ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച് ക്രിസ്തീയ ചട്ടക്കൂടുകളില്‍ ജീവിച്ചു വളര്‍ന്ന ഞാന്‍
കഴിഞ്ഞ 30 വര്‍ഷമായി ഹിജാബ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ വ്യക്തി
ജീവിതത്തില്‍ ഹിജാബ് നല്‍കുന്ന ആത്മവിശ്വാസവും സുരക്ഷയും മികച്ചതാണ്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നടന്ന പ്രശ്നങ്ങള്‍ കോടതി തീര്‍പ്പാക്കി. കേരളത്തിന്റെ പാരമ്പര്യത്തിലും അന്തസ്സിനും കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നത്. ഹിജാബ് ധരിച്ചവരെ കണ്ടാല്‍ മറ്റ് കുട്ടികള്‍ക്ക് ഭയമാണെന്ന് വെളിപ്പെടുത്തുന്ന വിദ്യാലയത്തില്‍ നിന്ന് ടി.സി വാങ്ങിപ്പോകാന്‍ കുട്ടി സ്വമേധയാ തീരുമാനമെടുത്തതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. 'സാഹോദര്യം പുലരട്ടെ' എന്ന കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണ്.
ഈ വിവാദത്തിന് പിന്നില്‍ അടിസ്ഥാനപരമായ ഒരു കാരണമേയുള്ളൂ. അത് ഇസ്‌ലാമോഫോബിയ ആണ്. യൂണിഫോം വിഷയത്തില്‍ കുറച്ചുകൂടി വിശാലത കാണിക്കേണ്ടിയിരുന്ന സ്‌കൂള്‍ അധികൃതരുടെ പിടിവാശികള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വന്ന ആ കുട്ടിക്ക് തലമുടി മൂടുന്ന തട്ടമിടാന്‍ മറ്റൊരു സ്‌കൂളിനെ ആശ്രയിക്കേണ്ടി വന്നു. തിരുവസ്ത്രം ഉപയോഗിക്കുന്ന കന്യാസ്ത്രീ, മതവിശ്വാസത്തിന്റെ ഭാഗമായി ഒരു കഷണം തുണി തലയിലിട്ട് ഒരു കുട്ടി വിദ്യാലയത്തിലേക്ക് വരുമ്പോള്‍ സഹിഷ്ണുതയോടെ കാണാന്‍ സന്നദ്ധരായില്ല. മറിച്ച്, ഗേറ്റിലെത്തുമ്പോള്‍ ആ തട്ടം അഴിച്ചുവെക്കണമെന്ന തിട്ടൂരമാണവിടെ തുടര്‍ന്നത്. രക്ഷിതാക്കള്‍ സ്‌കൂളില്‍ ചെന്ന് നിര്‍ബന്ധിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. യൂണിഫോം നിര്‍ബന്ധമല്ലാത്ത കലാപരിപാടികള്‍ സംഘടിപ്പിച്ച ദിനത്തില്‍ അവള്‍ തട്ടമിട്ട് ഉള്ളില്‍ കടന്നപ്പോള്‍ അധികൃതര്‍ തട്ടം അഴിപ്പിക്കുകയും ശാസിക്കുകയും ചെയ്തു. അപമാനം സഹിച്ചുകൊണ്ടാണ് കുട്ടി ആ വിവരം വീട്ടില്‍ പങ്കുവെച്ചത്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശത്തെപ്പറ്റി സംസാരിക്കുന്ന സ്‌കൂള്‍ അധികൃതര്‍ മറ്റൊരു ന്യൂനപക്ഷത്തിന്റെ അവകാശ ധ്വംസനത്തെപ്പറ്റിയാണ് സംസാരിച്ചത്. ലോകസാഹോദര്യവും വിശ്വമാനവികതയുമൊക്കെ പ്രകീര്‍ത്തിക്കുന്ന തിരുവസ്ത്രധാരികള്‍ തങ്ങളുടെ കോമ്പൗണ്ടിലേക്ക് പഠനത്തിനെത്തിയ വിദ്യാര്‍ഥിയോട് നീതി കാണിച്ചില്ല. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടു പോലും സ്‌കൂള്‍ അധികൃതര്‍ നിലപാടില്‍നിന്ന് ഒരു ഒരു ചുവട് പിന്നോട്ട് വെക്കാന്‍ തയാറായില്ല. ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസിലിരുന്ന് പഠിക്കാനുള്ള അവസരം നല്‍കണമെന്ന ഡി.ഡിയുടെ റിപ്പോര്‍ട്ട് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്‌കൂള്‍ കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന സര്‍ക്കാറിന്റെ നിലപാട് കുട്ടിക്ക് ആശ്വാസമായി.
സമൂഹ മാധ്യമങ്ങളില്‍ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ മുറക്ക് നടന്നു. ഈ വിഷയത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പലരും സംസാരിച്ചത്. അഡ്മിഷന്‍ എടുക്കുന്ന സമയത്ത് നല്‍കിയ ജനറല്‍ ഗൈഡ് ലൈനില്‍ ഹിജാബ് ഉപയോഗിക്കാന്‍ പറ്റില്ലായെന്നോ ഉപയോഗിക്കാന്‍ പറ്റുമെന്നോ ഉള്ള നിര്‍ദേശമില്ല. യൂണിഫോം കളറിനു യോജിക്കുന്ന തരത്തിലുള്ള തട്ടമിട്ടു വന്ന കുട്ടിയെ സ്‌കൂള്‍ ഗേറ്റില്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്ന സങ്കുചിത മനോഭാവമാണ് തുടര്‍ന്നിരുന്നത്.
ആസൂത്രിതവും ആലോചനയിലൂടെയും ഉള്ള ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് തട്ടം ഒഴിവാക്കണമെന്ന ചിന്ത കടന്നുവരുന്നത്. ഇസ്‌ലാമിനെതിരായ പല കാര്യങ്ങളും സമൂഹത്തില്‍ ചര്‍ച്ച ചെയ്ത് ഒരു പൊതുബോധമായി അതിനെ നിര്‍മിച്ചെടുക്കുന്നു. വോട്ടവകാശം നിഷേധിക്കുക, പൗരത്വം നിഷേധിക്കുക, സമ്പത്ത് കൈവശം വെക്കാനുള്ള അവസരം നിഷേധിക്കുക തുടങ്ങിയവ പ്രാവര്‍ത്തികമാക്കി മുസ്‌ലിം സമൂഹത്തെ അടിമകളെപ്പോലെ സമൂഹത്തില്‍ നിര്‍ത്തുകയെന്ന ഗൂഢ തീരുമാനത്തിന്റെ പ്രായോഗിക രൂപമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ചില യൂനിവേഴ്സിറ്റികളില്‍ ഹിജാബ് വിവാദ വിഷയമായത് ഈ ചിന്താഗതിയുടെ പശ്ചാത്തലത്തിലാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-28 വരെയുള്ള ഭാഗത്ത് എല്ലാ വ്യക്തികള്‍ക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പാക്കുന്നുണ്ട്. എല്ലാവരുടെയും വിശ്വാസം അനുവദിച്ചുകൊണ്ടും പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും മുന്നോട്ടുപോകാനുള്ള പരിശീലനങ്ങളാണ് വിദ്യാലയങ്ങളില്‍ നല്‍കേണ്ടത്. 'സമ്പൂര്‍ണവും വൈവിധ്യപൂര്‍ണവുമായ ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു'വെന്ന് അസംബ്ലിയില്‍ പ്രതിജ്ഞയെടുക്കുകയല്ല, ജീവിതത്തില്‍ പാലിക്കുവാന്‍ സഹായിക്കുന്ന അധ്യാപകരുടെ കൃത്യമായ ചുവടുവയ്പുകളാണ് അനിവാര്യം.
ശാന്തിയും സമാധാനവും പുലരുന്നതിനുവേണ്ടി മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കി പൊതുബോധത്തിന്റെ കൂടെ നില്‍ക്കുന്നതാണ് മതേതരത്വം എന്ന് ചിന്തിക്കുന്നവരുണ്ട്. ശിരോവസ്ത്രം മുസ്‌ലിം സമൂഹം മാത്രം നിഷ്‌കര്‍ഷിക്കുന്ന ഒന്നല്ലായെന്ന് പല വേദഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ കാണാം. ബൈബിളില്‍ പ്രതിപാദിക്കുന്നത് 'സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചു കളയട്ടെ. മുടി മുറിച്ച് കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്ക് ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ?!' (കൊരിന്ത്യന്‍ 11:6)എന്നാണ്.
'ദൈവം നിന്നെ സ്ത്രീയായി സൃഷ്ടിച്ചിരിക്കുന്നു. നീ നിന്റ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേര്‍ക്ക് നോക്കാതിരിക്കുകയും കാലുകള്‍ അടുപ്പിച്ച് വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക' (ഋഗ്വേദം 8:3.19-20). രാമന്‍ പരശുരാമനെ കണ്ടപ്പോള്‍ സീതയോടായി പറയുന്നു 'സീതാ നീ മൂടുപടം ഉപയോഗിക്കുകയും നീ നിന്റെ ദൃഷ്ടി താഴ്ത്തുകയും ചെയ്യുക' (മഹാവീര്‍ ചരിത ആക്ട് 2 പേജ് 71).
ഖുര്‍ആനില്‍ സ്ത്രീകളുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് സൂചിപ്പിക്കുന്നത്: 'നബിയേ നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്' (ഖുര്‍ആന്‍ 33:59).
രാജസ്ഥാനിലെ ട്രൈബല്‍ സ്ത്രീകള്‍ മൂടുപടം കൊണ്ട് തലമറച്ചാണ് നടക്കുന്നത്. പഞ്ചാബില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലുള്ള ധാരാളം സ്‌കൂളുകളുണ്ട്. ടര്‍ബന്‍ ധരിച്ചു വരുന്ന സിഖ് വിദ്യാര്‍ഥികളോട് അത് ഉപേക്ഷിച്ച് സ്‌കൂളില്‍ വരണമെന്ന് ശാഠ്യം പിടിക്കാറില്ല. 'ബൈബിളില്‍ സാറ ധരിച്ച വേഷമാണ് പര്‍ദ. അതിനെ ഒരു മതത്തിന്റെ വസ്ത്രമായി കാണേണ്ടതില്ല. സുരക്ഷിതത്വമാണ് അത് പ്രദാനം ചെയ്യുന്നത്.'' എന്ന് വെളിപ്പെടുത്തി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ദ്ര തോമസിന്റെ പ്രസ്താവനകള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് നാം കേട്ടതാണ്. വിവിധ മതങ്ങളുടെയും മതമില്ലാത്തവരുടെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിദ്യാലയാലന്തരീക്ഷങ്ങള്‍ നമ്മുടെ നാട്ടില്‍ സംജാതമാവട്ടെ.