കനിവു ചുരത്തുന്ന മാലാഖമാര്‍

2012 ഡിസംബര്‍ 

ഒരു വര്‍ഷമായി ആരാമം മാസികയുടെ സ്ഥിരം വായനക്കാരിയാണ് ഞാന്‍. ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വര്‍ഷത്തെ വരിസംഖ്യ അടച്ചു. ഇപ്പോള്‍ ഞാനറിയാതെ തന്നെ ഈ വാരികയെ ഒരുപാടൊരുപാട് സ്നേഹിച്ചു പോയി. എത്ര സമയക്കുറവിലും വള്ളിപുള്ളി വിടാതെ വായിക്കാറുണ്ട്.
ഒക്ടോബര്‍ ലക്കം വായിച്ചപ്പോള്‍ കനിവു ചുരത്തുന്ന മാലാഖമാര്‍ എന്ന ലേഖനം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും ഒരുപാട് സന്തോഷവുമുണ്ടായി. അക്ഷമരായ ചില ഹാജിമാരുടെ പ്രവൃത്തിയും വാക്കുകളും അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന മാലാഖമാരെ വേദനിപ്പിക്കാതിരിക്കട്ടെ!
ആസാമിലെ ബോഡോ തീവ്രവാദികളെ കുറിച്ച സദ്റുദ്ദീന്‍ മലപ്പുറത്തിന്റെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ആസാമിനെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിക്കിട്ടി. ഷാ ഹലീം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ എവിടെയോ ഒരു നീറ്റലായി അവശേഷിക്കുന്നു. 'ദൈവത്തിന്റെ ഇടപെടല്‍ ഒരുനാള്‍ ഉണ്ടാവും' എന്ന ആ പ്രതീക്ഷ നിറഞ്ഞ വാക്കുകള്‍ വേദനിപ്പിക്കുന്നു. സത്യം ഒരുനാള്‍ വിജയിക്കുക തന്നെ ചെയ്യും. അവരെയെല്ലാം ഒരുമിച്ചു കൂട്ടി നേര്‍വഴിയില്‍ നടത്തുന്ന ഒരു ഭരണകൂടം ഉണ്ടാവട്ടെ എന്ന് അവരോടൊപ്പം നമുക്കും പ്രാര്‍ഥിക്കാം.
ജസീല സൈനുദ്ദീന്‍ പടപ്പറമ്പ്


മികച്ച ലേഖനങ്ങള്‍
ആരാമം മാസികയുടെ സ്ഥിരം വായനക്കാരനാണു ഞാന്‍. നവംബര്‍ ലക്കത്തിലെ 'മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ' എന്ന ഹാഫിസ് മുഹമ്മദിന്റെ ലേഖനം നന്നായിരുന്നു. നമ്മുടെ അയല്‍പക്കബന്ധങ്ങള്‍ ഇനിയും ഏറെ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. തൊട്ടടുത്ത് താമസിക്കുന്നത് ആരാണെന്നു പോലും അറിയാതെയാണ് നാം കഴിഞ്ഞുകൂടുന്നത്. ഇത് നന്നാകണമെങ്കില്‍ ഹാഫിസ് പറഞ്ഞതു പോലെ മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ അനിവാര്യമാണ്.
ഒക്ടോബര്‍ മാസത്തിലെ ഡോ: സമീര്‍ യൂനുസിന്റെ 'ആ ചതിക്കുഴികള്‍ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല' വായിച്ചു. നമുക്കു ചുറ്റും നടക്കുന്ന കാഴ്ചകളാണ് ലേഖനത്തിലൂടെ കാണാന്‍ കഴിഞ്ഞത്. മൊബൈല്‍, നെറ്റ്, ചാറ്റിംഗ് എന്നിവ നല്ല മനസ്സിന് ചേര്‍ന്നതേയല്ല. എല്ലാം നടന്നിട്ട് തെറ്റ് ഏറ്റുപറഞ്ഞിട്ട് എന്താണ് കാര്യം? ഡോ; സമീര്‍ യൂനുസിന്റെ ചിന്തകളെ ഉണര്‍ത്തുന്ന നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആമിന മുഹമ്മദ് വണ്ടൂരിന്റെ പാചക കലകളും നന്നായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് സ്പെഷ്യല്‍ ബീഫ് ഫ്രൈയാണ്. ഈന്തപ്പഴം എലുമ്പന്‍ പുളി ചമ്മന്തിയും നന്നായിരുന്നു. ഇനിയും ഇതുപോലുള്ള പാചകക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.
മാരിയത്ത് സി.എച്ചിന്റെ "സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ നിലമ്പൂര്‍ അയിഷാത്ത'' എന്ന ഫീച്ചറും നന്നായിരുന്നു. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറി നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച അയിഷുമ്മക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുത്തതില്‍ വളരെ സന്തോഷം.
ഷാനവാസ്. വി.എം വിയ്യത്ത്

നല്ല പാചകക്കൂട്ട്
ഒക്ടോബര്‍ ലക്കത്തിലെ ആമിന മുഹമ്മദ് വണ്ടൂരിന്റെ പാചകക്കൂട്ടുകള്‍ വായിച്ചു. കുറച്ചൊക്കെ ഉണ്ടാക്കി. നന്നായിരുന്നു. ഞാന്‍ ചെറിയൊരു പാചകക്കാരിയാണ്. എന്തായാലും ആരാമത്തില്‍ ഇനിയും നല്ല പാചകക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.
ഷംന ഷമീം
സീന ഷാന്‍

പുത്തന്‍ അറിവുകള്‍
ഓര്‍മയുടെ ഓളങ്ങളില്‍ എന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ പംക്തിയിലെ 'ആ കരാര്‍ നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍' എന്ന ലേഖനം വായിച്ചു. സമൂഹത്തില്‍ ഇപ്പോഴും പ്രസ്ഥാന ത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാട് പലര്‍ക്കുമില്ല. മനുഷ്യനെ മനുഷ്യനായി കാണുന്നതിന് പകരം സങ്കുചിതമായ ചിന്തകള്‍ കൊണ്ട് മറ്റുള്ളവരെ അളക്കാനാണ് നാം പലപ്പോഴും ശ്രമിക്കാറുള്ളത്. അത് നന്നല്ലെന്ന് പറയുമ്പോള്‍ അസഹിഷ്ണുതയോടെയാണ് പലരും പ്രതികരിക്കാറുള്ളത്. പ്രസ്ഥാനത്തെ കുറിച്ചും അത് മുന്നോട്ടുവെക്കുന്ന ഇസ്ലാമിക സംസ്കാരത്തെകുറിച്ചും അതിനുവേണ്ടി ത്യജിച്ച ത്യാഗങ്ങളെ പറ്റിയും അറിവ് തരുന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനം വളരെ ഉപകാരപ്രദമാണ്.
നവാസ് വി.എം പെരിങ്ങോട്ടുകര

വിവാഹം
കടമ നിര്‍വഹിക്കലാവാതിരിക്കട്ടെ
ഒക്ടോബര്‍ ലക്കം വളരെ നന്നായി. ഇല്‍യാസ് മൌലവിയുടെ "വിവാഹത്തിനൊരുങ്ങുമ്പോള്‍'' പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ്. പെണ്‍കുട്ടികളുടെ വിവാഹം കടമ നിര്‍വഹിക്കാന്‍ മാത്രമാകരുത്. ജീവിതാവസാനം വരെ ഒരുമിച്ചു ജീവിക്കേണ്ടവരാണെന്ന ബോധത്തോടുകൂടി വേണം ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുത്തു കൊടുക്കാന്‍. കൂടാതെ ഡോ: സമീര്‍ യൂനുസ്, റഹ്മാന്‍ മുന്നൂര് തുടങ്ങിയവരുടെ രചനകളും നന്നായിട്ടുണ്ട്. മാതാപിതാക്കള്‍ യാതൊരു വിലയും കല്‍പിക്കാത്ത കൂട്ടരാണ് സ്വന്തം കുട്ടികളുടെ ചങ്ങാതിമാരെന്ന ഹാഫിസ് മുഹമ്മദിന്റെ "മക്കളും അവരുടെ ചങ്ങാതിമാരും'' എന്ന ലേഖനത്തിലൂടെയുള്ള നല്ലൊരു ഓര്‍മപ്പെടുത്തലിന് നന്ദി. ആരാമം മാസിക കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കട്ടെ.
ഷീബ നബീല്‍ ചിറ്റാട്ടുകര


ഏതാണീ
വൃദ്ധജനങ്ങള്‍?
നവംബര്‍ ലക്കം റഷീദ ഗഫൂര്‍ എം.വി എഴുതിയ 'സ്നേഹക്കൊതി തീരാത്തവരുടെ വൃദ്ധസദന കാഴ്ചകള്‍' എന്ന ലേഖനം വളരെ നന്നായി. ഏതാണീ വൃദ്ധജനങ്ങള്‍? നമ്മുടെയൊക്കെ പിതാവോ പിതാമഹനോ മാതാവോ തന്നെ. വാര്‍ധക്യത്തിന്റെ വ്യഥകള്‍ പേറി സമൂഹത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട ഒരു കേന്ദ്രത്തില്‍ തുല്യ ദു:ഖിതര്‍ക്കൊപ്പം ശിഷ്ട ജീവിതം കഴിച്ചു കൂട്ടുന്നു. ഈ വയോധികര്‍ക്ക് മക്കളും പേരമക്കളുമില്ലേ? ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ അപൂര്‍വം ചിലര്‍ സമൂഹത്തിന്റെ കാരുണ്യം കാത്തു കഴിയുന്നവരുണ്ടെന്നത് നേരാണ്. എന്നാല്‍ ബന്ധപ്പെട്ട ആളുകളും സാമ്പത്തിക ശേഷിയും ഉള്ളവര്‍ തന്നെയാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വൃദ്ധ സമൂഹം. പൌരന്മാര്‍ എന്ന നിലയില്‍ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ മാനവിക മൂല്യങ്ങള്‍ കാത്തു പോരുന്ന ഒരു സമൂഹത്തിന് ഈ പ്രശ്നത്തെ നിസ്സംഗതയോടെ കാണാനൊക്കുമോ?
റഹീം. കെ പറവന്നൂര്‍


ഇസ്ലാം നല്‍കുന്ന സമാധാനം
'പുരുഷന്മാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന വസ്ത്രം ധരിക്കരുത്. ഇത് സ്വയം നാശത്തിനും സമൂഹത്തില്‍ വ്യാപക കുഴപ്പത്തിനും കാരണമാകും.' ഹീഥര്‍ മാത്യൂസിന്റെതാണ് ഈ വരികള്‍. ലണ്ടനില്‍ നിശാ ക്ളബ്ബുകളില്‍ നൃത്തമാടി യുവാക്കളുടെ സിരകളില്‍ അഗ്നി പടര്‍ത്തുകയും ഒരുമാസം മുമ്പ് മാനസാന്തരം വന്ന് ഇസ്ലാം സ്വീകരിച്ച് പര്‍ദയിലേക്ക് മാറി ഇസ്ലാമിക സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു ഹീഥര്‍. അവരിപ്പോള്‍ ഹിജാബിന്റെ കൂടി പ്രചാരകയാണ്.
ഇസ്ലാം സ്വീകരിച്ചതോടെ താന്‍ അനുഭവിക്കുന്ന ആശ്വാസവും സമാധാനവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നു അവര്‍. ഇതുപോലെ എം.ടി.വിയില്‍ നിന്ന് ഇസ്ലാമിന്റെ തീരത്തേക്ക് കടന്നു വന്ന ക്രിസ്റിയാന ബേക്കറിനെ പരിചയപ്പെടുത്തിയ ആരാമം അഭിനന്ദനമര്‍ഹിക്കുന്നു.
എം. അഷ്റഫ് ഫൈസി കാവന്നൂര്‍

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media