അലങ്കാര പക്ഷികള്‍ ആനന്ദത്തിനും ആദായത്തിനും

ജുലൈല മഅ്റൂഫ് തിരൂർ
2012 ഡിസംബര്‍ 


അഴകേറും തൂവലുകളും ഓമനത്തമുള്ള മുഖവും മധുവൂറും ശബ്ദവുമുള്ള അരുമപ്പക്ഷികളെ കണ്ടാല്‍ ഒന്നു നോക്കിപ്പോകാത്തവരായി ആരുണ്ട്. ദൂരയാത്രക്കിടയിലോ കുടുംബവീടുകളിലോ കാണാനിടയായ അലങ്കാര പക്ഷികളെ എത്രനേരം ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട് അല്ലെ? പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരിഷ്ടം അവരോട് തോന്നിയിട്ടുമുണ്ട്. ഇഷ്ടം കൂടി സ്വന്തമാക്കിയവര്‍ ഏറെപേരുണ്ട്. എന്നാല്‍ അതിലും എത്രയോപേര്‍ ഉള്ളിലൊതുക്കിക്കഴിയുന്നവരാണ്. ഇങ്ങനെ മനുഷ്യന്റെ ഹൃദയം കവര്‍ന്നവരില്‍ അലങ്കാരക്കോഴികള്‍ മുതല്‍ ഫെസന്റകള്‍, പ്രാവുകള്‍, തത്തകള്‍, ലൌബേര്‍ഡുകള്‍, മക്കാവുകള്‍, ലോറികള്‍, ലോറിക്കീറ്റുകള്‍, കൊക്കറ്റൂകള്‍.... അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.
എന്നാല്‍ ഇവര്‍ കൊണ്ടുവരുന്ന ആദായത്തിന്റ കണക്കുകള്‍ അതിലുമപ്പുറത്താണ്. ഒഴിവുസമയവും താല്‍പര്യവും മാത്രം മുതല്‍മുടക്കായി തുടങ്ങാവുന്ന സ്വയംതൊഴില്‍ സംരംഭമാണ് വിവിധതരം അലങ്കാരപക്ഷി വളര്‍ത്തല്‍. ശാരീരികാധ്വാനം വളരെക്കുറവായതിനാല്‍ വികലാംഗര്‍ക്കും പ്രായം ചെന്നവര്‍ക്കും വരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. മുറ്റമോ ചുറ്റുമതിലോ ഇല്ലാത്ത വീട്ടുകാര്‍ക്കും ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും വളര്‍ത്താം.
എളുപ്പത്തില്‍ വളര്‍ത്താവുന്ന അലങ്കാര കോഴികളും അവയെ വളര്‍ത്തുന്ന രീതിയും.

ഇനങ്ങള്‍
പ്രധാനമായും ഈ ഗണത്തിലുള്ളത് "ബാന്റം''കോഴികളാണ്. ബാന്റം എന്നാല്‍ ചെറുത് എന്നര്‍ഥം. കൊഷിന്‍ ബാന്റം, അമേരിക്കന്‍ കൊഷിന്‍ ബാന്റം, ബൂട്ടഡ് ബാന്റം, ഫ്രില്‍ഡ് ബാന്റം, സെബ്രൈറ്റ് ബാന്റം, സില്‍വര്‍ലൈസ്, മില്ലി ഫ്ളോര്‍, സില്‍ക്കി, പോളിഷ്ക്യാപ്, റോസ് കോമ്പ് അങ്ങനെ തുടങ്ങുന്നു ജനപ്രിയ ഇനങ്ങള്‍. സില്‍ക്കിയില്‍ തന്നെ ഗോള്‍ഡന്‍, ബ്ളാക്ക്, വൈറ്റ്, ബഫ് എന്നീ നാല് കളറുകളുണ്ട്. ഓരോ ഇനവും വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ്. അഴകില്‍ എതിര്‍ നില്‍ക്കാനില്ലാത്തവരാണിക്കൂട്ടര്‍. ചിലതിന് അങ്കവാല്‍, വേറെച്ചിലതിന് ആടയും തലപ്പൂവും മറ്റുചിലതിന് തൂവല്‍കുപ്പായവും ഷൂസിട്ടതുപോലെ കാല്‍പാദംമുഴുവന്‍ മൂടിക്കിടക്കുന്ന തൂവലുകളും. ആഫ്രിക്കയിലെ ഗിനിയക്കാരന്‍ പുള്ളിയഴകന്‍ ഗിനിക്കോഴികളെയും, ഇന്ത്യക്കാരന്‍, കാരിരുമ്പിന്റെ കരുത്തുള്ള അങ്കച്ചേകവര്‍ അസീലുകളെയും, നീളന്‍ അംഗവാലോടുകൂടിയ ഓണഗഡേറിയന്‍ വരെ തരപ്പെട്ടാല്‍ വളര്‍ത്താം.

കൂടൊരുക്കല്‍
മരവും കമ്പിവലയും ഉപയോഗിച്ചോ രണ്ടും തനിയെ ഉപയോഗിച്ചോ കൂട് നിര്‍മിക്കാം. നല്ല വായു സഞ്ചാരമുണ്ടാകണം. പുറത്തുവിടാതെ വളര്‍ത്തുന്നവക്ക് ആവശ്യമായ സ്ഥലം കൂടുകളിലുണ്ടായിരിക്കണം. കൂടിന്റെ അടിഭാഗം കമ്പിവല ആയിരിക്കുന്നതാണുത്തമം. വലക്കണ്ണിയിലൂടെ കാഷ്ഠം കൊഴിഞ്ഞുപോകുന്നതിനാല്‍ തൂവലുകളും കൂടും വൃത്തിയായി സൂക്ഷിക്കാം. രണ്ടോ മൂന്നോ തട്ടായും കൂടൊരുക്കാം. ഓരോ തട്ടിനിടയിലും ട്രേയോ പലകത്തട്ടോ വെച്ച്, മുകളിലത്തെ തട്ടില്‍ നിന്നുള്ള കാഷ്ഠവും മറ്റും തടയണം. രണ്ട് തട്ടാണെങ്കില്‍ ഒന്നാമത്തെത് നെഞ്ചിന്റെ ഉയരത്തിലും രണ്ടാമത്തെത് കണ്ണിന്റ ഉയരത്തിലുമായിരിക്കണം. മൂന്നാമതൊന്നുണ്ടെങ്കില്‍ ഒന്നാമത്തെതിന്റ താഴെയാണ് നല്ലത്. ഒറ്റ ജോഡിക്കുവേണ്ട കൂടിന് അമ്പത് സെന്റീമീറ്റര്‍ വീതം നീളവും വീതിയും ഉയരവും മതി. ഒരു പൂവന്റെ കൂടെ മൂന്നോ നാലോ പിടകളെ ഒന്നിച്ചുവളര്‍ത്താം. കൂടിന്റ നീളവും വീതിയും ആനുപാതികമായി വര്‍ധിപ്പിക്കണമെന്നുമാത്രം. അംഗവാലിനു നീളക്കൂടുതലുള്ള ഇനങ്ങളാണെങ്കില്‍ ഉയരം മുക്കാല്‍ മീറ്ററാക്കാം. ഫ്ളാറ്റുകളിലാണെങ്കില്‍ കൂടിനു താഴെ ട്രേയിലോ ചാക്കിലോ മണല്‍ നിരത്തിയാല്‍ ദിവസവും വൃത്തിയാക്കാന്‍ എളുപ്പമാണ്. ടെറസുകളില്‍ അല്‍പം വിശാലമായിത്തന്നെ വളര്‍ത്താം. മഴയും വെയിലുമേല്‍കാത്ത തരത്തില്‍ ഷീറ്റ് മേയണമെന്നുമാത്രം. നിരത്തിവെച്ച കൂടുകള്‍ക്കു താഴെ മണല്‍വിരിക്കാം. മുറ്റമുള്ള വീട്ടുകാര്‍ക്ക് പുറത്തുവിട്ടും വളര്‍ത്താം. പുറത്തുവിട്ട് വളര്‍ത്തുമ്പോള്‍ വിവിധയിനങ്ങള്‍ തമ്മില്‍ ഇണചേര്‍ന്ന് വംശഗുണം നഷ്ടപ്പെടാനിടയുണ്ട്. മൂന്നോ നാലോ പിടകള്‍ക്ക് ~ഒരു പൂവനെന്ന നിലയില്‍ പ്രത്യേകം കൂടുകളില്‍ വളര്‍ത്താം.

തീറ്റ
സാധാരണതീറ്റകള്‍ തന്നെയാണ് ഫാന്‍സി കോഴികള്‍ക്കും നല്‍കാറ്. അടച്ചിട്ട് വളര്‍ത്തുന്നവക്ക് പോഷകക്കമ്മി രോഗങ്ങള്‍ പുറത്തുവിടുന്നവയേക്കാള്‍ കൂടുതലാണ്. അതിനാല്‍ സമീകൃതാഹാരങ്ങളും നല്‍കണം. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന തീറ്റയില്‍ അരി, ഗോതമ്പ്, ചോറ് തുടങ്ങിയവ ചേര്‍ത്തും നല്‍കാം. ഉപ്പ് ചേര്‍ക്കാതെ ഉണക്കിയ മീന്‍, കപ്പ എന്നിവ പൊടിച്ചതും കടലപ്പിണ്ണാക്കും ധാന്യങ്ങളും ചേര്‍ത്ത് തീറ്റയായി നല്‍കാം. വൃത്തിയുള്ള വെള്ളം കൂട്ടിലെപ്പോഴും വേണം. പാത്രത്തില്‍ കയറി ചിക്കിച്ചികഞ്ഞ് തീറ്റ മറിഞ്ഞുവീഴാത്ത തരത്തില്‍ തീറ്റപ്പാത്രവും വെള്ളപ്പാത്രവും ഉറപ്പിക്കണം. അല്ലെങ്കില്‍ കൂടിനു പുറത്ത് നീളത്തില്‍ സ്ഥാപിച്ച്, തല മാത്രം പുറത്തിടാവുന്ന ദ്വാരങ്ങള്‍ നല്‍കണം. ഈ രീതി പുറമെ നിന്നുള്ള അക്രമമേല്‍കാത്ത ഷെഡിനകത്തോ ടെറസിനു മുകളിലോ ആണ് പ്രായോഗികം.

പ്രജനനം
ഒരുപൂവനും പിടക്കും വിരിയുന്ന കുഞ്ഞുങ്ങളില്‍ ഒന്നാം തലമുറയെയും രണ്ടാംതലമുറയെയും ആദ്യത്തെ പൂവനെ കൊണ്ടുതന്നെ കൊത്തിക്കാം. ഇതുവഴി പൂര്‍ണമായും ശുദ്ധ ജനുസുകള്‍ തന്നെയായിരിക്കും ഉരുത്തിരിയുക. അതിനുശേഷം ഇതില്‍നിന്നു കിട്ടുന്ന ശുദ്ധ ജനുസിലെ പൂവന്‍മാരെ ഉപയോഗിച്ചാണ് പിടകളെ കൊത്തിക്കേണ്ടത്. ഇതുമൂലം അഴകില്‍ മുന്നില്‍നില്‍ക്കുന്ന നല്ല കുഞ്ഞുങ്ങളെ ലഭിക്കും.
നല്ല ആരോഗ്യവും സൌന്ദര്യവുമുള്ള ഇണകളുടെ മുട്ടകള്‍ ആണ് വിരിയിക്കാനായി തെരഞ്ഞെടുക്കേണ്ടത്. ചെറിയ ഇനങ്ങളുടെ മുട്ടകള്‍ പൊതുവെ ചെറുതായിരിക്കുമെങ്കിലും വിരിയിക്കാനെടുക്കേണ്ടത് അധികം ചെറുതും വലുതുമല്ലാത്തതും, തോട് അധികം കട്ടികൂടിയതും കുറഞ്ഞതുമല്ലാത്തതുമാണ്. സാധാരണ ആകൃതിയുള്ളതും വൃത്തിയുള്ളതുമായിരിക്കണം. നാടന്‍ കോഴികളെയും വളര്‍ത്തി അവയെ അടക്കോഴികളായി ഉപയോഗപ്പെടുത്താം.
കൂടുതല്‍ മുട്ടകള്‍ ഒരേ സമയം വിരിയിപ്പിക്കേണ്ടി വരുമ്പോള്‍, ഇന്‍ക്യബേറ്റര്‍ ഉപയോഗിക്കാം. ഇന്‍ക്യുബേറ്ററുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മുട്ടകള്‍ ഒന്നടങ്കം കേടുവന്നേക്കാം. ഒരു ഭാഗത്തു തന്നെ ചൂടു തട്ടിയാല്‍ കേടാകും. ദിവസവും ആറ്-എട്ട് പ്രാവശ്യം മുട്ടയുടെ ഓരോ ഭാഗവും തിരിച്ചുവെച്ച് ചൂട് കൊള്ളിക്കണം. ആവശ്യത്തിന് ഈര്‍പ്പം ലഭ്യമാക്കാന്‍ ചെറിയ പാത്രത്തില്‍ വെള്ളം വെക്കുകയും ക്രമീകരിക്കുകയും ചെയ്യുക.

രോഗം, പ്രതിരോധം
അലങ്കാര കോഴികള്‍ ഏറെ രോഗപ്രതിരോധ ശേഷിയുള്ളവയാണ്. അവക്ക് പ്രത്യേകം അസുഖങ്ങള്‍ വരാറില്ല. കാലാവസ്ഥ മാറുമ്പോഴും പകര്‍ച്ചവ്യാധികളുണ്ടാകുമ്പോഴും മുന്‍കരുതലെടുക്കണം. വെറ്ററിനറി ഡോക്ടറെ സമീപിച്ച് പ്രതിരോധ മരുന്നുകള്‍ സമയാസമയം നല്‍കുക. പുറത്ത് മേഞ്ഞുനടക്കുന്നവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. തുളസിനീരും മഞ്ഞള്‍ വെള്ളവും ഇടക്കിടെ നല്‍കുന്നത് ഏറെ ഗുണം ചെയ്യും. പെരുമാറ്റവും കാഷ്ഠത്തിന്റെ നിറവ്യത്യാസവുമൊക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

വിപണനം
കേരളത്തിനു പുറത്തുനിന്നാണ് പ്രധാനമായും അലങ്കാര കോഴികള്‍ കേരള വിപണിയിലെത്തുന്നത്. കുറഞ്ഞ ഉല്‍പാദനമുള്ളവര്‍ക്ക് പ്രാദേശികമായി വിപണികള്‍ കണ്ടെത്താം. കൊഷിന്‍, സില്‍ക്കി തുടങ്ങിയവക്ക് 1500 നു മുകളിലും പോളിഷ് ക്യാപ്, സെബ്രൈറ്റ് തുടങ്ങിയവക്ക് 2500 നു മുകളില്‍ വിലകിട്ടും. രണ്ട് മാസമായ കുഞ്ഞുങ്ങള്‍ക്ക് 350 ഉും 500 മാണ് മാര്‍ക്കറ്റ് വില.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media