ടോപ് ലസ് മൂവ്‌മെന്റും ഇസ് ലാമും ഭിന്നത അടിസ്ഥാനപരം

ശൈഖ് മുഹമ്മദ് കാരകുന്ന്
ഡിസംബർ 2025

പുരുഷന്മാര്‍ക്ക് ശരീരത്തിന്റെ മുകള്‍ഭാഗം കാണിക്കാമെങ്കില്‍ തങ്ങള്‍ക്കുമാവാം എന്ന് വാദിക്കുന്ന ടോപ് ലസ് മൂവ്‌മെന്റ്, ഫ്രീ ദ നിപ്പള്‍ മൂവ്‌മെന്റ് എന്നിവ പാശ്ചാത്യ ലോകത്ത് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. സ്തനത്തെ സ്വതന്ത്രമാക്കുക എന്ന പ്രചാരണം ആരംഭിച്ചത് 2012-ല്‍ അമേരിക്കയിലെ സിനിമാ സംവിധായിക ലിനാ എസ്‌കോ ആണെന്ന് പറയപ്പെടുന്നു.

സ്ത്രീകളുടെ സ്തനങ്ങള്‍ ലൈംഗികവത്കരിക്കേണ്ടതില്ലെന്നും, പുരുഷന്മാരുടെ നെഞ്ച് പോലെ തന്നെ കണ്ടാല്‍ മതിയെന്നുമുള്ള തുല്യതക്ക് വേണ്ടി വാദിച്ച് കൊണ്ട് 2012-ല്‍ അമേരിക്കയിലാണ് ഈ മൂവ്‌മെന്റ് ആരംഭിച്ചത്. അതിന്റെ ഭാഗമായി പലയിടങ്ങളിലും ടോപ് ലസ് ഡേകളും ആചരിക്കാറുണ്ട്.

2019-ല്‍, അമേരിക്കയിലെ ഫെഡറല്‍ കോടതി 'സ്ത്രീകള്‍ക്ക് ടോപ് ലസായി സ്തനം തുറന്നിട്ട് പൊതുസ്ഥലങ്ങളില്‍ പോകാന്‍ അവകാശമുണ്ടെന്ന്  വിധിക്കുകയുണ്ടായി. കൊളൊറാഡോ നഗരത്തിലെ ഒരു നിയമം ചോദ്യം ചെയ്തതിന്റ പശ്ചാത്തലത്തിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. അമേരിക്കയിലെ, കൊളൊറാഡോയിലാണ് ഈ നിയമം അംഗീകരിക്കപ്പെട്ടത്.  

സാംസ്‌കാരിക ലിംഗ സമത്വത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം ആരംഭിച്ചതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും. പുരുഷന്മാരെ പോലെ തങ്ങള്‍ക്കും സ്തനം തുറന്നിടാനുള്ള അവകാശമുണ്ടെന്ന് അവര്‍ വാദിക്കുന്നു. ഇതിനെ സ്ത്രീ വിരുദ്ധതയായി വിശേഷിപ്പിക്കുന്നത് തീര്‍ത്തും തെറ്റാണെന്നും സ്ത്രീപക്ഷ നിലപാടാണ് ഇതെന്നും പല ഫെമിനിസ്റ്റുകളും അവകാശപ്പെടുന്നു. സ്ത്രീ-പുരുഷ സമത്വത്തെ സംബന്ധിച്ച് സംസാരിക്കുന്നവര്‍ക്ക് മറിച്ച് ഒരഭിപ്രായം പറയുക സാധ്യമല്ലല്ലോ.

ടോപ് ലസ് മൂവ്‌മെന്റ് കേരളത്തില്‍ എത്തിയിട്ടില്ലെങ്കിലും അതിന്റെ രണ്ട് അടിസ്ഥാനങ്ങള്‍ ഇവിടെയും സ്വാധീനം നേടിയിട്ടുണ്ട്. അതിലൊന്ന് ലിബറലിസം തന്നെയാണ്. 'എന്റെ ശരീരം എന്റെതാണെന്നും അത് എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നാണ് 'ടോപ് ലസ് മൂവ്‌മെന്റ' ഉള്‍പ്പെടെ എല്ലാ സര്‍വ സ്വതന്ത്ര വാദങ്ങളും രൂപപ്പെടുന്നത്. സ്ത്രീ-പുരുഷ സമത്വത്തിനും ലിംഗ സമത്വത്തിനും വാദിക്കുന്നവര്‍ക്ക് ടോപ് ലസ് മൂവ്‌മെന്റിനെ എതിര്‍ക്കാന്‍ ഒരു ന്യായവുമില്ല. ടോപ് ലസ് പൂര്‍ണാര്‍ഥത്തില്‍ പ്രയോഗവത്കരിക്കപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ സ്വാധീനം ഇവിടെയും വ്യാപകമായിത്തന്നെ നിലനില്‍ക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ക്കില്ലാത്ത നിബന്ധന എന്തിനാണ് സ്ത്രീകള്‍ക്ക് മാത്രം എന്ന  ഈ ചോദ്യം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് വസ്ത്രധാരണത്തില്‍ കൃത്യവും കണിശവും കര്‍ക്കശവുമായ നിലപാട് സ്വീകരിക്കുന്ന ഇസ്ലാമിക സമൂഹമാണ്.

 

പ്രകടമായ അന്തരം

ശരീരഘടന അനുസരിച്ചും മനുഷ്യ പ്രകൃതിയനുസരിച്ചും ലൈംഗികമായും അല്ലാതെയും കൂടുതല്‍ ആക്രമിക്കപ്പെടാനും പീഡിപ്പിക്കപ്പെടാനും  സാധ്യതയുള്ളത് സ്ത്രീകളാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കേരളത്തിലെ സമകാലിക സംഭവങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് സ്ത്രീകളാണെന്ന് ബോധ്യമാകും. സാധാരണ ഗതിയില്‍ സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാറില്ല. ഉണ്ടെങ്കില്‍ തന്നെ അത്യപൂര്‍വമാണ്. അത് കൊണ്ടുതന്നെ ഇവിടെ സ്ത്രീ പീഡനത്തിനെതിരെ കര്‍ക്കശമായ നിയമങ്ങളുണ്ട്. അവര്‍ക്ക് സംരക്ഷണവും സുരക്ഷിതവും നല്‍കുന്ന ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിയമങ്ങളുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡ് (IPC) 354 എ. അനുസരിച്ച് ലൈംഗിക പീഡനവും 354 സി. വകുപ്പനുസരിച്ച് മറഞ്ഞിരുന്ന് നോക്കുന്നതും (Voyeurism) 509 Bw വകുപ്പ് അനുസരിച്ച് സ്ത്രീയെ അപമാനിക്കുന്നതും ഗുരുതരമായ ശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങളാണ്. പുരുഷന്മാരുടെ കാര്യത്തില്‍ ഇങ്ങനെ ഒരു നിയമമില്ല.

സ്ത്രീകളുടെ സുരക്ഷയ്ക്കായി നഗരങ്ങളില്‍ പിങ്ക് പോലീസ് പട്രോള്‍ (Pink Police Patrol) പ്രവര്‍ത്തിക്കുന്നു. ബസ് സ്റ്റാന്‍ഡുകള്‍, തെരുവുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍  സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള സംവിധാനമാണിത്. 

ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി. വകുപ്പനുസരിച്ച് സ്ത്രീയെ അനുവാദമില്ലാതെ പിന്തുടരലും ബന്ധപ്പെടാന്‍ ശ്രമിക്കലും ഓണ്‍ലൈനില്‍ ശല്യപ്പെടുത്തലും (Stalking) ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ആദ്യ കുറ്റത്തിന് മൂന്നുവര്‍ഷം തടവും ആവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.

സ്ത്രീകളോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നതും ആംഗ്യങ്ങള്‍ കാണിക്കുന്നതും അവരുടെ മാന്യത ഹനിക്കുന്നതും വകുപ്പ് 509 അനുസരിച്ച് മൂന്നുവര്‍ഷം ജയില്‍ ശിക്ഷയോ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുന്ന കുറ്റകൃത്യമാണ്.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി ദ്രോഹിക്കുന്നത് തടയുന്ന ആക്ട് (Prohibition and Redressal Act,) 2013-ല്‍ നടപ്പാക്കിയ നിയമമാണ്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര കുറ്റ കൃത്യങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം (Internal Complaints Committee) ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

  ഇങ്ങനെ എത്രയെത്ര നിയമങ്ങള്‍! ഇത്തരമൊരു നിയമവും പുരുഷന്മാര്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മിക്കപ്പെട്ടിട്ടില്ല. ഇപ്രകാരം തന്നെ സ്ത്രീകള്‍ക്ക് ബസ്സുകളില്‍ പ്രത്യേക സീറ്റുകളും ട്രെയിനുകളില്‍ കമ്പാര്‍ട്ട്‌മെന്റുകളും നീക്കിവെക്കപ്പെട്ടിരിക്കുന്നു.

 ഇങ്ങനെ സ്ത്രീകള്‍ക്ക് മാത്രമായി എന്തെല്ലാം നിയമങ്ങളും വ്യവസ്ഥകളും സൗകര്യങ്ങളും സംവിധാനങ്ങളുമാണുള്ളത്. ഇതെല്ലാം അവരുടെ ജനിതകമായ പ്രത്യേകതകള്‍ പരിഗണിച്ചുള്ളവയാണ്.

സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും സംരക്ഷണവും ആവശ്യമുണ്ടെന്നാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്. പുരുഷന്മാരെ ആകര്‍ഷിക്കാനും അതിക്രമങ്ങള്‍ക്ക് അവസരമൊരുക്കാനും ഇടയാക്കുന്ന എല്ലാം ഒഴിവാക്കപ്പെടണമെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. അത് ശരീരസൗന്ദര്യം പുറത്ത് കാണിച്ചോ, പുരുഷന്മാരുമായി കൂടിക്കലര്‍ന്നോ, അവരുമായി അനാവശ്യമായി ഇടപെട്ടോ, വശ്യമായി വര്‍ത്തമാനം പറഞ്ഞോ ഏത് വിധേനയായാലും എല്ലാം ഒഴിവാക്കപ്പെടേണ്ടതാണ്. ഈ നിബന്ധനകളെല്ലാം സ്ത്രീയുടെ സുരക്ഷ ഉറപ്പ് വരുത്താനാണ്. അവര്‍ക്ക് വേണ്ടി പ്രത്യേകം നിയമങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും സജ്ജമാക്കുന്ന പോലെ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ അവരും സ്വീകരിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ഒരു നിലക്കും അതിക്രമം സംഭവിക്കരുതെന്ന് അതിന് നിര്‍ബന്ധമുണ്ട്.

 അതോടൊപ്പം സ്ത്രീ- പുരുഷന്മാരുടെ ശരീരഘടനയെക്കുറിച്ചും അവരുടെ വൈകാരികാവസ്ഥകളെ സംബന്ധിച്ചും ശക്തി-ദൗര്‍ബല്യങ്ങളെപ്പറ്റിയും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. തദടിസ്ഥാനത്തിലുള്ള നിയമ നിര്‍ദേശങ്ങളാണ് അവന്‍ മനുഷ്യര്‍ക്ക് നല്‍കിയത്.

സ്തനങ്ങള്‍, നിതംബം, അര ഭാഗം തുടങ്ങി വികാരോത്തേജകങ്ങളായ ശരീരഭാഗങ്ങള്‍ വ്യക്തമായി മനസ്സിലാകത്തക്ക വിധം നിമ്‌നോന്നതങ്ങള്‍ പ്രകടമാവുകയും തെളിഞ്ഞു കാണുകയും ചെയ്യുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നത് ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഭാഗം ടോപ് ലസ് മൂവ്‌മെന്റുകള്‍ തുറന്നിടണമെന്ന് പറയുന്ന മാറിടമാണ്. അത് കൊണ്ടുതന്നെ അവിടം  മറയ്ക്കണമെന്ന് ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു:

'സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക.  നിങ്ങള്‍ വിജയം വരിച്ചേക്കാം' (31:24). 

 

തിരുത്തു വേണ്ടത് തത്ത്വത്തിലാണ്

എന്റെ ശരീരം എന്റെതാണ്; അത് എങ്ങനെ ഉപയോഗിക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്ന ലിബറലിസ്റ്റ് കാഴ്ചപ്പാടാണ് തിരുത്തപ്പെടേണ്ടത്. ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏക ദൈവ വിശ്വാസത്തിന്റെ നിഷേധമാണത്. ശരീരം, ശാരീരികാവയവങ്ങള്‍, ജീവന്‍, ജീവിതം തുടങ്ങി മനുഷ്യനിലുള്ള എല്ലാറ്റിന്റെയും, അവന്‍ ജീവിക്കുന്ന പ്രപഞ്ചത്തിന്റെയും ഉടമാവകാശം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് മാത്രമാണ്. അതിനാല്‍ അവയെല്ലാം എങ്ങനെ ഉപയോഗിക്കണം, ഉപയോഗിക്കരുത്, എവിടമൊക്കെ മറയ്ക്കണം, മറയ്‌ക്കേണ്ടതില്ല എന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ച നാഥന് മാത്രമാണ്. ഈ തത്ത്വം അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ആണും പെണ്ണുമൊക്കെ എങ്ങനെ ഇടപഴകണമെന്നും പെരുമാറണമെന്നും എവിടമൊക്കെ മറയ്ക്കണമെന്നും ഏതെല്ലാം തുറന്നിടണമെന്നും തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്. അതിനാല്‍ തിരുത്തു വേണ്ടത് തത്ത്വത്തിലാണ്. മനുഷ്യനെയും ജീവിതത്തെയും സംബന്ധിച്ച അടിസ്ഥാന കാഴ്ചപ്പാടിലാണ്. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനാണോ അല്ലേ എന്നതാണ് മൗലിക പ്രശ്‌നം. ആണെന്ന് ലിബറലിസവും, ദൈവത്താല്‍ നിയന്ത്രിക്കപ്പെടുന്നവനും നിയന്ത്രിക്കപ്പെടേണ്ടവനുമാണെന്ന് ഇസ്ലാമും സിദ്ധാന്തിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസികള്‍ വസ്ത്രധാരണം ഉള്‍പ്പെടെ എല്ലാറ്റിലും ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കുന്നു. അത് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരുമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media