നബി (സ) പറഞ്ഞു: 'സ്ത്രീകള്‍ പുരുഷന്മാരുടെ മുഴു സഹോദരികളാണ്' (അബൂദാവൂദ്). ഉമര്‍ ബ്നുല്‍ ഖത്താബ് പറഞ്ഞതും ഇവിടെ ഓര്‍ക്കാം.' ഇസ് ലാം പൂര്‍വ കാലത്ത് ഞങ്ങള്‍, സ്ത്രീകള്‍ക്ക് ഒരു പ്രാധാന്യവും കൊടുത്തിരുന്നില്ല. പിന്നെ ലോകരക്ഷിതാവ് നിങ്ങളിക്കാണുന്ന കാര്യങ്ങളെല്ലാം അവരെ സംബന്ധിച്ച് ദിവ്യവെളിപാടായി അവതരിപ്പിച്ചു. ഇക്കണ്ട അവകാശങ്ങളെല്ലാം അവര്‍ക്ക് നല്‍കി' (ബുഖാരി, മുസ് ലിം). ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയും അധികമായുണ്ട്: 'ഇസ് ലാം പൂര്‍വ ദിനങ്ങളില്‍ ഞങ്ങള്‍ സ്ത്രീകളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നേയില്ല. ഇസ് ലാം ആഗതമാവുകയും സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തപ്പോഴാണ് അവരുടെ അവകാശങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായത്.'
ഇസ് ലാമിന്റെ മുഴുസന്ദേശവും അഭിസംബോധന ചെയ്യുന്നത്, പുരുഷന്മാരെ എന്ന പോലെ സ്ത്രീകളെയുമാണ്. തുടക്കത്തിലേ അങ്ങനെയാണ്. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'അടുത്ത ബന്ധുക്കള്‍ക്ക് താങ്കള്‍ മുന്നറിയിപ്പ് നല്‍കുക (26: 214) എന്ന ഖുര്‍ആനിക വചനം അവതരിച്ചപ്പോള്‍, റസൂല്‍ തന്റെ ആളുകള്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നിന്ന് ഇങ്ങനെ പറഞ്ഞു: ഖുറൈശികളേ, നിങ്ങളുടെ ഭാവിജീവിതം നിങ്ങള്‍ സുരക്ഷിതമാക്കുക. ദൈവത്തിന്റെ കാര്യത്തിൽ നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തുതരാന്‍ എനിക്ക് കഴിയില്ല. അബ്ദുമനാഫ് കുടുംബമേ, ദൈവത്തിന്റെ കാര്യത്തിൽ നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തുതരാന്‍ എനിക്ക് കഴിയില്ല. അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ബാസ്, ദൈവത്തിന്റെ കാര്യത്തിൽ നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്ത് തരാന്‍ എനിക്ക് കഴിയില്ല. അമ്മായി സഫിയ്യാ, ദൈവത്തിന്റെ കാര്യത്തിൽ നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്ത് തരാന്‍ എനിക്ക് കഴിയില്ല. മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍നിന്ന് നീ എന്ത് വേണമെങ്കിലും ചോദിച്ചോളൂ. പക്ഷേ, ദൈവത്തിന്റെ കാര്യത്തിൽ ഒരു സഹായവും നിനക്ക് ചെയ്ത് തരാന്‍ എനിക്ക് കഴിയില്ല' (ബുഖാരി, മുസ് ലിം).
നബിയുടെ കാലത്ത് ഭര്‍ത്താക്കന്മാര്‍ക്ക് മുമ്പെ ഇസ് ലാം സ്വീകരിച്ച സ്ത്രീകളുണ്ട്. റസൂലിന്റെ പിതൃസഹോദര പുത്രന്‍ അബ്ബാസ് പറയുന്നു: ഞാനും എന്റെ മാതാവും അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. ഞാന്‍ ഒരു അടിച്ചമര്‍ത്തപ്പെട്ട കുട്ടി. അവര്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു സ്ത്രീ (ബുഖാരി). ഈ വാക്യം ഉള്‍പ്പെടുത്തിയ അധ്യായത്തില്‍ ബുഖാരി നല്‍കുന്ന വിശദീകരണം ഇങ്ങനെ: 'അബ്ദുല്ലാഹിബ്നു അബ്ബാസും അദ്ദേഹത്തിന്റെ മാതാവും അടിച്ചമര്‍ത്തപ്പെട്ടവരില്‍ പെട്ടവരായിരുന്നു. കാരണം, അബ്ദുല്ല തന്റെ പിതാവിനെപ്പോലെ പാരമ്പര്യമതം പിന്തുടര്‍ന്നവനായിരുന്നില്ല.' ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്നു ഹജര്‍ പറയുന്നത് ഇങ്ങനെയാണ്: 'അബ്ദുല്ലയുടെ മാതാവിന്റെ പേര് ലുബാബ ബിന്‍ത് ഹാരിസ് എന്നായിരുന്നു. അവര്‍ ഹിലാല്‍ ഗോത്രക്കാരിയാണ്. ഉമ്മു ഫദ് ല്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. മൂത്ത മകന്‍ ഫദ്ലിലേക്ക് ചേര്‍ത്താണ് ഈ നാമകരണം.' ഭാര്യയും മകനും തുടക്കകാലത്ത് തന്നെ ഇസ് ലാം സ്വീകരിച്ചപ്പോള്‍ ഹിജ്റക്ക് ശേഷം, മക്കാവിജയത്തിന് തൊട്ടുമുമ്പാണ് ഭര്‍ത്താവ് അബ്ബാസ് ഇസ് ലാം സ്വീകരിച്ചതെന്നാണ് ബുഖാരി നല്‍കുന്ന സൂചന.
ഒരു നാട്ടില്‍ ഇസ് ലാമിക സന്ദേശ പ്രചാരണത്തിന്റെ ചുമതല സ്ത്രീയെ ഏല്‍പിക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ല. ഹദീസ് കൃതികളില്‍ വന്ന ഒരു സംഭവം ഇങ്ങനെ (ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇംറാനുബ്നു ഹുസൈനാണ്): ഏതാനും അനുയായികള്‍ പ്രവാചകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. രാത്രിയുടെ ആദ്യയാമങ്ങളില്‍ അവര്‍ യാത്ര തുടര്‍ന്നു. പുലരാന്‍ നേരത്ത് വിശ്രമിക്കാനായി അവര്‍ ഒരിടത്ത് ഇറങ്ങി. അവര്‍ പെട്ടെന്ന് ഉറങ്ങിപ്പോയി. സൂര്യന്‍ ഉദിക്കുവോളം അവര്‍ ഉറങ്ങി. ആദ്യം ഉണര്‍ന്നത് അബൂബക്കര്‍ സിദ്ദീഖാണ്. അബൂബക്കറിന്റെ രീതി എന്താണെന്ന് വെച്ചാല്‍, ഉറങ്ങുന്ന റസൂലിനെ അദ്ദേഹം ഉണര്‍ത്തുകയില്ല. റസൂല്‍ സ്വയം ഉറക്കമുണരുന്നത് വരെ കാത്തിരിക്കും. ഉമര്‍ ബ്നുല്‍ ഖത്താബ് ഉറക്കമുണര്‍ന്നപ്പോള്‍, റസൂല്‍ തലവെച്ച് കിടക്കുന്നേടത്ത് ചേര്‍ന്നിരിക്കുന്ന അബൂബക്കറിനെയാണ് കണ്ടത്. ഉമര്‍ ഉച്ചത്തില്‍ തക്ബീര്‍ വിളിച്ചപ്പോള്‍ റസൂല്‍ ഉണര്‍ന്നു. അദ്ദേഹം എണീറ്റ് വന്ന് ഞങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ഒരാള്‍ നമസ്‌കരിക്കാതെ മാറിനിന്നത് റസൂലിന്റെ ശ്രദ്ധയില്‍ പെട്ടു. 'എന്താണ് ഞങ്ങളുടെ കൂടെ നിസ്‌കരിക്കാത്തത്?' - റസൂല്‍ ചോദിച്ചു. 'വലിയ അശുദ്ധിയുണ്ട്; അതുകൊണ്ടാണ്' - അയാള്‍ പറഞ്ഞു. അയാളോട് തയമ്മും ചെയ്ത് നിസ്‌കരിക്കാന്‍ പറഞ്ഞു, അയാള്‍ അതുപോലെ ചെയ്തു. ഞങ്ങള്‍ യാത്ര തുടര്‍ന്നു. എല്ലാവര്‍ക്കും നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് വഴിയില്‍ ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടത്. അവരുടെ മുമ്പില്‍ തോല്‍കൊണ്ടുള്ള വലിയ രണ്ട് വെള്ളപ്പാത്രങ്ങളുണ്ട്. ഞങ്ങള്‍ ചോദിച്ചു: 'കിണര്‍ അടുത്തെവിടെയെങ്കിലും ഉണ്ടോ?' 'ഇല്ല' - അവര്‍ പറഞ്ഞു. 'നിങ്ങളുടെ ആള്‍ക്കാരുടെ താമസസ്ഥലം എവിടെയാണ്? അവിടെ കിണറും ഉണ്ടാകുമല്ലോ.' അവര്‍ പറഞ്ഞു: 'ഒരു പകലും ഒരു രാത്രിയും സഞ്ചാരദൂരമുണ്ട് അങ്ങോട്ട്.' 'ഞങ്ങളോടൊപ്പം വന്ന് ദൈവദൂതനെ കാണൂ' - ഞങ്ങള്‍ അഭ്യര്‍ഥിച്ചു. 'എന്ത് ദൈവദൂതന്‍?' അവര്‍ ചോദിച്ചു. ഞങ്ങള്‍ കൂടുതലൊന്നും പറയാതെ ആ സ്ത്രീയെ റസൂലിന്റെ അടുത്തെത്തിച്ചു. സ്ത്രീ പറഞ്ഞ വിവരങ്ങളൊക്കെ റസൂലിന് കൈമാറി. ഭര്‍ത്താവ് മരിച്ചുവെന്നും അനാഥ മക്കളെ സംരക്ഷിക്കേണ്ട ബാധ്യത തന്നില്‍ വന്നുചേര്‍ന്നിരിക്കുകയാണെന്നും അവര്‍ റസൂലിനെ അറിയിച്ചു. ആ സ്ത്രീയുടെ വെള്ളപ്പാത്രങ്ങള്‍ കൊണ്ടുവരാന്‍ റസൂല്‍ ഞങ്ങളോട് പറഞ്ഞു. റസൂല്‍ അവയുടെ മൂടിതുറന്നു. കടുത്ത ദാഹംകൊണ്ട് വലഞ്ഞ ഞങ്ങള്‍ നാല്‍പ്പത് പേരും മതിവരുവോളം അവയില്‍നിന്ന് വെള്ളം കുടിച്ചു. മാത്രമല്ല, ഞങ്ങളുടെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാ പാത്രങ്ങളിലും വെള്ളം നിറക്കുകയും ചെയ്തു. ഞങ്ങള്‍ കൂടെയുള്ള ഒട്ടകങ്ങള്‍ക്ക് ഒന്നും കുടിക്കാന്‍ കൊടുത്തിരുന്നില്ല. വെള്ളം മറ്റുള്ള പാത്രങ്ങളിലേക്ക് എത്രയധികം പകര്‍ന്നിട്ടും സ്ത്രീയുടെ രണ്ട് വെള്ളപ്പാത്രങ്ങളും നിറഞ്ഞ് തന്നെ നിന്നു. 'ഇനി നിങ്ങളുടെ കൈയില്‍ ഭക്ഷണമെന്തെങ്കിലും ഉണ്ടെങ്കില്‍ തരൂ' - റസൂല്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അവര്‍ക്ക് ധാരാളം റൊട്ടിയും കാരക്കയും നല്‍കി. ശേഷം ആ സ്ത്രീ സ്വന്തം ജനങ്ങളിലേക്ക് തിരിച്ചു പോയി അവരോട് ഇങ്ങനെ പറഞ്ഞു: 'ഏറ്റവും സമര്‍ഥനായ ഒരു ജാലവിദ്യക്കാരനെ ഇന്ന് ഞാന്‍ കണ്ടു; അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത് പോലെ ഒരു ദൈവദൂതനെ!' വളരെ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന തന്റെ സമൂഹത്തെ സത്യമാര്‍ഗത്തിലേക്ക് വഴികാട്ടിയത് ഈ സ്ത്രീയാണ്. സ്ത്രീയും അവരുടെ സമൂഹവും ഇസ് ലാം സ്വീകരിച്ചു (ബുഖാരി, മുസ് ലിം).
സ്ത്രീക്ക് അവളുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. അവ ശരിയായ രീതിയില്‍ നിര്‍വഹിക്കാനുള്ള വിദ്യാഭ്യാസം അവള്‍ക്ക് നല്‍കിയിരിക്കണം. അത് അവളുടെ അവകാശമാണ്. റസൂലിന്റെ പത്നി ആഇശ പറയുന്നു. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: 'ഒരാള്‍ ബാലികമാരുടെ ഉത്തരവാദിത്വം ഏല്‍ക്കുകയും അത് നല്ല നിലയില്‍ നിര്‍വഹിക്കുകയും ചെയ്താല്‍, നരകാഗ്നിയില്‍നിന്ന് അതവര്‍ക്ക് സുരക്ഷാകവചമായിത്തീരും.'' (ബുഖാരി, മുസ് ലിം). പെണ്‍കുട്ടികള്‍ക്ക് ഏറ്റവും മികച്ചതായിത്തീരുക അവര്‍ക്ക് നല്‍കുന്ന നല്ല വിദ്യാഭ്യാസം തന്നെയായിരിക്കില്ലേ?
അബൂബുര്‍ദ തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു. റസൂല്‍ പറഞ്ഞു: 'ഒരാള്‍ക്ക് ഒരു അടിമപ്പെണ്‍കുട്ടിയുണ്ട്. അയാള്‍ അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നു, മികച്ച സ്വഭാവങ്ങള്‍ പരിശീലിപ്പിക്കുന്നു, എന്നിട്ട് അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് അവളെ വിവാഹം ചെയ്യുന്നു- എങ്കില്‍ അയാള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്.' (ബുഖാരി). ഇവിടെ വിശ്വാസിയോട് റസൂല്‍ ആഹ്വാനം ചെയ്യുന്നത്, അടിമത്തത്തില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കി അവളെ സദ്ഗുണ സമ്പന്നയായി വളര്‍ത്തിയെടുക്കാനാണ്. ഇതിനൊക്കെ കൂടുതല്‍ അര്‍ഹത അയാളുടെ സ്വന്തം മകള്‍ക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ധാര്‍മികബോധവും അതിന് ഉതകുന്ന വിദ്യാഭ്യാസവും- ഇതാണ് അവള്‍ക്ക് നല്‍കേണ്ടത്. ധാര്‍മിക മൂല്യങ്ങളുടെ മാനദണ്ഡം എക്കാലത്തും ഒന്നുതന്നെയായിരിക്കും. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ രീതിയും തരവുമൊക്കെ കാലത്തിനും സ്ഥലത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും.
ഈദുല്‍ ഫിത്വറിനെക്കുറിച്ച് ഹദീസുകളില്‍ വന്ന ഒരു വിവരണം ഇങ്ങനെയാണ്: റസൂല്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി, ഒരു പ്രഭാഷണം നടത്തി. അത് കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ത്രീകള്‍ കൂടിയിരിക്കുന്നിടത്തേക്ക് ചെന്നു (സ്ത്രീകള്‍ ഇരിക്കുന്നത് സദസ്സിന്റെ പിന്നിലാണ്. തുറന്ന മൈതാനത്ത് ധാരാളം പേര്‍ കൂടിയതിനാല്‍ പിന്നിലേക്ക് പ്രഭാഷണം കേള്‍ക്കാന്‍ സാധ്യതയില്ല. അതുകൊണ്ടാവാം ആ ഭാഗത്തേക്ക് ചെന്നത്); അവര്‍ക്ക് ഉദ്ബോധനങ്ങള്‍ നല്‍കാന്‍. ഒരു താങ്ങിന് വേണ്ടി റസൂല്‍ ബിലാലിന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്. ബിലാല്‍ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിച്ചിരുന്നു. സ്ത്രീകള്‍ സദഖകള്‍ വല്ലതും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിലേക്കിടാന്‍ '(ബുഖാരി, മുസ് ലിം). ഇബ്നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍, 'സ്ത്രീകള്‍ തന്റെ പ്രഭാഷണം കേട്ടിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും അവരില്‍നിന്ന് സദഖകള്‍ സ്വീകരിക്കാനും റസൂൽ അങ്ങോട്ട് ചെന്നു' എന്നു തന്നെ വന്നിരിക്കുന്നു. ഒരിക്കല്‍ ജുറൈജ്, അത്വാഇനോട് (ഇരുവരും ഇസ് ലാമിക വിജ്ഞാനീയങ്ങളില്‍ നന്നായി അവഗാഹം നേടിയവര്‍) ചോദിച്ചു: നമസ്‌കാരശേഷം സ്ത്രീകള്‍ക്ക് മാത്രം ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനായി അവര്‍ ഇരിക്കുന്നേടത്തേക്ക് ചെല്ലല്‍ ഇമാമിന്റെ ബാധ്യതയാണോ? അത്വാഅ് പറഞ്ഞു: 'ബാധ്യത തന്നെയാണ്. പക്ഷേ, ഇമാമുമാരൊന്നും അങ്ങനെ ചെയ്യുന്നത് കാണാറില്ല.'
സദസ്സില്‍ ഏറ്റവും പിന്നിലിരിക്കുന്ന സ്ത്രീകള്‍ താന്‍ പറഞ്ഞത് കേട്ടിട്ടുണ്ടാവില്ല എന്ന് മനസ്സിലാക്കിയാണ് റസൂല്‍ അവര്‍ക്ക് മാത്രമായി ഉപദേശം നല്‍കാന്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നത്. വിദ്യ നേടാനുള്ള അവകാശം പുരുഷന്മാര്‍ക്കുള്ളത് പോലെ സ്ത്രീകള്‍ക്കുമുണ്ട് എന്നാണല്ലോ റസൂലിന്റെ ഈ പ്രവൃത്തി കാണിച്ചു തരുന്നത്. അവരെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ബാധ്യത പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ഉണ്ടെന്നും അവര്‍ ആ ബാധ്യത നിര്‍വഹിക്കുന്നില്ലെന്നുമാണ് ഇമാം അത്വാഅ് പരിഭവിക്കുന്നത്. 'ഒരു ബാധ്യത നിറവേറ്റാന്‍ എന്തൊക്കെ ആവശ്യമായി വരുന്നുവോ അവയൊക്കെയും നിര്‍ബന്ധമായിത്തീരും' എന്ന ഇസ് ലാമിക ഫിഖ്ഹിലെ തത്ത്വവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം.
വിവ: അഷ്റഫ് കീഴുപറമ്പ്