രോഗക്കിടക്കയിലെ സംതൃപ്ത മുഖങ്ങള്‍

ഡോ. സമീര്‍ യൂനുസ് No image

ഒഒരു കൂട്ടുകാരന്റെ പിതാവിനെ സന്ദര്‍ശിക്കാനാണ് ആശുപത്രിയില്‍ ചെന്നത്. രോഗിക്ക് അറുപതിലധികം പ്രായമുണ്ട്. ആളാകെ വിളറിപ്പോയിരിക്കുന്നു. രക്തം കുറഞ്ഞതിന്റെ വിളര്‍ച്ച നല്ല പോലെയുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം, രോഗം മാരകമാണ്. അദ്ദേഹം കടുത്ത വേദന കടിച്ചിറക്കുകയാണെന്നും വ്യക്തം. ഞാന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്കായി പ്രാര്‍ഥിച്ചു; അദ്ദേഹത്തിന് ക്ഷമയും വിശ്വാസ ദാര്‍ഢ്യവും നല്‍കണമേ എന്നും. പിന്നീട് ഞാന്‍ പതിയെ അദ്ദേഹത്തോട് ചോദിച്ചു: എങ്ങനെയുണ്ട് ഹാജീ? സംതൃപ്തിയാല്‍ വിടര്‍ന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു: അല്‍ഹംദു ലില്ലാഹ്...എനിക്ക് പൂര്‍ണ സൌഖ്യമാണ്. അല്ലാഹുവിന് നന്ദി കാണിക്കാന്‍ എനിക്ക് തുണയേകണേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ഥന.
ആശുപത്രിയില്‍ നിന്ന് പുറത്ത് കടന്ന ശേഷം ഞാന്‍ എന്റെ സുഹൃത്തിനോട് പിതാവിന്റെ രോഗവിവരങ്ങള്‍ ആരാഞ്ഞു. സുഹൃത്ത് പറഞ്ഞു: വളരെ ഗുരുതരമായ രോഗങ്ങളാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. അതെങ്ങാന്‍ ബാധിച്ചാല്‍ ഒട്ടകത്തിന് പോലും അത് താങ്ങാനാവില്ല. അത്രക്ക് വേദനയാണ്. അപ്പോള്‍ ഞാന്‍ ആലോചിച്ചു, രക്ഷിതാവിന്റെ എത്ര വലിയ അനുഗ്രഹത്തിലാണ് ഞാനിപ്പോള്‍ ഉള്ളത്. ഈ അനുഗ്രഹങ്ങള്‍ക്കൊക്കെ വേണ്ട രീതിയില്‍ നന്ദി കാണിക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ? ഇല്ല എന്ന് ഉറപ്പിച്ചു പറയാനാവും. രോഗം ബാധിച്ച് അവശനായി വേദന തിന്ന് കഴിയുന്ന ഈ മനുഷ്യനെ നോക്കൂ. വേദനക്കിടക്കയിലും അദ്ദേഹം സംതൃപ്തിയോടെ തന്റെ രക്ഷിതാവിനെ ഓര്‍ക്കുകയാണ്.
ഈമാനികമായ നമ്മുടെ കുറ്റങ്ങളും കുറവുകളും നാം തിരിച്ചറിയുന്ന ഇടമാണ് ആശുപത്രി. വാര്‍ഡുകളിലൂടെ ഒന്ന് കറങ്ങിയാല്‍ പുതിയ പല തിരിച്ചറിവുകളും കിട്ടിയേക്കും. ഞാന്‍ മറ്റൊരു രോഗിയുടെ അടുത്ത് ചെന്നു. കൂടെ നില്‍ക്കുന്ന ആളോട് ചോദിച്ചു: ഇദ്ദേഹത്തിന് എന്താണ് അസുഖം? കൂടെ നില്‍ക്കുന്നയാള്‍ പറഞ്ഞു: ആമാശയത്തില്‍ എന്തോ നിറഞ്ഞിരിക്കുന്നു. വയസ്സ് എഴുപത് കഴിഞ്ഞിരിക്കുന്നതിനാല്‍ ഓപ്പറേഷന്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി നോക്കി. പക്ഷേ ഒടുവിലവര്‍ക്ക് ഓപ്പറേഷന്‍ തന്നെ ചെയ്യേണ്ടിവന്നു. അങ്ങനെ ഈ അവസ്ഥയില്‍ കിടക്കുന്നു. മൂന്നാമതൊരു രോഗിയുടെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ രണ്ട് കൈകളും മുറിച്ച് മാറ്റിയിരിക്കുന്നു. അദ്ദേഹത്തിന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാത്ത്റൂമില്‍ പോകണം. അക്കാര്യം കൂടെ നില്‍ക്കുന്ന ആളോട് സൂചിപ്പിക്കുകയാണ്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് അദ്ദേഹത്തെ കസേരയില്‍ എണീപ്പിച്ച് ഇരുത്തി. പിന്നീട് ഭാര്യയുടെ സഹായത്തോടെ ബാത്ത്റൂമിലേക്ക് നടന്നു. ആ കാഴ്ച കണ്ട് എനിക്ക് കരച്ചിലടക്കാനായില്ല. രണ്ട് കൈയും നഷ്ടമായ ആ മനുഷ്യന്‍ എങ്ങനെ ശുദ്ധി വരുത്തും, എങ്ങനെ വുദു എടുക്കും, എങ്ങനെ കുളിക്കും? അപ്പോഴാണ് കൈകളും കാലുകളും എത്ര വലിയ അനുഗ്രഹമാണെന്ന് ഞാന്‍ ശരിക്കും ആലോചിച്ചത്. അവ നഷ്ടപ്പെടുമ്പോഴേ, അല്ലെങ്കില്‍ നഷ്ടപ്പെട്ടതായി സങ്കല്‍പ്പിക്കുമ്പോഴേ അവയുടെ യഥാര്‍ഥ വിലയറിയൂ.
എന്റെയൊരു സുഹൃത്ത് പറഞ്ഞ സംഭവമാണ്. ആശുപത്രി സന്ദര്‍ശനത്തിനിടക്ക് അദ്ദേഹം ഒരു രോഗിയെ കണ്ടു. ശരീരം മൊത്തം ചലനമറ്റിരിക്കുന്നു. തല മാത്രം ഇളക്കും. സുഹൃത്തിന് വളരെ അലിവ് തോന്നി. രോഗിയോട് ചോദിക്കുകയും ചെയ്തു, താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? രോഗി പറഞ്ഞു: എനിക്ക് അമ്പത് വയസ്സായി. അഞ്ച് കുട്ടികളുണ്ട്. അഞ്ച് വര്‍ഷമായി ഈ കിടപ്പ് തുടങ്ങയിട്ട്. നടക്കണമെന്നോ എന്റെ കുട്ടികളെ കാണണമെന്നോ അല്ല എന്റെ ആഗ്രഹം. മറ്റുള്ളവരെപ്പോലെ ജീവിക്കണമെന്നും എനിക്ക് ആഗ്രഹമില്ല. വേണ്ട രീതിയില്‍ റുകൂഉം സുജൂദും ചെയ്യാന്‍ അല്ലാഹുവേ എനിക്ക് ഉതവി നല്‍കണേ എന്ന് മാത്രമേ ഞാന്‍ പ്രാര്‍ഥിക്കാറുള്ളൂ.
ഒരു ഡോക്ടറുടെ അനുഭവം കേള്‍ക്കൂ. ഐ.സി.യുവില്‍ കിടക്കുന്ന വൃദ്ധനായ രോഗിയുടെ അടുത്ത് അദ്ദേഹം ചെന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണ് രോഗി. പക്ഷേ രക്തസ്രാവമുണ്ട്. അതിനാല്‍ തലച്ചോറിലെ ചില ഭാഗങ്ങളിലേക്കൊന്നും രക്തം എത്തുന്നില്ല. രോഗിക്ക് പൂര്‍ണമായും ബോധം പോയിരിക്കുന്നു. കൃത്രിമ ശ്വാസോഛ്വാസം ചെയ്യിക്കുകയാണ്. ശ്വാസകോശത്തിലേക്ക് മിനിറ്റില്‍ ഒമ്പത് തവണ എന്ന തോതിലാണ് ശ്വാസം നല്‍കുന്നത്. രോഗിക്ക് എന്തായിരുന്നു ജോലി എന്ന് ബന്ധുവിനോട് ചോദിച്ചു. പള്ളിയില്‍ ബാങ്ക് കൊടുക്കുന്നയാളായിരുന്നു, അയാള്‍ പറഞ്ഞു. ഞാന്‍ രോഗിയുടെ അടുത്ത് ചെന്ന് സംസാരിച്ചു നോക്കി. രോഗിയില്‍ നിന്ന് യാതൊരു പ്രതികരണവുമില്ല. രോഗി അതിഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുന്നു. ഒരു മകന്‍ അടുത്ത് ചെന്ന് ഒരുപാട് സന്തോഷ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നോക്കി. ഉമ്മക്ക് സുഖമാണ്, വിദേശത്ത് പോയ രണ്ടാമത്തെ മകന്‍ തിരിച്ചുവന്നിരിക്കുന്നു, മൂന്നാമത്തെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസ്സായിരിക്കുന്നു... പിതാവിന് യാതൊരു അനക്കവുമില്ല. ശാസ്വോഛ്വാസം മിനിറ്റില്‍ ഒമ്പത് തവണ എന്ന അവസ്ഥയില്‍ തന്നെ തുടരുന്നു. മറ്റൊരു മകന്‍ പറയാന്‍ തുടങ്ങി: ഉപ്പാ, നമ്മള്‍ നമസ്കരിക്കുന്ന പള്ളിയില്ലേ, അത് താങ്കളെ കാത്ത് കഴിയുകയാണ്, ആളുകള്‍ താങ്കളെപ്പറ്റി ചോദിക്കുന്നു, ശ്രുതിമധുരമായ അങ്ങയുടെ ബാങ്ക് ഇനി എന്നാണ് കേള്‍ക്കാനാവുക എന്ന് അന്വേഷിക്കുന്നു. മറ്റു പലരും ബാങ്ക് കൊടുക്കുന്നുണ്ട്, പക്ഷേ അതൊന്നും ശരിയാവുന്നില്ല, അവര്‍ തെറ്റിച്ചാണ് ബാങ്ക് കൊടുക്കുന്നത്. താങ്കള്‍ വന്നാലേ എല്ലാം നേരെയാവൂ എന്നാണ് അവര്‍ പറയുന്നത്. പള്ളി, ബാങ്ക് എന്നൊക്കെ ഉരുവിട്ട മാത്രയില്‍ ശ്വാസമിടിപ്പ് മിനിറ്റില്‍ പതിനെട്ടായി ഉയര്‍ന്നു. പിന്നെ ദുന്‍യാവിലെ മറ്റു സന്തോഷ കാര്യങ്ങളെക്കുറിച്ചായി സംസാരം. അപ്പോള്‍ മിടിപ്പ് പെട്ടെന്ന് മിനിറ്റില്‍ ഒമ്പതായി കുറഞ്ഞു. മസ്ജിദിനെക്കുറിച്ചും ബാങ്കിനെക്കുറിച്ചും വീണ്ടും സംസാരിച്ചപ്പോള്‍ മിടിപ്പിന്റെ എണ്ണം വീണ്ടും പതിനെട്ടിലേക്ക്...പിന്നെ ഡോക്ടര്‍ രോഗിയുടെ അടുത്ത് ചെന്ന് തെല്ലുറക്കെ ബാങ്ക് കൊടുക്കാന്‍ തുടങ്ങി. ബാങ്ക് പുരോഗമിക്കുന്നതിനനുസരിച്ച് മിടിപ്പുകള്‍ കൂടികൂടി വന്നു.
ഞാന്‍ ഡോക്ടറോട് പറഞ്ഞു, യഥാര്‍ഥത്തില്‍ ഇവരല്ല രോഗികള്‍, നമ്മളാണ്. ഇവരെക്കുറിച്ചാണല്ലോ പ്രപഞ്ചനാഥനായ തമ്പുരാന്‍ പറഞ്ഞിട്ടുള്ളത്, 'ഒരു വിഭാഗം ആളുകള്‍. കച്ചവടമോ കൊള്ളക്കൊടുക്കലുകളോ ഒന്നും അവരെ ദൈവസ്മരണയില്‍നിന്നും സകാത്ത്, നമസ്കാരാദി കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടുന്നില്ല. ഹൃദയങ്ങളും കണ്ണുകളും മാറിമറയുന്ന ഒരു ദിനത്തെ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു' (അന്നൂര്‍ 37).
അതെ, രോഗികള്‍ നാമാണ്; നമ്മുടെ ശരീരങ്ങള്‍ സൌഖ്യത്തിലാണ് കഴിയുന്നതെങ്കിലും. നമ്മുടെ ഹൃദയങ്ങള്‍ ശരിക്കും രോഗാതുരമാണ്. ഒരു യഥാര്‍ഥ ചികത്സകനെ നമുക്ക് ആവശ്യമുണ്ട്. നമ്മെ പോറ്റിവളര്‍ത്തുന്നത്, നമുക്ക് ആഹാരം നല്‍കുന്നത് എല്ലാം അല്ലാഹു. പക്ഷേ അത്തരം അനുഗ്രഹങ്ങളെക്കുറിച്ച് നാം ഒട്ടുമേ ബോധവാന്മാരല്ല. അതിനാല്‍ നാം വേണ്ട പോലെ രക്ഷിതാവിന് നന്ദി കാണിക്കുന്നില്ല. ആ അനുഗ്രഹദാതാവിനെ നിരന്തരം ധിക്കരിച്ചുകൊണ്ടിരിക്കുകയാണ് നാം. നാളെ രക്ഷിതാവിന്റെ മുമ്പില്‍ നില്‍ക്കേണ്ടവരാണെന്ന ബോധം നമുക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? ഈ അനുഗ്രഹങ്ങളെക്കുറിച്ച്, നന്ദി കാണിക്കാതെ ധിക്കരിച്ചതിനെക്കുറിച്ച് അന്ന് നാം ചോദ്യം ചെയ്യപ്പെടുകയില്ലേ? നൂഹ്, ലൂത്വ്, ഹൂദ്, ശുഐബ് പ്രവാചകന്മാരുടെ ജനതകള്‍ക്ക് സംഭവിച്ച ദുരന്തങ്ങളെക്കറിച്ച് നാം മറന്ന് പോകുന്നത് എന്തുകൊണ്ടാണ്?
ഇതെക്കുറിച്ച് ചിന്തിക്കാന്‍ നേരം വൈകിയിരിക്കുന്നു. തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കുമെന്ന് മാത്രമല്ല, ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുക. ദൈവാജ്ഞകള്‍ പാലിച്ചു കൊണ്ടാണ് ഒരാള്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുക. പ്രവാചകന്മാരാണ് നമുക്ക് ഇക്കാര്യത്തില്‍ മാതൃക. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക പ്രവാചകന്മാരായിരിക്കും. പക്ഷേ നന്ദി പ്രകാശനത്തില്‍ അവര്‍ എല്ലാവരെക്കാളും മുന്നിലുമായിരിക്കും. പ്രവാചകന്മാരുടെ പിതാവ് എന്ന പേരില്‍ വിശ്രുതനായ ഇബ്റാഹീം നബി 'അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവന്‍' ആയിരുന്നുവെന്ന് ഖുര്‍ആന്‍ (അന്നഹ്ല്‍ 121) പ്രത്യേകം പറയുന്നുണ്ട്. സുലൈമാന്‍ നബിയുടെ സമക്ഷം സബഅ് രാജ്ഞി ബില്‍ഖീസിന്റെ സിംഹാസനം കൊണ്ട് വരപ്പെട്ടപ്പോള്‍ കൃതജ്ഞാഭരിതനായി അദ്ദേഹം ഉരുവിടുന്ന വാക്കുകള്‍ ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുണ്ട്. 'ആ സിംഹാസനം തന്റെ ചാരെ വന്നണഞ്ഞപ്പോള്‍ അദ്ദേഹം മൊഴിഞ്ഞു: ഇതെന്റെ റബ്ബിന്റെ ഔദാര്യം. ഇതുവഴി അവന്‍ എന്നെ പരീക്ഷിക്കുകയാണ്, ഞാന്‍ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ എന്ന്. ആര്‍ നന്ദി കാണിക്കുന്നുവോ അവന്‍ സ്വന്തത്തോട് തന്നെയാണ് നന്ദി കാണിക്കുന്നത്. ഇനിയൊരാള്‍ ധിക്കരിക്കുന്നുവെങ്കില്‍, ഒരാളുടെയും ആശ്രയം വേണ്ടാത്തവനും മഹത്വമുടയവനുമാണ് അല്ലാഹു' (അന്നംല് 40). പരീക്ഷണ പര്‍വങ്ങളിലൂടെ കടന്നുപോയ പ്രവാചകന്‍ നൂഹിന് 'അത്യന്തം കൃതജ്ഞാഭരിതനായ ദാസന്‍' (അല്‍ഇസ്രാഅ് 3) എന്ന വിശേഷണമാണ് അല്ലാഹു നല്‍കുന്നത്. തന്റെ തന്നെ ഒരു ഗുണവിശേഷമായി(ശാകിര്‍) പോലും അല്ലാഹു ഇത് എടുത്ത് പറഞ്ഞിരിക്കുന്നു (അല്‍ബഖറ 158). നമ്മില്‍ ഒരു അനുഗ്രഹം നിലനില്‍ക്കണമെങ്കില്‍ നന്ദി പ്രകാശനം ഒരു ഉപാധിയായി ഖുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. 'അതൊക്കെയും നമ്മില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍. അപ്രകാരമാണ് നന്ദി പ്രകാശിക്കുന്നവര്‍ക്ക് നാം പ്രത്യുപകാരം ചെയ്യുക' (അല്‍ഖമര്‍ 35). 'നന്ദി കാണിക്കുന്നുവെങ്കില്‍ അല്ലാഹു നിങ്ങളില്‍ തൃപ്തനാകും' (അസ്സുമര്‍ 7) എന്ന് മറ്റൊരിടത്ത്.
എന്നാല്‍, നന്ദി പ്രകാശകര്‍ വളരെ കുറവാണ് എന്നും ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്(സബഅ് 13). നന്ദി ബോധമില്ലാത്ത ഭൂരിപക്ഷത്തിലാണോ നമ്മളുള്ളത്? ചിന്തിക്കേണ്ട വിഷയമാണ്. രോഗക്കിടക്കയിലായിരിക്കുമ്പോഴും ഈ നന്ദി ബോധവും ആത്മ സംതൃപ്തിയും നമുക്ക് ഉണ്ടെങ്കില്‍ അതെന്ത് മാത്രം വലിയ അനുഗ്രഹമായിരിക്കുമെന്ന് ആലോചിച്ച് നോക്കുക. ആ മനസ്സമാധാനത്തിന് പകരം വെക്കാവുന്ന മറ്റൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് കിട്ടാനില്ല. ഈ ആത്മബലം രോഗാതുരമായ നിങ്ങളുടെ ശരീരത്തിന് അസാധാരണമായ പ്രതിരോധ ശക്തി നല്‍കും. രോഗവിമുക്തിക്ക് അത് വളരെയേറെ സഹായകമാവുകയും ചെയ്യും. ഇതൊക്കെ അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ മാത്രം. അല്ലാഹുവിന്റെ തൃപ്തി ലഭിക്കും എന്നത് തന്നെയാണ് പരമപ്രധാനമായ സംഗതി. ഇഹലോക ജീവിതത്തെ പ്രശാന്തമാക്കുന്നത് അത് മാത്രമാണ്. ഇതത്രയും ആത്മാര്‍ഥമെങ്കില്‍ പരലോകത്ത് ഇരട്ടി പ്രതിഫലം നമ്മെ കാത്തിരിക്കുന്നുമുണ്ട്.
|
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top