1950-കളോടെ ചേന്ദമംഗല്ലൂര്‍ ദേശത്ത് നടന്ന സാംസ്‌കാരിക നവീകരണങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുക വഴി ഇസ് ലാമിക പ്രസ്ഥാനം വികസിപ്പിച്ച സാമൂഹിക നവോത്ഥാനത്തെ സഫലമാക്കാന്‍ ആത്മാര്‍ഥമായി സഹകരിച്ച ഒരാളാണ് കഴിഞ്ഞ മാസം ചേന്ദമംഗല്ലൂരില്‍ അന്തരിച്ച പി. ഫാതിമ ടീച്ചര്‍. പാറമ്മല്‍ കുഞ്ഞവറാന്‍കുട്ടി മാസ്റ്ററുടെയും അരീപട്ടുമ്മല്‍ കുഞ്ഞാത്തുമ്മയുടെയും മകളായി 1936-ല്‍ തിരൂര്‍ കോട്ടിലാണ് ഫാതിമ ജനിച്ചത്. സ്‌കൂള്‍ പഠനവും വിദ്യാഭ്യാസവുമൊക്കെ പ്രധാനമായി കാണാത്ത ആ കൊളോണിയല്‍ കാലത്ത് പക്ഷേ ഫാതിമ സ്വന്തം ഗ്രാമത്തില്‍ തന്നെ സ്‌കൂള്‍ വിദ്യാര്‍ഥിയായി പഠനം തുടങ്ങി. പിതാവ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായതുകൊണ്ടാവാം ഇത് സാധിച്ചത്. പ്രാഥമിക പഠനം കഴിഞ്ഞ് അവര്‍ ഹൈസ്‌കൂള്‍ പഠനത്തിന് ചേര്‍ന്നു. ഏറനാടന്‍ ദേശങ്ങളില്‍ അന്നിതൊരദ്ഭുതമാണ്. ഈ പഠന സവിശേഷതകള്‍ കൊണ്ടാവാം ഫാതിമ ഇംഗ്ലീഷ് ഭാഷയിലും സാമൂഹ്യ പഠനങ്ങളിലും മികവുകള്‍ നേടിയത്.
മേല്‍ പഠനത്തിനവസരമുണ്ടാവുന്നതിന് മുമ്പേ തന്നെ ഫാത്തിമ വിവാഹിതയായി. കോട്ടക്കുന്ന് അബൂ സാലിയുടെയും മാടത്ത് പാറക്കല്‍ ഹലീമയുടെയും മകന്‍ കുഞ്ഞുമുഹമ്മദ് ആയിരുന്നു വരന്‍. അക്കാലത്ത് ഉയര്‍ന്ന ഇംഗ്ലീഷ് വിദ്യാഭ്യാസവും സാമൂഹ്യ ബോധവും നിലനിര്‍ത്തിയ കുഞ്ഞുമുഹമ്മദ് അന്ന് ഇസ് ലാമിക നവോത്ഥാന നായകനായ ഹാജി സാഹിബില്‍ ആകൃഷ്ടനായി. വേഗത്തില്‍ തന്നെ അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായി. സ്വാഭാവികമായും ഫാതിമയും അതിന്റെ ഭാഗമായി. അക്കാലത്താണ് കെ.സി അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ചേന്ദമംഗല്ലൂരില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതിന്റെയൊക്കെ നടത്തിപ്പിനും അധ്യാപനത്തിനുമൊന്നും പ്രാപ്തിയുള്ള പ്രതിഭകള്‍ നാട്ടിന്‍പുറങ്ങളില്‍ അക്കാലത്ത് ലഭ്യമായിരുന്നില്ല. ആ പരിമിതി പരിഹരിക്കാനായി സ്വന്തം ഗ്രാമത്തെയും അവിടുത്തെ ബന്ധു ജനങ്ങളെയും വിട്ട് ചേന്ദമംഗല്ലൂരിലേക്ക് ജ്ഞാന തീര്‍ത്ഥാടനം ചെയ്ത് ഈ നാട്ടുകാരായി മാറിയതാണ് ഫാതിമ ടീച്ചറുടെ കുടുംബം- ഇത് 1961-ല്‍.
അതോടെ അവര്‍ ചേന്ദമംഗല്ലൂരിലെ ഇസ്ലാമിക സ്ഥാപനങ്ങളില്‍ അധ്യാപികയായി. ഇംഗ്ലീഷും സാമൂഹ്യശാസ്ത്ര വിഷയങ്ങളും വര്‍ഷങ്ങളോളം അവര്‍ ഇവിടെ വിദ്യാര്‍ഥികളെ പഠിപ്പിച്ചു. ദീര്‍ഘകാലം അധ്യാപനം തുടര്‍ന്നു. കാലം കൊണ്ട് ഇവിടെ സ്വന്തം വീട് വെച്ച് നാട്ടുകാരായി. ഹോമിയോപ്പതി വൈദ്യത്തില്‍ പഠനം നടത്തിയ ഫാതിമ ടീച്ചര്‍ അക്കാലത്ത് ഗ്രാമത്തിലെ ആരോഗ്യ മേഖലയില്‍ നാട്ടുകാരുടെ പ്രധാന ആശ്രയമായിരുന്നു. ഗ്രാമീണ വനിതകളെ സംഘടിപ്പിക്കുന്നതിലും അവരിലെ ഇസ്ലാമിക വല്‍ക്കരണത്തിനും ഇവര്‍ നേതൃപരമായ പങ്കു വഹിച്ചു. സ്ത്രീ കൂട്ടായ്മയായി 'വനിതാ സമാജം' രൂപീകരിച്ച് അവര്‍ക്കിടയിലെ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഫാതിമ ടീച്ചര്‍ക്ക് സാധിച്ചു. അക്കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് പലതരം സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിലൊക്കെയും ടീച്ചര്‍ സജീവമായി പങ്കെടുത്തു. ശാരീരിക അവശത പ്രയാസപ്പെടുത്തുന്നത് വരെയും ആത്മാര്‍ഥമായും അവരത് തുടര്‍ന്നു പോന്നു. നിരവധി പുണ്യ പ്രവൃത്തികളും ശിഷ്യഗണങ്ങളെയും ബാക്കിയാക്കിയാണ് ടീച്ചര്‍ യാത്രയായത്. രണ്ട് പുത്രിമാരുള്‍പ്പെടെ ഈ ദമ്പതികള്‍ക്ക് അഞ്ചു മക്കളാണുള്ളത്.