ഖദീജയാവാന്‍ കഴിഞ്ഞില്ലെങ്കിലും

ഇല്‍യാസ് മൌലവി No image

മാനവ ചരിത്രത്തിലെ ഏറ്റവും മാതൃകാപരമായ കുടുംബമായിരുന്നു മുഹമ്മദ് നബി (സ)യുടേത്. ഖദീജ (റ)യെ വിവാഹം ചെയ്ത് പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് തിരുമേനിക്ക് പ്രവാചകത്വം ലഭിക്കുന്നത്. തിരുമേനിയിലുള്ള വിശ്വാസം എത്രത്തോളമായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഖദീജയുടെ ഇസ്ലാമാശ്ളേഷം. വിശ്വസിക്കുക മാത്രമല്ല, തിരുമേനിയോടൊപ്പം എല്ലാം സഹിച്ചു. കരുത്തരായ യുവാക്കള്‍ പോലും പതറിപ്പോകുന്ന പ്രതിസന്ധിയില്‍ വരെ അവര്‍ ധീരമായ പ്രകടനം കാഴ്ചവെച്ചു.
നബി (സ)യുടെ പിതൃവ്യനായ അബ്ബാസിനോട് മക്കയില്‍ വന്ന അഫീഫ് ചോദിച്ചു, 'ഇതെന്ത് ദീനാണ്?' 'എനിക്കറിഞ്ഞുകൂടാ, മുഹമ്മദാണത്. പരിശുദ്ധനായ അല്ലാഹു അവനെ നിയോഗിച്ചിരിക്കയാണത്രെ! കിസ്റാ കൈസര്‍മാരുടെ ഖജനാവുകള്‍ അവനാല്‍ ജയിച്ചടക്കപ്പെടുമത്രെ! അവന്റെ ഭാര്യ ഖുവൈലിദിന്റെ മകളാണ്. അവള്‍ അതില്‍ വിശ്വസിച്ചിരിക്കയാണ്. പിന്നെ പിതൃവ്യ പുത്രനായ ആ പയ്യനും.' ജിബ്രീല്‍ നേരിട്ട് വന്ന് വുദു എടുക്കുന്നതും നമസ്കരിക്കുന്നതും തിരുമേനിക്ക് പഠിപ്പിച്ചു കൊടുത്തു. തിരുമേനി ഉടനെ ഖദീജയുടെ കൈയും പിടിച്ച് അതുപോലെ പഠിപ്പിച്ചു കൊടുത്തു. അങ്ങനെയായിരുന്നു ചരിത്രത്തിലെ ആദ്യത്തെ നമസ്കാരത്തിന്റെ തുടക്കം. രഹസ്യമായി അവര്‍ നമസ്കരിക്കാറായിരുന്നു പതിവ്.
നല്ല സമ്പന്നവതി, ഉന്നത കുലത്തില്‍ പിറന്നവള്‍, ഒരുപാട് പ്രമാണിമാരാല്‍ വിവാഹാലോചന വന്നിട്ടും നിരസിച്ചവള്‍, ഒടുവില്‍ തെരഞ്ഞെടുത്തത് മുഹമ്മദ് (സ)നെയായിരുന്നു. ജീവിതത്തില്‍ ഐശ്വര്യത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ അവര്‍ തന്റെ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ഇണയും തുണയുമായി ഇസ്ലാമിനെയും തെരഞ്ഞെടുത്തു. അതിന്റെ പേരില്‍ അവരനുഭവിച്ച ത്യാഗം ചരിത്രത്തില്‍ തങ്കലിപികളാല്‍ കോറിയിടപ്പെടേണ്ടതാണ്. ശിഅബ് അബീത്വാലിബില്‍ പട്ടിണി കിടന്നപ്പോഴും ഭക്ഷണം കിട്ടാതെ പച്ചിലകള്‍ തിന്നപ്പോഴും വെള്ളം കിട്ടാതെ തൊണ്ട വരണ്ടപ്പോഴും ചെളി കൊണ്ടഭിഷേകം ചെയ്യപ്പെട്ട് തന്റെ പ്രിയതമന്‍ പരീക്ഷിക്കപ്പെട്ടപ്പോഴും പോക്കിരികളുടെ മര്‍ദന പീഢനങ്ങള്‍ക്കിരയായപ്പോഴുമെല്ലാം മഹതി ഖദീജ (റ) തിരുമേനിയോടൊപ്പം അചഞ്ചലയായി ഉണ്ടായിരുന്നു. ആ സമര്‍പ്പണത്തില്‍ സംപ്രീതനായ പടച്ച തമ്പുരാന്‍ ജിബ്രീലിനെ തിരുമേനിയുടെ അടുക്കലേക്ക് അയക്കുന്നു. എന്നിട്ട് മാലാഖ ജിബ്രീല്‍ (അ) തിരുമേനിയോട് ചെന്നു പറയുന്ന രംഗം ഇമാം ബുഖാരിയും മുസ്ലിമും ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "അബൂഹുറൈറയാണ് സംഭവം ഉദ്ധരിക്കുന്നത്. അദ്ദേഹം പറഞ്ഞു: 'ജിബ്രീല്‍ പ്രവാചക(സ)ന്റെ അരികെ വന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു: "അല്ലാഹുവിന്റെ തിരുദൂതരേ, ഇതാ ഖദീജ ഭക്ഷണവുമായി താങ്കളുടെ അടുത്തേക്ക് വരുന്നുണ്ട്, അങ്ങനെ അവര്‍ വരുന്ന സമയത്ത് എന്റെയും എന്റെ റബ്ബിന്റെയും അഭിവാദ്യം (സലാം) താങ്കള്‍ അവരെ അറിയിക്കണം. പോര, സ്വര്‍ഗത്തില്‍ പവിഴങ്ങളുള്ള ഒരു വീട് അവര്‍ക്കു വേണ്ടിയുണ്ടെന്ന സന്തോഷ വാര്‍ത്തയും. അവിടെ അവര്‍ക്ക് യാതൊരു വിധ ശല്യമോ കഷ്ടപ്പാടോ ഉണ്ടായിരിക്കില്ല എന്നും അറിയിക്കണം.'' അതുകൊണ്ടാണ് ആയിശ (റ) ഇങ്ങനെ പറയുന്നത്: 'പ്രവാചക പത്നിമാരില്‍ എനിക്ക് ഖദീജ (റ)യോട് തോന്നിയതുപോലെ അസൂയ തോന്നിയ മറ്റൊരു പത്നിയുമില്ല, ഏതു നേരവും തിരുമേനി അവരെ സ്മരിക്കുമായിരുന്നു. അവര്‍ മരിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടേ അവിടുന്ന് എന്നെ വിവാഹം ചെയ്തിട്ടുള്ളൂ.'
ആയിശ തന്നെ വീണ്ടും പറയുന്നു: 'ഖദീജയെപറ്റി വാഴ്ത്തുന്നതിലും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിലും ഒരു മടുപ്പും തിരുമേനിക്കുണ്ടാവാറുണ്ടായിരുന്നില്ല, അങ്ങനെ ഒരിക്കല്‍ തിരുമേനി അവരെപ്പറ്റി പരാമര്‍ശിക്കവെ എനിക്കങ്ങോട്ട് ഈറ പിടിച്ചു. അല്ലാഹു ഈ കിഴവിക്ക് പകരം വേറെ ആളെ തന്നില്ലേ? ഇതുകേട്ട തിരുമേനി കോപാകുലനായി. രോഷം കണ്ട് ഞാന്‍ ആകെപ്പാടെ ഉരുകിപ്പോയി. എന്നിട്ട് ഞാന്‍ മനസ്സാ പറഞ്ഞുപോയി. അല്ലാഹുവേ, തിരുമേനിയുടെ കോപം നീയൊന്ന് ശമിപ്പിക്കേണമേ, ആയുഷ്കാലത്തിലൊരിക്കലും ഇനി ഞാന്‍ അവരെ സംബന്ധിച്ച് ഒന്നും പറയില്ല.' എന്റെ അവസ്ഥ മനസ്സിലാക്കിയ തിരുമേനി ഇങ്ങനെ പറഞ്ഞു: 'നീ പറഞ്ഞത് അത്ര നിസ്സാരമല്ല, നിനക്കറിയാമോ ആരാണ് ഖദീജയെന്ന്? സര്‍വരും എന്നെ അവിശ്വസിച്ച നേരത്ത് എന്നില്‍ വിശ്വസിച്ചവള്‍, സര്‍വരാലും ഞാന്‍ ബഹിഷ്കരിക്കപ്പെട്ടപ്പോള്‍ എന്നെ സ്വാഗതം ചെയ്ത് അഭയമൊരുക്കിയവള്‍, എല്ലാവരും എന്നെ കളവാക്കിയപ്പോള്‍ എന്നെ സത്യപ്പെടുത്തിയവള്‍, നിങ്ങളിലൊന്നും എനിക്ക് സന്താനങ്ങളില്ല, അവളിലാണ് എനിക്ക് മക്കളുണ്ടായത്.'
"തിരുമേനിക്ക് ഖദീജയോടുണ്ടായിരുന്ന സ്നേഹം കേവലം വാക്കിലും വിചാരത്തിലും മാത്രമായിരുന്നില്ല, തന്റെ വീട്ടില്‍ ഒരാടിനെ അറുത്താല്‍ അതില്‍ നിന്ന് ഖദീജയുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കുമായിരുന്നു. അതില്‍ ഒരിക്കല്‍ ഞാന്‍ ശുണ്ഠി പിടിച്ചു. അന്നേരം അവിടുന്ന് പറയുകയാണ് ഞാനവളെ വല്ലാതെ സ്നേഹിച്ചുപോയി.''
പ്രവാചക ചരിത്രത്തില്‍ ദു:ഖവര്‍ഷം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഘട്ടമുണ്ട്. തിരുമേനിയുടെ താങ്ങും തണലുമായിരുന്ന അബൂത്വാലിബിന്റെയും പ്രിയപത്നി ഖദീജയുടെയും മരണം സംഭവിച്ച വര്‍ഷമാണത്. ഇസ്ലാമിന്റെ ദു:ഖമായിട്ടാണ് ചരിത്രത്തില്‍ ആ ഘട്ടം രേഖപ്പെടുത്തപ്പെട്ടത്.
ചരിത്രത്തിലിന്നോളം ഇതുപോലെ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചു പറ്റിയ, മനസ്സിലിടം പറ്റിയ ഭര്‍ത്താവിന്റെ ആദര്‍ശ വിശ്വാസങ്ങളില്‍ മുറ തെറ്റാതെ പിന്തുടര്‍ന്ന ഭര്‍ത്താവിന്റെ ഉദാത്തമായ ജീവിതലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതില്‍ പങ്കു വഹിച്ച ഒരു മഹതിയെ കാണുക സാധ്യമല്ല. അതുകൊണ്ടാണ് ലോക വനിതകളുടെ നായകത്വം തിരുമേനി അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തത്.
തിരുമേനിയും ഖദീജയും ആദ്യമായി സന്ധിച്ച പശ്ചാത്തലം, തുടര്‍ന്ന് സംയുക്തമായി നടത്തിയ വ്യാപാര സംരംഭങ്ങളിലെ ഇടപഴകലുകള്‍, വിവാഹാലോചന, അബൂത്വാലിബിന്റെ കാര്‍മികത്വം, വിവാഹ ഖുത്വുബ, ദാമ്പത്യ ജീവിതം, മാതാപിതാക്കളാവുന്നത്, കുടുംബജീവിതം, അവസാനം ഖദീജയുടെ വേര്‍പാട്, തിരുമേനിയുടെ സങ്കടം.... എത്ര വശ്യവും ഹൃദസ്പൃക്കുമാണാ ചരിത്രം!
ഇവിടെ തിരുമേനിയോട് താദാത്മ്യം പ്രാപിക്കാന്‍ എത്ര പുരുഷന്മാരുണ്ട്? ആ മഹത്തായ മാതൃകയെ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ആരുണ്ട്? പരലോകത്തെ സ്വര്‍ഗീയ ജീവിതം ഉറപ്പു വരുത്താന്‍ ഇഹലോകത്ത് കൃഷി ചെയ്യാന്‍, അതിന് വെള്ളവും വളവും ചേര്‍ക്കാന്‍ ആരുണ്ട്?
അതുപോലെ ലോകവനിതകളുടെ നായകത്വ പട്ടം ലഭിച്ച ഈമാനിന്റെ രാജ കിരീടം ചൂടിയ തരുണീമണി ബീവി ഖദീജയെ അനുകരിക്കാന്‍ എത്ര സഹോദരിമാര്‍ക്ക് കഴിയും? ആ മാതൃക പിന്‍പറ്റി ഇഹവും പരവും ഐശ്വര്യപൂര്‍ണമാക്കാന്‍ സ്വര്‍ഗത്തില്‍ മാതാവ് ഖദീജയുടെ സല്‍ക്കാരത്തിന് ക്ഷണം ലഭിക്കാന്‍ ഭാഗ്യം ലഭിക്കുന്ന എത്ര പേരുണ്ട്?
ഈജിപ്തിന്റെ ഖത്വീബെന്ന പേരില്‍ ലോകപ്രശസ്തനായ പണ്ഡിതന്‍ മര്‍ഹൂം അബ്ദുല്‍ ഹമീദ് കശ്ക് ഒരിക്കല്‍ ഒരു സംഭവം വിവരിക്കുകയുണ്ടായി. തന്റെ വീട്ടില്‍ വെച്ച് ഭാര്യയുടെ സ്വഭാവത്തില്‍ ഈറ പിടിച്ച് ഒരാള്‍ ഖലീഫ ഉമറിനടുത്ത് പരാതി പറയാന്‍ വന്നു. അപ്പോള്‍ ഉമറിന്റെ സഹധര്‍മിണി അദ്ദേഹത്തോട് കയര്‍ത്തു സംസാരിക്കുന്നത് കേട്ടു. സാധാരണ പറയപ്പെടാറുള്ളതു പോലെ ചെണ്ട ചെന്ന് മദ്ദളത്തോട് പരാതി പറയാന്‍ പോയപോലെ എന്നവണ്ണം അദ്ദേഹം തിരിച്ചു നടന്നു. പുറത്തേക്കു നോക്കിയ ഉമറിന്റെ ശ്രദ്ധയില്‍ ഒരാള്‍ പോകുന്നതു കണ്ട് തിരിച്ചു വിളിച്ച് കാര്യം തിരക്കി. അന്നേരം അദ്ദേഹം വിശദീകരിച്ചു; "അമീറുല്‍ മുഅ്മിനീന്‍, താങ്കളോട് എന്റെ വീട്ടുകാരിയുടെ ദു:സ്വഭാവത്തെപ്പറ്റി പരാതി പറയാന്‍ വന്നതായിരുന്നു ഞാന്‍. വന്നപ്പോള്‍ ഞാനെന്ത് പരാതിയാണോ ബോധിപ്പിക്കാന്‍ വന്നത്, അതേ കാര്യം താങ്കള്‍ ക്ഷമാപൂര്‍വം കൈകാര്യം ചെയ്യുന്നത് കേട്ടപ്പോള്‍ ഞാന്‍ മിണ്ടാതെ മടങ്ങിപോന്നതാണ്.'' അപ്പോള്‍ മഹാനായ ഉമര്‍ ഇങ്ങനെ പറഞ്ഞു: "സഹോദരാ, നമ്മുടെ ഭാര്യമാര്‍ എന്തെല്ലാം ചെയ്യുന്നു, നമ്മുടെ മക്കളെ പോറ്റിവളര്‍ത്തുന്നു, അവരെ പരിപാലിക്കുന്നു, നമുക്കുള്ള ഭക്ഷണം തയ്യാറാക്കി നേരത്തിന് വിളമ്പിത്തരുന്നു, വസ്ത്രങ്ങള്‍ അലക്കിത്തരുന്നു, വീടും പരിസരവും വൃത്തിയിലും വെടിപ്പിലും കാത്തു സൂക്ഷിക്കുന്നു... ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍! അതിനിടക്ക് അവള്‍ വല്ലപ്പോഴും ഒന്ന് പ്രകോപിതയായാല്‍ അതിന്റെ പേരില്‍ ഈ നന്മകളെല്ലാം വിസ്മരിക്കാമോ?' ലോകത്തേവര്‍ക്കും എന്നെന്നും ഓര്‍ത്തിരിക്കേണ്ട വസ്വിയ്യത്ത്, ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: 'സഹോദരാ, നീ മനസ്സിലാക്കണം, ഒരു ദിവസം വരാനുണ്ട്. ഒന്നുകില്‍ നീ ആദ്യം മരിക്കും. അങ്ങനെ നിന്റെ ശല്യത്തില്‍ നിന്ന് അവളോ അവളുടെ ശല്യത്തില്‍ നിന്ന് നീയോ രക്ഷപ്പെടുന്ന ദിവസം, അതിനാല്‍ വല്ലാതെയൊന്നും ബാക്കിയില്ല എന്ന് കണക്കുകൂട്ടി നന്നായി ജീവിക്കാന്‍ നോക്ക്. മരണദിവസം ശല്യം തീര്‍ന്നുവെന്നാശ്വസിക്കുന്നതിനു പകരം എല്ലാ ശാന്തിയും സമാധാനവും അവസാനിച്ചു, ഇനി അല്ലാഹുവിന്റെ സഹായം മാത്രം എന്ന് പറയുന്ന ഊഷ്മളമായ കുടുംബ ജീവിതം നയിക്കാന്‍ നോക്ക്. മരിച്ചിട്ട് അനേക വര്‍ഷങ്ങള്‍ക്ക് ശേഷവും ഖദീജയെ ഓര്‍ക്കുന്ന ഭര്‍ത്താവായ തിരുമേനിയെപോലെ മരിച്ചിട്ട് അനേക വര്‍ഷങ്ങള്‍ക്കു ശേഷവും തന്റെ പ്രിയതമനെയോര്‍ക്കുന്ന ആയിശയെപോലെ.'
'ഏതൊരു ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ തന്നെ സംബന്ധിച്ച് സംതൃപ്തനാണോ എങ്കിലദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അതുപോലെ ഏതൊരു ഭാര്യ മരിക്കുമ്പോള്‍ തന്റെ ഭര്‍ത്താവ് തന്നെ സംബന്ധിച്ച് സംതൃപ്തനാണോ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.'
വിവാഹത്തിനു മുമ്പു തന്നെ മനസ്സിലാക്കിയിരിക്കേണ്ടതും അതനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്യേണ്ട കാര്യങ്ങളാണിതൊക്കെ. മനുഷ്യനുള്‍പ്പെടെ പ്രപഞ്ചത്തിന്റെ ഏത് ഘടനയും ക്രമത്തിലും ചിട്ടയിലും നിലനില്‍ക്കുന്നത് ദൈവികനിയമങ്ങള്‍ക്കനുസൃതമായിട്ടാണ്. ആ ഘടന താറുമാറാകുന്നതും തകരുന്നതും സ്വാര്‍ഥനായ മനുഷ്യന്‍ കൈ കടത്തലുകള്‍ നടത്തുമ്പോഴാണ്. കുടുംബ ജീവിതവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ദൈവിക ദര്‍ശനവും പ്രവാചക മാതൃകയും ആര്‍ പ്രയോഗവല്‍ക്കരിക്കുന്നുവോ ആ കുടുംബം വിജയിക്കും. ഈ ലോകത്ത് മാത്രമല്ല, പരലോകത്തും. അവരെ സ്വര്‍ഗത്തിലേക്ക് മലക്കുകള്‍ സ്വാഗതം ചെയ്ത് ആനയിക്കും. അല്ലാഹു പറയുന്നു: "ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും കടുത്ത വിചാരണയെ പേടിക്കുന്നവരാണ്. അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമ പാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മ കൊണ്ട് തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും. മലക്കുകള്‍ പറയും: "നിങ്ങള്‍ ക്ഷമ പാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.'' ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം! (സൂറത്തുര്‍റഅദ്: 20-25)
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top