അധികാര ദുര്‍വിനിയോഗങ്ങളെയും അടിച്ചമര്‍ത്തലുകളെയും ആസ്പദമാക്കി ഒട്ടേറെ രചനകളുണ്ടായിട്ടുണ്ട്. ചരിത്ര സംഭവങ്ങളെ പുനരാവിഷ്‌കരിക്കുന്നവയാണ് അതൊക്കെയും. എന്നാല്‍, ഇത്തരം ചരിത്ര ആഖ്യാനങ്ങള്‍ക്കപ്പുറം അവയില്‍നിന്ന് ആധുനിക മനുഷ്യന് തന്റെ സ്വത്വം വെളിപ്പെടുത്താന്‍, അസ്വസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വം ആഖ്യാനങ്ങളേ ഉണ്ടായിട്ടുള്ളൂ. നൊബേല്‍ ജേതാവ് ലാസ്ലോ ക്രസ്നയുടെ രചനകള്‍ വേറിട്ട് നില്‍ക്കുന്നതും അതുകൊണ്ടാണ്. നഗരങ്ങളുടെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിലേക്കും കഥാപാത്രങ്ങളുടെ തീക്ഷ്ണ അനുഭവങ്ങളിലേക്കും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളിലേക്കും വായനക്കാരനെ എത്തിക്കുന്ന, ചിന്തകളെ അതിലേക്കു തളച്ചിടുന്ന മാസ്മരികത ഈ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു.
സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്കുള്ള നോബല്‍ ലാസ്ലോ ക്രസ്ന ഹോര്‍ക്കയ്ക്ക് ലഭിച്ചിരിക്കുന്നതും കേവലം ഒരു കൃതിയെ മാറ്റുരച്ചല്ല; സമഗ്ര സംഭാവനകള്‍ക്കാണ്. കിഴക്കന്‍ ഹംഗറിയിലെ ഗ്യുലയില്‍ 1954-ലാണ് ജനിച്ചത്. ആദ്യകാല ജീവിതവും പഠനവും ഹംഗറിയിലായിരുന്നു. ഈ കാലഘട്ടത്തിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം അദ്ദേഹത്തിന്റെ കൃതികളെ ആഴത്തില്‍ സ്വാധീനിച്ചു.
വ്യത്യസ്ത ആഖ്യാന ശൈലിയിലുള്ള കൃതികളില്‍ മനോഹരമായ കൃതിയാണ് 2015-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് നേടിയ 'ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്' (പ്രതിരോധത്തിന്റെ വിഷാദം). 1989-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍, കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ കാലഘട്ടത്തിലെ അരാജകത്വവും വിഷാദവും ആഴത്തില്‍ രേഖപ്പെടുത്തുന്നു. ഈ എഴുത്തുകാരന്‍, സാധാരണ വായനാശീലങ്ങളെ തകര്‍ത്തെറിയുന്ന, നീണ്ടുപരന്ന വാചകങ്ങളിലൂടെയും ഇരുണ്ട, കാല്‍പനിക ലോകങ്ങളിലൂടെയുമാണ് വായനക്കാരെ കൊണ്ടുപോകുന്നത്.
കഥ നടക്കുന്നത് ഒരു ഹംഗേറിയന്‍ ഉള്‍നാടന്‍ നഗരത്തിലാണ്. മഞ്ഞും അഴുക്കും നിറഞ്ഞ, എല്ലാം തകര്‍ന്നുപോയ ഒരു ലോകമാണവിടെ. ഈ വിഷാദമയമായ അന്തരീക്ഷത്തിലേക്ക് ഒരു സര്‍ക്കസ് കടന്നുവരുന്നതോടെയാണ് നോവലിലെ സംഭവപരമ്പരകള്‍ക്ക് തുടക്കം. പ്രദര്‍ശനത്തിനായി ഒരു വലിയ പഞ്ഞിക്കെട്ടുകളാല്‍ നിറച്ച ഭീമന്‍ തിമിംഗലത്തെ മാത്രമാണ് അവര്‍ കൊണ്ടുവരുന്നത്. ഈ തിമിംഗലത്തിന്റെ ശരീരം നഗരവാസികള്‍ക്കിടയില്‍ ഭയവും ആകാംക്ഷയും ദുരൂഹതയും നിറക്കുന്നു. നഗരത്തിലേക്ക് കടന്നുവരുന്ന ഈ ഭീമാകാരമായ 'ലെവിയാത്തന്‍', ഒപ്പം വരുന്ന നിഗൂഢനായ 'രാജകുമാരന്‍' നഗരത്തില്‍ കലാപങ്ങള്‍ക്കും അരാജകത്വത്തിനും തിരികൊളുത്തുന്നു. ഇതിനിടയില്‍, ക്രമം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ക്രൂരയായ മിസ്സിസ് എസ്റ്റര്‍, ഭ്രാന്തമായ സംഗീത സിദ്ധാന്തങ്ങളില്‍ മുഴുകിയിരിക്കുന്ന അവരുടെ ഭര്‍ത്താവായ മിസ്റ്റര്‍ എസ്റ്റര്‍, ഒടുവില്‍ ഈ അരാജകത്വത്തിനിടയിലെ ഏക നിഷ്‌കളങ്കനും സുമനസ്സുമായ വാഹ്ലൂസ്‌ക എന്നിവരിലൂടെ കഥ വികസിക്കുന്നു.
അപൂര്‍വമായി മാത്രം പൂര്‍ണവിരാമം ഉപയോഗിക്കുന്ന, നീണ്ടതും സങ്കീര്‍ണവുമായ വാചകങ്ങള്‍ നോവലിന്റെ പ്രത്യേകതയാണ്. ഇത് വായനക്കാരെ കഥാപാത്രങ്ങളുടെ ചിന്താപ്രവാഹത്തിലും നഗരത്തിന്റെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിലും തളച്ചിടുന്നു. നോവല്‍, യൂറോപ്പിന്റെ രാഷ്ട്രീയ-സാമൂഹിക തകര്‍ച്ചയെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ അന്യാപദേശം (Political Allegory) ആയി വായിക്കാം. ക്രമം, അരാജകത്വം, ഏകാധിപത്യ പ്രവണതകള്‍, നിസ്സഹായത എന്നിവയുടെ തീവ്ര ചിത്രീകരണമാണിത്. വിഖ്യാത നിരൂപകയായ സൂസന്‍ സോണ്ടാഗ് (Susan Sontag) ക്രസ്‌ന ഹോര്‍ക്കായെ 'സമകാലീന സാഹിത്യത്തിലെ ലോകാവസാനത്തിന്റെ മാസ്റ്റര്‍' എന്ന് വിശേഷിപ്പിച്ചു. നോവലിനെ ബേല താര്‍ എന്ന അതുല്യ ഹംഗേറിയന്‍ സംവിധായകന്‍ 2000-ല്‍ 'വെര്‍ക്ക്‌മെയ്സ്റ്റര്‍ ഹാര്‍മണീസ്' എന്ന പേരില്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.
'ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്'എളുപ്പമുള്ള വായനയല്ല. അത് ആധുനിക മനുഷ്യന്റെ അസ്തിത്വദുഃഖം (Existential Anguish), രാഷ്ട്രീയ നിസ്സഹായത, നന്മയുടെ തകര്‍ച്ച എന്നിവയുടെ ഒരു കാവ്യാത്മകമായ പഠനമാണ്. എന്നാല്‍, ഈ അഗാധമായ ഇരുട്ടിനുള്ളിലും, വാഹ്ലൂസ്‌കയെപ്പോലെ നിഷ്‌കളങ്കരായവരുടെ ഹൃദയത്തില്‍ തെളിയുന്ന മനുഷ്യത്വത്തിന്റെ നേര്‍ത്ത വെളിച്ചം നോവല്‍ ബാക്കിയാക്കുന്നു. നിക്കോളായ് ഗോഗോളിന്റെയും ഹെര്‍മന്‍ മെല്‍വില്ലിന്റെയും കൃതികളോട് താരതമ്യം ചെയ്യപ്പെടുന്ന ഈ നോവല്‍, വായനക്കാരന്റെ ചിന്തകളെയും ആത്മാവിനെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു മഹത്തായ സാഹിത്യസൃഷ്ടിയാണ്.
ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്'കൂടാതെ, അദ്ദേഹത്തിന്റെ മറ്റു നോവലുകളും ചെറുകഥാ സമാഹാരങ്ങളും ഇരുണ്ടതും എന്നാല്‍, ദാര്‍ശനികവുമായ ആഖ്യാനശൈലിക്ക് പേരു കേട്ടവയാണ്. സാത്താന്‍ ടാംഗോ (1985) ഹംഗേറിയന്‍ സാഹിത്യത്തില്‍ ക്രസ്‌ന ഹോര്‍ക്കായ്ക്ക് വഴിത്തിരിവായ കൃതിയാണ്. തകര്‍ന്നടിഞ്ഞ ഒരു ഗ്രാമത്തിലെ നിരാശരായ ഏതാനും ആളുകളുടെ കഥയാണിത്. ഈ നോവലില്‍, വായനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി കരുതുന്ന, കരിസ്മാറ്റിക് ആയ ഐറിമിയാസ്, പെട്രീന എന്നീ രണ്ട് പേരുടെ മടങ്ങിവരവ് ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും വഞ്ചനകളുമാണ് പ്രധാനമായും പറയുന്നത്. നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ ആറു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള, വിഖ്യാത ചലച്ചിത്രകാരന്‍ ബേല താര്‍ സംവിധാനം ചെയ്ത് ചലച്ചിത്രമാക്കി (1994). ഇതും നോവലിന്റെ അത്രതന്നെ പ്രശസ്തമാണ്.
യുദ്ധവും യുദ്ധവും (1999)- കോറിം (Korim) എന്ന താഴ്ന്ന നിലയിലുള്ള ആര്‍ക്കൈവിസ്റ്റിന്റെ കഥയാണിത്. ലോകത്തെ രക്ഷിക്കാനായി താന്‍ കണ്ടെത്തിയ ഒരു രഹസ്യ ഗ്രന്ഥം ന്യൂയോര്‍ക്കിലെത്തിച്ച് പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതാണ് കഥയുടെ കാതല്‍. തന്റെ ജീവിതത്തിലെ അവസാനത്തെ ലക്ഷ്യമായി കോറിം നടത്തുന്ന ഈ യാത്ര, ഒരു ആധുനിക ഡോണ്‍ ക്വിക്‌സോട്ടിന്റെ യാത്ര പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹികവും അസ്തിത്വപരവുമായ അരാജകത്വത്തിനിടയില്‍, മനുഷ്യന്‍ അര്‍ത്ഥം തേടുന്നതിന്റെ ദുരന്തവും ഹാസ്യവും നിറഞ്ഞ ചിത്രീകരണമാണിത്.
ക്രസ്‌ന ഹോര്‍ക്കായുടെ, കിഴക്കന്‍ ഏഷ്യന്‍ യാത്രാനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കൃതിയാണ് 'സെയ്വോബോ താഴ്ന്നു കിടക്കുന്നു' (2008).
കല, സൗന്ദര്യം, പൂര്‍ണത എന്നിവയെക്കുറിച്ചുള്ള ദാര്‍ശനികമായ അന്വേഷണമാണിത്. ഗ്രീക്ക് പുരാണങ്ങളിലെയും ജാപ്പനീസ് കലാരൂപങ്ങളിലെയും കഥാപാത്രങ്ങള്‍ കടന്നുവരുന്ന, പരസ്പരം ബന്ധമില്ലാത്ത പല അധ്യായങ്ങളിലൂടെ നോവല്‍ മുന്നോട്ടുപോകുന്നു. മനുഷ്യന്റെ നൈമിഷികതയും കലയിലൂടെ സൗന്ദര്യം തേടാനുള്ള ശ്രമവും ഇതില്‍ ആഴത്തില്‍ ചര്‍ച്ചചെയ്യുന്നു. ഈ കൃതിക്ക് 2014-ല്‍ ബെസ്റ്റ് ട്രാന്‍സ്ലേറ്റഡ് ബുക്ക് അവാര്‍ഡ് ലഭിച്ചു.
നിയോ-നാസികള്‍ (പുതിയ നാസി അനുഭാവികള്‍), കണികാ ഭൗതികശാസ്ത്രം, വിഖ്യാത സംഗീതജ്ഞനായ ജോഹാന്‍ സെബാസ്റ്റ്യന്‍ ബാക്ക് എന്നിവരുടെ ജീവിതവും സംഗീതവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു അവിശ്വസനീയ നോവലാണ് ഹെര്‍ഷ്റ്റ് 07769 (2021), ശാസ്ത്രം, സംഗീതം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ ഒരുമിപ്പിച്ച്, ലോകത്തിന്റെ അന്തിമമായ തകര്‍ച്ചയെക്കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ബ്രഹ്‌മാണ്ഡ ആഖ്യാനമാണിത്. വിവിധ ഭൂഖണ്ഡങ്ങളിലെ വ്യത്യസ്ത ആളുകളുടെ അനുഭവങ്ങളെക്കുറിച്ചുള്ള 21 ചെറുകഥകളുടെ സമാഹാരമാണ് ലോകം മുന്നോട്ട് പോകുന്നു' എന്നത് (2017). ഇന്ത്യയിലെ വാരാണസിയിലെ യാചകര്‍ മുതല്‍ യൂറോപ്പിലെ എഴുത്തുകാര്‍ വരെ ഇതിലെ കഥാപാത്രങ്ങളാണ്. മനുഷ്യശരീരം നാശത്തിലേക്ക് കുതിക്കുന്നതിനെക്കുറിച്ചും ചിന്തകളുടെ പ്രവാഹത്തില്‍ മുഴുകുന്നതിനെക്കുറിച്ചുമുള്ള ആഴമേറിയ ചിന്തകളാണ് ഓരോ കഥയും നല്‍കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച്, മനുഷ്യന്റെ പൊതുവായ അസ്തിത്വ ദുഃഖത്തെയും, ലോകം നിരന്തരം മുന്നോട്ട് പോകുന്നതിലെ വിചിത്രമായ യാഥാര്‍ഥ്യത്തെയും ഇത് അടയാളപ്പെടുത്തുന്നു. അടിച്ചമര്‍ത്തലുകളും, കുട്ടികളുടെയും സ്ത്രീകളുടെയും ദീനരോദനങ്ങളുടെയും അവസാനിക്കാത്ത ശബ്ദങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കണ്ടും കേട്ടും അടങ്ങിയിരിക്കുന്ന ഓരോ മനുഷ്യനോടും അയാളുടെ നിശ്ശബ്ദതയുടെയും ഭീരുത്വത്തിന്റെയും അവസ്ഥയെ സ്വയം അവലോകനം ചെയ്ത് അസ്വസ്ഥത സൃഷ്ടിക്കുന്നു ക്രസ്‌നയുടെ രചനകള്‍.