പങ്കാളിയുടെ
ആത്മവിശ്വാസം
തകര്‍ത്തു കളയുകയും
പങ്കാളി ചിന്തിക്കുന്നതൊക്കെ
തെറ്റാണ് എന്ന്
സ്ഥാപിക്കുകയും
ചെയ്യുന്നവരുണ്ട്.
ഇവരോട് വാക്കു തര്‍ക്കം
നടത്താന്‍ ശ്രമിക്കുന്നതും
കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും ഗുണത്തേക്കാള്‍
ദോഷം ചെയ്‌തേക്കാം.
ഇങ്ങനെയുള്ള വ്യക്തികളില്‍ നിന്നും വൈകാരികമായി
അകന്നു നില്‍ക്കുക
എന്നതാണ് മനസ്സ് തകര്‍ന്നു
പോകാതിരിക്കാന്‍
ചെയ്യേണ്ടത്.
''നീ ഓവര്‍ റിയാക്ട് ചെയ്യുകയാണ്''ഫാമിലി കൗണ്‍സലിംഗ് സെഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു ഡയലോഗ് ആണിത്. ''എന്നെയാണ് എപ്പോഴും കുറ്റപ്പെടുത്തുന്നത് ഇനി ഞാന്‍ തന്നെയാണോ പ്രശ്‌നം'' ഇതും സ്ഥിരം പല്ലവി തന്നെ.
നിങ്ങള്‍ വളരെ വൈകാരികമായി ഇരിക്കുന്ന സമയത്ത് സ്വന്തം ഷര്‍ട്ടിനെക്കുറിച്ചോ ഷാംപൂവിനെ കുറിച്ചോ ആണോ നിങ്ങളുടെ ജീവിതപങ്കാളി പറയുന്നത്, നിങ്ങളെ പാര്‍ട്ടികളില്‍ ഒറ്റയ്ക്ക് ആക്കി പോകുന്നുണ്ടോ, എങ്കില്‍ തിരിച്ചറിയാം ജീവിക്കുന്നത് ഒരു നാര്‍സിസിസ്റ്റിനോടൊപ്പമാണെന്ന്. നാര്‍സിസിസ്റ്റ് ആയ വ്യക്തിയുടെ പങ്കാളിയായി ജീവിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന മാനസിക വിഷമങ്ങള്‍ ഒട്ടും ചെറുതല്ല. പങ്കാളിയെ എപ്പോഴും നിയന്ത്രണത്തില്‍ ആക്കി വയ്ക്കുകയും, പല കൗശലങ്ങളിലൂടെ പങ്കാളി അവര്‍ക്ക് അടിമപ്പെട്ട് മുന്നോട്ടുപോകും വിധം മാറ്റിയെടുക്കുകയും ചെയ്യുന്ന രീതി ഇവരില്‍ കാണാം. മറ്റെന്തിനേക്കാളും കൂടുതല്‍, സ്വയം സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും കുറ്റങ്ങളും കുറവുകളും തനിക്കില്ലെന്നും ഇവര്‍ വിശ്വസിക്കും. പെരുമാറ്റത്തിലും സംസാരത്തിലും എല്ലാം ഈ മനോഭാവം കാണാം. താനൊരു മഹാനാണെന്നും ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നത് തന്നെയാണെന്നും വീമ്പ് പറഞ്ഞു നടക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഇത്തരക്കാരുടെ പങ്കാളികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കും. പങ്കുവെക്കലുകള്‍ അവരുടെ ചിന്തയില്‍ പോലും ഉണ്ടാകില്ല. ഇവരൊരിക്കലും പങ്കാളിക്ക് പരിഗണന നല്‍കുകയുമില്ല.
പങ്കാളിയുടെ ആത്മവിശ്വാസം തകര്‍ത്തു കളയുകയും പങ്കാളി ചിന്തിക്കുന്നതൊക്കെ തെറ്റാണ് എന്ന് സ്ഥാപിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. ഇവരോട് വാക്കു തര്‍ക്കം നടത്താന്‍ ശ്രമിക്കുന്നതും കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്‌തേക്കാം. ഇങ്ങനെയുള്ള വ്യക്തികളില്‍ നിന്നും വൈകാരികമായി അകന്നു നില്‍ക്കുക എന്നതാണ് മനസ്സ് തകര്‍ന്നു പോകാതിരിക്കാന്‍ ചെയ്യേണ്ടത്. സാധാരണയായി നാം സെല്‍ഫിഷാണെന്ന് ചിലരെ പറ്റി പറയാറുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഉള്ളവര്‍. സ്വാര്‍ഥതയും അനുകമ്പ ഇല്ലായ്മയും സ്വഭാവരീതിയായി മാറുകയും ഇത് എല്ലാ സാഹചര്യങ്ങളിലും പ്രകടമാകുകയും ചെയ്യുമ്പോള്‍, നാര്‍സിസ്റ്റിക് ആയ വ്യക്തിയുടെ പങ്കാളികളില്‍ ഉത്കണ്ഠ, വിഷാദം, സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്.
വിവാഹത്തിനു മുന്‍പ് നല്ല രീതിയില്‍ പെരുമാറുകയും ശേഷം 'ശരീരം കാണാന്‍ ഭംഗിയില്ല, കളറില്ല, എനിക്ക് ചേര്‍ന്നതല്ല' എന്നൊക്കെ പറഞ്ഞു ദിവസവും മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന ഭര്‍ത്താവില്‍ നിന്നും പത്തുവര്‍ഷത്തോളമായി പരാതികള്‍ കേള്‍ക്കേണ്ടിവന്ന ഒരു ഭാര്യ കൗണ്‍സലിങ്ങിന് വന്നിരുന്നു. കുട്ടികളെ മാത്രം ആലോചിച്ചാണ് പിടിച്ചുനില്‍ക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. രണ്ടാമത് ഗര്‍ഭിണിയായതിന് 'നീ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ' എന്ന് കുറ്റപ്പെടുത്തി രംഗമൊഴിഞ്ഞ ഭര്‍ത്താവ് തനിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാത്തതിന്റെ പേരില്‍ വീട്ടുചിലവ് മുഴുവന്‍ ഒറ്റയ്ക്ക് നടത്താന്‍ ഭാര്യയോട് ആവശ്യപ്പെടുന്നു.
ഇന്ത്യയില്‍ നടന്ന ഒരു പഠനത്തില്‍ 20-നും മുപ്പതിനും ഇടയില്‍ പ്രായമുള്ള 100 പുരുഷന്മാരെ സാമ്പിള്‍ ആയി എടുത്ത് നാര്‍സിസിസ്റ്റിക് സ്വഭാവവും വയലന്‍സും തമ്മില്‍ ബന്ധമുണ്ടോ എന്ന് പഠനം നടത്തിയപ്പോള്‍ നാര്‍സിസിസ്റ്റിക് സ്വഭാവമുള്ള ആളുകളില്‍ ശത്രുതാ മനോഭാവവും, വാക്കാലും ശാരീരികമായുള്ള ആക്രമണവും കൂടുതലാണെന്ന് കണ്ടെത്തി.
ഇസ്ലാമിക വീക്ഷണം
ഇസ്ലാമിലെ വിവാഹം എന്നത് സുസ്ഥിരവും ഐക്യമുള്ളതുമായ ഒരു സമൂഹത്തിന്റെ മൂലക്കല്ലായി വര്‍ത്തിക്കുന്ന പവിത്രമായ ബന്ധമാണ്. പരസ്പര അവകാശങ്ങളും, ഉത്തരവാദിത്വങ്ങളും, സ്‌നേഹം, ബഹുമാനം, പരസ്പര ധീരണ എന്നിവയാണ് ഇതിന്റെ അടിസ്ഥാനം. ഖുര്‍ആന്‍, ഹദീസ്, ഇസ്ലാമിക കര്‍മശാസ്ത്രം എന്നിവ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍, രണ്ട് ഇണകളും അല്ലാഹുവിന് തൃപ്തികരമായ രീതിയില്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. ഖുര്‍ആനില്‍ നിര്‍ദേശിച്ചിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയോട് ദയയോടും ബഹുമാനത്തോടും കൂടി പെരുമാറണം: ''അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം''(ഖുര്‍ആന്‍ 4:19). പ്രവാചകന്‍ മുഹമ്മദ് (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലും ഇത് ഊന്നിപ്പറഞ്ഞു:
'സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക! തീര്‍ച്ചയായും നിങ്ങള്‍ അവരെ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ ഏറ്റെടുത്തിരിക്കുന്നു, അല്ലാഹുവിന്റെ വചനങ്ങള്‍ പ്രകാരം അവരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരുടെ മേല്‍ നിങ്ങള്‍ക്കും അവകാശങ്ങളുണ്ട്, അവര്‍ക്ക് നിങ്ങളുടെ മേലും അവകാശങ്ങളുണ്ട്'. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുവര്‍ക്കും പരസ്പരം വൈകാരികവും ശാരീരികവുമായ പിന്തുണ ലഭിക്കാനുള്ള അവകാശമുണ്ട്. ഇസ്ലാമിന്റെ പ്രവാചകന്‍ (സ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: വിശ്വാസത്തില്‍ ഏറ്റവും പൂര്‍ണ്ണരായ വ്യക്തികള്‍ ഏറ്റവും നല്ല പെരുമാറ്റം പുലര്‍ത്തുന്നവരാണ്, നിങ്ങളില്‍ നല്ലവര്‍ ഭാര്യമാരോട് നല്ലവരായി വര്‍ത്തിക്കുന്നവരാണ്.
പേഴ്‌സണാലിറ്റി ഡിസോഡറുകള്‍ക്ക് ജനിതക ഘടകങ്ങള്‍ കാരണമാകാറുണ്ടെങ്കിലും ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും ഇതിലേക്ക് ആളുകളെ നയിക്കുന്നുണ്ട്. രണ്ടു മുതല്‍ നാലുവയസ്സിനുള്ളില്‍ സഹാനുഭൂതിയോ അനുകമ്പയോ കാണിക്കാത്ത കുട്ടികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പ്രൊഫഷനലുകളുടെ സഹായം കൃത്യസമയത്ത് കൊടുത്ത് ഭാവി തലമുറയ്ക്ക് ധാര്‍മികത ബോധം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ സജ്ജരാകണം.
എങ്ങനെ തിരിച്ചറിയാം
- സഹാനുഭൂതിയുടെ അഭാവം- പങ്കാളിയുടെ വികാരങ്ങളെയും ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാനോ, ആവശ്യമായ രീതിയില്‍ അതിനെ പരിഗണിക്കാനോ ശ്രമിക്കില്ല
- സ്വന്തം നേട്ടങ്ങളെയും കഴിവുകളെയും പെരുപ്പിച്ചു കാണിക്കുകയും പങ്കാളിയുടെ കഴിവുകളെ കുറച്ച് കാണുകയും ചെയ്യുന്നു.
- നാര്‍സിസ്റ്റുകള്‍ക്ക് പലപ്പോഴും ആത്മാഭിമാനം ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ, നിരന്തരമായ പ്രശംസയും ശ്രദ്ധയും പ്രത്യേക പരിഗണനയും അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുകയോ അക്ഷമരാകുകയോ ചെയ്‌തേക്കാം.
- ആവശ്യങ്ങളെല്ലാം വിട്ടുവീഴ്ച മനോഭാവം ഇല്ലാതെ നേടിയെടുക്കണം എന്നുള്ള വാശി.
- സ്വന്തം നേട്ടത്തിനായി കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ സാഹചര്യങ്ങളെയും ആളുകളെയും നിയന്ത്രിക്കുകയും വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു.
- നേരിയതും അവസരോചിതവുമായ വിമര്‍ശനങ്ങള്‍ പോലും അവരുടെ കോപത്തിനും വ്യക്തിപരമായ ആക്രമണത്തിനും കാരണമാകുന്നു. അവര്‍ ചെയ്ത പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുക. പലപ്പോഴും മറ്റുള്ളവരെ അവര്‍ ചെയ്ത പ്രവര്‍ത്തികളുടെ മേല്‍ കുറ്റപ്പെടുത്തി കൊണ്ടിരിക്കും.
- അമിതമായ നിയന്ത്രണം -ഇവര്‍ പങ്കാളിയുടെ വ്യക്തിഗത, സാമ്പത്തിക തീരുമാനങ്ങള്‍, സാമൂഹിക ജീവിതം എന്നിവയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. പലപ്പോഴും പങ്കാളിയുടെ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളെയും വിമര്‍ശിച്ചുകൊണ്ട് ഒറ്റപ്പെടുത്താനും, അയാളിലേക്ക് കൂടുതല്‍ ആശ്രയിപ്പിക്കാനും ശ്രമിക്കുന്നു.
- പൊതുസ്ഥലത്ത് വളരെ ആത്മവിശ്വാസമുള്ളവനും ആകര്‍ഷകത്വം ഉള്ളവനും ആയി തോന്നിയേക്കാം. പക്ഷേ, സ്വകാര്യത്തില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുകയും നിരസിക്കുകയും അല്ലെങ്കില്‍ ദുരുപയോഗം ചെയ്യാന്‍ പോലും ഇവര്‍ മടിക്കില്ല.