വൃദ്ധരോട് ചെയ്യേണ്ടത്...

പി ഹാഫിസ് മുഹമ്മദ്

ഒരു ഫ്ളാറ്റില്‍ ഭാര്യാഭര്‍ത്താക്കന്മാരും ഒരു കുട്ടിയും താമസിക്കുന്നു. രണ്ടുപേര്‍ക്കും ജോലി. രണ്ടു മുറികളും ഒരു സ്വീകരണ മുറിയും അടുക്കളയുമുള്ള ഫ്ളാറ്റിലാണവര്‍. താഴെ കാര്‍ പാര്‍ക്കിംഗിനൊരിടം അനുവദിച്ച് കിട്ടിയിട്ടുണ്ട്. അവിടെ ഒരു മറവെച്ച് താല്‍ക്കാലിക മുറിയുണ്ടാക്കി ഒരു കട്ടിലിട്ട് കുടുംബനാഥന്‍ തന്റെ പിതാവിനെ അവിടെ താമസിപ്പിക്കുന്നു. നേരാ നേരങ്ങളില്‍ ഭക്ഷണമെത്തിക്കും. മലമൂത്ര വിസര്‍ജനത്തിനും കുളിക്കും താഴെ തന്നെ ഒരു ടോയ്ലറ്റ് ഉണ്ട്. തൊട്ടപ്പുറം ഗേറ്റ് ചേര്‍ന്ന് സെക്യൂരിറ്റിക്കാരനും.
ഒരു വാരികയില്‍ ചിത്രങ്ങളോടെ വന്നതാണീ വൃദ്ധകഥ. പിതാവിന് തന്റെ ഭാര്യയുമായി ഒരിക്കലും പൊരുത്തപ്പെടാനാവാത്തതുകൊണ്ട്, പരിഹാരമായാണ് കാര്‍ പാര്‍ക്കിംഗില്‍ സ്വതന്ത്രമായൊരു ഇടം മകന്‍ ഒരുക്കിക്കൊടുത്തത്. ഒരു വൃദ്ധസദനത്തിലും കൊടുക്കാനാവാത്ത ദിനം തോറുമുള്ള കുശലാന്വേഷണവും പരിരക്ഷയും അച്ഛന് നല്‍കാനാകുമെന്നും മകന്‍ അവകാശപ്പെടുന്നു. 'ഫാദര്‍ ഹാപ്പിയാണ്. ഞങ്ങളും ഹാപ്പി'
ഇങ്ങനെ പെരുമാറുന്ന മക്കളുണ്ടോ എന്ന് അത്ഭുതപ്പെടുന്നവരുണ്ടാവാം. അച്ഛനമ്മമാരെ നടു നിരത്തിലേക്ക് തള്ളുന്ന മക്കളുടെ കാലത്ത് ഇതൊരതിശയമല്ല. വൃദ്ധരുണ്ടാക്കുന്ന പ്രശ്നങ്ങളും വര്‍ത്തമാനകാല സമൂഹത്തിലെ ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടു തന്നെ അത് കൈകാര്യം ചെയ്യുന്നവരുടെ സാഹചര്യങ്ങളോ വ്യക്തിത്വ ഘടകങ്ങളോ അനുസരിച്ച് പ്രശ്നങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കപ്പെടുന്നുണ്ട്. നഗര ജീവിതത്തില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ വൃദ്ധരെ പരിചരിക്കുന്നതില്‍ പ്രാഗത്ഭ്യവും പരിചയവുമുള്ളവര്‍ നടത്തുന്ന വൃദ്ധസദനങ്ങളാണ് ഇന്നിന്റെ ആവശ്യമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നു.
തലമുറകളുടെ കാഴ്ചപ്പാടിലും ജീവിത രീതികളിലുമുള്ള വ്യത്യാസങ്ങള്‍ വൃദ്ധരും യുവാക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. യുവതീയുവാക്കള്‍ക്ക് വൃദ്ധരുടെ വൈകാരികാവസ്ഥകളോട് ഇണങ്ങാനാവുന്നില്ല. വൃദ്ധര്‍ക്കാവട്ടെ ചെറുപ്പക്കാരുമായി പൊരുത്തപ്പെടാനാവുന്നുമില്ല. അവര്‍ പോയ്മറഞ്ഞ നല്ല കാലത്തെക്കുറിച്ചും പഴയ സാഹസങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്നു. മൂല്യശോഷണത്തെ പഴിചാരുന്നു. ചെറുപ്പക്കാര്‍ക്ക് വൃദ്ധരെക്കുറിച്ചുള്ള കുറ്റാരോപണങ്ങളിങ്ങനെ: 'വൃത്തിയും വെടിപ്പുമില്ല, സ്ഥലകാല ബോധമില്ല, നേരവും സന്ദര്‍ഭവും നോക്കി പെരുമാറാനറിയില്ല. എല്ലാറ്റിലും ഇടങ്കോലിടുന്നു എന്ന് മാത്രമല്ല ഒന്നിലും സഹകരിക്കുന്നുമില്ല. വയസ്സിത്രയായിട്ടും ചെറുപ്പമെന്നാണ് വിചാരം.' മരുമകനോ മരുമകളോ ചിലപ്പോള്‍ മക്കള്‍ തന്നെയുമോ ഒടുവില്‍ ചോദിച്ചു പോകുന്നു: 'ഇയാള്‍ക്കൊരസുഖം പോലും വരുന്നില്ലല്ലോ?'
വൃദ്ധസദനങ്ങളുയര്‍ത്തുന്ന പ്രശ്നങ്ങളെക്കാള്‍ ഗുരുതരം കുടുംബത്തിനുള്ളില്‍ തന്നെ ജീവിക്കുന്ന വൃദ്ധരുടെ പ്രശ്നങ്ങളാണ്. വീടിനുള്ളില്‍ ആരോഗ്യകരമായ ആശയവിനിമിയം നടക്കാതെ പോകുന്നു. കുടുംബത്തില്‍ സംഘര്‍ഷാന്തരീക്ഷത്തില്‍ കഴിയുന്നതിലും ഭേദം വൃദ്ധസദനത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് വൃദ്ധരും കരുതുന്നു. ഈ ഭാരമൊഴിവാക്കാനായെങ്കിലെന്ന് യുവാക്കളും ആഗ്രഹിക്കുന്നു. അവര്‍ക്കവരുടേതായ ന്യായമുണ്ട്; 'സ്ഥല സൌകര്യങ്ങളുടെ പരിമിതി കാരണം, പകല്‍ സമയം ആരുമില്ലെന്ന അവസ്ഥയാല്‍ പ്രായമായവരെ കൂടെ നിര്‍ത്തുകയെന്നത് അപ്രായോഗികം. വൃദ്ധര്‍ക്ക് മരുമകള്‍ക്കൊപ്പം നില്‍ക്കുകയെന്നത് അസാധ്യം. ചിലര്‍ക്ക് മക്കള്‍ക്കൊപ്പം കഴിയാന്‍ പോലും സാധിക്കുന്നില്ല.'
വാര്‍ധക്യം ഒരനിവാര്യതയാണ്. ജീവിതചക്രത്തിലെ ഒരു ഘട്ടം. ആരോഗ്യ സംരക്ഷണത്തിലും രോഗ ചികിത്സയിലും വന്‍ വികസനമുണ്ടാകുന്നത് വൃദ്ധരുടെ എണ്ണത്തെ കൂട്ടുന്നു. വൃദ്ധരടങ്ങുന്ന മൂന്ന് തലമുറകളെ ഉള്‍ക്കൊള്ളുന്ന കുടുംബമോ സംയുക്ത കുടുംബമോ നഗരത്തില്‍ അസാധ്യമായൊരു സ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരൊറ്റ മുറിയുള്ള ഫ്ളാറ്റില്‍ കഴിയുന്ന അണുകുടുംബത്തിന് അച്ഛനമ്മമാരെ കൂടെ പാര്‍പ്പിക്കുകയെന്നത് അസാധ്യമാണ്. വിദേശങ്ങളിലേക്ക് തൊഴില്‍പരമായ കുടിയേറ്റം നടത്തിയ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും മറ്റു കുടുംബാംഗങ്ങളെ കൂടെ കൊണ്ടു പോകുകയെന്നത് അപ്രായോഗികമല്ല. ആരെയെങ്കിലും നിര്‍ത്തി നാട്ടില്‍ മറ്റാരുമില്ലാതെ പാര്‍പ്പിക്കുന്നതും ഫലപ്രദമാകുന്നില്ല. വേലക്കാരെ നിര്‍ത്തി പരിരക്ഷ നല്‍കുന്നത് ചിലപ്പോള്‍ ദോഷകരമായും വരുന്നു. നഗരവല്‍കരണവും വ്യവസായിക വല്‍കരണവും വൃദ്ധരെ പരിരക്ഷിക്കുന്നതോ പുനഃരധിവസിക്കുന്നതോ ആയ പുതിയ സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നു.
പാശ്ചാത്യ സമൂഹങ്ങളില്‍ വൃദ്ധസദനങ്ങളും വൃദ്ധര്‍ ഒന്നിച്ചു താമസിക്കുന്ന 'കമ്യൂണ'കളും അനിവാര്യതയാണ്. ഒഴിവാക്കാനാവാത്ത ആചാരം പോലെ മക്കള്‍ സ്നേഹമുള്ളവരാകയാല്‍ മാതാപിതാക്കള്‍ക്കനുയോജ്യമായ വൃദ്ധസദനങ്ങള്‍ കണ്ടെത്തുന്നു. ചെലവ് വഹിക്കാന്‍ തയ്യാറാവുന്നു. മക്കളെ ആശ്രയിക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ വൃദ്ധസദനത്തില്‍ താമസിക്കാനോ ഒറ്റക്ക് കഴിയാനോ ഉള്ള സാമ്പത്തികാവസ്ഥ സ്വരൂപിച്ചുണ്ടാക്കുന്നു. വൃദ്ധസദനത്തിലുള്ളവര്‍ ആഗ്രഹിക്കുന്നത് വര്‍ഷത്തിലൊരിക്കള്‍ മക്കള്‍ പുഷ്പഹാരവുമായി വന്നെത്തെണമെന്നാണ്. അതല്ലെങ്കില്‍ ജന്മദിനത്തിലോ വിവാഹ വാര്‍ഷികത്തിനോ മക്കളുടെ ഒരാശംസാ കാര്‍ഡ് അവര്‍ ആഗ്രഹിക്കുന്നു. അത് മക്കളില്‍ നിന്നുണ്ടായില്ലെങ്കിലുള്ള മനോവ്യഥയാണ് അവിടെ മാതാപിതാക്കളുടെ പ്രശ്നം. നമ്മുടെ നാട്ടിലത് ചെയ്താല്‍ ക്രൂരഫലിതം.
നമ്മുടെ നാട്ടിലും വൃദ്ധര്‍ ഒറ്റക്ക് കഴിയുന്നതോ വൃദ്ധസദനങ്ങളില്‍ അന്തേവാസികളാകുന്നതോ സ്വഭാവികമായ പരിണിതിയായി മാറുകയാണ്. വീട്ടില്‍ ആരുമില്ലാതായിക്കഴിയുന്നവരുടെ എണ്ണം കൂടുന്നു. വൃദ്ധര്‍ക്ക് മാത്രമായുള്ള താമസ കേന്ദ്രങ്ങള്‍ അനിവാര്യതയായി മാറുന്നു. വിദേശത്തോ മഹാ നഗരങ്ങളിലോ മാതാപിതാക്കളെ കൂടെ പാര്‍പ്പിക്കാനാവാതെ വരുമ്പോള്‍, വൃദ്ധര്‍ക്ക് ഫലപ്രദമായ സാഹചര്യം വീട്ടിനപ്പുറം ഒരുക്കേണ്ടി വരുമ്പോള്‍, ബന്ധു ജനങ്ങളെയോ വേലക്കാരെയോ പരിരക്ഷിക്കാന്‍ ഏല്‍പ്പിക്കാനാവാതെ വരുമ്പോള്‍, നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങളാവശ്യമായി തീരുന്നു. അതുകൊണ്ടു തന്നെ അനിവാര്യമെങ്കില്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലെത്തിക്കുന്നത് കാരുണ്യരഹിതമായ ഒരു തീരുമാനമായി കണക്കാക്കുന്നത് മാറ്റേണ്ടതുണ്ട്. മറിച്ച് അത്തരം സാഹചര്യം ഏറ്റവുമേറെ ഫലപ്രദമാക്കാന്‍ എന്ത് ചെയ്യാനാവും എന്നാലോചിക്കുന്നതാണ് വിവേകം.
പാഴ്വസ്തുക്കളെപ്പോലെ തള്ളാനുള്ള കുപ്പത്തൊട്ടിയല്ല വൃദ്ധസദനം. വൃദ്ധരെ മരണം വരെ രാപാര്‍പ്പിക്കാനുള്ള തടവറയുമല്ലത്. വൃദ്ധരുടെ ശാരീരികവും മാനസികവുമായ ഘടകങ്ങളെ തിരിച്ചറിഞ്ഞ് സുരക്ഷിതത്വവും ശുശ്രൂഷയും നല്‍കുന്ന കേന്ദ്രങ്ങളാണ് നമുക്കാവശ്യം. ശാസ്ത്രീയമായ മാര്‍ഗങ്ങളെ അവലംബിച്ചു നടത്തുന്ന പുനഃരധിവാസ കേന്ദ്രങങ്ങളാണവ. മാതാപിതാക്കളെ താമസിപ്പിക്കേണ്ടി വരുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്കാവശ്യമായ കൌണ്‍സിലിംഗ് നല്‍കണം. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മാനസികമായ തയ്യാറെടുപ്പിനുള്ള പരിശീലനം അവര്‍ക്കാവശ്യമാണ്. വൃദ്ധരുമായുള്ള ബന്ധം ഏതു വിധം ഫലപ്രദമാക്കി നിലനിര്‍ത്തണമെന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. വൃദ്ധസദനത്തിലെത്തിച്ചാല്‍ തുടക്കത്തില്‍ ഇടക്കിടക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കേണ്ടി വരും. അത് കടമ നിറവേറ്റാനുള്ള ചടങ്ങായി മാറരുത്. ഈ സന്ദര്‍ശനം തന്റെ ആവശ്യമാണെന്ന് കുടുംബാംഗം ബോധ്യപ്പെടുത്തേണ്ടതുണ്ട്. സന്ദര്‍ശനം നടത്തുമ്പോള്‍ വൃദ്ധര്‍ക്ക് ഉപദേശവും മാര്‍ഗ നിര്‍ദേശവും നിരന്തരമയി കൊടുക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒഴിവാക്കണം. വൃദ്ധസദനത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കേണ്ടത്, അതിനുള്ള പ്രോത്സാഹനവും. വൃദ്ധസദനത്തിലെ നിയമമനുവദിക്കുന്നുവെങ്കില്‍ സന്ദര്‍ശനവേളയില്‍ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഭക്ഷണമോ ഉപഹാരമോ നല്‍കാവുന്നതാണ്. ക്രിയാത്മകമായ പരിപാടികളില്‍ ഏര്‍പ്പെടാനുള്ള പ്രോത്സാഹനം വൃദ്ധര്‍ക്ക് നല്‍കേണ്ടതുണ്ട്. മനസ്സിന്റെ സജീവതയും ആരോഗ്യാവസ്ഥയും നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. വൃദ്ധസദനത്തിലെ മക്കളുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളെ അവരെ അറിയിക്കേണ്ടതുണ്ട്. ചടങ്ങുകളിലേക്ക് അവരെ കൊണ്ടുവരാനും മറക്കരുത്. ഇത്തരം സന്ദര്‍ഭങ്ങള്‍ വൃദ്ധരെ കൂടുതല്‍ ആഹ്ളാദിപ്പിക്കുമെങ്കിലും, വീണ്ടും വൃദ്ധസദനത്തിലേക്ക് മടങ്ങേണ്ടതുണ്ട് എന്ന വിചാരം ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടാക്കാനും കാരണമായി തീര്‍ന്നേക്കും. ശ്രദ്ധയോടെ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
പ്രയോജനപ്രദമല്ലെന്നതിനാലുള്ള അവഗണനയാണ് വൃദ്ധരെ കൂടുതല്‍ വിഷമിപ്പിക്കുക. കുടുംബകാര്യങ്ങളില്‍ അവരെ അവഗണിക്കരുത്. തീരുമാനമെടുക്കുന്നതില്‍ അവരെയും പങ്കാളികളാക്കണം.
കുടുംബത്തോടൊപ്പമുള്ള വൃദ്ധജനങ്ങള്‍ക്ക് പരിഗണനയും പരിരക്ഷയും നല്‍കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വൃദ്ധരുടെ ശാരീരിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് ഏറ്റവും നവീനമായ വൈദ്യശാസ്ത്രമാര്‍ഗങ്ങളും ചികിത്സാ രീതികളും അവലംബിച്ചാവണം. മറ്റേത് ദേശത്തേക്കാളേറെ ഗുണപ്രദമായ ചികിത്സ നമ്മുടെ നാട്ടില്‍ ലഭിക്കുന്നു. എന്നാല്‍ വൃദ്ധരുടെ മാനസിക പ്രശ്നങ്ങളോട് അനുഭാവ പൂര്‍വം ഇടപെടുവാന്‍ പലരും ശ്രമിക്കാറില്ല. വൃദ്ധരുടെ ഒറ്റപ്പെടല്‍, ഏകാന്തത, അന്യതാബോധം, രോഗ-മരണ ഭയം, ഭൂതകാല പ്രതിപത്തി, വൈകാരികാവസ്ഥകളിലെ അസ്ഥിരത തുടങ്ങിയവയെ മനസ്സിലാക്കി പെരുമാറാനും അവക്ക് പരിഹാരം കാണാവുന്ന പരിശീലനം കുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. വൃദ്ധരുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള അറിവില്ലായ്മയും കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയുമാണ് പ്രശ്നങ്ങളും സങ്കീര്‍ണമാക്കുന്നത്. ചെറുപ്പക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കാനുള്ള ശില്‍പശാലകള്‍ നടത്തേണ്ടതുണ്ട്. കൌണ്‍സിലിംഗും നടത്താന്‍ സന്നദ്ധ സേവാ സംഘടനകള്‍ മുന്നോട്ടു വരേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

ശേഷക്രിയ:
1. വൃദ്ധരുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുക. അവരോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. ദിവസവും അല്‍പനേരമെങ്കിലും വൃദ്ധര്‍ക്കൊപ്പം കഴിയുക. സംസാരിക്കുക. കുടുംബകാര്യങ്ങളിലവരുടെ അഭിപ്രായങ്ങള്‍ ആരായുക. അവ പരിഗണിക്കുക.
2. വൃദ്ധരുടെ രുചിയും താല്‍പര്യവും മാനിച്ച് ഭക്ഷണമൊരുക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്കാവശ്യമായ മറ്റ് സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക. ഒന്നിച്ച് ഭക്ഷണം കഴിക്കുക.
3. വൃദ്ധരോട് സ്നേഹത്തേടെയും ക്ഷമയോടെയും പെരുമാറുക. കഴിവതും നല്ല ശ്രോതാക്കളായിരിക്കുക. ചിലപ്പോള്‍ വൃദ്ധര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചേക്കും. അത് കേട്ട് പൊട്ടിത്തെറിക്കരുത്.
4. വൃദ്ധരുടെ ആരോഗ്യ കാര്യങ്ങളില്‍ നിദാന്ത ശ്രദ്ധ വെച്ചുപുലര്‍ത്തേണ്ടതുണ്ട്. കൃത്യസമയത്ത് ചികിത്സയും മരുന്നും നല്‍കുക.
5. വൃദ്ധര്‍ക്ക് സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുക. ചിത്രരചന, സംഗീതം തുടങ്ങിയ മേഖലകളില്‍ അഭിരുചിക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം വൃദ്ധര്‍ക്ക് ഒരുക്കേണ്ടതുണ്ട്.
6. ഹൌസിംഗ് കോളനികളിലോ അടുത്തടുത്ത് താമസിക്കുന്നവര്‍ക്കിടയിലോ വൃദ്ധരെ ക്ളബ്ബുകള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുക. അവര്‍ക്ക് വൈകുന്നേരങ്ങളിലൊത്തുചേരാനും പരസ്പരം ആശയവിനിമയം നടത്താനും അവസരമുണ്ടാവണം.
7. വൃദ്ധര്‍ക്കുവേണ്ടി വിനോദയാത്രകള്‍ സംഘടിപ്പിക്കിക. അതിന്റെ സംഘാടനത്തില്‍ അവര്‍ക്ക് പങ്കാളിത്തം ഉണ്ടായിരിക്കണം.
8. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ വൃദ്ധജനങ്ങളെ കൂടുതല്‍ സക്രിയരാക്കാന്‍ പ്രാദേശിക തലങ്ങളില്‍ പകല്‍ വീടുകള്‍ ആരംഭിക്കുക. വൃദ്ധരെ അവിടെയെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കുക.
9. വൃദ്ധര്‍ക്കുവേണ്ടി പ്രത്യേക മത്സര പരിപാടികള്‍ നടത്തുക. ആത്മവിശ്വാസമുയര്‍ത്തുക.
10. വൃദ്ധരും കുട്ടികളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക. കുട്ടികളോട് വൃദ്ധര്‍ക്ക് ആശയവിനിമയം എളുപ്പമായിരിക്കും. കഥകള്‍ പറയാനും അനുഭവങ്ങള്‍ പങ്കുവെക്കാനും അവര്‍ക്കവസരം ലഭിക്കുന്നു. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് അത് വഴിയൊരുക്കുകയും ചെയ്യുന്നു. വൃദ്ധര്‍ക്ക് അതേറ്റവുമേറെ സന്തോഷവും നല്‍കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top