രണ്ട് ദിനങ്ങളാണ് വിശ്വാസി സമൂഹത്തിന് ആഘോഷിക്കാനുള്ളത്. ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും. ഇബ്റാഹീമും ഹാജറ- ഇസ്മാഈലും ചേര്ന്നൊരോര്മയുടെ ആഘോഷമാണ് ഈദുല്‍ അദ്ഹാ. ഹാജറിന് ചരിത്ര സ്മരണയാല്‍ സഫ-മര്‍വ കുന്നുകളില്‍ ക്ഷീണമറിയാതെ ഓടുകയും ഇസ്മാഈലിന് കാല്ചുവട്ടില് പൊട്ടിയൊഴുകിയ സംസം കോരിക്കുടിക്കാനും അറഫയിലിരുന്ന് ഇരു കൈയും നീട്ടി പടച്ചോനോട് തേടാനും മക്കയിലെത്തിയ വിശ്വാസികളോട് ഐക്യപ്പെടാനുമാണല്ലോ ലോക മുസ്ലിം ഒറ്റമനസ്സോടെ ഈദുല്‍ അദ്ഹാ ആഘോഷിക്കുന്നത്.
ഹാജര്‍ ഒരു പ്രതീകമാണ്. അബലയും നിസ്സഹായയുമല്ലവള്, പരിശ്രമത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകം. ഒരുപാട് നന്മയുള്ള ഭൂമിയിലൂടെ സഞ്ചരിക്കൂ, ദൃഷ്ടാന്തങ്ങള്‍ ഏറെ അറിയാമെന്ന് ഉണര്‍ത്തിയ ദൈവവചനം പോലെ ഏറ്റവും സാര്‍ഥകമായ യാത്ര മക്കം കാണാനുള്ളതാണ്. മുതലാലും തടിയാലും കഴിവുള്ളവന് അവസാന കാലം വരെ നീട്ടേണ്ടതില്ല അവിടേക്കൊന്നു പോകാന്‍. ഊര്‍ജസ്വലമായ ചെറുപ്പത്തില്‍ തന്നെയാകട്ടെ അങ്ങോട്ടുള്ള യാത്രകള്‍. മക്കം കാണാന്‍ പോയവരൊക്കെയും കണ്ട കാഴ്ചകള്‍ പല രീതിയില്‍, പല ഭാഷകളില്‍, കാണാന്‍ ഏറെ മോഹിച്ചിട്ടും നടക്കാത്തവര്ക്കായി എഴുതിയിട്ടുമുണ്ട്.
ആരാമം വായനക്കു വെക്കുന്നതും ശക്തരായ ഒരുപാട് പെണ്ണുങ്ങളെയാണ്. നാടിന്റെ അഭിമാനം കാക്കാന്‍, സ്വാതന്ത്ര്യം ആര്‍ക്കും അടിയറവു വെക്കില്ലെന്നു പറഞ്ഞ് ശത്രു രാജ്യത്തിനെതിരെ ഉറച്ച കാല്‍വെപ്പോടെ രാജ്യ സേനയെ നയിക്കുന്നവര്‍. നീതിക്കും ന്യായത്തിനുമപ്പുറം ഒന്നുമില്ലെന്ന് പ്രഖ്യാപിച്ചു ഗസ്സയിലെ മക്കള്‍ക്കുവേണ്ടി ബഹുരാഷ്ട്ര ഭീമന്മാര്ക്കു നേരെ അലറി ഇറങ്ങിപ്പോന്നവര്‍. ഭീകര ഭരണാധികാരികളെ വെല്ലുവിളിച്ചു നീതിക്കായി ഒറ്റക്ക് പൊരുതുന്നവര്‍, ജീവിതം അക്ഷരവെളിച്ചം പകരാനായി നീക്കിവെച്ചവര്‍. പട്ടിണിക്കും പ്രാരബ്ധങ്ങള്‍ക്കുമിടയില്‍ നിന്ന് വിദ്യ കൊണ്ടുയര്ന്ന് ഭരണ സിരാകേന്ദ്രത്തിലേക്കെത്തുന്നവര്.
അറിവും യോഗ്യതയും എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികത തന്നെ മനുഷ്യമസ്തിഷ്കത്തെ നിര്ജീവമാക്കും വിധം കോമാളിത്തരത്തിലേക്കു നീങ്ങി 'ബ്രെയ് ന് റോട്ട്' എന്ന വാക്കു തന്നെ ഡിക് ഷണറിയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ധാര്‍മിക നിലവാരമില്ലായ്മയുടെ ഉയര്‍ച്ചയെ കുറിക്കുകയാണ് ഈ വാക്ക്. അത്തരം കാര്യങ്ങളെക്കുറിച്ച് ഗൗരവമാര്‍ന്ന ആലോചനയും ആരാമം പങ്കുവെക്കുന്നുണ്ട്. പക്ഷേ, ബ്രെയ് ന് റോട്ടിനെക്കുറിച്ച് വായനക്കാരെ തട്ടിയുണര്‍ത്തും വിധം എഴുതിയ ലേഖകന്‍ പി.കെ ജമാല്‍ സാഹിബ് അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്തിന് വിധേയപ്പെട്ടിരിക്കുകയാണ്. പി.കെ ജമാല്‍ സാഹിബ് എന്ന, എഴുത്തുകാരനും പണ്ഡിതനും ആരാമം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായ അദ്ദേഹത്തിന്റെ വിയോഗം അക്ഷരങ്ങളില്‍ കുറിക്കാന്‍ പറ്റുന്നതല്ല. നാഥന് അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ചുകൂട്ടട്ടെ എന്ന പ്രാര്‍ഥന മാത്രം.