സ്‌ത്രൈണ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി സ്ത്രീകളുടെ ആരോഗ്യാവസ്ഥയില്‍ നിര്‍ണിതമായ സമയങ്ങളില്‍ ഗര്‍ഭപാത്രത്തിന്റെ ഉള്‍പ്പാളി അടര്‍ന്ന് രക്തത്തോടൊപ്പം പുറത്തുവരുന്നതാണ് ആര്‍ത്തവം. സ്ത്രീകളില്‍ പ്രത്യുല്‍പാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. പ്രായപൂര്‍ത്തിയാകുന്ന കാലഘട്ടം മുതല്‍ ആര്‍ത്തവവിരാമം വരെ ഏകദേശം എല്ലാ മാസവും ഇത് സംഭവിക്കുന്നുണ്ട്. പ്രവാചകന്‍ (സ) പറഞ്ഞു: 'ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണ് ആര്‍ത്തവം' (ബുഖാരി).
പ്രായപരിധി
ആര്‍ത്തവത്തിന്റെ പ്രായപരിധി ആരംഭിക്കുന്നത് ഒൻപത് വയസ്സ് മുതല്‍ എന്നാണ് ഹദീസില്‍നിന്ന് മനസ്സിലാകുന്നത്. ഒൻപത് വയസ്സ് തികയുന്നതിന് 16 ദിവസം മുമ്പ് വരെ പുറപ്പെടുന്ന രക്തം ആര്‍ത്തവം ആയി പരിഗണിക്കപ്പെടും. അതിനുമുമ്പ് പുറപ്പെടുന്നവ ആര്‍ത്തവമായി കണക്കാക്കുകയില്ല. 45- നും 55- നും ഇടയിലാണ് സാധാരണ ആര്‍ത്തവവിരാമം ഉണ്ടാകാറുള്ളത്. ആര്‍ത്തവവിരാമത്തിന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. സാധാരണയായി മൂന്ന് മുതല്‍ ഏഴു ദിവസങ്ങള്‍ വരെയാണ് ആര്‍ത്തവം ഉണ്ടാകാറുള്ളത്. '15 ദിവസം വരെയും ഉണ്ടാവാം, ഒരു ദിവസത്തില്‍ പരിമിതപ്പെട്ടു എന്നും വരാം. രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയില്‍ ചുരുങ്ങിയത് 15 ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം ഇടവേള ദീര്‍ഘിച്ചു എന്നും വരാം. രക്തസ്രാവം ഉണ്ടായ സമയം ഒരു ദിവസത്തേക്കാള്‍ കുറയുകയും 15 ദിവസത്തേക്കാള്‍ കൂടുകയും ചെയ്താല്‍ ആര്‍ത്തവമായി പരിഗണിക്കുകയില്ല.
ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''പെണ്‍കുട്ടിക്ക് ഒന്‍പത് വയസ്സ് എത്തിയാല്‍ അവള്‍ സ്ത്രീയായി. അതുപോലെ മിക്കവാറും 50 വയസ്സായാല്‍ അവള്‍ ആര്‍ത്തവ പരിധിയില്‍നിന്ന് പുറത്തായി''.
കുറഞ്ഞ കാലയളവും കൂടിയ കാലയളവും
ആര്‍ത്തവം ഉണ്ടാകുന്ന ദിവസങ്ങളുടെ കുറഞ്ഞ കാലയളവിനും കൂടിയ കാലയളവിനും പരിധിയില്ല എന്ന അഭിപ്രായം നബി (സ) പറഞ്ഞതായി കാണാം. ഹംന ബിന്‍ത് ജഹ്ശി (റ) ല്‍ നിന്നുള്ള ഹദീസ്: ''നബി (സ) പറഞ്ഞു: നിങ്ങള്‍ ആറോ ഏഴോ ദിവസങ്ങള്‍ ആര്‍ത്തവമായി കണക്കാക്കുക. പിന്നീട് കുളിക്കുകയും ബാക്കിവരുന്ന 23,24 ദിവസങ്ങള്‍ നമസ്‌കരിക്കുകയും ചെയ്യുക.''
ആര്‍ത്തവ രക്തത്തിന്റെ നിറം
ആര്‍ത്തവ രക്തം താഴെ പറയുന്ന ഏതെങ്കിലുമൊരു നിറത്തിലായിരിക്കുമെന്നതാണ് ഹദീസില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
കറുപ്പ്: അബൂഹുബൈശിന്റെ മകള്‍ ഫാത്തിമയുടെ ഹദീസാണ് തെളിവ്. 'ആര്‍ത്തവരക്തമാണെങ്കില്‍ അത് സാധാരണ അറിയപ്പെടുന്ന വിധം കറുത്തിരിക്കും. അങ്ങനെയാവുമ്പോള്‍ നീ നമസ്‌കരിക്കാതിരിക്കുക, ഇനി മറ്റേതാണെങ്കില്‍ വുദു ചെയ്തു നമസ്‌കരിക്കുക. കാരണം, അതൊരു ഞരമ്പുരോഗം മാത്രമാണ്'.
ചുവപ്പ്: കാരണം അതാണ് രക്തത്തിന്റെ യഥാര്‍ഥ നിറം.
മഞ്ഞ: ഇത് ചലം പോലെ പുറമേ മഞ്ഞ നിറമായി സ്ത്രീകളില്‍ കാണാറുള്ള ഒരുതരം നീരാകുന്നു.
കലര്‍പ്പുനിറം: അഴുക്കുവെള്ളം പോലെ വെളുപ്പും കറുപ്പും ചേര്‍ന്ന ഒരു നിറമാണിത്. മര്‍ജാനയില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് ഇതിന് തെളിവ്. 'അവര്‍ പറയുന്നു: സ്ത്രീകള്‍ ആയിഷയുടെ അടുത്തേക്ക് ആര്‍ത്തവത്തിന്റെ അവസാനം കൃത്യമായി പഠിക്കാന്‍ വേണ്ടി മഞ്ഞനിറമുള്ള പരുത്തി അയക്കാറുണ്ടായിരുന്നു. അപ്പോള്‍ പരുത്തി ശുദ്ധവെള്ളയായി കാണുന്നതുവരെ നിങ്ങള്‍ ധൃതിപ്പെടരുത് എന്ന് ആയിശ (റ) മറുപടി പറയും. ഇമാം മാലിക്കും ഇമാം മുഹമ്മദ് ബിന്‍ ഹസനും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം ബുഖാരിയും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ആര്‍ത്തവ സംബന്ധമായ വിധിവിലക്കുകള്‍
നിര്‍ബന്ധമായും ഐച്ഛികമായും ഉള്ള നമസ്‌കാരങ്ങള്‍ നമസ്‌കരിക്കേണ്ടതില്ല. ഈ അവസ്ഥ മാറി ശുദ്ധി കൈവരിച്ചാല്‍ ആ നമസ്‌കാരങ്ങള്‍ പകരം നമസ്‌കരിച്ചു വീട്ടേണ്ടതുമില്ല. അബൂ സൈദ് (റ)വില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്‌കരിക്കുകയോ ചെയ്യേണ്ടതില്ല' (ബുഖാരി).
ആര്‍ത്തവകാരി നിര്‍ബന്ധവും ഐച്ഛികവുമായ നോമ്പുകള്‍ ഒഴിവാക്കേണ്ടതാണ്. എന്നാല്‍, നിര്‍ബന്ധ നോമ്പുകള്‍ മറ്റ് അവസരങ്ങളില്‍ സമയബന്ധിതമായി നോറ്റ് വീട്ടേണ്ടതാണ്. ആയിശ (റ)പറയുന്നു: നബി (സ)യുടെ കാലത്ത് ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകാറുണ്ടായിരുന്നു. അപ്പോള്‍ നോമ്പ് ഖളാഅ് വീട്ടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെടാറുണ്ടായിരുന്നു (ഇബ്‌നുമാജ).
പള്ളിയില്‍ പ്രവേശിക്കല്‍
നബി (സ) പറഞ്ഞു: ''വലിയ അശുദ്ധിക്കാര്‍ക്കും ആര്‍ത്തവകാരികള്‍ക്കും പള്ളിയില്‍ പ്രവേശനം ഞാന്‍ അനുവദിക്കുകയില്ല.'' ആയിശ (റ) അവരുടെ അറയിലായിരിക്കെ നബി (സ) തന്റെ തല അവര്‍ക്ക് കുനിച്ച് കാണിക്കുകയും ആര്‍ത്തവകാരിയായിരിക്കെ തന്നെ അവര്‍ പ്രവാചകന്റെ മുടി ചീകിക്കൊടുക്കുകയും ചെയ്തിരുന്നു. നബി (സ ) പള്ളിയില്‍ ഇഅ്തികാഫിലിരിക്കുമ്പോഴായിരുന്നു ഇത്. പള്ളി വൃത്തികേടാകുമെന്ന് ഭയന്നാല്‍ പള്ളിയിലൂടെ വഴി നടക്കല്‍ അവള്‍ക്ക് ഹറാമാണ്. എന്നാല്‍, വൃത്തികേടാകില്ലെന്ന് ഉറപ്പുണ്ടായാല്‍ വഴി നടക്കുന്നത് നിഷിദ്ധമല്ല.
പ്രവാചക പത്‌നിമാരുടെ ഭവനങ്ങളും മദീന പള്ളിയും വളരെ അടുത്തടുത്തായാണ് സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പള്ളിയും വീടും അവര്‍ക്ക് വേര്‍തിരിച്ചു കാണാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടായിരുന്നു. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ നബി (സ) എന്നോട് പറഞ്ഞു: പള്ളിയില്‍ നിന്ന് ആ ചെറിയ നമസ്‌കാരപ്പായ എനിക്ക് എടുത്തു തരൂ. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാന്‍ ആര്‍ത്തവകാരിയാണ്. അപ്പോള്‍ നബി (സ) പറഞ്ഞു: 'നിന്റെ ആര്‍ത്തവം നിന്റെ കൈയില്‍ അല്ലല്ലോ' (മുസ്ലിം). അത്യാവശ്യഘട്ടത്തില്‍ വഴിനടക്കാനോ എന്തെങ്കിലും എടുക്കാനോ ആര്‍ത്തവകാരി പള്ളിയില്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല.
ത്വവാഫ്
ആര്‍ത്തവകാരി നിര്‍ബന്ധവും ഐച്ഛികവുമായ ത്വവാഫുകള്‍ ചെയ്യാന്‍ പാടുള്ളതല്ല.
ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ ഹജ്ജ് ചെയ്യാനായി പുറപ്പെട്ടു. 'സരീഫി'ല്‍ എത്തിയപ്പോള്‍ (മക്കയില്‍നിന്ന് 6 മൈല്‍ അകലെയുള്ള സ്ഥലം) എനിക്ക് ആര്‍ത്തവം ഉണ്ടായി. ഞാന്‍ കരഞ്ഞുകൊണ്ടിരിക്കെ എന്തുപറ്റിയെന്ന് നബി (സ) ചോദിച്ചു. ആര്‍ത്തവം തുടങ്ങിയോ എന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് ഞാന്‍ ഉത്തരം നല്‍കി. നബി (സ) പറഞ്ഞു: ''ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റേ ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍, കഅ്ബ ത്വവാഫ് ചെയ്യരുത്.''
ലൈംഗിക വേഴ്ച
ആര്‍ത്തവകാരി ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ ആവശ്യത്തിന് അവള്‍ വഴങ്ങേണ്ടതില്ല എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ''ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവ ഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍നിന്ന് അകന്നു നില്‍ക്കേണ്ടതാണ്, അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കാന്‍ പാടില്ല. എന്നാല്‍, അവര്‍ ശുദ്ധീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പ്പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'' (സൂറത്തുല്‍ ബഖറ: 222). ലൈംഗിക വേഴ്ച മാത്രമാണ് അല്ലാഹു കര്‍ശനമായി വിലക്കിയിട്ടുള്ളത്. ദാമ്പത്യ ബന്ധങ്ങളിലെ മറ്റെല്ലാ കാര്യങ്ങളും ആകാവുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ഭാര്യയുമായി അകന്നു നില്‍ക്കുന്ന സമ്പ്രദായം ഇസ്ലാമിലില്ല. അനസ് (റ)വില്‍ നിന്ന് നിവേദനം: ജൂതന്മാര്‍ അവരുടെ സ്ത്രീകള്‍ ആര്‍ത്തവകാരികള്‍ ആയിരിക്കുമ്പോള്‍ അവരുമായി ഭക്ഷണം കഴിക്കുകയോ ഒരേ മുറിയില്‍ അവളുമായി ശയിക്കുകയോ ചെയ്യുകയില്ല. സ്വഹാബികള്‍ ഇക്കാര്യം നബി (സ)യോട് ചോദിച്ചു: അപ്പോഴാണ് മേല്‍പ്പറഞ്ഞ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ആയിശ പറയുന്നു: ''ഞാനും നബിയും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കാറുണ്ട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വലിയ അശുദ്ധി ഉണ്ടായിരിക്കെ അവിടുന്ന് ചിലപ്പോള്‍ എന്നോട് വസ്ത്രം ധരിക്കാന്‍ നിര്‍ദേശിക്കും. എന്നിട്ട് അവിടുന്ന് എന്നോട് ചേര്‍ന്ന് കിടക്കും. അവിടുന്ന് ഇഅ്തികാഫിരിക്കുമ്പോള്‍ ശിരസ്സ് എനിക്ക് നീട്ടിത്തരും. ഞാന്‍ ഋതുമതിയായിരിക്കെ അവിടുത്തെ ശിരസ്സ് കഴുകിക്കൊടുക്കും.''
ആര്‍ത്തവകാരിയുമായുള്ള ഇടപഴകലുകള്‍
ആര്‍ത്തവകാരി വീടിന് പുറത്തിരിക്കണം, പ്രത്യേക പാത്രങ്ങളില്‍ മാത്രം അവര്‍ക്ക് ഭക്ഷണം നല്‍കണം തുടങ്ങിയ സമീപനങ്ങള്‍ ഖുര്‍ആനിലോ തിരുസുന്നത്തിലോ കാണാന്‍ കഴിയുകയില്ല. ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ തലമുടി ചീകിക്കൊടുക്കാറുണ്ടായിരുന്നു. ആയിശ (റ) പറയുന്നു: ''ആര്‍ത്തവകാരിയായിരിക്കെ ഞാന്‍ കുടിച്ചിരുന്ന പാത്രം നബി (സ)ക്ക് കൊടുക്കുകയും ഞാന്‍ വായ വെച്ച സ്ഥലത്ത് വായ വെച്ചുകൊണ്ട് അദ്ദേഹവും അതില്‍നിന്ന് കുടിക്കുമായിരുന്നു. അപ്രകാരം തന്നെ ആര്‍ത്തവകാരിയായിരിക്കെ ഞാന്‍ മുന്‍പല്ല് കൊണ്ട് എല്ലില്‍ നിന്നും മാംസം കടിച്ചെടുക്കുകയും എന്നിട്ട് അത് (എല്ല്) നബി (സ)ക്ക് കൊടുക്കുകയും ചെയ്യും.
ആയിശ (റ)പറയുന്നു: ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ നബി (സ) എന്റെ മടിയില്‍ തല വെച്ച് കിടന്ന് ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു.
ത്വലാഖ്
സ്ത്രീ അശുദ്ധിയിലാണെങ്കില്‍ ശുദ്ധിയായശേഷം മാത്രമേ വിവാഹമോചനം പാടുള്ളൂ എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
ഇബ്‌നു ഉമര്‍ തന്റെ ഭാര്യയെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്തു. ഇതേക്കുറിച്ച് ഉമര്‍ (റ) നബി (സ )യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ''അബ്ദുല്ലയോട് അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കാനും പറയുക, ആര്‍ത്തവം കഴിഞ്ഞ് ശുദ്ധി പ്രാപിക്കുകയും വീണ്ടും ആര്‍ത്തവ ശേഷം ശുദ്ധി പ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നെങ്കില്‍ വിവാഹമോചനം ചെയ്യാം. അല്ലെങ്കില്‍ ഭാര്യയെ നിലനിര്‍ത്താം. ശുദ്ധി പ്രാപിച്ച് ത്വലാഖ് ചൊല്ലുന്ന പക്ഷം പിന്നീട് അവളെ സ്പര്‍ശിക്കരുത്. വിവാഹബന്ധം വിച്ഛേദിക്കപ്പെടുന്നത് ശുദ്ധികാലത്തായിരിക്കണമെന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചതിന്റെ പ്രായോഗിക രൂപമാണ് ഇബ്‌നു ഉമറിലൂടെ നടപ്പില്‍ വന്നത്.
ആര്‍ത്തവകാലത്ത് സ്ത്രീയുടെ ശാരീരിക മാനസിക നിലകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ തന്നെ ഈ സമയത്ത് തമ്മില്‍ പിണങ്ങാനും വഴക്കുണ്ടാകാനും സാധ്യത കൂടുതലാണ്. ആ സമയത്തെ പ്രശ്‌നങ്ങളെ അവലംബമാക്കി ദമ്പതികള്‍ ഒരിക്കലും പിരിയരുതെന്ന് കാരുണ്യവാനായ ദൈവത്തിന്റെ തീരുമാനമാണ്.
ചില സംശയങ്ങളും ആശങ്കകളും
ആര്‍ത്തവ വേദന അനുഭവപ്പെടുന്നതു കൊണ്ട് സ്ത്രീകളുടെ നോമ്പ് മുറിഞ്ഞു പോകുകയില്ല. നോമ്പ് അനുഷ്ഠിച്ചുകൊണ്ടിരിക്കെ സൂര്യാസ്തമയത്തിനു മുമ്പ് ആര്‍ത്തവരക്തം പുറത്തുവരികയും ആര്‍ത്തവകാരിയാവുകയും ചെയ്താല്‍ സ്വയം നോമ്പ് മുറിഞ്ഞവളായി കണക്കാക്കേണ്ടതാണ്.
ആര്‍ത്തവകാരി മയ്യിത്ത് കുളിപ്പിക്കുന്നതിനോ കഫന്‍ ചെയ്യുന്നതിനോ വിരോധമില്ല. ആര്‍ത്തവകാരി ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. 'ശുദ്ധിയുള്ളവന്‍ അല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുത്' എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ആര്‍ത്തവകാരി ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമല്ല എന്ന കാര്യത്തില്‍ നാലു മദ്ഹബിന്റെ ഇമാമുമാരും യോജിച്ചിരിക്കുന്നു. ഖുര്‍ആന്‍ സ്പര്‍ശിക്കാതെ ആര്‍ത്തവകാരിക്ക് അത് പാരായണം ചെയ്യാവുന്നതാണ്.
ആര്‍ത്തവകാരിയായാലും പ്രസവ ശേഷം ആയിരുന്നാലും മുടിയും നഖവും നീക്കം ചെയ്യുന്നതില്‍ യാതൊരു വിരോധവുമില്ല.
ഉമ്മുസലമ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''പ്രവാചകനോടൊപ്പം ഒരു പുതപ്പിനടിയില്‍ കിടക്കവെ അവര്‍ ആര്‍ത്തവകാരിയാവുകയും പുതപ്പിനുള്ളില്‍നിന്ന് മാറുകയും ചെയ്തു. പ്രവാചകന്‍ 'ആര്‍ത്തവകാരിയായോ' എന്ന് ചോദിക്കുകയും 'അതെ' എന്ന് ഉത്തരം പറയുകയും ചെയ്തു. അവര്‍ ശരിയായി വസ്ത്രം ധരിച്ചു വന്നപ്പോള്‍ അതേ പുതപ്പിനടിയില്‍ കിടന്ന് രണ്ടുപേരും ഉറങ്ങി.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും
ആര്‍ത്തവകാരികള്‍ ചില ചെടികള്‍ (കറിവേപ്പില, തുളസി മുതലായവ) സ്പര്‍ശിക്കുകയോ ഇലകള്‍ പൊട്ടിക്കുകയോ ചെയ്യരുത്, കിണറ്റില്‍നിന്ന് വെള്ളം കോരരുത്, ഒരുമിച്ച് വസ്ത്രം അലക്കരുത്, നഖം വെട്ടരുത്, ആ സമയത്ത് കൊഴിഞ്ഞ മുടികള്‍ സൂക്ഷിച്ചുവെക്കുക, ശുദ്ധികാലത്ത് അത് കഴുകി ഉപേക്ഷിക്കുക, മുടിയും നഖവും കുഴിച്ചിടുക തുടങ്ങിയ വിശ്വാസങ്ങളുണ്ട്. ഇത്തരം മനോഭാവങ്ങള്‍ മാറ്റിയെടുക്കണമെങ്കില്‍ ശുദ്ധിയെ കുറിച്ചു ഇസ്ലാമിന്റെ കാഴ്ചപ്പാട് അറിയേണ്ടതുണ്ട്.
അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീസില്‍ നബി (സ) പറയുന്നു: അഞ്ച് കാര്യങ്ങള്‍ പ്രകൃതിയില്‍ പെട്ടതാണ്. ഗുഹ്യരോമം വൃത്തിയാക്കുക, ചേലാകര്‍മം ചെയ്യുക, മീശ വെട്ടുക, കക്ഷരോമം പറിക്കുക, നഖങ്ങള്‍ മുറിക്കുക. അനസ് (റ) പ്രസ്താവിക്കുന്നു: മീശ വെട്ടുക, നഖം മുറിക്കുക, കക്ഷം വൃത്തിയാക്കുക, ഗുഹ്യരോമം നീക്കുക എന്നിവ 40 ദിവസത്തിലധികം ഉപേക്ഷിക്കരുതെന്ന് നബി (സ) ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നിരിക്കുന്നു. നബി (സ) പറഞ്ഞു: 'അല്ലാഹു ശുദ്ധനാണ്. ശുദ്ധിയെ ഇഷ്ടപ്പെടുന്നു. നഖം വെട്ടല്‍ ഈ ശുചിത്വത്തിന്റെയും പരിശുദ്ധതയുടെയും ഭാഗമാണ്.' വെള്ളിയാഴ്ചകളുടെ സുന്നത്തില്‍പ്പെട്ട ഒരു ഭാഗം കൂടിയാണ് നഖം വെട്ടല്‍. ശുദ്ധിക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന ഒരു മതം സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കുന്ന ജൈവിക പ്രതിഭാസത്തിന്റെ പേരില്‍ അവര്‍ ആകെ വൃത്തിയില്ലായ്മയുടെ കൂമ്പാരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയില്ല.
ആര്‍ത്തവ ശേഷമുള്ള കുളിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളാണ് വെള്ളം അമിതമായി ഉപയോഗിക്കുക, ശരീരത്തില്‍ വ്രണം വരുന്ന രീതിയിലുള്ള തേച്ചുരക്കല്‍ തുടങ്ങിയവ. എല്ലാത്തിലും മിതത്വം പാലിക്കണം എന്ന് കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം. കുളിയുമായി ബന്ധപ്പെട്ട് ഇസ്ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ള രണ്ട് നിബന്ധനകളില്‍ ഒന്ന് നിയ്യത്താണ്. താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കുളി ഏതാണോ ആ കാര്യം മനസ്സില്‍ കരുതുന്നതാണ് നിയ്യത്ത്. രണ്ടാമത്തേത് ശരീരം മുഴുവന്‍ കഴുകുക. ആയിശ (റ) പറയുന്നു: നബി (സ)യോട് അസ്മാ ബിന്‍ത് യസീദ് ആര്‍ത്തവ കുളിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: 'വെള്ളവും താളിയും എടുക്കുക, നല്ലപോലെ വുദു ചെയ്ത് ശുദ്ധി വരുത്തുക, പിന്നെ തലയില്‍ വെള്ളം ഒഴിച്ച് തലമുടിയുടെ മുരടിലേക്ക് വെള്ളം എത്തുവോളം ശക്തിയായി ഉരക്കുക. അനന്തരം വെള്ളം ദേഹത്തില്‍ ഒഴിക്കുക. പിന്നെ കസ്തൂരി പുരട്ടിയ അല്പം പരുത്തിയെടുത്ത് അതുകൊണ്ട് വൃത്തി വരുത്തുക. അസ്മ (റ) ചോദിച്ചു: എങ്ങനെയാണ് അതുകൊണ്ട് വൃത്തി വരുത്തേണ്ടത്? നബി (സ) പറഞ്ഞു: സുബ്ഹാനല്ലാഹ് അതുകൊണ്ട് വൃത്തി വരുത്തുക തന്നെ. തദവസരം രഹസ്യമായിട്ടെന്നപോലെ ആയിശ (റ) പറഞ്ഞു: രക്തം വന്ന ഭാഗത്ത് അത് വയ്ക്കുക എന്ന്. പിന്നീട് അവര്‍ ജനാബത്തുകുളിയെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: വെള്ളമെടുത്ത് നല്ലവണ്ണം ശുദ്ധി വരുത്തുക. പിന്നീട് തലയില്‍ വെള്ളം ഒഴിച്ച് മുടിയുടെ കട വരെ വെള്ളം എത്തുവോളം ഉരയ്ക്കുക. അനന്തരം ദേഹത്തില്‍ വെള്ളമൊഴിക്കുക. ഇത്ര തവണ കുളിച്ച് ദേഹ ശുദ്ധി വരുത്തണം എന്ന് ഹദീസില്‍ എവിടെയും പറഞ്ഞിട്ടില്ല.