും. പ്രവാചകന്‍ (സ) അരുളിയതിങ്ങനെ: 'ഒരു അടിമ ഒട്ടും ഗൗനിക്കാതെ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു വാക്ക് ഉച്ചരിക്കും, അല്ലാഹുവാകട്ടെ, അത് മൂലം അവന്റെ പദവി ഉയര്‍ത്തും. അതുപോലെ ഒട്ടും ഗൗനിക്കാതെ മറ്റൊരു ദാസന്‍, ദൈവ കോപത്തിന് കാരണമായിത്തീരുന്ന വാക്കുച്ചരിക്കുകയും അത് മൂലം അവന്‍ നരകത്തിലെറിയപ്പെടുകയും ചെയ്യും' (ബുഖാരി).
ഇരുതല മൂര്‍ച്ചയുള്ള ഈ അനുഗ്രഹം ദൈവിക സന്നിധിയില്‍ വിലയിരുത്തപ്പെടാതിരിക്കാന്‍ എന്ത് ന്യായം? 'പിന്നെ നല്‍കപ്പെട്ട അനുഗ്രഹങ്ങളെ കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും' (അത്തകാസുര്‍: 6). തിരിച്ചെടുക്കുക വളരെ പ്രയാസകരമായ ഒന്നാണ് വാക്കുകള്‍. കൂടാതെ, മനുഷ്യന്റെ ഒരു വാക്കും അല്ലാഹുവിന്റെ നിരീക്ഷണത്തില്‍ നിന്ന് മുക്തവുമല്ല. 'തിട്ടപ്പെടുത്താന്‍ നിയുക്തനായ ഒരു നിരീക്ഷകന്റെ സാന്നിധ്യത്തിലല്ലാതെ അവന്‍ ഒരു വാക്കും ഉച്ചരിക്കുന്നില്ല' (ഖാഫ്: 18). ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കസീര്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഇമം അഹ്‌മദ് മരണവേദനയാല്‍ ഞെരങ്ങുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഒരു ശിഷ്യന്‍, മരണാസന്ന സമയത്തെ ഞരക്കം പോലും മലക്കുകള്‍ രേഖപ്പെടുത്തുമെന്ന് ത്വാവൂസ് (റ) പറഞ്ഞതായി ഓര്‍മപ്പെടുത്തി. അതോടെ അദ്ദേഹം വേദന കടിച്ചമര്‍ത്തി, ഞരക്കം നിര്‍ത്തി.
അശ്രദ്ധമായി വിനിയോഗിക്കപ്പെടേണ്ടതല്ല സംസാരശേഷി. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി മുഴുവന്‍ മേഖലയിലും വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് അതിനുണ്ട്. അധര്‍മകാരിയുടെ ജീവിതത്തില്‍ എന്തെങ്കിലും നന്മയുടെ വികാരം ഒളിഞ്ഞു കിടപ്പുണ്ടെങ്കില്‍ അതിനെ ഉത്തേജിപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ വാക്കുകള്‍ക്ക് സാധിച്ചേക്കാം. ഉപബോധത്തില്‍ മറഞ്ഞു കിടക്കുന്ന അധമവികാരത്തിന് ശക്തിപകരാനും വാക്കുകള്‍ കാരണമായിത്തീരാറുണ്ട്. സമൂഹത്തില്‍ രചനാത്മകവും നിഷേധാത്മകവുമായ സ്വാധീനം സൃഷ്ടിക്കാന്‍ അതിനു സാധിക്കുമെന്നര്‍ഥം. ഫലം ഗുണപരമല്ലെങ്കില്‍ മൗനമാണ് ഭൂഷണം. 'ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടോ അവന്‍ നല്ലത് സംസാരിക്കട്ടെ. അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ.'
പ്രമുഖ സ്വഹാബി മുആദ് ബ്‌നു ജബല്‍ (റ)പ്രവാചകന്‍(സ)യോടൊപ്പം ഒരു യാത്രയിലായിരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വര്‍ഗസ്ഥനാക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്ന കര്‍മത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരൂ. പ്രവാചകന്‍ (സ) മറുപടി പറഞ്ഞു: അല്‍പം പ്രയാസകരമായ കാര്യമാണ് താങ്കള്‍ ചോദിക്കുന്നത്. എന്നാല്‍ അല്ലാഹു എളുപ്പമാക്കിയവര്‍ക്ക് അതെളുപ്പവുമാണ്. 'തുടര്‍ന്ന്, ആകാംക്ഷ വര്‍ധിപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമായി നബി നല്‍കിയ അല്‍പം ദീര്‍ഘമായ മറുപടിയില്‍ ശിര്‍ക്ക് ചെയ്യാതിരിക്കല്‍, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍, രാത്രിനമസ്‌കാരം തുടങ്ങി പലതും കടന്നുവരുന്നുണ്ട്. ഒടുവില്‍ അദ്ദേഹം പറഞ്ഞു: ''ഇനി ഇവയുടെയെല്ലാം നിയന്ത്രണമുള്ള ഒന്നിനെ കുറിച്ച് പറയട്ടെ. മുആദ് (റ) പറഞ്ഞു: അതെ. സ്വന്തം നാവ് പിടിച്ചുകൊണ്ട് ദൈവദുതന്‍ പറഞ്ഞു: നീ ഇതിനെ നിയന്ത്രിക്കൂ. മുആദ് ചോദിച്ചു: പ്രവാചകരേ, ഞങ്ങളുടെ വാക്കുകള്‍ ശിക്ഷാകാരണമാകുമോ? അദ്ദേഹം പറഞ്ഞു: 'മുആദ്, നിങ്ങളുടെ ഉമ്മക്ക് നിങ്ങളെ നഷ്ടമാകട്ടെ! നാവിന്റെ സമ്പാദ്യമല്ലാതെ മറ്റെന്താണ് ആളുകള്‍ അവരുടെ മുഖംകുത്തി നരകത്തിലേക്ക് എറിയപ്പെടുന്നതിന് കാരണമായിത്തീരുക?' ഒരിക്കല്‍ പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ധാരാളമായി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന, എന്നാല്‍ നാവ് കൊണ്ട് അയല്‍ക്കാര്‍ക്ക് ശല്യമായി മാറിയ ഒരു സ്ത്രീയെ കുറിച്ച് പ്രവാചക സന്നിധിയില്‍ പരാമര്‍ശിക്കപ്പെട്ടു. നബി (സ) പറഞ്ഞു: 'അവളില്‍ ഒരു നന്മയുമില്ല, അവള്‍ നരകത്തിലാണ്.' വീണ്ടും പറയപ്പെട്ടു: 'എന്നാല്‍ മറ്റൊരു സ്ത്രീ, അവള്‍ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ മാത്രം നമസ്‌കരിക്കുകയും, റമദാനില്‍ മാത്രം നോമ്പെടുക്കുകയും, പാല്‍ക്കട്ടിയുടെ ഏതാനും കഷണങ്ങള്‍ (ചെറിയ അളവില്‍) ദാനമായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അവള്‍ തന്റെ നാവ് കൊണ്ട് ആരെയും ഉപദ്രവിക്കുന്നില്ല. 'നബി (സ) പറഞ്ഞു: 'അവള്‍ സ്വര്‍ഗത്തിലാണ്.'
സമൂഹത്തിന് സുപരിചിതമായ, നിസ്സാരമായി ഗണിക്കപ്പെടുന്ന കുറ്റങ്ങളില്‍ ഭൂരിഭാഗവും നാവിന്റേതാണ്. കളവ്, പരദൂഷണം, ഏഷണി, കള്ളസാക്ഷ്യം, ശാപം, പരിഹാസം, കുത്തിപ്പറയല്‍, ദുരാരോപണം തുടങ്ങി ധാരാളം കുറ്റകൃത്യങ്ങളുടെ ഉറവിടമാണ് നാവ്. നാം നിസ്സാരമായി കാണുന്ന ഇവ അല്ലാഹുവിന്റെ മുമ്പില്‍ ഗുരുതരമാണ്.
ആയിശ (റ) വിനെ കുറിച്ചുള്ള അപവാദ പ്രചരണ സന്ദര്‍ഭത്തിലെ അല്ലാഹുവിന്റെ താക്കീത് ശ്രദ്ധിക്കുക: 'ഈ അപവാദം നാക്കില്‍നിന്ന് നാക്കിലേക്ക് പകര്‍ന്നുകൊണ്ടും, ഒരറിവുമില്ലാത്ത കാര്യം സ്വന്തം വായകളാല്‍ പറഞ്ഞുകൊണ്ടുമിരുന്നപ്പോള്‍, നിങ്ങള്‍ അത് നിസ്സാരമായിക്കരുതി. അല്ലാഹുവിങ്കലോ, അത് ഗുരുതരമായ കാര്യമായിരുന്നു' (അന്നൂര്‍: 15).
ഇത്തരം ദൂഷ്യങ്ങളുടെ ആഴം വ്യക്തമാകുന്ന വാക്യങ്ങള്‍ ഖുര്‍ആനില്‍ ഇനിയും കാണാം. 'അല്ലയോ വിശ്വാസികളേ, പുരുഷന്മാര്‍ മറ്റ് പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്ന് വരാം. സ്ത്രീകള്‍ മറ്റ് സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്ന് വരാം. നിങ്ങള്‍ നിങ്ങളെ തന്നെ കുത്തിപ്പറയരുത്. ദുഷ്പേരുകള്‍ വിളിക്കുകയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്ന് പശ്ചാത്തപിക്കാത്തവര്‍ ആരോ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നത് വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ പാപമാകുന്നു. അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്. അന്യോന്യം പരദൂഷണം പറയരുത്. നിങ്ങളിലാരെങ്കിലും തന്റെ മരിച്ച സഹോദരന്റെ മാംസം ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. അല്ലാഹു വളരെയധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനുമാകുന്നു '(അല്‍ ഹുജുറാത്ത്: 11-12). പശ്ചാത്താപത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് അവസാനിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം.
വാക്കുകള്‍ വ്യക്തികളുടെ ഹൃദയത്തിലും സമൂഹത്തിലും ആഴമുള്ള മുറിവുകളുണ്ടാക്കും. വ്യക്തി ബന്ധങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുകയും സാമുദായിക സൗഹാര്‍ദത്തിന് അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. വാക്കിന്റെ ഇടങ്ങള്‍ വിശാലമായ ഡിജിറ്റല്‍ യുഗത്തില്‍ വിശേഷിച്ചും. ആഴ്ചകളും മാസങ്ങളും മീഡിയകളിലും സമൂഹത്തിലും ഇടം പിടിച്ച പലരുടെയും വാക്കുകള്‍ നമ്മുടെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പല വാക്കുകളും സാമുദായിക സ്പര്‍ധക്കും അകല്‍ച്ചക്കും കാരണമായിട്ടുണ്ട്. മറ്റു ചിലത് പല വിഭാഗങ്ങളെയും ആന്തരിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. വ്യക്തികളുടെയും കുടുംബങ്ങളുടെയും ദീര്‍ഘകാല സൗഹൃദങ്ങളെ തകര്‍ത്തവയും ധാരാളമുണ്ട്.
'ജനങ്ങളുടെ രഹസ്യവര്‍ത്തമാനങ്ങളില്‍ ഏറിയകൂറും നന്മയേതുമില്ലാത്തതാകുന്നു. ഒരുവന്‍ ദാനധര്‍മങ്ങള്‍ക്കും സല്‍ക്കര്‍മങ്ങള്‍ക്കും സ്വകാര്യമായി പ്രേരിപ്പിക്കുകയോ ജനങ്ങളുടെ നടപടികള്‍ സംസ്‌കരിക്കുന്നതിനായി വല്ലതും സംസാരിക്കുകയോ ചെയ്തുവെങ്കില്‍ അതു നല്ലതുതന്നെ. അല്ലാഹുവിന്റെ പ്രീതി കൊതിച്ച് അവ്വിധം ചെയ്യുന്നവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നുണ്ട്' (അന്നിസാഅ്: 114).
ഗുണമേന്മയേറിയ സംസാരം ഈമാനിന്റെയും ഇസ്‌ലാമിന്റെയും പ്രതിനിധാനമാണ്. ആരുടെ നാവില്‍ നിന്നും കൈയില്‍ നിന്നും ജനങ്ങള്‍ സുരക്ഷിതരാണോ അവനാണ് മുസ്‌ലിം. 'ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടോ അവന്‍ നല്ലത് സംസാരിക്കട്ടെ. അല്ലെങ്കില്‍ മൗനം പാലിക്കട്ടെ' എന്നീ നബിവചനങ്ങള്‍ ഈ ആശയമാണ് പകര്‍ന്നു നല്‍കുന്നത്. സംസാരത്തിലെ വൈകൃതം വിശ്വാസത്തിലെ പുഴുക്കുത്തുകളുടെ പ്രതീകമാണ്. അതിനാലാണ് കളവ്, അധിക്ഷേപം എന്നിവ കാപട്യത്തിന്റെ അടയാളമായി റസൂല്‍ പഠിപ്പിക്കുന്നത്.