മൌലാനക്ക് സ്നേഹപൂര്‍വം...

സഅദ് സൽമി
2012 ഡിസംബര്‍ 
പത്തൊമ്പതാമത്തെ വയസ്സിലാണ് ഞാന്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനാരംഭിക്കുന്നത്. അറബ് ലോകത്തും പാക്കിസ്താനിലുമുള്ള ഡസന്‍ കണക്കിന് യുവാക്കളുമായി കത്തിടപാട് നടത്താനാരംഭിച്ചതും എന്റെ ഇസ്ലാം പഠനത്തിന്റെ ഭാഗമായായിരുന്നു. അവസാനം ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരുമായി ഞാന്‍ ബന്ധം പുലര്‍ത്താനാരംഭിച്ചു.


പത്തൊമ്പതാമത്തെ വയസ്സിലാണ് ഞാന്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനാരംഭിക്കുന്നത്. അറബ് ലോകത്തും പാക്കിസ്താനിലുമുള്ള ഡസന്‍ കണക്കിന് യുവാക്കളുമായി കത്തിടപാട് നടത്താനാരംഭിച്ചതും എന്റെ ഇസ്ലാം പഠനത്തിന്റെ ഭാഗമായായിരുന്നു. അവസാനം ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരുമായി ഞാന്‍ ബന്ധം പുലര്‍ത്താനാരംഭിച്ചു.
ശഹീദ് ഹസനുല്‍ബന്നയുടെയും ഇഖ്വാനുല്‍ മുസ്ലിമൂനിന്റെയും സ്വാധീനം ന്യൂയോര്‍ക്ക് പ്രസ്സില്‍ പ്രകടമായിരുന്നുവെങ്കിലും മൌലാനാ മൌദൂദിയുടെ പുസ്തകങ്ങള്‍ക്ക് അത്ര പ്രചാരമുണ്ടായിരുന്നില്ല. മസ്ഹറുദ്ദീന്‍ സിദ്ധീഖി വായിക്കാനിടയായപ്പോഴാണ് ആദ്യമായി ഞാന്‍ മൌലാനാ മൌദൂദിയെക്കുറിച്ച് കേള്‍ക്കുന്നത്. അതീവ താല്‍പര്യത്തോടെ അദ്ദേഹത്തിന്റെ മേല്‍വിലാസം ഞാന്‍ ശേഖരിക്കുകയും ആദ്യമായി ഒരു കത്തെഴുതുകയും ചെയ്തു. എന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു.
മര്‍യം ജമീല
ന്യൂയോര്‍ക്ക്,
ഡിസംബര്‍ 5, 1960

 

പ്രിയം നിറഞ്ഞ
മൌലാനാ മൌദൂദിക്ക്,

സൌത്താഫ്രിക്കയിലെ ‘The muslim digest’-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'മരണാനന്തര ജീവിതം' എന്ന താങ്കളുടെ ലേഖനം ഞാന്‍ വായിച്ചു. മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും മുമ്പ് ഞാന്‍ വായിച്ചവയില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് അതെനിക്ക് നല്‍കിയത്.

ഇസ്ലാമിന്റെ അതിജീവനത്തിന് മാത്രമല്ല, മറിച്ച് മാനവരാശിക്കൊന്നടങ്കം ഭീഷണിയായ ഭൌതിക തത്വശാസ്ത്രങ്ങള്‍ക്കെതിരെയുള്ള പോരാട്ടം എന്റെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഞാനൊരുപാട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മതേതരത്വവും പാശ്ചാത്യവല്‍ക്കരണവും ഇസ്ലാമുമായി യോജിച്ച് പോകുന്നവയാണെന്നും തുര്‍ക്കിയിലെ കമാല്‍ അത്താത്തുര്‍ക്കിന്റെ 'പരിഷ്കാരങ്ങള്‍' മുസ്ലിം ലോകത്തിന് മാതൃകയാണെന്നുമുള്ള വാദഗതികളെ പൊളിക്കുന്ന ലേഖനമാണ് ഞാനാദ്യമായി എഴുതിയിട്ടുള്ളത്. ദേശീയതയുടെ ആധുനിക രൂപം ഇസ്ലാമിക സാഹോദര്യത്തിനും 'ആഗോള ഉമ്മത്ത്' എന്ന സങ്കല്‍പത്തിനും എത്രമാത്രം ഭീഷണിയാണ് എന്ന് കാണിക്കുന്ന ലേഖനമായിരുന്നു രണ്ടാമത്തെത്. പാശ്ചാത്യ ഇസ്ലാമിനു വേണ്ടിയുള്ള (പാശ്ചാത്യമായതിനാല്‍ തന്നെ പുരോഗമനപരവും ഉദാരവുമായ) അസഫ് എ ഫയാസിന്റെ (വൈസ് ചാന്‍സലര്‍, കശ്മീര്‍ യൂണിവേഴ്സിറ്റി) ആഹ്വാനത്തോടുള്ള ശക്തമായ പ്രതികരണമായിരുന്നു എന്റെ മൂന്നാമത്തെ ലേഖനം. ദേശീയതയും മതേതരത്വവും ഇസ്ലാമുമായി സമരസപ്പെടുന്നതാണെന്ന തുര്‍ക്കിയിലെ സാമൂഹ്യ ശാസ്ത്രജ്ഞനായ സിയ ഗോകല്‍പിന്റെ വാദം, 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സയന്‍സിനെയും തത്വ ശാസ്ത്രമായി സ്വീകരിച്ച സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ നിലപാടുകള്‍, ഖിലാഫത്ത് ഒരിക്കലും ഇസ്ലാമിന്റെ ഭാഗമായിരുന്നില്ലെന്നും മതത്തെ സ്റേറ്റില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സ്ഥാപിച്ചു കൊണ്ട് അലി അബ്ദുറാസിഖ് എഴുതിയ 'ഇസ്ലാമും ഭരണകൂട തത്വങ്ങളും' എന്ന പുസ്തകം, പാശ്ചാത്യവല്‍ക്കരണവും ഈജിപ്തില്‍ നടപ്പിലാക്കണമെന്ന് വാദിച്ചു കൊണ്ട് ത്വാഹാ ഹുസൈന്‍ എഴുതിയ 'സംസ്കാരത്തിന്റെ ഭാവി ഈജിപ്തില്‍' എന്ന പുസ്തകം തുടങ്ങിയവയെല്ലാം എന്റെ ഇതര ലേഖനങ്ങളിലൂടെ ഞാന്‍ കഠിനമായ വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇസ്ലാമിക അടിത്തറകളെ അകത്ത് നിന്നാക്രമിക്കുന്ന ഈ 'മുസ്ലിം പരിഷ്കാരിക'ളാണ് യഥാര്‍ഥ അപകടകാരികള്‍. ഈ യാഥാര്‍ഥ്യത്തിലേക്ക് മുസ്ലിം വായനക്കാരുടെ കണ്ണ് തുറപ്പിക്കുക എന്ന ലക്ഷ്യമാണ് എനിക്കുള്ളത്.

ഫ്രഞ്ച് വിപ്ളവത്തെ സ്വാധീനിച്ച വോള്‍ട്ടയര്‍, റൂസ്സോ തുടങ്ങിയ ചിന്തകരില്‍ നിന്നാണ് ഇന്നത്തെ മതേതരത്വവും ദേശീയതയും ഭൌതികവാദവും ഉരുവം കൊണ്ടിട്ടുള്ളത്. ദൈവത്തിന്റെ സഹായം കൂടാതെ മനുഷ്യര്‍ക്ക് വിജയം വരിക്കാന്‍ സാധിക്കും എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. മനുഷ്യരുടെ ആത്യന്തിക ലക്ഷ്യം ഭൌതിക വിജയമാണെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. മാര്‍ക്സിസം, ഫാസിസം, നാസിസം, സിയോണിസം തുടങ്ങിയ മനുഷ്യ വിരുദ്ധ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് വേരോട്ടമുണ്ടായത് ഈ സാഹചര്യത്തിലായിരുന്നു. ഇവയെക്കുറിച്ചെല്ലാം വിശദമായി ഒരു ലേഖനം എഴുതണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ഞാനാരാണെന്നറിയാന്‍ ചിലപ്പോള്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടാകും. 26 വയസ്സ് പ്രായമായ അമേരിക്കക്കാരിയാണ് ഞാന്‍. ഇസ്ലാമില്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. ഇസ്ലാം സ്വീകരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ന്യൂയോര്‍ക്കിലെ ഞാന്‍ ജീവിക്കുന്ന പ്രദേശത്ത് ഒരൊറ്റ മുസ്ലിം പോലുമില്ല. വല്ലാത്തൊരു ഒറ്റപ്പെടലാണ് ഞാന്‍ അനുഭവിക്കുന്നത്. മുസ്ലിം ഡൈജസ്റില്‍ താങ്കളുടെ ലേഖനം കണ്ടപ്പോള്‍ ബന്ധപ്പെടണമെന്നാഗ്രഹിച്ചത് അതുകൊണ്ടാണ്. താങ്കളുടെ ലേഖനങ്ങള്‍ എനിക്കയച്ചു തരണമെന്ന് വിനീതമായി ഞാനാവശ്യപ്പെടുന്നു. പ്രത്യേകിച്ച് 'ഇസ്ലാമിക വിപ്ളവത്തിന്റെ ഘട്ടങ്ങള്‍' എന്ന തലക്കെട്ടുള്ള ലഘുലേഖ എനിക്കയച്ചു തരണം. നാം രണ്ടുപേരും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരായതിനാല്‍ തുടര്‍ന്നും താങ്കളുമായി ബന്ധപ്പെടണമെന്നും താങ്കളുടെ പ്രവര്‍ത്തനങ്ങളെ എന്നാലാവും വിധം സഹായിക്കണമെന്നും എനിക്കതിയായ ആഗ്രഹമുണ്ട്.

ബഹുമാനപൂര്‍വം

മാര്‍ഗരറ്റ് മാര്‍കസ്
ലാഹോര്‍, ജനുവരി 21, 1961

 



പ്രിയം നിറഞ്ഞ മിസ് മാര്‍കസ്,
അസ്സലാമു അലൈകും

സൌദി രാജാവ് ഇബ്നു സഊദിന്റെ ക്ഷണപ്രകാരം ഞാന്‍ സൌദി അറേബ്യയിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു സഹോദരിയുടെ കത്ത് ഇവിടെയെത്തിയത്. മദീനയില്‍ രാജാവ് തുടങ്ങാനാഗ്രഹിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് സിലബസുണ്ടാക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹമെന്നെ ക്ഷണിച്ചത്. അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് സഹോദരിയുടെ കത്തും കൂടെയുള്ള മൂന്ന് ലേഖനങ്ങളും എനിക്ക് ലഭിച്ചത്. സഹേദരിയുടെ കത്തും ലേഖനങ്ങളും വായിക്കാനിടയായതില്‍ എനിക്കതിയായ സന്തോഷമുണ്ട്.
'അസ്സലാമു അലൈകും' എന്ന അഭിവാദന രീതിയോടെയാണ് ഞാനീ കത്തെഴുതുന്നത്. മുസ്ലിംകളെ അഭിവാദ്യം ചെയ്യാന്‍ മാത്രമാണ് ഇതുപയോഗിക്കാറുള്ളത്. സഹോദരി ഇപ്പോഴേ മുസ്ലിമായിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാള്‍ ദൈവത്തിന്റെ ഏകത്വത്തിലും മുഹമ്മദ് (സ) അവന്റെ ദൂതനാണെന്നും ഖുര്‍ആന്‍ അവന്റെ വാക്യങ്ങളാണെന്നും വിശ്വസിക്കുന്നുണ്ടെങ്കില്‍ അയാള്‍ മുസ്ലിം തന്നെയാണ്. അയാള്‍ ഏത് മതത്തില്‍ ജനിച്ചാലും ശരി. സഹോദരി മേല്‍പറഞ്ഞ യാഥാര്‍ഥ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ നിന്നെ മുസ്ലിമായും ഇസ്ലാമിലെ എന്റെ സഹോദരിയുമായാണ് ഞാന്‍ പരിഗണിക്കുന്നത്. ഒരു പുരോഹിതന്റെ മുമ്പില്‍ ചെന്ന് മമോദിസ മുക്കലോ മറ്റ് ആരാധനാ ക്രമങ്ങളോ ഒന്നും തന്നെ ഇസ്ലാമില്‍ പ്രവേശിക്കാന്‍ ആവശ്യമില്ല. ഇസ്ലാം എന്ന സത്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല ധാരണയുണ്ടെങ്കില്‍ ആത്മാര്‍ഥതയോടെ പ്രഖ്യാപിക്കുക: "അല്ലാഹുവല്ലാതെ മറ്റൊരിലാഹില്ല. മുഹമ്മദ് അവന്റെ ദൂതനാണ്.'' പിന്നീട് ഒരു ഇസ്ലാമിക നാമം സ്വീകരിക്കണം. ശേഷം താങ്കളുടെ ഇസ്ലാം സ്വീകരണത്തെ പരസ്മായി പ്രഖ്യാപിക്കുക. ഇസ്ലാമിക ഉമ്മ:യുടെ ഭാഗമാണ് താങ്കളെന്ന് മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്ക് അറിയാന്‍ വേണ്ടിയാണിത്. തുടര്‍ന്ന് അഞ്ച് നേരമുള്ള നിര്‍ബന്ധ നമസ്കാരവും മറ്റ് ആരാധനാ കര്‍മങ്ങളും ചിട്ടയായി അനുഷ്ഠിക്കണം.
എന്റെ പേഴ്സണല്‍ അസിസ്റന്റ് താങ്കള്‍ക്ക് ധാരാളം ലഘുലേഖകള്‍ അയച്ചിട്ടുണ്ട്. താങ്കള്‍ പ്രത്യേകം സൂചിപ്പിച്ചവയും അതിലടങ്ങിയിട്ടുണ്ട്. ഞാനെഴുതിയ പുസ്തകങ്ങളും അയക്കുന്നുണ്ട്. സഹോദരിയുടെ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ഞാനെന്റെ ആശയങ്ങള്‍ വായിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. എന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോഴും സഹോദരിയുടെ അനുഭവം ഇതു തന്നെയായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
മുസ്ലിം രാജ്യങ്ങളിലെ പാശ്ചാത്യ കൊളോണിയലിസത്തിന്റെ ഉല്‍പന്നങ്ങളാണ് സഹോദരി സൂചിപ്പിച്ച 'പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട മുസ്ലിംകള്‍' നമുക്കുമേല്‍ വന്ന് പതിച്ച കൊളോണിയലിസത്തിന്റെ യഥാര്‍ഥ ആഘാതം രാഷ്ട്രീയത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ മേഖലയിലായിരുന്നില്ല. മറിച്ച്, നമ്മുടെ മനസ്സിനെയും ആത്മാവിനെയുമാണ് അത് കീഴടക്കിയത്. സാമ്രാജ്യത്വം ധാരാളം മാനസിക അടിമകളെ ഉദ്പാദിപ്പിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ സ്വാതന്ത്യ്രത്തിന് ശേഷവും അവര്‍ പടിഞ്ഞാറിന്റെ അടിമത്വത്തില്‍ നിന്നും മോചിതരായിട്ടില്ല.
എങ്ങനെയാണ് ഒരു അമേരിക്കന്‍ യുവതിക്ക് ഇസ്ലാമിനെക്കുറിച്ച് ഇത്ര ആഴത്തിലുള്ള അറിവ് ലഭിച്ചത് എന്ന ചിന്തയാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. സഹോദരിയുടെ മാനസിക പരിണാമത്തെക്കുറിച്ച് എനിക്കെഴുതിത്തരാന്‍ കഴിയുമോ? ഇസ്ലാമിക സമൂഹത്തിന്റെ അഭാവം മൂലം സഹോദരി അനുഭവിക്കുന്ന ഒറ്റപ്പെടല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകള്‍ അനുഭവിക്കുന്ന പൊതുവായ പ്രശ്നമാണിതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സഹോദരി എപ്പോഴെങ്കിലും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ നേരില്‍ കാണാനും എന്റെ അതിഥിയായി സഹോദരിയെ സ്വീകരിക്കാനും എനിക്കതിയായ താല്‍പര്യമുണ്ട്. വരുന്ന റമദാന്‍ മാസത്തില്‍ തന്നെ സഹോദരി പാക്കിസ്ഥാനിലേക്ക് വരികയാണെങ്കില്‍ എനിക്കും എന്റെ കുടുംബത്തിനും സന്തോഷകരമായ അനുഭവം തന്നെയായിരിക്കും അത്. ഈ മാര്‍ച്ച് അവസാനം വരെ ഞാന്‍ ലാഹോറിലുണ്ടാകും. ആഫ്രിക്ക സന്ദര്‍ശിക്കണമെന്നും ഇസ്ലാമിക് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ തുടക്കം കുറിക്കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്. (ഇന്‍ശാഅ് അല്ലാഹ്) മെയ് അവസാനത്തോടെ ഞാന്‍ ലാഹോറില്‍ തിരിച്ചെത്തും. വരും വര്‍ഷങ്ങളില്‍ അവിടെത്തന്നെയുണ്ടാകും. സഹോദരി എപ്പോള്‍ വരികയാണെങ്കിലും നമുക്ക് കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്ന്,

സഹോദരന്‍
അബുല്‍ അഅ്ല


(മറിയം ജമീല ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് മാര്‍ഗരറ്റ് മാര്‍കസ് എന്ന പേരില്‍ മൌലാനാ മൌദൂദിയുമായി നടത്തിയ ഈ കത്തുകള്‍ ഡല്‍ഹിയിലെ മര്‍കസീ മക്തബ ഇസ്ലാമി പ്രസിദ്ധീകരിച്ച 'correspondence between Moududi and Mariyam Jameelah' ' എന്ന പുസ്തകത്തില്‍ നിന്നും സമാഹരിച്ചതാണ്.)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media