മാതാപിതാക്കളുടെ വേര്‍പാട്

ശൈഖ് മുഹമ്മദ് കാരകുന്ന് No image

വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചുകഥയുണ്ട്. ഒരുമ്മയും മകനും. ഇരുവരുമല്ലാതെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ല. രണ്ടു പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തീനും കുടിയും കിടത്തവും ഉറക്കവുമൊക്കെ ഒന്നിച്ചു തന്നെ. മകന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാന്‍ തുടങ്ങി. പ്രണയം പൂര്‍ണത പ്രാപിച്ചപ്പോള്‍ അവളെ വിവാഹം കഴിക്കാനാഗ്രഹിച്ചു. വിവരം അറിയിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞു: 'വിരോധമില്ല, പക്ഷേ ഒരു നിബന്ധനയുണ്ട്.' അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു: "താങ്കളുടെ ഉമ്മയുടെ തുടിക്കുന്ന ഹൃദയം എന്റെ മുമ്പില്‍ കൊണ്ടു വന്ന് വെച്ചു തരണം.''
ഇതോടെ ആ ചെറുപ്പക്കാരന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ മാതാവ് കാരണം തിരക്കി. ആദ്യമൊക്കെ ഒന്നും ഉരിയാടാതെ ഒഴിഞ്ഞു മാറി. അവസാനം താനകപ്പെട്ട വിഷമാവസ്ഥയെ സംബന്ധിച്ച് മാതാവിനെ അറിയിച്ചു. എല്ലാം മനസ്സിലാക്കിയ മാതാവ് മകന്റെ തലയില്‍ കൈ വെച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: "ഉമ്മാന്റെ കുട്ടി ഒട്ടും വിഷമിക്കേണ്ട. ഞാനിവിടെ മലര്‍ന്നു കിടക്കാം. നെഞ്ച് പിളര്‍ന്ന് പ്രിയപ്പെട്ടവള്‍ക്ക് എന്റെ ഹൃദയമെടുത്ത് കൊണ്ടുപോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുക. നിങ്ങളുടെ സന്തോഷത്തിലല്ലേ ഈ ഉമ്മയുടെ സംതൃപ്തി.''
അങ്ങനെ മാതാവിന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകിയുടെ അടുത്തേക്ക് ഓടുകയാണ് ആ ചെറുപ്പക്കാരന്‍. വഴിയില്‍ കാല് കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃ ഹൃദയം ചോദിച്ചുപോല്‍ "മോനെ, നിനക്കെന്തെങ്കിലും പറ്റിയോ?''
എന്നെ സംബന്ധിച്ചേടത്തോളം ഇത് കേവലമായ ഒരു കഥയല്ല. ഉമ്മയെക്കുറിച്ച തപ്ത സ്മരണകളുണര്‍ത്തുന്ന ഒന്നാണ്. കഠിനമായ ശാരീരിക വേദന അനുഭവിക്കുമ്പോഴും സ്വന്തത്തെ മറന്ന് എന്നെയോര്‍ത്ത് വ്യാകുലപ്പെട്ടു കൊണ്ടിരുന്ന പ്രിയപ്പെട്ട ഉമ്മ. ഞാനും ജ്യേഷ്ഠ സഹോദരനും ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഉമ്മയുടെ ജീവിതം കടുത്ത ദാരിദ്യ്രത്തിന്റേതായിരുന്നു. പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലം. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചപ്പോഴേക്കും ഉമ്മ രോഗിയായി. കഠിനമായ ഊരവേദന. വടി കുത്തി കുനിഞ്ഞാണ് നടന്നിരുന്നത്. അതും അസഹ്യമായ വേദന സഹിച്ച്.
പാതിരാവില്‍ പരിപാടി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോഴേക്കും ഉമ്മ വടി കുത്തി ഏറെ പ്രയാസപ്പെട്ട് വാതില്‍ക്കലെത്തും. പുറത്ത് കാലൊച്ച കേള്‍ക്കുമ്പോഴേക്കും ഉമ്മ കിടന്നിടത്തു നിന്ന് എഴുന്നേല്‍ക്കും. എങ്ങനെയൊക്കെയോ വാതില്‍ തുറന്നു തരും. ഈ കഷ്ടപ്പാടിനിടയിലും ഉമ്മയുടെ ചിന്ത യൌവനത്തിന്റെ കരുത്തും ഓജസ്സുമുള്ള എന്നെക്കുറിച്ചായിരിക്കും. പതിഞ്ഞ സ്വരത്തില്‍ ചോദിക്കും. "ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? വിശക്കുന്നില്ലേ? ബസ് കിട്ടിയോ? നടന്നു ക്ഷീണിച്ചോ? വേഗം പോയി ഉറങ്ങിക്കോ.'' എല്ലാം എന്നെക്കുറിച്ച വേവലാതിയുടെ വാക്കുകള്‍. സ്വന്തം പ്രയാസത്തെപ്പറ്റി ഒന്നും പറയുമായിരുന്നില്ല.
ഉമ്മ വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. 1983 ജൂലായ് 23 നായിരുന്നു വന്ദ്യമാതാവിന്റെ മരണം. ഇന്നും ഉമ്മയുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്. അത് മനസ്സില്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുണര്‍ത്തുന്നു. ഭൌതികാര്‍ഥത്തില്‍ ഉമ്മ സുഖമനുഭവിച്ച നാളുകളൊന്നും ഓര്‍മയിലില്ല. സാമ്പത്തിക പ്രയാസങ്ങള്‍ വിട പറയും മുമ്പേ കടുത്ത വേദനയുമായി രോഗം കടന്നു വന്നു. അതിനാല്‍ ഉമ്മയെക്കുറിച്ച ഓര്‍മകളൊക്കെയും കരള്‍ പിളര്‍ക്കുന്നവയാണ്. കണ്ണീരില്‍ കുതിര്‍ന്നവയും. ഇതെഴുതുമ്പോഴും കണ്ണീരുറ്റി വീണ് കടലാസ് നനയാതിരിക്കാന്‍ ഒരുപാട് തവണ കണ്ണുകള്‍ തുടയ്ക്കേണ്ടി വന്നു. മാര്‍ക്സിംഗോര്‍ക്കിയുടെ അമ്മയും ഒ.എന്‍.വി കുറുപ്പിന്റെ അമ്മയും എന്നിലുണര്‍ത്തിയ വികാരം ഉമ്മയുമായി ബന്ധപ്പെട്ടവ തന്നെ.
എനിക്ക് ഓര്‍മ വെച്ച ശേഷം രോഗം ബാധിക്കുന്നതു വരെ ഉമ്മ വയറു നിറയെ ഊണു കഴിച്ചത് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമായിരിക്കും. കഞ്ഞി വെച്ചാല്‍ അതിലെ വറ്റൊക്കെയും ഉപ്പാക്കും ഞങ്ങള്‍ മക്കള്‍ക്കും തരും. ഉമ്മ വെള്ളം മാത്രം കഴിച്ച് ജീവിക്കും. കഞ്ഞിവെള്ളം കിട്ടാത്ത നാളുകളില്‍ മധുരമില്ലാത്ത കട്ടന്‍ ചായ കഴിച്ച് കഴിഞ്ഞുകൂടും. എന്നാലും അധ്വാനത്തിന് ഒട്ടും കുറവില്ല. എല്ലാവര്‍ക്കും മുമ്പേ എഴുന്നേല്‍ക്കും. എല്ലാവരും ഉറങ്ങിയ ശേഷമേ കിടക്കാന്‍ കഴിയുകയുള്ളൂ. വീട്ടു ജോലിയെക്കാള്‍ പുറത്തെ പണിയായിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്.
ഉമ്മ വിട പറയുന്നതിന് ഒന്നര വര്‍ഷം മുമ്പാണ് ഉപ്പ മരണപ്പെട്ടത്. 1982 ജനുവരി 26 ന്. കഠിനാധ്വാനമായിരുന്നു ഉപ്പയുടെ പ്രകൃതം. ഞങ്ങള്‍ ജോലിയില്‍ പ്രവേശിച്ചതോടെ പിതാവിനു ഞങ്ങള്‍ പൂര്‍ണ വിശ്രമം വിധിച്ചു. പലതരം കായികാധ്വാനത്തില്‍ ഏര്‍പ്പെട്ടാണ് ഞങ്ങളെ സംരക്ഷിച്ചിരുന്നത്. വിറക് വെട്ടിയും കന്നു പൂട്ടിയും കച്ചവടം നടത്തിയും കൃഷി ചെയ്തുമൊക്കെയാണ് ജീവിതം നയിച്ചത്. കായികാധ്വാനത്തിന് പൂര്‍ണ വിരാമമിട്ടത് ആരോഗ്യത്തെ പ്രതികൂലമായാണോ ബാധിച്ചതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
ഉപ്പയുടെ കാര്യത്തില്‍ ഒരാശ്വാസമുണ്ട്. ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്ന ഹജ്ജിന് പറഞ്ഞയക്കാന്‍ സാധിച്ചു. എന്നാല്‍ ഉമ്മയുടെ കാര്യത്തില്‍ അതും ഒരു ദു:ഖമായി അവശേഷിക്കുന്നു. സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടപ്പോഴേക്കും ആരോഗ്യം തകര്‍ന്നു. യാത്ര തീരെ അസാധ്യമായി. മാതാപിതാക്കളെ സേവിക്കുന്നതിലും സംരക്ഷിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ജീവിത പങ്കാളി വഹിച്ച മഹത്തായ പങ്കും ചെയ്ത സേവനവും അര്‍പ്പിച്ച ത്യാഗവും ഞങ്ങള്‍ക്കിടയിലെ ആത്മബന്ധം സുശക്തവും സുദൃഢവുമാക്കുന്നതില്‍ അനല്‍പമായ പങ്കു വഹിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പം തീന്‍മേശയിലെ രുചികരമായ ഭക്ഷണത്തിന് അരികിലിരിക്കുമ്പോള്‍ ഇത്തരം ആഹാരമൊന്നും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലല്ലോയെന്ന സങ്കടം മനസ്സിനെ മഥിക്കാറുണ്ട്. ബോധപൂര്‍വം മാതാപിതാക്കളെ ധിക്കരിച്ചിട്ടില്ല. മോശമായി പെരുമാറിയിട്ടില്ല. അനിഷ്ടകരമായി സംസാരിക്കുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്തിട്ടില്ല. അന്നത്തെ സാധ്യതയനുസരിച്ച് സംരക്ഷിച്ചിട്ടുണ്ട്. എന്നിട്ടും പിറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ അകം പൊള്ളുന്നു. മനസ്സ് പിടയുന്നു. കൂടുതല്‍ നന്നായി അവരെ സംരക്ഷിക്കാമായിരുന്നു, കുറേകൂടി സ്നേഹം പകര്‍ന്നു കൊടുക്കാമായിരുന്നു. അന്ന് നല്‍കിയതിനെക്കാള്‍ വിദഗ്ധമായ ചികിത്സ കൊടുക്കാമായിരുന്നു. കൂടുതല്‍ സമയമെടുത്ത് പുറം തടവിക്കൊടുത്തും കൈകാലുകള്‍ ഉഴിഞ്ഞു കൊടുത്തും ആശ്വാസം പകര്‍ന്നു കൊടുക്കാമായിരുന്നു. ഇങ്ങനെ എത്രയെത്ര ആയിരുന്നുവെങ്കില്‍!
നമസ്കാരം ഉള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനു മുമ്പാണല്ലോ അല്ലാഹു ഖുര്‍ആനിലൂടെ മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ ഉപദേശിച്ചത്. അവന്‍ തന്നോട് നന്ദി കാണിക്കുന്നതിനോട് ചേര്‍ത്താണ് മാതാപിതാക്കളോട് നന്ദി കാണിക്കാനാവശ്യപ്പെട്ടത്. അങ്ങനെ അല്ലാഹു തന്റെ തൊട്ടടുത്ത സ്ഥാനമാണ് മാതാപിതാക്കള്‍ക്ക് നല്‍കിയത്. നമസ്കാരത്തിന്റെ റുകൂഇലും സുജൂദിലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍ പോലും പഠിപ്പിച്ചിട്ടില്ലാത്ത ഖുര്‍ആന്‍ ഉമ്മ ബാപ്പമാര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന പഠിപ്പിച്ചിരിക്കുന്നു. മാതാപിതാക്കളുടെ പ്രീതിയിലാണ് അല്ലാഹുവിന്റെ പ്രീതിയെന്നും അവരുടെ വെറുപ്പിലാണ് അല്ലാഹുവിന്റെ കോപമെന്നും പ്രവാചകന്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഉമ്മയെ ചുമന്ന് കഅ്ബ: ത്വവാഫ് ചെയ്യുന്നതും സ്വഫാ- മര്‍വാക്കിടയില്‍ പ്രയാണം നടത്തുന്നതും അവരനുഭവിച്ച ഒരു വേദനക്ക് പരിഹാരമാവുകയില്ലെന്നാണല്ലോ തിരുവചനം. ഇതൊക്കെയും ഓര്‍ക്കുമ്പോള്‍ ഇനിയുമിനിയുമവരെ സേവിക്കാമായിരുന്നുവെന്ന് മനസ്സ് മന്ത്രിക്കുന്നു. ബസ്സ് സ്റോപ്പ് വിട്ട ശേഷം കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ. മാതാപിതാക്കള്‍ വിട പറഞ്ഞ ശേഷമാണ് പലപ്പോഴും അവരെ കൂടുതല്‍ നന്നായി സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യാമായിരുന്നുവെന്ന് തോന്നുക. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇത് വായിക്കുന്നവര്‍ക്കൊക്കെയും പ്രേരകമായെങ്കില്‍! |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top