സിഗ്‌നല്‍ ഫാലിയ

ഹസ്‌ന യഹ് യ
ഡിസംബർ 2025

കാള്‍ കട്ട് ചെയ്യുമ്പോള്‍ കാവാ കഫെയുടെ പെയ്‌സ്ട്രീ കൗണ്ടറിന്റെ അരികിലായി കഫെയുടെ മുകളിലേക്ക് പടര്‍ന്ന എലന്തമരത്തിലെ കിളിക്കൂടിലേക്ക് ഏന്തി വലിഞ്ഞു എത്തിനോക്കുന്ന പെണ്‍കുട്ടിയുടെ ജട പിന്നിയ മുടിയില്‍ അവളുടെ കണ്ണുകള്‍ നീണ്ടു കൊളുത്തി.

വീക്കിലി ലൈഫ് സ്റ്റോറിയുടെ എഡിറ്റിങ്ങില്‍ ഷാമിനോടൊപ്പം കറക്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, 'നീറ്റ് ആയി കംപ്ലീറ്റ് ചെയ്യണേ ഡിയര്‍, ഞാന്‍ പൊക്കോട്ടെ' എന്നും പറഞ്ഞു അവന്റെ തലയില്‍ ഒന്ന് തലോടിയാണ് അവള്‍ ഇന്ത്യ വണ്‍ സ്റ്റുഡിയോയില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഓടിയത്. ബാബയുടെ മരണശേഷം പതിച്ചുകിട്ടിയതാണീ ഓട്ടം അവള്‍ക്ക്.

നാഹോര്‍ മെട്രോ സ്റ്റേഷനില്‍ നിന്നും ബാന്ധുപ്പിലോട്ട് പോകാന്‍ വേണ്ടി മെട്രോയില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ 'ഈ നഗരത്തിന് ഇതെന്തു പറ്റി ചിലയിടത്ത് ചാരം, ചിലയിടത്ത് പുക' എന്ന പരസ്യവാചകം കാതിലേക്ക് കടക്കുന്നേരം തന്നെ, ചുറ്റിലും പലയിടങ്ങളിലും പുകച്ചുരുളുകള്‍ നിറയുന്നതും തിക്കും തിരക്കും വേഗങ്ങളില്‍ മിന്നിമറയുന്ന പല മനുഷ്യ രൂപങ്ങളും!

അവള്‍ വല്ലാതെ അസ്വസ്ഥയായി. പുകയില്‍ സ്വയം മറക്കുന്നവരുടെ ശ്വാസോച്ഛ്വാസ ഗന്ധം പെട്ടെന്ന് മടുപ്പുളവാക്കും. അതില്‍ നിന്നും രക്ഷപ്പെടാന്‍ മൂക്ക് പൊത്തി എത്ര നേരം വേണമെങ്കിലും അവള്‍ പിടിച്ചു നില്‍ക്കും. വെന്തു പുകയുന്ന മനുഷ്യമാംസങ്ങളുടെ മണം എങ്ങനെയോ എപ്പോഴോ അവളനുഭവിച്ചതു പോലെ ഓക്കാനം വന്നു തികട്ടും.

കാണുന്നവരില്‍ വളരെ അപൂര്‍വം മുഖങ്ങളില്‍ മാത്രം ശാന്തത, പലരുടേയും തോളില്‍ മറ്റാരെയോ താങ്ങി നില്‍ക്കുന്ന ഭാവവും മൂക്ക് പൊത്തിയവള്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങാന്‍ നോക്കുമ്പോഴും കാഴ്ചകള്‍ ചിന്തയെ പുകച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആരോ ശക്തിയില്‍ അവളെ തള്ളി ഓടാന്‍ നോക്കി.

മെലിഞ്ഞു കൂര്‍ത്ത കൈമുട്ട് അവളുടെ നാഭിയില്‍ കുത്തി വേദനയെടുത്ത അവള്‍ 'ഔ' എന്ന ശബ്ദത്തോടെ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍, പാതി കീറിയ ഉടുപ്പിനുള്ളിലെ കൊച്ചു ശരീരം ഓടി മെറ്റല്‍ തൂണിന്റെ മറവിലേക്കു ഒളിക്കുന്നത് കണ്ടു. നെറ്റിയില്‍ നിന്നും കണ്ണിലേക്കുതിര്‍ന്നു കിടക്കുന്ന ചപ്രിച്ച മുടിയിഴകള്‍ക്കുള്ളിലൂടെ *ഹെയ്‌സല്‍ നിറത്തിലുള്ള രണ്ടു കണ്ണുകള്‍ കരയിലേക്കിട്ട മത്സ്യത്തെപ്പോലെ പിടക്കുന്നത് കണ്ട്, അവള്‍ക്കു പോകേണ്ടിയിരുന്ന ആ ട്രെയ്‌നില്‍ അവള്‍ കയറിയില്ല.

മെറ്റല്‍ തൂണിന്റെ പിറകില്‍ പതുങ്ങിനിന്ന ആ കൊച്ചു രൂപത്തിന്റെ തോളില്‍ അവള്‍ പതിയെ കൈവെച്ചു. 'എന്തു പറ്റി'യെന്ന് ആംഗ്യത്തില്‍ ചോദിച്ചു.

വിളര്‍ത്തു പൊട്ടിയ ചുണ്ടില്‍ ആ കുഞ്ഞു വിരലുകള്‍ കൊണ്ടു

ശ്.. ശ് എന്ന് പതിയെ ശബ്ദിച്ചു. 'ക്യാ ഹുവാ ബേഠി?, (എന്താ മോളേ), എന്തു പറ്റീ? നീ ഒറ്റയ്ക്കാണോ?' ആ കുഞ്ഞു തലയാട്ടി, 'മം' എന്നു മൂളി.

ഏകദേശം അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞ് പേടിച്ചു വിക്കി വിക്കി പറഞ്ഞു 'മേം.. ജൂഹീ ഹൂം, മേരീ...ഘര്‍ ബഹുത്...ദൂര്‍ ഹെ'

അവള്‍ ജൂഹിയാണെന്നും വീട് ദൂരെയാണെന്നും പറയുമ്പോള്‍, കുഞ്ഞുടുപ്പിന്റെ അറ്റത്ത് കുഞ്ഞിക്കൈകള്‍ തിരിപ്പിടിച്ചുകൊണ്ടിരുന്നു. തന്റെ കൈയിലുള്ള ബാഗില്‍ നിന്നും, പുതുതായി വാങ്ങിച്ച നീല ചുങ്കിടി ഷാള്‍ അവള്‍ ജൂഹിയെ പുതപ്പിച്ചുകൊണ്ടു പറഞ്ഞു:

'നോക്കൂ മോളേ, ഞാന്‍ സഹ്റ ആലം.. പേടിക്കേണ്ടാട്ടോ, മോളെങ്ങനെയാ ഇവിടെ എത്തിയത്? ആരാ കൊണ്ടുവന്നേ?

കുട്ടി ഭയപ്പാടോടെ ചുറ്റും നോക്കി, അവള്‍ക്കരികിലേക്ക് എത്തുന്ന ആരോ അവളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. അവള്‍ക്ക് അച്ഛനില്ലെന്നും അമ്മ ദൂരെ പണിക്ക് പോയപ്പോള്‍ ഏതോ ഒരു മാമ അവളെ ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും പറഞ്ഞു. ഇവിടെ വന്നു അയാള്‍ അവളെ അടിച്ചും പൊള്ളിച്ചും പിച്ച തെണ്ടിക്കുവാണെന്നും രാത്രിയില്‍ മാത്രം കുറച്ചു റൊട്ടി കൊടുക്കുമെന്നും അല്ലാത്ത സമയമെല്ലാം പട്ടിണിക്കിടുമെന്നും വലിയ കാറുള്ള ആളുകള്‍ പോയി വരുന്ന സ്ഥലങ്ങളിലും റോഡിലെ സിഗ്‌നലുകളിലും കൊണ്ടിരുത്തി പണം ചോദിച്ചു മേടിപ്പിക്കുമെന്നും അവള്‍ വിക്കിയും വിതുമ്പിയും പേടിച്ചും പറയുന്നത് കേട്ടപ്പോള്‍ അവളുടെ കൈ കാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടു. വാടിയ പുഷ്പം കണക്കെ അവള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.

തന്റെ കൈയിലുള്ള വാട്ടര്‍ ബോട്ടില്‍ തുറന്നു അവള്‍ക്കു കുടിക്കാന്‍ കൊടുത്തു. കുട്ടിയെ എങ്ങനെയെങ്കിലും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റാന്‍ അവള്‍ തത്രപ്പെട്ടു.

അവിടെനിന്ന് സിറ്റിയിലുള്ള ശാന്തമായ കാവാ കഫേയിലേക്ക് മടിച്ചു മടിച്ചാണ് സഹ്റയുടെ വിരലില്‍ പിടിച്ചു ജൂഹി നടന്നത്. നനവുള്ള കുഞ്ഞിക്കൈകളിലെ വഴുവഴുപ്പ് അവളുടെ വിരലുകളില്‍ പറ്റി.

കഫെയില്‍ എത്തിയപ്പോള്‍ ജൂഹിയുടെ മിഴികള്‍ ആശ്ചര്യത്താല്‍ വിടര്‍ന്നു, ഒരു സൂര്യോദയം പോലെ!

അവള്‍ക്കുള്ള കേക്കും പെയ്‌സ്ട്രിയും ഓറഞ്ച് ജ്യൂസും ഓര്‍ഡര്‍ കൊടുത്താണ് സഹ്റ തന്റെ ആത്മമിത്രത്തെ വിളിച്ചതും കുട്ടിയെ കണ്ട കാര്യം പറഞ്ഞതും. ഈ സമയം  ആ കുഞ്ഞ് ഇലന്തമരക്കൂട്ടിലെ അമ്മക്കിളിയോട് കൊഞ്ചാന്‍ തുടങ്ങിയിരുന്നു. അതൊരു നല്ല ഭംഗിയുള്ള ഫ്രെയിം ആണെന്ന് അവള്‍ക്കു തോന്നി, 'വേണ്ട അവളുടെ സ്റ്റോറി എന്തു തന്നെയാകട്ടെ അതു തന്റെ പ്രൊജക്റ്റില്‍ വരേണ്ട, എല്ലാം കാഴ്ചക്കാര്‍ക്ക് കൊത്തി വലിക്കാനുള്ളതാകരുതല്ലോ, വൈറല്‍ ആകാനും ആക്കാനും മത്സരിക്കുന്ന കെട്ട കാലത്തിന്റെ മുഖമാകരുത് അവള്‍!' അങ്ങനെ സ്വയം ചിന്തിച്ചുകൊണ്ടവള്‍ ഓര്‍ഡര്‍ എത്തും മുമ്പ്, ജൂഹിയുടെ അടുത്തു ചെന്നു അവളെ പൊതിഞ്ഞ നീല ചുങ്കിടിഷാള്‍ ഒന്നു കൂടെ വരിഞ്ഞു പൊതിഞ്ഞു കൊണ്ടവളെ ചേര്‍ത്തു പിടിച്ചു.

അവളുടെ കണ്ണുകളിലെ ഭയം അപ്പോഴും പൂര്‍ണമായും നീങ്ങിയിരുന്നില്ല. കഫെക്കുള്ളിലെ തണുപ്പില്‍ ആ കുഞ്ഞുദേഹം അവളുടെ ഉടലിനോട് ഒട്ടി നിന്നു. പതിയെ അവളെയും കൊണ്ടു വാഷ് ബേസിന്റെ അടുത്തേക്ക് ചെന്നു, കൈ കഴുകിക്കാന്‍ നേരം, പൊള്ളലേറ്റു പൊട്ടിയ കൈത്തണ്ടയില്‍ സഹ്റ അറിയാതെ പിടിച്ചതും കുഞ്ഞു കൈ വലിച്ചു തല കുടഞ്ഞു.

അവളുടെ വിരലുകളും നഖങ്ങളും അഴുക്ക് പുരണ്ട് ഉണങ്ങിയിരുന്നു. കൈയും മുഖവും അവിടെയുള്ള ഹാന്‍ഡ് വാഷ് കൊണ്ടു കഴുകിക്കൊടുത്തു അവള്‍. കേക്കും ജ്യൂസും കൊണ്ടുവന്നപ്പോള്‍, കുട്ടിയെ കഫെയിലെ നീല സോഫയില്‍ ഇരുത്തി കഴിക്കാന്‍ പറഞ്ഞു. കേക്ക് എടുക്കണോ വേണ്ടയോ എന്ന സന്ദേഹം അവളുടെ കണ്ണുകളില്‍ കണ്ട സഹ്റ അതില്‍ നിന്നും ഒരു പീസ് എടുത്ത് വായില്‍ വെച്ചു കൊടുത്തു.

ഒരാള്‍ക്കുള്ളിലെ സ്‌നേഹം അകമഴിഞ്ഞ് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് ഭക്ഷണം, അതു വാത്സല്യത്തോടെ ഊട്ടുക എന്നത് ഹൃദയം കവരാനുള്ള വഴിയാണെന്ന്, എപ്പോഴും ഉമ്മി പറയാറുള്ളത് സഹ്റ ഓര്‍ത്തു.

കഫെക്കുള്ളിലെ പേപ്പര്‍ ലാണ്ടേണ്‍ വെളിച്ചം, കുഞ്ഞിന്റെ കണ്ണുകളില്‍ ജ്വലിച്ചു. ആര്‍ത്തിയോടെ അവള്‍ പാസ്ട്രിയും ജ്യൂസും കഴിക്കുന്നത് കണ്ടു സഹ്റയുടെ ചങ്ക് പിടഞ്ഞു.

അവള്‍ ജൂഹിയോട് വീട്ടിലേക്കു പോകേണ്ടേ എന്നു ചോദിച്ചു, 'മം' എന്നു മൂളി ജൂഹി ജനാല വഴി പുറത്തേക്ക് നോക്കിയിരുന്നു.

ആ നോക്കിയിരിപ്പ് തന്റെ ഫോണിലെ ക്യാമറയില്‍ പകര്‍ത്തി അവള്‍. സംസാരത്തിനിടെ അവളുടെ ആത്മമിത്രത്തിനു വാട്‌സ് ആപ്പില്‍ അയച്ചു കൊടുത്തു.

'എനിക്കറിയില്ലെടാ, എന്തു പറയണമെന്ന്. നീ എന്തു ചെയ്താലും അത് പിഴക്കാറില്ലല്ലോ'.

'ഓക്കെ പെണ്ണേ, എങ്കില്‍ നോക്കട്ടെ, നീ പറഞ്ഞത് പോലെ പെട്ടെന്ന് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട അല്ലേ, ശരി ഞാന്‍ വിളിക്കാം'.

സഹ്റയുടെ ഫോണ്‍ കട്ട് ചെയ്തതിനു ശേഷം ആശങ്കയില്‍ ഇരിക്കുകയായിരുന്നു ദീപിക. സഹ്‌റയെ ഇനിയും പരീക്ഷിക്കരുതേ എന്നു മനസ്സാല്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോണില്‍ മെസ്സേജിന്റെ ബീപ് ശബ്ദം കേട്ട് അവള്‍ വാട്‌സ് ആപ് തുറന്നത്, സഹ്റ അയച്ച ഫോട്ടോ കണ്ട് ആ കുഞ്ഞിന്റെ ചിത്രത്തിലേക്ക് അവള്‍ നോക്കിയിരുന്നു. 'ശരിയാണ് അവള്‍ പറഞ്ഞത്. നല്ല ഓമനത്വമുള്ള പൂ പോലുള്ള മോള്, എങ്ങനെ ആ ദ്രോഹികളുടെ ഇടയിലേക്ക് വീണ്ടും ഈ കുഞ്ഞിനെ അവള്‍ ഇട്ടു കൊടുക്കും' - ദീപിക ആലോചിച്ചു.

അവള്‍ തിരിച്ചു മെസ്സേജ് ചെയ്തു 'നിന്റെ തീരുമാനം എന്തായാലും ഞാന്‍ നിന്റെ കൂടെയുണ്ട് ഡിയര്‍'.

മെസ്സേജ് കണ്ടതും ജൂഹിയുടെ കൈകളില്‍ മുറുകെപിടിച്ചവള്‍ വേഗത്തില്‍ മെട്രോ സ്റ്റേഷനില്‍ തിരിച്ചെത്തി,

തന്റെ തട്ടം കൊണ്ട് കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചവള്‍ ട്രെയിനില്‍ കയറി, ചുറ്റിലും ഇടയ്ക്കിടെ നോക്കി ആരും തന്നെ പിന്തുടരുന്നില്ലല്ലോ എന്നുറപ്പു വരുത്തി. ആ കുട്ടിയും ഭയം കൊണ്ടരണ്ട മുഖത്തോടെ തിരിഞ്ഞും മറിഞ്ഞും നോക്കി.

നാഹോറില്‍ നിന്നും ബാന്ധുപ്പ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുഞ്ഞിനെയുമെടുത്തു അവള്‍ ഇടംവലം നോക്കി നോക്കിയിറങ്ങി.

'ഇല്ല ആരുമില്ല'- ആശ്വാസത്തിന്റെ നെടുവീര്‍പ്പില്‍ അവളൊന്ന് കുതിര്‍ന്നു.

പഴകിക്ഷീണിച്ച തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ മുമ്പില്‍ തഴച്ചു തൂങ്ങി കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പുണ്യമായ ആല്‍മരത്തിനടിയില്‍ അല്പനേരം കിതപ്പാറ്റി നിന്നു. പക്ഷികള്‍ പലതും കൂടണയുന്ന സമയമായിരുന്നു അത്.

അമ്മക്കിളികള്‍ കുഞ്ഞു കിളികള്‍ കൂടുകളില്‍ ഭദ്രമല്ലേയെന്നു കൂട്ടിലേക്കു തലയിട്ട് നോക്കുന്നുണ്ട്...

ഒരു കൂട്ടം കടല്‍കാക്കകള്‍ മാനത്തു ഒന്നിച്ചു ഒരു വില്ലുപോലെ ചിറകുകള്‍ കൂട്ടിമുട്ടാതെ പറക്കുന്നത് ജൂഹിക്കവള്‍ കാണിച്ചു കൊടുത്തു. ഒരുമയുടെ അഴകാര്‍ന്ന വില്ല്!

ആ തണല്‍കാറ്റേറ്റു കൊണ്ടങ്ങനെ നിന്ന ശേഷമാണ് കുട്ടിയേയുംകൊണ്ട് അവള്‍ പടികള്‍ കയറിയത്.

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട്, അടുക്കളയില്‍ ആലുപൊറാട്ട ചുടുന്ന ചട്ടുകവും പിടിച്ചു ആയിഷ ബീഗം ഉറക്കെപറഞ്ഞു, അരേ, രൂഖോ, ആ രഹീ ഹൂം, നില്ല്...

ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ത്തിപ്പിടിച്ചിരുന്ന കൈ എടുത്തുകൊണ്ട് സഹ്റ ജൂഹിയെ നോക്കി നുണക്കുഴിയോടെ കണ്ണിറുക്കി ചിരിച്ചു.

ആ കുഞ്ഞു മിഴിക്കോണുകളില്‍ അതു പരന്നു.

അവരുടെ രണ്ടു ഹൃദയമിടിപ്പിക്കുകള്‍ക്കിടയിലൂടെ വാതില്‍ തുറക്കപ്പെട്ടു.' സാറൂ എന്തായിത്, നീ ചെറിയ കുട്ടികളെപ്പോലെ എന്നും പറഞ്ഞു വഴക്കു പറയാന്‍ നിന്ന ആയിഷ ബീഗത്തിന്റെ കണ്ണുകളില്‍ ഒരു ചോദ്യചിഹ്നം കൊളുത്തിട്ടു? അടുത്ത് ചാരി വെച്ചിരുന്ന ഷൂ റാക്കില്‍ പിടിച്ചു അവര്‍ നിന്നു,

'യെ, ചോട്ടീ ബച്ചീ... ഇതാരാ?

ജൂഹിയേയും തന്റെ മകളേയും മാറി മാറി നോക്കി കൊണ്ട് അടുപ്പിലെ ചൂടേറ്റു ചുവന്ന അവരുടെ മുഖം, യാ അല്ലാഹ്'

എന്നും പറഞ്ഞു തന്റെ ദുപ്പട്ടകൊണ്ട് തുടച്ചു, രണ്ടുപേരേയും ധൃതിയില്‍ അകത്തേക്ക് കൂട്ടി കതകടച്ചു.

സഹ്റ തന്റെ ബാഗ് സോഫയിലേക്ക് ഇട്ടു അതിലേക്ക് മറിഞ്ഞു വീണു. കൂടെ ജൂഹിയേയും കിടത്തി.

ഉമ്മീ, ഞാന്‍ എല്ലാം പറയാം. ഇപ്പോ ഒന്നും ചോദിക്കല്ലേ, 'ഭാഭി' എവിടെ'? എന്തോ അവള്‍ പറയാന്‍ വന്നത് വിഴുങ്ങിക്കൊണ്ട് പറഞ്ഞു 'അല്ലെങ്കി വേണ്ട ഞാന്‍ ഇവളെ ഒന്ന് കുളിപ്പിച്ചു വൃത്തിയാക്കട്ടെ ആദ്യം'.

ആ കുഞ്ഞിന്റെ കണ്ണുകളിലൂടെ ആയിഷ ബീഗമിന്റെ ഓര്‍മകള്‍ മാറി മറിഞ്ഞു. ഒരു കത്തിവെന്ത കൈപ്പത്തി വന്നു വീണു അവരുടെ ഹൃദയാഴങ്ങളില്‍ കിടന്നു പുകഞ്ഞു. വെന്തുകരിഞ്ഞ മനുഷ്യശരീരങ്ങളുടെ മണം... മനം പുരട്ടി വീണ്ടും.

ലക്നോയില്‍ താമസിച്ചിരുന്ന കാലം. അവിടെ നിന്നും മകന്‍ അമീറിന്റെ നവ വധുവുമായി അഹമ്മദാബാദിലെ ബന്ധുക്കളെ കാണാന്‍ വേണ്ടി ലക്‌നോയില്‍ നിന്നും ആയിഷ ബീഗവും ഭര്‍ത്താവ് നസ്രാന്‍ ആലമും മകന്‍ അമീര്‍ ആലമും മരുമകള്‍ സൂഫിയാ ബാനുവും അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്, ഇരുപത് വര്‍ഷം മുമ്പത്തെ ഒരു രാത്രിയില്‍ ആണ്.

പകലിന്റെ ചൂര് മുഴുവനായും രാത്രിയുടെ ഇരുട്ടില്‍ അമര്‍ന്നിരുന്നു. പേടിപ്പിക്കുന്ന നിഴലുകള്‍ ട്രെയിനിന്റെ ജനാലകള്‍ വഴി ഓടി മറഞ്ഞു. യാത്ര തുടങ്ങിയത് മുതല്‍ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. വണ്ടി പല സ്റ്റേഷനുകളിലും നിര്‍ത്തുമ്പോള്‍ തങ്ങളുടെ തൊട്ട ബോഗിയില്‍ ഉണ്ടായിരുന്ന ചിലര്‍ വളരെ അക്രമാസക്തരായി പലതും പുലമ്പുകയും ആരെയൊക്കെയോ ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടു അവര്‍ വല്ലാതെ പേടിച്ചു. വെളിച്ചം നന്നേ കുറഞ്ഞിരുന്ന ഭാഗങ്ങളില്‍ ശൂലവുമായി തെന്നി മാറുന്ന കറുത്ത നിഴലുകള്‍. 'മുല്ലാക്കോ മാരോ, മുസല്‍മാന്‍ കോ മാരോ'....

കൊലവിളി അട്ടഹാസങ്ങള്‍ കാതുകളടച്ചുകളയും വിധം ഇരുട്ടില്‍ മുഴങ്ങിനിന്നു. കുറേ നേരം കഴിഞ്ഞു ജനല്‍ വഴി ഒഴുകിയെത്തിയ ഒരു വെളിച്ചക്കീറു അവരുടെ ബോഗിയെ ശാന്തമാക്കി, രാവിലെ തെളിഞ്ഞു വന്നു. ഗോദ്രയില്‍ വണ്ടി നിറുത്തി, കാപ്പി മേടിക്കാന്‍ വേണ്ടി അമീര്‍ സ്റ്റേഷനില്‍ ഇറങ്ങി. വണ്ടി എടുക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ കാപ്പിയുംകൊണ്ട് ഓടിക്കയറി, ഫ്‌ളാസ്‌ക് അവന്റെ പ്രിയതമയുടെ കൈയില്‍ കൊടുത്തു, വിരല്‍തുമ്പാല്‍ തന്റെ പ്രണയസ്പര്‍ശം കൈമാറി ഒന്ന് പുഞ്ചിരിച്ചു. തെളിമയാര്‍ന്ന അവന്റെ ചിരിയില്‍, രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതിരുന്ന പരിഭ്രാന്തിയില്‍ പതറിയ തന്റെ കണ്ണുകള്‍ അവള്‍ തുറന്നു. അവന്റെ നിശ്വാസം അവളുടെ കവിളുകളെ ഒന്നു തൊട്ടു. അവളുടെ മുഖം ചുവന്ന ഇതളുകളായി.

വണ്ടി കുറച്ചു ദൂരം ഓടിത്തുടങ്ങിയ നേരം പെട്ടെന്ന് നിന്നു. വീണ്ടും അവിടെ സംഘര്‍ഷഭരിതമായ ഒച്ചകള്‍ നിറയുന്നത് അവരറിഞ്ഞു. തൊട്ട കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുക ഉയര്‍ന്നു പൊങ്ങി, പൊടുന്നനെ!

അധിക സമയം വേണ്ടി വന്നില്ല ആ ബോഗി ആളിക്കത്താന്‍ തുടങ്ങി, അതില്‍ പകച്ചു പോയ അമീറും മറ്റും വണ്ടിയില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ നോക്കുന്നതിനിടയ്ക്ക് അവരുടെ ബോഗിയും തീ നാക്ക് തട്ടി! അതു കത്താന്‍ തുടങ്ങിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ചാടി ഇറങ്ങുമ്പോള്‍ സ്റ്റേഷന്റെയും ട്രെയിനിന്റെയും ഇടുക്കിലേക്ക് വീണ് ആയിഷ ബീവിയുടെ നട്ടെല്ലു പൊട്ടുമ്പോലെ അവര്‍ ആര്‍ത്തുകരഞ്ഞു. നസ്രാന്‍ ആലം അതിനിടയില്‍ നിന്നും കഠിനശ്രമങ്ങള്‍ കൊണ്ട് സ്വന്തം പാതിയെ വലിച്ചു പുറത്തേക്കിട്ടു. ചുറ്റുപാടുകള്‍ വിറങ്ങലിപ്പിക്കുന്ന നിലവിളികളാല്‍ നിറഞ്ഞു. തൊട്ടുള്ള ബോഗിയുടെ ഉരുകുന്ന കമ്പിയില്‍ ഒട്ടിപ്പിടിച്ച സ്ത്രീയില്‍ നിന്നും ഒരു കുഞ്ഞു മോള് തെറിച്ചു താഴെ കിടന്നിരുന്ന സൂഫിയാ ബാനുവിന്റെ വയറോരം വന്നു വീണു. ആ കുഞ്ഞിനേയും അവളേയും അമീര്‍ പുറത്തേക്കു ഉരുട്ടിത്തള്ളിയിട്ടു. അപ്പോഴേക്കും അവരുടെ കമ്പാര്‍ട്ട്‌മെന്റ് മറിഞ്ഞു തുടങ്ങി, തീ വിഴുങ്ങാനും! തന്റെ പ്രിയതമന്റെ അലര്‍ച്ച കേട്ടത് തിരിഞ്ഞു നോക്കുമ്പോഴേക്കും അവന്റെ ശരീരം നിന്നു കത്തുകയായിരുന്നു. അവന്റെ കരിഞ്ഞ കൈ പത്തി സ്വന്തം ഉമ്മയുടെയും പ്രിയതമ സൂഫിയയുടേയും അരികിലേക്ക് വന്നു വീണു. സൂഫിയയുടെ കണ്ണുകള്‍ അടഞ്ഞു ബോധം മറഞ്ഞു.

സാധാരണ തുടങ്ങിയ ഒരു യാത്ര, ജീവിതം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കാതെ നീറ്റുമെന്ന് അവര്‍ നിനച്ചതു പോലുമില്ല.

വെന്തുരുകുന്ന മകന്റെ ശരീരം നോക്കി ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവര്‍ മരവിച്ചു പോയി. ചുറ്റിലും ചിതറിക്കിടക്കുന്ന മനുഷ്യ ശരീരങ്ങള്‍, പലരുടേയും പൊട്ടും പൊടിയും പോലും കിട്ടാതെ! താനേ തീ പടര്‍ന്നതോ അതോ മുന്നേകൂട്ടി തീരുമാനിച്ചതോ വല്ലവരും? അതുമല്ലെങ്കില്‍ സ്വയമാരെങ്കിലും? സത്യമിപ്പോഴും ആ പുകമറക്കുള്ളില്‍ തന്നെ!

ആയിഷാ ബീഗമിനെ ഉണര്‍ത്തിക്കൊണ്ട് സഹ്റയുടെ വിളി, 'ദെന്താ ഉമ്മീ, ഇങ്ങനെ വീട്ടിലേക്കു ഒരു കൊച്ചു വന്നിട്ട്, ഒരു കപ്പ് കാപ്പി പോലും കൊടുക്കുന്നില്ലല്ലോ? ഉമ്മയെ പിറകില്‍ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ ചോദിക്കുമ്പോള്‍, അവളുടെ പിറകിലായി അവളുടെ കുഞ്ഞിലെ ഉടുപ്പണിയിപ്പിച്ചു കുളിപ്പിച്ചു സുന്ദരിയായെത്തിയ പേരറിയാത്ത ഒരു സുന്ദരി പൂവ് വിടര്‍ന്നത് പോലെ പുഞ്ചിരിക്കുന്ന കുട്ടിയുടെ മുഖം കണ്ടു ആയിഷാ ബീഗമിന്റെ സങ്കടം നിറഞ്ഞ കണ്ണുകളില്‍ വാത്സല്യത്തിന്റെ ആര്‍ദ്രത തുളുമ്പി, ജൂഹിയെ വാരിയെടുത്തു നിറയെ മുത്തം നല്‍കി, കുറേ നേരം അവിടം സന്തോഷവും സങ്കടവും കൂടിക്കലര്‍ന്ന മൂകമായൊരു നിലാവ് പരന്നു. കുളിച്ചു വൃത്തിയായപ്പോള്‍ തന്നെ ആ കുഞ്ഞിന്റെ ദേഹം ഒരു കുഞ്ഞു നക്ഷത്രം പോലെ തിളങ്ങി.

തൊട്ടുള്ള മുറിയില്‍ നിന്നും ഒഴുകിയെത്തിയ പുകക്ക് ഊദിന്റെ ഗന്ധം ഉണ്ടായിരുന്നു. ജൂഹിയെ എടുത്തു സഹ്റ ആ ഊദിന്റ മണമുള്ള മുറിയിലേക്ക് ചെന്നു, ചാരി വെച്ച കതക് പതിയെ തുറന്നു. മുനിഞ്ഞു കത്തുന്ന ഒരിളം പച്ച പ്രകാശത്തില്‍ വെളുത്ത കുപ്പായത്തില്‍ ഒരാള്‍ *സുജൂദില്‍ കിടക്കുന്നു.

ചുവരില്‍ ഫ്രെയിമിട്ട ഫോട്ടോക്കുള്ളില്‍ ധീരനായ ഒരു യുവാവിന്റെ മുഖം, ചിരിക്കുന്നെന്നു തോന്നും. അതിനു തൊട്ട് തന്നെ ഒരൊറ്റ ചെരിപ്പ് പാതിയില്‍ കരിഞ്ഞത് ആണിയില്‍ കോര്‍ത്തിട്ടിരിക്കുന്നു.

സഹ്റ, *സൂജൂദില്‍ കിടന്ന ആ ശരീരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വളരെ നിസ്സംഗമായ ആ മുഖം എവിടേയും നോക്കാതെ താഴ്ന്നു തന്നെയിരുന്നു. അവള്‍ ലൈറ്റ് ഇട്ടു. അവിടെ വെട്ടം വീണപ്പോള്‍ വെള്ളപുതച്ച സ്ത്രീ തന്റെ തട്ടംകൊണ്ടു മുഖം ഇറുക്കിമറച്ചു.

'ഭാഭീ, ഇങ്ങോട്ട് നോക്ക്യേ, ഒരാള്‍ ഭാഭിയെ കാണാന്‍ വന്നിരിക്കുന്നത് കണ്ടോ'

അപ്പോഴും പ്രതികരണശേഷിയില്ലാതെ അവര് അങ്ങനെ ഇരുന്നു.

അവള്‍ ചോദിച്ചുകൊണ്ടിരിക്കെ തന്റെ ദുപ്പട്ടയില്‍ പിടിച്ചു നിന്നിരുന്ന ജൂഹി മുന്‍പോട്ട് വന്നു കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെ കൈകളില്‍ തൊട്ടു. ഒരാത്മീയസ്പര്‍ശം പോലെ കാലങ്ങള്‍ക്കു ശേഷം അവള്‍ ആദ്യമായി ഒരാളുടെ മുഖത്തേക്ക് നോക്കി. കുട്ടിയുടെ മുഖം അവളില്‍ അണയാതെ കിടന്ന ഒരു തീപ്പൊരിയില്‍കൊണ്ടു, തനിക്ക് രക്ഷിക്കാനാകാതെ പോയല്ലോ എന്നോര്‍ത്തിരിക്കുന്ന, അവസാനമായി തന്റെ ഓര്‍മയുടെ മടിയില്‍ വന്നു വീണ ആ കുരുന്നിന്റെ കണ്ണുകളും തന്റെ മുന്നില്‍ നില്‍ക്കുന്ന കുഞ്ഞിന്റെ കണ്ണുകളും തമ്മിലുള്ള ഭയപ്പെടുത്തുന്ന സാദൃശ്യം! അവക്കിടയിലൂടെ ഒരു കത്തിയാളുന്ന തീവണ്ടി ചീറിപ്പാഞ്ഞു.

ജൂഹി വീണ്ടും അടുത്തേക്ക് നീങ്ങി 'മാ..' എന്നു അറിയാതെ വിളിച്ചു. അതുവരെ ഇളകാത്ത തന്റെ ഉള്ളും ഉടലും ഇണങ്ങിപ്പാടരാന്‍ കൊതിക്കുന്നതും, തന്റെ കൈകള്‍ കൊണ്ട് കുട്ടിയെ പുണര്‍ന്നതും, ഒരിളം ചൂട് തന്നിലേക്ക് അരിക്കുന്നതും അവള്‍ അറിഞ്ഞു. ജൂഹിയുടെ ഓരോ ചലനങ്ങളും നോട്ടങ്ങളും അവളുടെ മുറിവുകളെ ഉണക്കികൊണ്ടിരുന്നു.

അവളുടെ കണ്ണുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം സജലമായി.

ഒരു അണക്കെട്ട് തുറന്നു വിട്ടതുപോലെ മുഖം പരന്നൊഴുകുന്ന കണ്ണുനീര്‍ കണ്ടു ആയിഷ ബീഗം വിങ്ങിപ്പൊട്ടി.

മകന്‍ പോയതിനു ശേഷം ആദ്യമായാണ് സൂഫി കരയുന്നത്,

'സൂഫീ... മേരാ ബേഠാ'...

എന്നും പറഞ്ഞു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവര്‍ ഉരുകിയലിഞ്ഞു. അത്രയും കാലം അവളെ പൊള്ളലേല്‍പ്പിച്ച ഓര്‍മകളില്‍ നിന്നും ഒരലര്‍ച്ച പുറത്തേക്കു വന്നു 'ഉമ്മീ' എന്നുള്ള വിളിയും.

'ഹൃദയംകൊണ്ട പിടച്ചിലും പേടിയും കുറ്റബോധവും കൂടെ കുറേനാള്‍ ഒരാളും കൊണ്ടു നടക്കരുന്നും, മരവിപ്പിലേക്ക് നെരിപ്പോടാകാന്‍ ആരുമില്ലെങ്കില്‍ അനക്കമറ്റു പോകുമെന്നും' സഹ്റ ഉള്ളാല്‍ പറഞ്ഞു.

സൂഫിയയില്‍ മാഞ്ഞുപോയ സന്തോഷം ഒളിമങ്ങി.

'ജൂഹി' ഒരു പൂക്കാലം കൊണ്ടുവന്നതു പോലെ!

സഹ്റ ആ കുഞ്ഞു മോളെ നെഞ്ചോട് ചേര്‍ത്തു കെട്ടിപ്പിടിച്ചു.

ഒരായുസ്സിന്റെ സങ്കടം എടുത്തണിഞ്ഞ വേദനയുടെ കുപ്പായകുടുക്കുകള്‍ ഊരിയാണ് ആ കുഞ്ഞു ഹൃദയം സൂഫിയയുടെ നെഞ്ചിലൊട്ടിയത്, പൊള്ളലേറ്റ മനസ്സിന്റെ അറകള്‍ സ്‌നേഹത്തിന്റെ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്നു....

വാസന്ത പുലര്‍ വെളിച്ചം ഇരുളിനെ ഭേദിച്ചു പരന്നു.

 

 

 

*ഹെയ്സല്‍ - ഉദയസൂര്യന്റെ നിറം.

*സുജൂദ് - സാഷ്ടാംഗം.

 

വര: നൗഫാൻ മുതിരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media